രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്‍റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.
ലോക്ക് ഡൗണിനിടെ അതിർത്തിയിൽ പൊലീസ് തടഞ്ഞയാൾ നദി നീന്തിക്കടക്കാനുളള ശ്രമത്തിനിടെ മുങ്ങിമരിച്ചു. ഭാര്യയെയും അഞ്ച് മാസം പ്രായമുളള കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ദുരന്തം. കർണാടകത്തിലെ ബീജാപൂരിലാണ് സംഭവം.
ബീജാപൂർ-ബാഗൽകോട്ട് ജില്ലകൾക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാൾ മുങ്ങിമരിച്ചത്. മൃതദേഹം കണ്ടെടുത്ത ഇടത്തുനിന്ന് ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റർ മാത്രം ദൂരമേ ഉണ്ടായിരുന്നുളളൂ. രണ്ട് ജില്ലകളുടെയും അതിർത്തി ഗ്രാമത്തിലാണ് കെഎസ്ആർടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകൾ. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുളള പെൺകുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്പോസ്റ്റിൽ വെച്ച് പൊലീസ് തടഞ്ഞു. എല്ലാവരെയും പൊലീസ് വാഹനത്തിൽ നിന്നിറക്കി. അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ അയഞ്ഞില്ല.
ഒടുവിൽ ഭാര്യയെയും കുഞ്ഞിനെയും അതിർത്തി കടന്ന് നടന്നുപോകാൻ അനുവദിക്കുകയും മല്ലപ്പയെ വിലക്കുകയും ചെയ്തു. ഇതോടെ, കുഞ്ഞിനെയും ഭാര്യയെയും യാത്രയാക്കി മറുകരയുളള ഗ്രാമത്തിലേക്ക് കൃഷ്ണ നദി നീന്തിക്കടക്കാൻ തീരുമാനിക്കുകയായിരുന്നു മല്ലപ്പ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസ് മല്ലപ്പയെ മർദിച്ചെന്നും നടന്നുവരാനെങ്കിലും അനുവദിച്ചിരുന്നെങ്കിൽ ദുരന്തമൊഴിഞ്ഞേനെ എന്നും സഹോദരൻ പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് പ്രതികരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഓരോ ദിവസവും ലോകം കൺതുറക്കുന്നത് കോവിഡ് -19ന്റെ ഭീകര കഥകൾ കേട്ടുകൊണ്ടാണ്. കേരളത്തിൽ സ്ഥിതി മെച്ചപ്പെടുന്നെങ്കിലും ലോകമെമ്പാടും പ്രവാസികൾ അധിവസിക്കുന്ന പലസ്ഥലങ്ങളിലും ഓരോ ദിവസവും മരണ നിരക്ക് കൂടുകയും പല രാജ്യങ്ങളിൽനിന്നും പ്രവാസിമലയാളികളുടെ പേരുകൾ അതിലുൾപ്പെടുകയും ചെയ്യുന്നതിൻെറ ഞെട്ടലിലാണ് മലയാളികൾ എല്ലാവരും. കോവിഡ് -19 അറുപത് വയസ്സിനുമുകളിലുള്ളവരെ കൂടുതലായി ബാധിക്കുമെന്ന കണക്കുകളും പഠനങ്ങളും പുറത്തു വന്നിരുന്നു. പല രാജ്യങ്ങളിലും ആതുരശുശ്രൂഷ രംഗത്ത് പ്രായാധിക്യം ഉള്ളവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നില്ല എന്നുള്ള പരാതികൾ പരക്കെ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആതുരശുശ്രൂഷ രംഗത്ത് പ്രത്യാശയുടെ പൊൻകിരണങ്ങൾ സമ്മാനിച്ച് ബ്രിട്ടനിൽ 101 വയസ്സുള്ള കീത്ത് വാട്സൺ കൊറോണാ വൈറസിനെ അതിജീവിച്ചത്. ഇതോടുകൂടി യുകെയിലെ കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായമുള്ള വ്യക്തിയായി അദ്ദേഹം. കഴിഞ്ഞ മാസം റെഡ്ഢിച്ചിലുള്ള അലക്സാഡ്ര ആശുപത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്

ഇതേസമയം കൊറോണ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തി 107 വയസ്സുകാരിയായ ഡച്ച് വനിത കോർനെലിയ റാസ്ആണ്. അവരുടെ കൂടെ നഴ്സിങ് ഹോമിൽ ഉണ്ടായിരുന്ന 40 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും അതിൽതന്നെ 12 പേർ കോവിഡ് -19 മൂലം മരിക്കുകയും ചെയ്തു. അതേസമയം വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോർനെലിയ റാസ് തന്റെ 107 -ആം വയസ്സിലും കോവിഡ് -19 അതിജീവിച്ചു.

ഇന്ത്യയിൽ കേരളത്തിൽനിന്നുള്ള റാന്നി സ്വദേശിയായ 93 വയസ്സുകാരനായ തോമസ് എബ്രഹാമാണ് കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി. അദ്ദേഹത്തിനും ഭാര്യയായ 88 വയസ്സുകാരിയായ മറിയാമ്മയും കൊറോണ വൈറസ് ബാധിതരായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യയും രോഗമുക്തി ആയി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്രായമായ ഈ വ്യക്തികളുടെ അത്ഭുതകരമായ അതിജീവനം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഊർജവും ആത്മവിശ്വാസവും നൽകുന്നതാണ് .
ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം സമര്‍പ്പിച്ചുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കർത്താവായ ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അവന്റെ ധൈര്യവും ധര്‍മ്മവും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ അവന്റെ നീതിബോധവും. ഈ ദുഃഖവെള്ളിയാഴ്ച കർത്താവായ ക്രിസ്തുവിനെയും അവിടുത്തെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത അനുസ്മരിക്കാം. മോദി ട്വീറ്റ് ചെയ്തു.
Lord Christ devoted his life to serving others. His courage and righteousness stand out and so does his sense of justice.
On Good Friday, we remember Lord Christ and his commitment to truth, service and justice.
— Narendra Modi (@narendramodi) April 10, 2020
ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് കോട്ടയം ജില്ലയിലെത്തിച്ച മൂന്ന് ടൺ പഴകിയ മത്സ്യം പിടികൂടി. ഏറ്റുമാനൂരിലെ മൊത്തവ്യാപാരിക്കായി കന്യാകുമാരിയിൽ നിന്ന് രണ്ടര ടൺ പഴകിയ മീനാണ് എത്തിച്ചത്. വൈക്കത്ത് പിടികൂടിയ എഴുനൂറ് കിലോ മീൻ വ്യാപാരികൾക്ക് വിട്ട് നൽകാനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്റെ നിർദേശം വിവാദമായി.
ഗാന്ധിനഗറിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് രണ്ടര ടൺ പഴകിയ മീൻ പിടിച്ചത്. കന്യാകുമാരിയിൽ നിന്ന് മീനുമായെത്തിയ ലോറിയിൽ ശീതീകരണ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് ശേഖരിച്ച ഐസ് ലോറിയിൽ നിറയ്ക്കുന്നതിനിടെയാണ് ഉദ്യാഗസ്ഥർ പരിശോധനയ്ക്കെത്തിയത്. മാസങ്ങളോളം പഴക്കമുള്ള മൽസ്യം അഞ്ചു ദിവസങ്ങൾക്കു മുമ്പാണ് ലോറിയിൽ കയറ്റിയതെന്നു ഡ്രൈവർ പറഞ്ഞു. പൊലീസ്, ആരോഗ്യ വകുപ്പ്, നഗരസഭ അധികൃതർ സംയുക്തമായാണ് പരിശോധന നടത്തിയത്. വൈക്കം കോവിലകത്തും കടവ് മാർക്കറ്റിൽ നിന്നാണ് 700 കിലോ മീൻ പിടിച്ചത്. മതിയായ രേഖകളില്ലാതെയാണ് മീൻ എത്തിച്ചത്.
