വംശീയ വർഗീയ പ്രയോഗങ്ങൾ വഴി സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷത്തിെൻറ വൈറസ് പരത്തുന്ന ഇന്ത്യൻ വർഗീയ വാദികൾക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. ഗൾഫ് രാജ്യങ്ങളിൽ വ്യവസായം നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ സംഘ് പരിവാർ അനുഭാവികൾ എല്ലാ അതിർവരമ്പുകളും ലംഘിച്ച് ഹീനമായ ഭാഷയിൽ വംശീയ അധിക്ഷേപം നടത്തുന്നത് പതിവായതോടെയാണ് സ്വദേശി പ്രമുഖർ വിഷയത്തിൽ ഇടപെട്ടു തുടങ്ങിയത്.
രാജ്യമോ മതമോ ജാതിയോ സംബന്ധിച്ച വിവേചനങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ വംശീയ പോസ്റ്റുകളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കെതിരെ രാജകുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും മതപണ്ഡിതരുമെല്ലാം ശബ്ദമുയർത്തുകയാണിപ്പോൾ.
അറബ് സ്ത്രീകളെക്കുറിച്ച് അറക്കുന്ന ലൈംഗിക അധിക്ഷേപം നടത്തിയ ബംഗളുരു സൗത്തിലെ ബി.ജെ.പി. എം.പി തേജസ്വി സൂര്യയുടെ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട പല സാംസ്കാരിക പ്രവർത്തകരും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചു.
ഏതാനും വർഷം മുൻപ് തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അവഹേളനവും നിറഞ്ഞ ട്വിറ്റർ പോസ്റ്റ് ഇയാൾ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. അതിെൻറ സ്ക്രീൻ ഷോട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുവൈത്തിലെ പ്രമുഖ നിയമജ്ഞരും സാംസ്കാരിക പ്രവർത്തകരും നടപടി ആവശ്യപ്പെട്ടത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരുവാൻ അവസരം ലഭിച്ചാൽ പുറപ്പെടാൻ നിൽക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് യു.എ.ഇയിൽ നിന്നുള്ള നൂറ അൽ ഗുറൈർ മുന്നറിയിപ്പ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രത്യേക നോമിനി ആയാണ് അഭിഭാഷകൻ കൂടിയായ തേജസ്വി ലോക്സഭാ സ്ഥാനാർഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്.
നിരവധി സംഘ്പരിവാർ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കാലത്തും വർഗീയത പരത്തിയതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
മലയാളി വ്യവസായി സോഹൻ റോയ് വംശീയ വർഗീയ അധിക്ഷേപം വമിക്കുന്ന കവിത പോസ്റ്റു ചെയ്തതും വിവാദമായിട്ടുണ്ട്. തെൻറ കവിതയിൽ വർഗീയത ഇല്ലായിരുന്നുവെന്നും ഗ്രാഫിക് ഡിസൈൻ ചെയ്തയാൾക്ക് പറ്റിയ പിഴവാണെന്നുമാണ് റോയിയുടെ വാദം. എന്നാൽ ഇദ്ദേഹത്തിെൻറ മറ്റു നിരവധി കവിതകളും അതിഥി തൊഴിലാളികളെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്നവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിവാദമായ സ്പ്രിങ്ക്ളർ ഇടപാടിന്‍റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ തായ്ക്കണ്ടിയിലിന്‍റെ കമ്പനിയായ എക്സാലോജിക്കിലേക്ക് നീങ്ങുമ്പോള്‍ ഇടപാട് സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്. ഏറ്റവും ഒടുവില്‍ എക്സാലോജിക് കമ്പനിയുടെ നോമിനി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമല തായ്ക്കണ്ടിയില്‍ ആണ് എന്നതും വ്യക്തമായിരിക്കുകയാണ്.
