ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന്‍ പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു വിജയൻ പിള്ള.
നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ എസ് പി ഇതര എം എൽ എ ആണ് എൻ. വിജയൻ പിള്ള. ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയൻപിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെയാണ് വിജയന്‍ പിള്ള തോല്‍പ്പിച്ചത്. ഭാര്യ: സുമാദേവി, മൂന്നു മക്കള്‍.
1979 മുതല്‍ 2000 വരെ 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. ആര്‍എസ്പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്നു വിജയന്‍ പിള്ള. ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ഒപ്പം പോകാന്‍ വിജയന്‍ പിള്ള ഒരുങ്ങിയില്ല. പിന്നീട് എകെ ആന്റണി ആവശ്യപ്പെട്ടതനുസരിച്ച് കോണ്‍ഗ്രസിലെത്തി ഡിസിസി സെക്രട്ടറിയായി. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ മദ്യനയത്തെ തുടര്‍ന്ന് വിജയന്‍പിള്ള യുഡിഎഫില്‍നിന്ന് അകന്നു. മദ്യവ്യവസായികള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍റെ പ്രസ്താവനയെ തുടര്‍ന്ന് ഡിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങി. എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി. പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു. തുടര്‍ന്ന് എല്‍ഡിഎഫ് സഹയാത്രികനായി.
പ്രമുഖ നടിയും ബി.ജെ.പി നേതാവുമായ ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് കേസ്. ഉത്തര്‍ പ്രദേശിലെ റാംപൂരിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ജയപ്രദ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസിന്റെ അടുത്ത വാദം ഏപ്രില്‍ 20ന് നടക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബി.ജെ.പി ടിക്കറ്റില്‍ ജയപ്രദ ജനവിധി തേടിയത്. അസം ഖാന്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ റാംപൂരില്‍ നിന്ന ജയിച്ചത്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന വേളയില്‍ ജയപ്രദ നേരിട്ട ഹാജരാകേണ്ടി വരും.
കുറ്റിക്കാട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന് സംശയം. അന്വേഷണം ശക്തമാക്കി പോലീസ്. പാലാ-തൊടുപുഴ സംസ്ഥാന പാതയോട് ചേര്‍ന്ന് പാലാ കാര്‍മ്മല്‍ ആശുപത്രി ജങ്ഷനിലെ കലുങ്കിന് താഴെയുള്ള കുറ്റിക്കാട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണപ്പെട്ടത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം വയോധികയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം ഇന്നലെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. സ്വാഭാവിക മരണമാണന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൂന്ന് ദിവസം മൃതദേഹം സൂക്ഷിച്ച ശേഷം പോസ്റ്റ് മോര്‍ട്ടം നടത്താനാണ് പോലീസ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വയോധികയെ കൊലപ്പെടുത്തിയണോയെന്ന സംശയത്തിലാണ് ഉടന്‍ തന്നെ പോസ്റ്റമാര്‍ട്ടം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെയാണ് പാലാ- തൊടുപുഴ ഹൈവേയില്‍ കാര്‍മ്മല്‍ ആശുപത്രി ജങ്ഷനിലെ കലുങ്കിന് താഴെ എട്ടടിയോളം താഴ്ചയില്‍ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് എണ്‍പത് വയസ് തോന്നിക്കുന്ന വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.
മുഖത്ത് കണ്ടെത്തിയ മുറിപ്പാട് താഴേക്ക് വീണപ്പോള്‍ മരക്കുറ്റിയിലോ മറ്റോ കൊണ്ട് ഉണ്ടായതാവാം. പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളിലും കൊലപാതകമെന്ന് സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മറ്റെവിടെയെങ്കിലും വച്ച് മരണപ്പെട്ട ശേഷം ഇവിടെകൊണ്ട് തള്ളിയാതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച ദുരൂഹതമാറണമെങ്കില്‍ ആളെ തിരിച്ചറിയണം. സമീപത്തുള്ള സ്ത്രീ ഇതുവഴിപോയപ്പോള്‍ വീണതാണെങ്കില്‍ ബന്ധുക്കളോ നാട്ടുകാരോ അങ്ങനെ ആരെങ്കിലും തിരിച്ചറിയോണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. ആളെ തിരിച്ചറിയാനുള്ള തീവ്ര അന്വേഷണത്തിലാണ് പോലീസ്. ഇതുവഴി കടന്നുപോയ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെങ്ങും അടുത്തദിവസങ്ങളില്‍ പ്രായമായവരെ കാണാതായതായി പരാതികളില്ല. സംഭവത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ പാലാ ഡി.വൈ.എസ്.പിയെ അറിയിക്കണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. ഫോണ്‍- 9497990051.