മീൻ പിടിച്ചെടുക്കാൻ തുടങ്ങിയതോടെ കച്ചവടക്കാർ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. ഫോർമാലിനുണ്ടോ എന്ന് മാത്രം പരിശോധിച്ച് മീൻ വ്യാപാരികൾക്ക് വിട്ടുനൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ നിർദേശം നൽകി. ഇതോടെ മീൻ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. റിനി മരിയ മാനുവൽ, ഭക്ഷ്യ സുരക്ഷാ വകുപ്പ്ഒരാഴ്ചക്കിടെ ജില്ലയിൽ 20 ടണ്ണിലേറെ പഴകിയ മീനാണ് പിടികൂടിയത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയും ഇന്ത്യയും ഉൾപ്പെടെ ഒട്ടുമിക്ക ലോകരാജ്യങ്ങളും കൊറോണ വൈറസ് വ്യാപനം തടയാനായി ലോക് ഡൗണിലാണ്. അത്യാവശ്യ സാഹചര്യത്തിലൊഴിച്ച് യാത്ര ചെയ്യാൻ പാടില്ല. സ്വഭാവികമായും വാഹനങ്ങൾ ദിവസങ്ങളോളം ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെനാൾ ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ വാഹനങ്ങളുടെ ഉപയോഗക്ഷമതയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ബാറ്ററിയുടെ ചാർജ് കുറയാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും നമ്മുടെ വാഹനങ്ങൾ 10 മിനിറ്റ് എങ്കിലും സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എയർകണ്ടീഷൻ അടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിപ്പിക്കണം. വാഹനം ചെറുതായി മുന്നോട്ടും പുറകോട്ടും ഓടിക്കുന്നത് ടയറുകളുടെ ഫ്ലാറ്റ് സ്പോട്ട് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.
കുറേ ദിവസങ്ങളിലേക്ക് വാഹനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സുരക്ഷിതമായി പാർക്കു ചെയ്യുന്നത് പ്രധാനമാണ്. ഒരിക്കലും ചെരിവുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മേൽക്കൂരയുള്ള പാർക്കിങ് സ്പേസ് ഉണ്ടെങ്കിൽ അതാണ് ഉചിതം. ഫ്ളാറ്റുകളിലും മറ്റും അത് ലഭ്യമല്ലെങ്കിൽ ഉചിതമായ കവർ ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ചെളിയും അഴുക്കും പക്ഷി കാഷ്ടവും വീണ് കാറിന്റെ പെയിന്റിന് നാശനഷ്ട മുണ്ടാകാതിരിക്കാൻ പതിവായി കഴുകുന്നത് മുടക്കരുത്.
ദീർഘനാളിൽ പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടുന്നതിനേക്കാൾ ഉചിതമാണ് വാഹനം ഗിയറിയിൽ ആക്കി പാർക്ക് ചെയ്യുന്നത്. ലോക് ഡൗൺ എല്ലാവർക്കും പലവിധ ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുന്നത്. സാമ്പത്തികമായ ബാധ്യത അതിലൊന്നു മാത്രം. വാഹന ഉപയോക്താക്കൾ അല്പം ശ്രദ്ധ ചെലുത്തിയാൽ ലോക് ഡൗൺ പീരിയഡ് കഴിയുമ്പോൾ വാഹനങ്ങൾ കേടായതിന്റെ പേരിൽ മുടക്കേണ്ട പണം ലാഭിക്കാം. ലോക് ഡൗൺ പീരിയഡിൽ ഉപയോഗിക്കാതിരിക്കുന്നതു മൂലം മൂന്നുകോടി വാഹനങ്ങൾ നിഷ്ക്രിയമാകുമെന്നാണ് ഏകദേശ കണക്ക്. നമ്മുടെ വാഹനം അതിൽ ഒന്നാകാതിരിക്കട്ടെ.
ലോക്ഡൗണ്‍ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ വീട്ടിലെത്തിക്കുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നഞ്ചമ്മയ്ക്കും പെന്‍ഷന്‍ പണം വീട്ടിലെത്തി. ആ സന്തോഷവും നഞ്ചമ്മ പങ്കിട്ടത് പാട്ട് പാടികൊണ്ടാണ്. ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പേഝിലൂടെ നഞ്ചമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
”ക്ഷേമ പെന്‍ഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീണ്ടും ചെല്ലുന്നത്. അതെ, സര്‍ക്കാര്‍ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായിട്ടാണ് തരുന്നത്,”
”ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെന്‍ഷന്‍ നാളെയേ ട്രാന്‍സ്ഫര്‍ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെന്‍ഷന്‍ വിതരണത്തിനെന്നപോലെ ബാങ്കുകളില്‍പോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു പറഞ്ഞാല്‍ മതി. പോസ്റ്റുമാന്‍ വീട്ടില്‍ക്കൊണ്ടുതരും. ഇതിനു പോസ്റ്റോല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.”