അച്ഛന്‍ കേരളത്തിലെ ഐ.ടി മന്ത്രി, മകള്‍ ഐ.ടി കമ്പനി ഉടമ, ഭാര്യ അതേ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ചയാണ്. ഈ കമ്പനിക്ക് കരിമണല്‍ കർത്ത എന്ന ശശിധരന്‍ കർത്തയുടെ എംപവർ കമ്പനിയുമായുള്ള ബന്ധവും ഇപ്പോള്‍ ചർച്ചയാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വഴിവിട്ട ഇടപെടലുകള്‍ വീണയുടെ കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായതായും കൂടുതല്‍ വ്യക്തമാവുകയാണ്.
വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമായിരിക്കെ അധികാര ദുർവിനിയോഗത്തിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലും ഭാര്യ നോമിനിയുമായ സ്ഥാപനത്തിന് നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ആക്ഷേപം ഉയരുകയാണ്. സ്വനതം കുടുംബത്തിന് ഇക്കാര്യത്തില്‍ നേട്ടം ഉണ്ടായി എന്ന ആരോപണത്തിന് മറുപടി പറയേണ്ട ധാർമ്മിക ഉത്തരവാദിത്വം ഐ.ടി വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയും സി.പി.എമ്മും ഇതിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്.
സ്വന്തം ലേഖകൻ
രാജസ്ഥാൻ : ക്രിപ്‌റ്റോ ബുൾസ് റോഡ്‌ഷോയുടെ സംഘാടകരുമായി ക്രിപ്‌റ്റോകറൻസി പദ്ധതികൾ ഇന്ത്യൻ സംസ്ഥാന മന്ത്രാലയം ചർച്ച ചെയ്യുന്നു. ഇന്ത്യയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള അജ്മീറിലെ ദർഗാ കമ്മിറ്റി ചെയർമാൻ അമിൻ പത്താൻ അടുത്തിടെ ഇന്ത്യ ക്രിപ്റ്റോ ബുൾസ് സംരംഭത്തിന്റെ സ്ഥാപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 15 പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ രാജ്യവ്യാപകമായി റോഡ്ഷോ സംഘടിപ്പിക്കുന്ന സംഘമാണ് ക്രിപ്റ്റോ ബുൾസ്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഏറ്റവും വലിയ പുണ്യ തീർത്ഥാടനങ്ങളിലൊന്നായ അജ്മീറിലെ ദർഗ കമ്മിറ്റിയുടെ പ്രസിഡന്റാണ് പത്താൻ. കൂടാതെ രാജസ്ഥാൻ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. ഇന്ത്യയുടെ ക്രിപ്റ്റോ വികസനം, നിക്ഷേപം, നവീകരണം എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ പത്താൻ ചർച്ച ചെയ്തുവെന്ന് ന്യൂസ് ബിറ്റ്കോയിൻ റിപ്പോർട്ട് ചെയ്തു.

മറ്റ് ഡിജിറ്റൽ അസറ്റ് ധനകാര്യ സേവനങ്ങൾ, ബിറ്റ്കോയിൻ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുമായി ഒരു കോൺഫറൻസ് നടത്താൻ രാജസ്ഥാൻ സംസ്ഥാനം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ക്രിപ്റ്റോ ബുൾസിനോട് പറഞ്ഞു. മാത്രമല്ല, ക്രിപ്റ്റോകറൻസി നിക്ഷേപം എങ്ങനെ മെച്ചപ്പെടുത്താം, ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താനോ ആസൂത്രണം ചെയ്യാനോ ഒരു നിക്ഷേപകൻ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയും മറ്റ് നിരവധി ഘടകങ്ങളും ഈ കോൺഫറൻസിലെ ചർച്ചയിൽ ഉൾപ്പെടും. രാജ്യവ്യാപകമായി ഇന്ത്യൻ ക്രിപ്‌റ്റോ ബുൾസ് നടത്തുന്ന റോഡ്‌ഷോയെ പത്താൻ പിന്തുണച്ചു. അദ്ദേഹത്തിന്റെ നഗരമായ ജയ്പൂരിലും ഉദയ്പൂരിലും പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്നും അറിയിച്ചു.

