കൊറോണ വൈറസ് (കൊവിഡ് 19) ഇന്ത്യക്ക് 120 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് ഒമ്പത് ലക്ഷം കോടി രൂപ) നഷ്ടമുണ്ടാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ജിഡിപിയുടെ നാല് ശതമാനം വരുമിത്. വളര്‍ച്ചാനിരക്കിന്റെ എസ്റ്റിമേറ്റ് കാര്യമായി കുറച്ച അനലിസ്റ്റുകള്‍ വലിയൊരു സാമ്പത്തികപാക്കേജിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. ഏപ്രില്‍ മൂന്നിന് റിസര്‍വ് ബാങ്ക് ബൈ മന്ത്ലി പോളിസി പ്രഖ്യാപിച്ചേക്കും. വലിയ റേറ്റ് കട്ട് ഉണ്ടായേക്കും. ഫിസ്‌കല്‍ ഡെഫിസിറ്റ് ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തിയേക്കും – അനലിസ്റ്റുകള്‍ പറയുന്നു.
കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് മൂന്നാഴ്ചത്തെ പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈക്വിറ്റി മാര്‍ക്കറ്റുകള്‍ ബുധനാഴ്ച 0.47 ശതമാനം ഡൗണ്‍ ആണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം 90 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായേക്കും. മഹാരാഷ്ട്രയും കേരളവുമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകള്‍ക്ക് പുറമെയാണിത്. ഏപ്രിലില്‍ ആര്‍ബിഐ 0.65 ശതമാനം റേറ്റ് കട്ടിലേയ്ക്ക് പോയേക്കുമെന്നാണ് സൂചന. പലിശനിരക്ക് ഒരു ശതമാനം കൂടി കുറച്ചേക്കും.
ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതുവരെ ലോക്ക് ഡൗണിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തിരിക്കന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രോക്കറേജ് ആയ എംകേ ഇക്കാര്യം പറയുന്നു. അസംഘടിത മേഖല നിലവില്‍ നോട്ട് നിരോധനവും ജി എസ് ടിയുമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് സോഫ്റ്റ് ലോണുകള്‍ ലഭ്യമാക്കണം. വായ്പാ പുനസംഘടനയും കാഷ് ട്രാന്‍സ്ഫറുകളും സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ചെയ്യാവുന്നതാണ്.
ഊട്ടിയില്‍ കൊറോണയുടെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയും ഊട്ടിയില്‍ ബേക്കറി തൊഴിലാളിയുമായ ദേവദാസാണ് (40) അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം നടന്നത്. ചായകുടിക്കാനെത്തിയ ഇരുവരും തമ്മില്‍ കൊറോണയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. അതിനിടെ, ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോകും വഴി ജ്യോതിമണി മരണപ്പെട്ടു. സംഭവത്തില്‍ ദേവദാസിനെ പോലീസ് അറസ്റ്റുചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയി. നേരത്തെ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ഇതോടെ ആറായി. തൃശൂർ, തിരുവനന്തപുരം സ്വദേശികളാണ് വീടുകളിലേക്ക് മടങ്ങിയത്. ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനാഫലങ്ങൾ ഇപ്പോൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നുപേര്‍ എറണാകുളത്തും രണ്ടുപേര്‍ വീതും പാലക്കാടും പത്തനംതിട്ടയിലുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയിലും കോഴിക്കോട് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ദുബായിൽ നിന്നു വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 76,542 പേർ നിരീക്ഷണത്തിലുണ്ട്. 76,010 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ബാക്കിയുള്ളവർ ആശുപത്രിയിലും. നാട്ടിൽ ആരും പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും അതിനായി തദ്ദേശ സ്ഥാപനങ്ങളെ അടക്കം ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