”പതിവുപോലെ ഓരോ തവണയും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെന്‍ഷന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയില്‍ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങള്‍,” തോമസ് ഐസക് കുറിക്കുന്നു.
വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് നിയന്ത്രണരേഖയിലെ കെരാന്‍ സെക്ടറില്‍ പാകിസ്താന്‍ ആര്‍മിയുടെ ആയുധകേന്ദ്രം ആക്രമിച്ചതായി ഇന്ത്യന്‍ ആര്‍മി. ബൊഫോഴ്‌സ് പീരങ്കികള്‍ കൊണ്ടാണ് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും കൊറോണ വൈറസ് വ്യാപനത്തില്‍ വലിയ ദുരിതമനുഭവിക്കുന്നതിനിടെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷം. കുപ്വാരയില്‍ അഞ്ച് സ്‌പെഷല്‍ ഫോഴ്‌സ് സൈനികര്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ കൊല്ലപ്പെട്ട ശേഷമാണ് ഇന്ത്യയുടെ പ്രത്യാക്രമണം. പാക്ക് സേനാകേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ ആര്‍മി പുറത്തുവിട്ടു. ഡ്രോണ്‍ ക്യാമറയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന ഭീകര കേന്ദ്രങ്ങളും അമ്മ്യൂണിഷന്‍ ഡംപും ഗണ്‍ പൊസിഷനുകളും ലക്ഷ്യം വച്ചതായി ഇന്ത്യന്‍ ആര്‍മി അറിയിച്ചു.
കോവിഡിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക പോലീസ് എന്ന് അവകാശപ്പെടുന്ന അമേരിക്ക. അമേരിക്കയിലെ ദുരവസ്ഥ പറയുന്ന ഒരു മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിക്കാഗോയിൽ താമസിക്കുന്ന അച്ഛനും അമ്മയ്ക്കും സഹോദരിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് സിന്‍സി അനില്‍ പറയുന്നു
സിന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഭയപ്പെട്ട പോലെ.. പ്രതീക്ഷിച്ച പോലെ… അമേരിക്കയിൽ ചിക്കാഗോ യിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു….
അമേരിക്ക എന്ന സമ്പന്ന രാജ്യത്തു മാസ്ക് കിട്ടാനില്ലാതെ വെറും തൂവാല കൊണ്ട് മുഖം മറച്ചു ജോലിക്ക് പോയ അനേകായിരം ആരോഗ്യപ്രവർത്തകരുടെ കൂടെ എന്റെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.. അവിടെ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ …ഹോസ്പിറ്റലിലെ നനഞ്ഞ ഫ്ലോറിൽ കാലു തെന്നി വീണ് തോൾ എല്ലിന് പൊട്ടൽ ഉണ്ടായി ലീവ് ൽ ആയിരുന്ന ചേച്ചിക്ക് ഹോസ്പിറ്റലിൽ ജോലിക്ക് കയറേണ്ടതായി വന്നത് ഈ മഹാമാരിയുടെ അതിവ്യാപനം കൊണ്ടാണ്…
അഭിമാനത്തോടെ ആണ് അവരെ ഇതുവരെ ഓർത്തിരുന്നത്… ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓർക്കാൻ ആകുന്നുള്ളു.. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ എവിടെയോ ആർക്കൊക്കെയോ സംഭവിച്ച മഹാമാരി എന്റെ വീട്ടിലും കയറി കൂടി എന്നതുമായി ഞാനും പൊരുത്തപ്പെട്ടു തുടങ്ങി… ഏതു കാര്യവും നമുക്ക് സംഭവിക്കുമ്പോൾ ആണല്ലോ അതിന്റെ ഭീകരത അറിയാൻ സാധിക്കൂ…
ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നിൽ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നു കളി കൈ വിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകൾ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു…
ഇന്ന് മാസ്കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു…ഭീഷണിപ്പെടുത്തുന്നു..കളിയിൽ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട് ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകൾ ഉണ്ടാവില്ല…
സ്വന്തം ജനതയെക്കാൾ സമ്പത്തിനു പ്രാധാന്യം നൽകുന്ന രാജാവ്…ലോക്ക് ഡൌൺ പിൻവലിക്കാൻ പല ശ്രമങ്ങളും നടത്തി… കൈ കഴുകുക മാസ്ക് വയ്ക്കുക ജോലിക്ക് പോവുക…ആയിരങ്ങൾ മരിച്ചു വീണപ്പോഴും new york ശവപ്പറമ്പ് ആയപ്പോഴും അദ്ദേഹത്തിന് ജനത്തോട് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളു…
എന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതൽ പാരസെറ്റമോൾ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്….വീട്ടിൽ മുറി അടച്ചിരിക്കാൻ ഉള്ള നിർദ്ദേശം മാത്രമാണ് ഉണ്ടായത്… .മറ്റൊരു മരുന്നിനും യാതൊരു നിർവാഹവും ഇല്ല…അച്ഛനും അമ്മയും പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളുകളാണ്.. സ്ഥിരം കഴിക്കുന്ന മരുന്നുകൾ കിട്ടാതെ വന്നാൽ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും…ന്യൂ ജേഴ്‌സി ഉള്ള ഒരു കസിൻ മെഡിസിൻ എത്തിക്കാമെന്ന് അറിയിച്ചിരുന്നു… 4 ദിവസം ആയിട്ടും അത് കിട്ടിയിട്ടില്ല… ലോക്ക് ഡൌൺ കാരണം ആണെന്ന് മനസിലാക്കുന്നു..