ഒ1എക്സിൻെറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഗൗരവ് ദുബെയുടെ സംരംഭമാണ് ഇന്ത്യ ക്രിപ്റ്റോ ബുൾസ്. അടുത്ത ക്രിപ്റ്റോ ബുൾ റണ്ണിനായി രാജ്യം ഒരുക്കുന്നതിനും ക്രിപ്റ്റോകറൻസികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി ഏപ്രിൽ ആദ്യം ഇന്ത്യയിലെ 15 ഓളം നഗരങ്ങളിൽ റോഡ്ഷോ ആരംഭിക്കാൻ അവർ പദ്ധതിയിട്ടിരുന്നു . എന്നാൽ , നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിയും ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളും കാരണം റോഡ്ഷോ മാറ്റിവയ്ക്കുകയും മറ്റൊരു തീയതിയിലേക്ക് നീട്ടിവെക്കുകയും ചെയ്യും. ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഇക്കോസിസ്റ്റം ഇപ്പോൾ പുനർനിർമിക്കുകയാണ്. മാർച്ച് 4 ന് കോടതി വിലക്ക് നീക്കിയശേഷം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഐഎൻആർ ബാങ്കിംഗ് പിന്തുണ തിരികെ കൊണ്ടുവരുന്ന തിരക്കിലാണ്. നിരവധി ആഗോള കമ്പനികളും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യൻ ക്രിപ്റ്റോ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നു .
തൊടുപുഴ: ലോക്ക് ഡൗണ്‍കാലത്ത് 1,500 രൂപ വാടക നൽകാത്തതിന്റെ പേരിൽ കൂലിപ്പണിക്കാരനെയും ഹൃദ്രോഗിയായ ഭാര്യയെയും മകനെയും കൂരയിൽനിന്നു ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിച്ച മുൻ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരേ നായയെ അഴിച്ചുവിട്ടു പ്രകോപനം സൃഷ്ടിച്ചതായും പരാതിയുണ്ട്. തൊടുപുഴ മുതലക്കോടം കുന്നുമ്മേൽ (ഇലഞ്ഞിക്കൽ) കെ.വി. തോമസിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്കു നൽകിയിരിക്കുന്ന ഒറ്റമുറി ഷെഡിൽ കഴിയുന്ന പള്ളിക്കുന്നേൽ മാത്യു കുര്യാക്കോസിനെയും കുടുംബാംഗങ്ങളെയുമാണ് തോമസ് ഇറക്കിവിടാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ തുടക്കം. വാടക നൽകാത്തതിന് ആദ്യം ഇവരുടെ വീട്ടിലേക്കുള്ള വഴിയടച്ചു. പിന്നാലെ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചു.
അഞ്ചു മാസം മുൻപാണ് മാത്യുവും കുടുംബവും തോമസിന്റെ പുരയിടത്തിലെ താത്കാലിക ഷെഡിൽ താമസം തുടങ്ങിയത്. കഴിഞ്ഞ മാസം വരെ കൃത്യമായി വാടക നൽകിയിരുന്നതായി മാത്യു പറഞ്ഞു. ലോക്ക്ഡൗണിൽ പണിയില്ലാതായതോടെയാണ് ഒരു മാസത്തെ വാടക മുടങ്ങിയത്. ഇതോടെ ഷെഡിൽനിന്ന് ഇറങ്ങണമെന്നായി തോമസ്. സംഭവമറിഞ്ഞു നാട്ടുകാർ ശനിയാഴ്ച തോമസുമായി പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞു സ്ഥലത്തെത്തിയ തൊടുപുഴ എസ്ഐ എം.പി. സാഗർ വാടകക്കാരെ ഇറക്കി വിട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നു താക്കീതു നൽകിയിരുന്നു. വഴി അടയ്ക്കരുതെന്നും വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ഇന്നലെ രാവിലെ തോമസ് വീണ്ടും ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ രംഗത്തെത്തി. നടപടി ചോദ്യം ചെയ്തതോടെ വളർത്തുനായയെ അഴിച്ചുവിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കേസെടുത്തതിനു ശേഷം ജാമ്യം നൽകി. മാത്യുവിന്റെ ഭാര്യ രണ്ടര വർഷമായി ഹൃദയസംബന്ധമായ അസുഖത്തിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മകൻ. ചികിൽസയ്ക്കും മകന്റെ വിദ്യാഭ്യാസത്തിനും കുടുംബ ചെലവിനുമടക്കം കൂലിപ്പണിയിൽനിന്നുള്ള വരുമാനം മാത്രമാണ് ആശ്രയം.