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ വാർത്താ വിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തിയ രണ്ട് മലയാളം ചാനലുകളുടെയും വിലക്ക് പിൻവലിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ നിലവിൽ വന്ന 48 മണിക്കൂർ വിലക്ക് മണിക്കൂറുകൾക്ക് ശേഷം പിൻവലിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു എഷ്യാനെറ്റിന്റെ വിലക്ക് പിൻവലിച്ചത്. രാവിലെ 9 മണിയോടെ മീഡിയ വണ്ണിനെതിരായ നടപടിയും പിൻവലിക്കുകയായിരുന്നു. ഇരു ചാനലുകളും സംപ്രേക്ഷണം പുനഃരാരംഭിച്ചു. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിലക്ക് പിൻവലിച്ചതെന്ന് വ്യക്തമാക്കാൻ ചാനലുകളോ മന്ത്രാലയമോ തയ്യാറായിട്ടില്ല.
വിലക്ക് പിൻവലിച്ച കാര്യം അറിയില്ലെന്നായിരുന്നു മീഡിയ വൺ നൽകുന്ന പ്രതികരണം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നേരിട്ട് അപ്ലിങ്കിങ് സ്ഥാപനത്തിലേക്കാണ് പോകുന്നതെന്നും മീഡീയ വൺ അറിയിച്ചു. ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. ഇതാണിപ്പോൾ നീക്കിയതെന്നാണ് വിവരം.
ഡൽഹി കലാപം സംബന്ധിച്ച വിഷയത്തിൽ രണ്ട് ചാനലുകൾക്കും നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിക്കുകയും അതിന് രണ്ടുകൂട്ടരും മറുപടിയും നൽകിയിരുന്നു. ഈ വിശദീകരണം തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്നലെ വൈകീട്ട് അറിയിക്കുകയായിരുന്നു. ഡല്‍ഹിയിൽ നടന്ന വർഗീയ കലാപം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന ചാനലുകളായിരുന്നു ഇവ രണ്ടും.
ഇന്നലെ വൈകിട്ട് മുതല്‍ 48 മണിക്കൂര്‍ നേരമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എനിക്ക് പറയാന്‍ കഴിയുന്നത് മീഡിയാ വണ്ണിനെ സംബന്ധിച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിനെതിരെ സാധ്യമായ എല്ലാ നടപടികളും മീഡിയ വണ്‍ കൈകൊള്ളും. നിയമപരമായി നീങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കയാണ്. ഇതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഏതായാലും മാധ്യമ സ്വാതന്ത്യത്തിനും നിലനില്‍പ്പിനും തന്നെ ഭീഷണിയായ നീക്കത്തിനെതിരെ പോരാടാന്‍ തന്നെയാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.പേടിപ്പിച്ച് നിര്‍ത്തുകയെന്ന അവരുടെ ഉദ്ദേശം നടന്നു, നിരോധനത്തോടുള്ള മാധ്യമ സമീപനം കാണിക്കുന്നത് അതാണ്, ഞങ്ങള്‍ പോരാടും മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സിഎല്‍ തോമസ് പറഞ്ഞു
ഇതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. അത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിടുകയെന്നതാണ്. ഭരണകൂടത്തിന് എതിരായതോ, താല്‍പര്യമില്ലാത്തതോ ആയ വാര്‍ത്തകള്‍ നല്‍കിയാല്‍ ഇടപെടുമെന്ന ഭീഷണിയാണ് ഈ നിരോധന നീക്കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. അടിയന്തരാവസ്ഥകാലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത അത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നുവെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പോലും ആവശ്യമില്ലെന്നാണ് ഭരണകൂടം തെളിയിച്ചിരിക്കുന്നത്. എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള ഭീഷണിയാണത്. ആര്‍ എസ് എസ്സിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും വാര്‍ത്ത നല്‍കിയെന്നാണ് മീഡിയാവണ്ണിനെ വിലക്കുന്നതിന് കാരണമായി പറഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ ഒരു കുറ്റം ചാര്‍ത്തല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും എന്നാണ് തോന്നുന്നത്. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ മറച്ചുകെട്ടിലാതെ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു
കോട്ടയം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി നോബിൾ മാത്യുവിനെ നിയമിച്ചു.കഴിഞ്ഞ രണ്ടു വർഷമായി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷനായി പ്രവർത്തിക്കുകയായിരുന്നു. കേരള ഹൈക്കോടതിയിൽ ഗവണ്മെന്റ് പ്ലീഡർ, സീനിയർ ഗവണ്മെന്റ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കൽ കുടുംബാംഗമാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് യൂണിയൻ ചെയർമാൻ, എംജി സർവകലാശാല യൂണിയൻ കൗണ്‍സിലർ, കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം, കാഞ്ഞിരപ്പള്ളി വില്ലേജ് യൂത്ത് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
സഭാസംഘടനകളിലടക്കം പ്രവർത്തിച്ചു വളർന്നുവന്ന നോബിൾ മാത്യു സംസ്ഥാന സ്കൂൾ യുവജനോത്സവ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും നിരവധി ഇന്റർ കൊളിജിയറ്റ്, ഇന്റർ യൂണിവേഴ്സിറ്റി പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനവും നേടി. കേരള സർവകലാശാലയിലെ ഏറ്റവും നല്ല പ്രസംഗകനുള്ള സചിവോത്തമ അവാർഡ് ജേതാവുമാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊറോണ പരിശോധന നടത്തിയിരുന്നെന്നു കോണ്‍ഗ്രസ്. ഫെബ്രുവരി 29-ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോള്‍ രാഹുല്‍ കൊറോണ വൈറസ് സംബന്ധിച്ച പരിശോധന നടത്തിയിരുന്നെന്നാണ് കോണ്‍ഗ്രസ് അറിയിച്ചു. രാഹുലിനെതിരേ ബിജെപി നേതാക്കള്‍ പരിഹാസം ഉന്നയിച്ചതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ വിശദീകരണം.
ബിജെപി എംപി രമേശ് ബിദുരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഇറ്റലി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍, കൊറോണ പരിശോധന നടത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നതു വിവാദമായിരുന്നു. രണ്ടാഴ്ച മുമ്പ് രാഹുല്‍ ഇറ്റലിയിലെ മിലാനിലേക്കു യാത്ര ചെയ്തിരുന്നു. തിരിച്ചുവന്നപ്പോള്‍, മറ്റു യാത്രക്കാര്‍ക്കൊപ്പം ക്യൂ നിന്നാണ് വിമാനത്താവളത്തില്‍ കൊറോണ പരിശോധനയ്ക്കു വിധേയനായതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ടി ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ മലയാളം ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ. രണ്ടുദിവസത്തേക്കാണ് നിരോധനം. ഡല്‍ഹിയിൽ നടന്ന വർഗീയ കലാപം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന ചാനലുകളാണ് ഇവ രണ്ടും.
ഈ ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകൾക്കും ഈ വിഷയത്തിൽ നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നൽകിയിരുന്നെന്നും വിവരമുണ്ട്. ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിങ്ങും തടസ്സപ്പെട്ടിട്ടുണ്ട്. 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം. ഇന്ന് 7.30 മുതൽ നടപ്പാക്കി.ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനുസരിക്കാനായി ചില നിർദ്ദേശങ്ങൾ പ്രസാർ ഭാരതി പുറപ്പെടുവിച്ചിരുന്നു.
തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എൻ ജി ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി. ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.
അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നും കോടതി പറഞ്ഞു. നിലവിൽ കോട്ടയത്തെ ക്രൈംബ്രാഞ്ച് സിഐ ആണ് എൻ ജി ശ്രീമോൻ. സിവിൽ അടക്കമുള്ള കേസുകളിൽ നിയമവിരുദ്ധമായി ഇടപെട്ട് സിഐ ശ്രീമോൻ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നതാണ്. സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു.
സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ. സിഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ എസ്പിക്ക് നൽകിയ മൊഴി. തൊടുപുഴയിൽ നടന്ന കെഎസ്‍യു സമരത്തിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് പിന്നാലെ, ഇതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പ്രവർത്തകർക്ക് നേരെ സർവീസ് റിവോൾവർ ലോഡ് ചെയ്ത് വെടിയുതിർക്കാൻ തോക്കു ചൂണ്ടിയെന്ന പരാതിയും ശ്രീമോനെതിരെയുണ്ട്.
ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കിയുടെ പരാതിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഉത്തരവ്. നേരത്തേ തന്നെ വ്യാപകമായി ശ്രീമോനെതിരെ പരാതിയുയർന്നപ്പോൾ, കോടതി വിജിലൻസിനോട് നേരിട്ട് അന്വേഷിച്ച് പരാതി നൽകാൻ നിർദേശിച്ചിരുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എല്ലാ പരാതിക്കാരെയും കണ്ടു. വിശദമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിശദമായി ഇവ പരിശോധിച്ചപ്പോൾ, മുപ്പതോളം പരാതികളുയർന്നതിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് വിജിലൻസും കോടതിയെ അറിയിച്ചു. വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തിയത്.
കൊറോണയെക്കുറിച്ച് അഭിപ്രായം പറഞ്ഞ മുന്‍ ഡിജിപി സെന്‍കുമാറിന് ചുട്ടമറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനുമുകളില്‍ നിലനില്‍ക്കില്ലെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. കേരളത്തിലെ ഈ 32 ഡിഗ്രി ചൂടില്‍ കൊറോണ എത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഉത്സവം ഒഴിവാക്കണമെന്ന് അഭിപ്രായത്തോടാണ് സെന്‍കുമാര്‍ പ്രതികരിച്ചത്.
കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നല്ലോ എന്നാണ് ഷിംന പ്രതികരിക്കുന്നത്. പേരിന് മുന്നില്‍ Dr എന്ന് വെക്കുന്നവരെല്ലാം മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണ ശരിയല്ലെന്ന് സെന്‍കുമാറിന്റെയും രജിത് കുമാറിന്റെയും ഫാന്‍സ് മനസ്സിലാക്കണമെന്നാണ് ഷിംന പറയുന്നത്. സെന്‍കുമാര്‍ ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇപ്പോള്‍ ലോകമെമ്പാടും പരന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല.
അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തില്‍ മൂന്ന് പോസിറ്റീവ് കേസുകള്‍ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?
ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാല്‍ ശരീരത്തിനകത്ത് കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ?
ഈ രോഗം താരതമ്യേന പുതിയതാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.
ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകള്‍ ഒന്നിച്ച് കൂടുന്നയിടങ്ങള്‍ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാല്‍ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കില്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം.
തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കുകയുമരുത്.
വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ…
ആളെക്കൊല്ലികളാകരുത്. ആരും.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയീ ഭക്തർക്ക് ദർശനം നൽകുന്നത് അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നിർദശത്തെ തുടർന്നാണ് ദർശനം താൽക്കാലികമായി നിറുത്തുന്നതെന്ന് വള്ളിക്കാവ് അമൃതാനന്ദമയീ മഠം വ്യക്തമാക്കി. വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിവസേന അമൃതാനന്ദമയിയെ ദർശിക്കാൻ ആശ്രമത്തിലെത്തുന്നത്. ലോകവ്യാപകമായി കൊറോണ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുൻകരുതൽ. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു.
സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി അറിയിച്ചു കൊണ്ട് അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ വന്ന കുറുപ്പ് ഇപ്രകാരമാണ്-
‘ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് മാതാ അമൃതാനന്ദമയീ മഠത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തജനങ്ങൾ തങ്ങളുന്ന ആശ്രമം ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരേയോ വിദേശികളെയോ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ല.പകൽ സമയത്തെ സന്ദർശനത്തിനും ആശ്രമത്തിൽ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരൻമാർ എത്ര കാലം മുൻപ് ഇന്ത്യയിൽ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്നു കരുതാം ‘.