കുട്ടനാടൻ നെല്ല് കർഷകർ കൊടും ദുരിതത്തിലേക്ക്. കൊറോണ എന്ന വൈറസ് ഭീമൻ ലോകം മുഴുവൻ നാശം വിതയ്ക്കുമ്പോൾ. പ്രളയവും പ്രളയ ദുരന്തങ്ങളിൽ നിന്നും കരകയറും മുൻപേ കൊറോണയും, ഏറെ ദുരന്ത മുഖത്ത് കുട്ടനാടൻ കർഷകരുടെ ദുരിതത്തിന് ആഴം കൂടുകയാണ്. കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തു നടന്നുകൊണ്ടിരിക്കെ കോവിഡ് മഹാമാരിയുടെ വരവും. കൊയ്‌തു തീരാത്ത പാടങ്ങൾ അധികവും ബാക്കി. കൈയ്‌തു മേതിയെന്ത്രങ്ങളുമായി വന്ന അന്യ സംസ്ഥാന തൊഴിലാളികൾ മുഴുവൻ കൊറോണ ഭീതിയിൽ പണികൾ പാതിവഴിയിൽ ജോലി ഉപേക്ഷിച്ചു സ്വന്തം നാട്ടിലേക്കു തിരിച്ചു പോയി. പാതിവഴിയിൽ സംഭരിച്ച നെല്ല് ഉൾപ്പെടെ പാടശേഖരങ്ങളിൽ ഇരിക്കുന്ന ദയനീയ കാഴ്ചയാണ് കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. ഇത്തവണ പലയിടങ്ങളിലും പ്രതീക്ഷിച്ച വിളവ് കർഷകർക്ക് ലഭിച്ചിട്ടില്ല. തുടർച്ചയായി നെല്ലികൃഷി കനത്ത നഷ്ടത്തിൽ ഓടുന്ന വേളയിൽ വീണ്ടും കർഷകരുടെ കണ്ണിൽ നിന്നും ചോര വീഴുമോ ? കർഷകരുടെ ദുരന്ത മുഖത്തെ അനുഭവം പങ്കുവച്ചു സർക്കാരിന്റെ മുൻപിൽ അപേക്ഷയായി സമർപ്പിച്ചു കോൺഗ്രസ്സ് നേതാവും കുട്ടനാട് പൈതൃക കേന്ദ്ര ചെയർമാനുമായ അനിൽ ബോസ് മലയാളം യുകെയുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ
കുട്ടനാട്ടിൽ കൊയ്ത്തു നടന്നുകൊണ്ടിരിക്കയാണ് പാടവരമ്പുകളിൽ കർഷകൻ്റെ കണ്ണീർ ഇറ്റു വീഴുന്നു ……പല പാടശേഖരങ്ങളിലും നെല്ല് കെട്ടികിടക്കയാണ്……. കൊയ്യാനാകാത്തവർ …മെഷീൻ ഇല്ല, കൊയ്ത്താളില്ല ::..കൊയ്തയിടങ്ങളിൽ നെന്മണി പാടത്ത് തന്നെ .’ വേനൽ മഴയും, കൊറോണയും .. ഇരുട്ടടിയായ് …. നിരവധി കർഷകരാണ് പകച്ചു നിൽക്കുന്നത്. നെല്ല് പാടങ്ങളിൽ തന്നെ… മഴ കടുക്കും മുമ്പേ മാറ്റിയില്ലെങ്കിൽ മുഴുവൻ നീറി നശിച്ച വൻ ദുരിതമാകും
പ്രളയമായാലും ,കൊറോണയായാലും.. കുട്ടനാടിന് കണ്ണീർ തന്നെ .:: സർക്കാർ അടിയന്തിരമായി ശ്രദ്ധിക്കുക …. നടപടികൾ സ്വീകരിക്കുക
തുടങ്ങിയ ആവിശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞു. പല പാടശേഖരങ്ങളിലും നെല്ല് കെട്ടിക്കിടക്കുന്നു. അതോടൊപ്പം കൊയ്തു തീരാത്ത അനേകം പാടങ്ങളും. പാടങ്ങളിൽ കുട്ടനാടൻ കർഷകരുടെ രക്തം വീഴുമുന്പേ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി എത്രയും വേഗം നടപടികൾ കൈക്കൊള്ളാൻ സംഭവം പ്രതിപക്ഷ നേതാവിനൊപ്പം ഒപ്പം മുഖ്യമന്ത്രിയുടെയും ഭക്ഷ്യവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പ്പെടുത്തി ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.ദുരവസ്ഥ നേരിൽ കണ്ടതിൽ നിന്നും അടിയന്തര നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ബോസിന്റെ വാക്കുകൾ……..
കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിനാണ് പുതിയ തീരുമാനം. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ മരുന്ന്.
നിലവില്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത കൊവിഡ് രോഗബാധയെ ചെറുക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് രോഗികളെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരുമായി ഇടപഴകിയവര്‍ എന്നിവര്‍ക്കാണ് മരുന്ന് നല്‍കുക.
ബുധനാഴ്ചയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി നിരോധിച്ചുകൊണ്ട് വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്(ഡിജിഎഫ്ടി)വിജ്ഞാപനമിറക്കിയത്. കൊവിഡ് ഭേദമാക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനിന് കഴിയുമെന്ന പ്രതീക്ഷ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ചിരുന്നു. ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന് ആവശ്യമേറി. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മരുന്നിന് ആഭ്യന്തര വിപണിയില്‍ ആവശ്യമേറുമെന്നത് കണക്കിലെടുത്താണ് കയറ്റുമതി നിരോധിച്ചത്.
കൊവിഡ് രോഗികളെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരുമായി ഇടപഴകിയവര്‍ എന്നിവരെ വൈറസ് ബാധയ്ക്ക് ഏറെ സാധ്യതയുള്ള വിഭാഗമെന്ന ഗണത്തില്‍പ്പെടുത്തിയാണ് ഐസിഎംആര്‍ നിയോഗിച്ച കര്‍മ്മസമിതി ശുപാര്‍ശ ചെയ്തത്.
കേവലം ഒമ്പത് ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം 100ൽ നിന്ന് 500 ആയി ഉയർന്നത്. മാർച്ച് 15 ന് രോഗബാധിതരുടെ എണ്ണം 110 ആയിരുന്നെങ്കിൽ ചൊവ്വാഴ്ച അത് 519 ആയി ഉയർന്നു. അതിൽ ഡൽഹിയിൽ 39 പേർ രോഗമുക്തരായി. മരണ സംഖ്യ 10 ആയി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഡൽഹിയിൽ ഒരു മരണം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
ജനുവരി 30 ന് കേരളത്തിലെ ആദ്യത്തെ കേസും മാർച്ച് 15 ന് റിപ്പോർട്ട് ചെയ്ത നൂറാമത്തെ കേസും. അതിനിടയിലുള്ള 45 ദിവസങ്ങളെ താരതമ്യപ്പെടുത്തുക. ഇത് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ലോക്ക്ഡൗണ്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രതയെ കുറിച്ച് വ്യക്തമായ ചിത്രം തരും. കഴിഞ്ഞ രണ്ടുമാസമായി യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഹോം ക്വാറന്‌റൈന്‍ സംവിധാനങ്ങളില്‍ നിന്നും ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലേക്ക് രാജ്യത്തിന്‌റെ ശ്രദ്ധ മാറിയിട്ടുണ്ട്.
ഗുജറാത്ത്, അസം, ജാർഖണ്ഡ്, ഗോവ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാത്രമുള്ള ആശുപത്രികൾ ആരംഭിക്കുന്നു. വെന്റിലേറ്ററുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും വാങ്ങുന്നത് വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
എയിംസിന്റെ വെന്റിലേറ്റർ പ്രോട്ടോടൈപ്പ് പരിഗണനയിലാണ്, അവ നിർമ്മിക്കുന്നതിനായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചർച്ച നടത്തുന്നു.
കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ആശുപത്രികൾ, ക്ലിനിക്കൽ ലാബുകൾ, ഇൻസുലേഷൻ വാർഡുകൾ തുടങ്ങി നിലവിലുള്ള സൗകര്യങ്ങൾ വിപുലീകരിക്കുകയും, നവീകരിക്കുകയും തുടങ്ങിയ അധിക മെഡിക്കൽ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായുള്ള ധനവിഭവങ്ങൾ നൽകാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടു. രോഗികൾക്ക് ചികിത്സ നൽകാൻ വെന്റിലേറ്ററുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, മാസ്കുകൾ, മരുന്നുകൾ എന്നിവ ഈ സൗകര്യങ്ങളിൽ നന്നായി സജ്ജീകരിക്കേണ്ടതുണ്ടെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് രോഗികൾക്കായി ആശുപത്രികൾ നീക്കിവയ്ക്കണമെന്നും കൃത്യമായ നിരീക്ഷണവും കോൺടാക്റ്റ് ട്രേസിംഗും ഉറപ്പാക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. ഇവയുടെ വിശദാംശങ്ങൾ ആരോഗ്യ ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
അവശ്യ സേവനങ്ങളും വിതരണങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയും മരുന്നുകൾ, വാക്സിനുകൾ, സാനിറ്റൈസറുകൾ, മാസ്കുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.
കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അനാവശ്യ യാത്രകൾ തടയാന്‍ കേരള പോലീസ് ഒരുക്കിയ സംവിധാനങ്ങളിൽ ഒന്നാണ് സത്യവാങ്മൂലം. അത്യാവശ്യ യാത്രകൾ ചെയ്യേണ്ടവർ കാര്യ കാരണ സഹിതം പോലീസിന് നൽകേണ്ടതാണ് സത്യവാങ് മൂലം.
ഇന്നലെ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്ര നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പ്രത്യേക മാതൃതയും പോലീസ് പുറത്തിറക്കിയിരുന്നു. സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവിരങ്ങൾ, യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ, യാത്രയുടെ ലക്ഷ്യം, എടുക്കുന്ന സമയം, മടങ്ങിവരുന്ന സമയം എന്നിവ വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതാണ് ഫോം.

ഇതിന്റെ മാതൃത ഇന്നലെ തന്നെ പോലീസ് പുറത്ത് വിട്ടിരുന്നു. ഇന്നത്തെ ദിനപത്രങ്ങളിലും ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവാങ്മൂലത്തിന്റ മാതൃത നിലവലിൽ പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഉപയോഗപ്രഥമാവുന്ന തരത്തിലാണ് പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മുൻ കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ജോതിരാദിത്യ സിന്ധ്യയ്ക്കെതിരായ വ്യാജരേഖാ പരാതികളിന്മേലുള്ള അന്വേഷണം മധ്യപ്രദേശ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ല്യു) അവസാനിപ്പിച്ചു. ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് സിന്ധ്യയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചത്. സംസ്ഥാനത്തുനിന്നുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിയാണ് ജോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ശനിയാഴ്ചയാണ് സിന്ധ്യയും അനുയായികളായ 22 വിമത എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
സിന്ധ്യയ്‌ക്കെതിരായ പരാതികളിലെ അന്വേഷണം ഏതാനും ദിവസം മുൻപ് അവസാനിപ്പിച്ചതായി ഇഒഡബ്ല്യു ഉന്നതോദ്യോഗസ്ഥർ അറിയിച്ചു. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് സിന്ധ്യയും കുടുംബാംഗങ്ങളും വ്യാജരേഖ ചമച്ചെന്ന പരാതിയിലാണ് ഇഒഡബ്ല്യുവിന്റെ നടപടി. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അവസാനിപ്പിച്ചതെന്ന് ഏജൻസി പ്രതികരിച്ചു.
സിന്ധ്യയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് സംസ്ഥാനത്ത് അധികാരമാറ്റത്തിന് കാരണമായിരുന്നു. എംഎൽഎമാർ പോയതോടെ കോൺഗ്രസ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകയും മുഖ്യമന്ത്രി കമൽനാഥ് രാജി സമർപ്പിക്കുകയുമായിരുന്നു. തുടർന്ന് ശിവരാജ് സിങ് ചൌഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സ്ഥാനമേറ്റ് വിശ്വാസവോട്ട് നേടുകയും ചെയ്തു.
കമൽനാഥ് സർക്കാരിൽ പ്രതിസന്ധി തുടങ്ങിയതിന് പിറകെ ഗ്വാളിയോർ സ്വദേശിയായ സുരേന്ദ്ര ശ്രീവാസ്തവയാണ് സിന്ധ്യക്കെതിരേ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പരാതി നൽകിയത്. 2014ലും താൻ ഇതേ പരാതി നൽകിയിരുന്നെന്നും എന്നാൽ നാലു വർഷത്തിനുശേഷം ഒരു കാരണവും വ്യക്തമാക്കാതെ അന്വേഷണ ഏജൻസി കേസ് അവസാനിപ്പിച്ചുവെന്നും ശ്രീവാസ്തവ പറയുന്നു. ഇക്കാര്യത്തിൽ വിവരാവകാശ അപേക്ഷ നൽകിയപ്പോൾ വിവരങ്ങൾ പങ്കുവയ്ക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് 2014ലും സംസ്ഥാനം ഭരിച്ചിരുന്നത്.
ശ്രീവാസ്തവയുടെ പുതിയ പരാതി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സ്വീകരിച്ചെങ്കിലും തെളിവുകൾ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് കേസ് രജിസ്ട്രർ ചെയ്തിരുന്നില്ല. തെളിവുകളില്ലെന്ന് കണ്ട് ഒഴിവാക്കിയ കേസ് രാഷ്ട്രീയ പകപോക്കലിനു വേണ്ടി കോൺഗ്രസ് സർക്കാർ കുത്തിപ്പൊക്കുകയാണെന്നാണ് പരാതിയെക്കുറിച്ച് സിന്ധ്യ അനുകൂലികൾ പ്രതികരിച്ചത്. എന്നാൽ എല്ലാ രേഖകളുമായി താൻ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ശ്രീവാസ്തവ പ്രതികരിച്ചു. മുൻ അന്വേഷണങ്ങൾ സിന്ധ്യ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവസാനിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
ഏഴ് മാസത്തെ തടങ്കലിൽ നിന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ ഒമർ അബ്ദുല്ല ചൊവ്വാഴ്ചയാണ് മോചിതനായത്. അദ്ദേഹം പുറത്തിറങ്ങിയതിന് പുറകെ രാത്രി എട്ട് മണിക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവസം വീടിനുള്ള അടച്ചു പൂട്ടിയിരിക്കുന്നതിനെ കുറിച്ച് ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഈ അവസരത്തിലാണ് ഒമർ അബ്ദുല്ലയുടെ പുതിയ ട്വീറ്റ്. അൽപ്പം നർമം കലർത്തിയാണ് അദ്ദേഹം കാര്യം അവതരിപ്പിച്ചിരിക്കുന്നത്.
“ക്വാറന്റൈൻ ദിനങ്ങളും ലോക്ക്ഡൗണുമെല്ലാം എങ്ങനെ അതിജീവിക്കാം എന്നതിൽ ആർക്കെങ്കിലും ടിപ്പോ ഉപദേശമോ വേണമെങ്കിൽ ചോദിക്കണം. എനിക്ക് മാസങ്ങളുടെ അനുഭവമുണ്ട്. അതേക്കുറിച്ച് ഒരു ബ്ലോഗ് തന്നെ എഴുതുന്നതായിരിക്കും,” എന്ന് ഒമർ ട്വിറ്ററിൽ കുറിച്ചു.
ഒമറിന്റെ നർമബോധത്തിന് കോട്ടം തട്ടിയിട്ടില്ല എന്നതിൽ സന്തോഷിക്കുന്നു എന്നാണ് ഇതിന് മറുപടിയായി ശശി തരൂരിന്റെ കമന്റ്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒമര്‍ അബ്‌ദുല്ല തടവില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിനെതിരായ പൊതു സുരക്ഷാ നിയമം (പിഎസ്എ) ഉത്തരവ് ജമ്മു കശ്മീർ ഭരണകൂടം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.
നേരത്തെ ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മാര്‍ച്ച് 13 ന് ഒമറിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറുഖ് അബ്‌ദുല്ലയെ ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.