മാത്യുവിനെയും കുടുംബത്തെയും താത്കാലികമായി മുനിസിപ്പൽ കൗണ്‍സിലർ ഷേർളി ജയപ്രകാശിന്റെ വീട്ടിലേക്കു മാറ്റി. വിവരമറിഞ്ഞു പി.ജെ.ജോസഫ് എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ്‍ സിസിലി ജോസ് എന്നിവർ സ്ഥലത്തെത്തി. മാത്യുവിനും കുടുംബത്തിനും ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ വീടു നിർമിച്ചു നൽകുമെന്നു പി.ജെ.ജോസഫ് അറിയിച്ചു. വീടു നിർമാണത്തിനായി മുതലക്കോടം പഴുക്കാകുളത്ത് സ്ഥലം നൽകാമെന്നു പ്രദേശവാസിയായ ഓണേലിൽ ജോഷി അറിയിച്ചു. വീടു നിർമിക്കാൻ സ്ഥലം നൽകാമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലവും സന്നദ്ധത അറിയിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് 19 ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നതാണ്. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്.
സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം (3)
തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്
കൊല്ലം (5)
കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍
ആലപ്പുഴ (3)
ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍
പത്തനംതിട്ട (7)
അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍
കോട്ടയം ജില്ല (1)
തിരുവാര്‍പ്പ് പഞ്ചായത്ത്
ഇടുക്കി (6)
തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍
എറണാകുളം (2)
കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്
തൃശൂര്‍ (3)
ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍
പാലക്കാട് (4)
പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍
മലപ്പുറം (13)
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍
കോഴിക്കോട് (6)
കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍
വയനാട് (2)
വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകള്‍
കണ്ണൂര്‍ (19)
കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍
കാസര്‍ഗോഡ് (14)
കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.
ലോകം കണ്ട മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തില്‍ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം. തമിഴ്‌നാട് വെതര്‍മാന്‍ ആണ് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് തമിഴ്നാട് വെതര്‍മാന്‍. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍ കേരളത്തിന് ലഭിച്ചതെന്നും 2019ല്‍ 2300 ലധികം ലഭിച്ച മഴ 2020 ലും ആവര്‍ത്തിക്കുമോ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
തമിഴ്നാട് വെതര്‍മാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായി മൂന്നു വര്‍ഷം ലഭിച്ചത്. ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 2049 മില്ലിമീറ്റര്‍ മഴ ചുരുങ്ങിയത് ലഭിക്കാറുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ കേരളത്തിന് പൊതുവെ കുറഞ്ഞ അളവിലുള്ള മണ്‍സൂണ്‍ മഴയാണ് ലഭിച്ചിരുന്നത്.
2007ല്‍ 2786 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 2517മില്ലിമീറ്റര്‍ മഴയാണ് 2018ല്‍ ലഭിച്ചത്.2 007ലും 2013ലും ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളില്‍ ഏറ്റവും കൂടിയ അളവില്‍ മഴ ലഭിച്ചതാണ് 2018ല്‍ പ്രളയത്തിനിടയാക്കിയത്.
1924, 1961, 2018 വര്‍ഷങ്ങള്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്. 1920കളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ചുവടെ കൊടുക്കുന്നു.
1922- 2318മിമീ
1923- 2666മിമീ
1924-3115മിമീ
അടുത്ത നൂറ്റാണ്ടില്‍
2018- 2517മില്ലീമീറ്റര്‍
2019-2310മിമീ
2020-?