ഞാൻ മനസിലാക്കിയത് പ്രായമായവരെ ചികിൽസിക്കാൻ ഒന്നും അമേരിക്കക്കു താല്പര്യമില്ല.. social security കൊടുക്കേണ്ട… കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം.. നഷ്ടം ലവലേശം ഇല്ല…ശ്വാസം കിട്ടാതെ വന്നാൽ ആംബുലൻസ് വിളിച്ചാൽ മതി.. 5 minute കൊണ്ട് ഹോസ്പിറ്റലിൽ എത്തും…. അങ്ങനെ എത്തുന്ന രോഗിയെ ventilate ചെയ്യും… intubate ചെയ്യും..ആരോഗ്യമുള്ള ചെറുപ്പക്കാർ ആണേൽ കയറി പോരും…പ്രായമുള്ളവർ രോഗികൾ ആണെങ്കിൽ പിന്നീട് സംഭവിക്കുന്നത് ഒന്നും ചിന്തിക്കാനും പറയാനും വയ്യ….
ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിൽ രാജാവ് പരാജയപെട്ടു എന്ന് പറയാതെ വയ്യ.. എന്റെ മാതാപിതാക്കളോട് സംസാരിക്കുമ്പോൾ അവരുടെ ഓരോ ആശങ്കകൾ ആണ് അതിനു തെളിവ്…എന്റെ 33 വയസ്സിനിടയ്ക്കു ഇതുപോലൊരു വെല്ലുവിളി ഞാൻ നേരിട്ടട്ടില്ല… എങ്കിലും അവര് ഈ വിപത്തിൽ നിന്നും രെക്ഷപെടുമെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു…ഞങ്ങൾ അപ്പൻ അമ്മ മക്കൾ.. ഈ നാലുപേരിൽ ഒരാൾ ഞാൻ…ഞാൻ മാത്രം… കാതങ്ങൾക്ക് അകലെ ഇങ്ങനെ ഒറ്റയ്ക്ക് ആയപ്പോൾ…. അവര് രക്ഷപെടും എന്ന് വിശ്വസിക്കാൻ മാത്രം ആണ് എനിക്ക് ഇഷ്ടം..
Hippa act എന്നൊരു act അവിടെ നിലവിൽ ഉണ്ടെന്നു കേട്ടു… അതാണ് ആരോഗ്യപ്രവർത്തകരെ ഈ ബാധ സാരമായി ബാധിക്കുന്നതിന്റെ കാരണം എന്നും കേട്ടു.. ആരോഗ്യപ്രവർത്തകർ തമ്മിൽ തമ്മിൽ പറയാൻ പാടില്ല കോവിഡ് ബാധിച്ചിരിക്കുന്നു എന്ന്…അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.. അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു…
ചിക്കാഗോ യിലെ മലയാളികൾ അല്ലെങ്കിൽ ഏതെങ്കിലും സംഘടനയുടെ ഭാരവാഹികൾ ഇത് വായിക്കുമെങ്കിൽ ഒരു msg ഇടുമെന്നു പ്രതീക്ഷിക്കുന്നു.. എന്‍റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥനകളിൽ എന്റെ കുടുംബാംഗങ്ങളെയും ഓർക്കണേ…