സിമന്റ് കുഴയ്ക്കുന്ന വലിയ യന്ത്രത്തിനുള്ളില്‍ കയറ്റി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചതിന് ട്രക്കിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലേക്ക് പോകാനായി ഇതിനുള്ളില്‍ കയറിയ 18 കുടിയേറ്റ തൊഴിലാളികളെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് പോലീസ് പിടികൂടിയത്.

ലോക്ഡൗണ്‍ സമയത്ത് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലും ആഹാരവും പണവുമില്ലാതെ കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ വാര്‍ത്തകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരന്തരമായി കേള്‍ക്കുന്നത്. അത്തരമൊരു സംഭവമാണ് ഇന്‍ഡോറില്‍ ഉണ്ടായത്. മുന്നറിയിപ്പില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയവര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ പൊരിവെയിലത്ത് നടന്ന് സ്വന്തം നാടുകളിലെത്താന്‍ ശ്രമിക്കുന്ന ഹൃദയഭേദകമായ കാഴ്ചകളും നിത്യസംഭമാണ്. എങ്ങനെയെങ്കിലും നാട് പിടിക്കാനുള്ള ശ്രമത്തില്‍ എന്തും ചെയ്യുന്ന അവസ്ഥയിലാണ് തൊഴിലാളികള്‍.

സിമന്റ് കുഴയ്ക്കുന്ന വലിയ യന്ത്രത്തിനുള്ളില്‍ കയറി ലക്‌നൗവിലേക്ക് പോകാനുള്ള തൊഴിലാളികളുടെ ശ്രമം തടഞ്ഞ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വലിയ ട്രക്കില്‍ ഘടിപ്പിച്ചിട്ടുള്ള സിമന്റ് മിക്‌സ്റിലായിരുന്നു തൊഴിലാളികളുടെ യാത്ര. സിമന്റും വെള്ളവുമൊക്കെ ഇട്ടുകൊടുത്ത് അത് കുഴച്ച് തഴേക്കിടുന്ന ദ്വാരത്തിലൂടെയാണ് ഇവര്‍ ഇതിനകത്ത് പ്രവേശിച്ചത്. ആ ദ്വാരമല്ലാതെ വായു സഞ്ചാരത്തിന് മറ്റൊരു മാര്‍ഗവും ഇതിനകത്തില്ല. ഇവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്നൌവിലേക്ക് പോവുന്ന വഴിയാണ് ഇന്‍ഡോറില്‍ വച്ച് പോലീസ് വാഹനം തടഞ്ഞ് പരിശോധിച്ചത്.

ലോക്ഡൗണ്‍ ഓരോ ദിവസവും നീട്ടുന്നതോടെ ദുരിതം കൂടിവരുന്ന തൊഴിലാളികള്‍ ഏതു വിധത്തിലും സ്വന്തം നാട്ടിലെത്താനാണ് ശ്രമിക്കുന്നത്. ഇന്നലെ മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും വിവിധ പ്രദേശങ്ങളിലായുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ ലഭ്യമായ ഏതു വിധത്തിലും യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതും ചിലപ്പോഴൊക്കെ പിടികൂടപ്പെടുന്നതും. ഈ വിധത്തില്‍ പിടിയിലാകുന്നവരെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കുക മാത്രമല്ല, വീണ്ടും ക്വാറന്റൈനില്‍ അയയ്ക്കുകയും ചെയ്യും.