കംപ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർഥിയെ കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം ഡോ സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കംപ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ഇതെത്തുടർന്ന് വീട്ടിൽനിന്നും ഇറങ്ങി പുറത്തേക്കുപോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതെത്തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
പോലിസ് നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ പിൻഭാഗത്ത് കുട്ടിയെ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാംനിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാവുമെന്നാണു പ്രാഥമികനിഗമനം.
സബാഹ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ ഡോക്ടറായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. ബ്ലൂ വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കംപ്യൂട്ടർ ഗെയിമാണ് ഫോർട്ട് നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്നുതന്നെ ഇതിനു അടിമപ്പെടുകയും വിഷാദരോഗം അടക്കമുള്ള ഒട്ടേറെ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം എൻസിഇആർടി, എൻടിഎ തുടങ്ങിയവ അക്കാദമിക് കലണ്ടറുകൾ പരിഷ്കരിച്ചു. എൻസിഇആർടി വ്യാഴാഴ്ച പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ലോക്ഡൗണില്‍ കുടുങ്ങി വീട്ടിലിരിക്കുമ്പോൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ വിദ്യാർഥികൾക്ക് ഫലപ്രദമായി ഈ സമയം എങ്ങനെ വിനിയോഗിക്കാമെന്നു നിർദേശങ്ങളുണ്ട്.
2020–2021 വർഷത്തിൽ 9 മുതൽ 12 വരെ ക്ലാസുകളുടെ സിലബസിൽ സിബിഎസ്ഇ ചെറുതായി മാറ്റം വരുത്തി. ദീർഘനാൾ സ്കൂളുകൾ അടച്ചിട്ടതിനെ തുടർന്നാണിത്. ലോക്ഡൗണിനുശേഷം ക്ലാസുകൾ ആരംഭിച്ചാൽ നിലവിലെ സിലബസ് പ്രകാരം അധ്യാപകർക്കു പഠിപ്പിച്ചു തീർക്കാൻ പ്രയാസമുണ്ടാകും എന്നതിനാലാണു മാറ്റം. വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് മുഷിപ്പുണ്ടാകാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
വിദ്യാര്‍ഥികൾ വിഷാദരോഗത്തിലേക്കു പോകാതിരിക്കാൻ ശ്രദ്ധിക്കണം. 2021 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി പാഠഭാഗങ്ങൾ കുറയ്ക്കും. ലോക്ഡൗൺ കാരണം ക്ലാസുകൾ തുടങ്ങാൻ വൈകിയതിനാലാണു തീരുമാനം. ജെഇഇ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ ജൂണിൽ നടത്താനാണു സാധ്യത.
കൊവിഡ് 19 വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് 19 മരണമാണിത്.
അതേസമയം ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1800 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 76 ആയി. അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
ഹരിപ്പാട് വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതി മരിച്ചു. വീട്ടിലെ ഇരുമ്പ് അലമാര തുറക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പള്ളിപ്പാട് വെട്ടുവേനി രാഹുല്‍ ഭവനില്‍ ഹരികുമാര്‍-മിനി ദമ്പതികളുടെ മകള്‍ ഹരിത(23) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
ഹരിതയും വിഷ്ണുവും വിവാഹിതരായിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു ഹരിത. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനായി ഫയല്‍ എടുക്കാന്‍ അലമാര തുറന്നപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. വീട്ടില്‍ പട്ടിക്കൂട് നിര്‍മ്മിക്കുന്ന ജോലിയിലായിരുന്നു ഭര്‍ത്താവ് വിഷ്ണു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് വെല്‍ഡിംങ് ജോലിക്ക് വീട്ടില്‍ നിന്നും വൈദ്യുതി എടുത്തിരുന്ന വയര്‍ ഇരുമ്പലമാരയില്‍ തട്ടിയിരുന്നു. ഇതില്‍ നിന്ന് വൈദ്യുതി ആഘാതമുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍. ഞായറാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.