കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 195 പേരാണ്. രാജ്യത്ത് കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3900 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 46,433 ആയി. രാജ്യത്ത് നിലവില്‍ 32124 സജ്ജീവ രോഗികളാണുള്ളത്. അതേസമയം 12727 പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസം പകരുന്നുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കൊവിഡ് വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 14,000 കടന്നു. 583 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ ഇതുവരെ 5804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 4898, തമിഴ്നാട്ടില്‍ 3550, രാജസ്ഥാനില്‍ 3061 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍.