ജൂവലറിയില്‍ മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തൊമ്പതാം തീയതി രാത്രിയിലാണ് മോഷണം നടന്നത്. 14 പവന്റെ സ്വർണവും 2,87,000 രൂപയുമാണ് ഇവർ അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പുല്ലു കുളങ്ങര കിഴക്കേ നടയിലെ ബീനാ ജൂവലേഴ്സിൽ മോഷണം നടത്തിയ തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് ശരത്(34), ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് പെരുമന പുതുവൽ വീട്ടിൽ സുധീഷ്(38)എന്നിവരൊണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൂളത്തെരുവിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
കടയിലെ സിസി ടിവിയിൽ ഒരു പ്രതിയുടെ ചിത്രം അവ്യക്തമായി പതിഞ്ഞിരുന്നു. സമീപ പ്രദേശങ്ങളിൽ നടന്ന ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ട് പുറത്തു വന്നവരാകാം പ്രതികളെന്ന് അദ്യം തന്നെ സംശയമുണ്ടായിരുന്നു. ഈ വഴിക്കും അന്വേഷണം നടന്നു. പ്രതികൾ ചൂളത്തെരുവിൽ വീട് വാടകക്കെടുത്താണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മോഷണ സ്വർണ്ണം ഇവരിൽ നിന്ന് കണ്ടെത്തി. കൂടാതെ ഇവർ ഭിത്തി തുരക്കാനുപയോഗിച്ച കമ്പി പാരയും ജൂവലറിയുടെ സമീപത്തെ തോട്ടിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച പണംകൊണ്ട് ഇവർ ഗൃഹോപകരണങ്ങളും മറ്റും വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.
ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ നിശിത വിമർശനമേറ്റുവാങ്ങിയ ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന റാലിയിൽ കൊലവിളി മുദ്രാവാക്യം. വിഐപി പ്രദേശങ്ങളിൽ നടത്തിയ സമാധാന റാലിയിലാണ് രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനം ഉയർന്നത്.
സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ കപിൽ മിശ്ര നടത്തിയ കൊലവിളി പ്രസംഗമാണു വടക്കു കിഴക്കൻ ഡൽഹിയിൽ 42 പേരുടെ ജീവനെടുത്ത കലാപത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. കപിൽ മിശ്രയ്ക്കെതിരെ ഡൽഹി ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.
കപിൽ മിശ്രയുടെ നേതൃത്വത്തിൽ നടക്കുന്ന ‘സമാധാന മാർച്ചി’ൽ ആയിരത്തി ഇരുന്നൂറോളം പേരാണു പങ്കെടുക്കുന്നത്. ഡൽഹി പീസ് ഫോറം എന്ന എൻജിഒയാണ് റാലിയുടെ സംഘാടകർ. ജന്തർ മന്തറിൽനിന്ന് കൊണാട്ട് പ്ലേസിലേക്കും ജൻപഥി ലേക്കുമാണ് മാർച്ച് നടത്തിയത്. റാലിക്ക് പൊലീസിന്റെ അനുമതിയില്ല. ആരെയും വെറുതെ വിടരുത്, ജിഹാദികളെ തുടച്ചുമാറ്റുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്.
ഡൽഹി കലാപത്തിൽ ഭജൻപുര, ശിവ വിഹാർ, കരാവൽ നഗർ, ന്യൂ മുസ്തഫാബാദ് പ്രദേശങ്ങളിൽ പരുക്കേറ്റതായി അവകാശപ്പെടുന്ന ആളുകളാണ് മിശ്രയ്ക്കൊപ്പം റാലിയിൽ പങ്കെടുത്തത്. കലാപത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ, ഇന്റലിജൻസ് ബ്യൂറോ സ്റ്റാഫർ അങ്കിത് ശർമ, വിനോദ് കശ്യപ് എന്നിവരുടെ ഫോട്ടോകളുമായി ഒരു മിനി ട്രക്ക് റാലിക്കൊപ്പമുണ്ടായിരുന്നു.
“മോദിയെ പിന്തുണച്ച് രാജ്യസ്നേഹികൾ രംഗത്തുണ്ട്. അങ്കിത് ശർമയുടെ ത്യാഗം രാജ്യം ഓർക്കും,” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് റാലി മുന്നേറിയത്. കപിൽ മിശ്ര പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തില്ല. എന്നാൽ, റാലി ജിഹാദികളുടെ അക്രമത്തിനെതിരെയും അക്രമത്തിൽ നഷ്ടം നേരിട്ടവർക്ക് അനുകൂലമായുമാണെന്ന് കപിൽ മിശ്ര സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.
ജന്തർ മന്തറിൽ നിന്ന് രാവിലെ പതിനൊന്ന ടെയാണ് റാലി ആരംഭിച്ചത്. ത്രിവർണ പതാകകളും അംബേദ്കറിന്റെ ഫോട്ടോകളും സമാധാന മാർച്ച് എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചാണ് ആളുകൾ റാലിയിൽ പങ്കെടുത്തത്. അങ്കിത് ശർമയുടെ മരണത്തിൽ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കൊണാട്ട് പ്ലേസിലേക്കും ജൻപത്തിലേക്കും മാർച്ച് നടത്താൻ അവർക്ക് അനുമതിയില്ലെന്ന് ഡിസിപി (ന്യൂഡൽഹി) ഐഷ് സിങ്കാൽ പറഞ്ഞു, “സമാധാനപരമായ മാർച്ചായതിനാൽ ആരെയും തടഞ്ഞില്ല. മാർച്ചിൽ ഉന്നയിച്ച ഏതെങ്കിലും തരത്തിലുള്ള മുദ്രാവാക്യങ്ങൾക്കെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല, അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല, ” ഡിസിപി പറഞ്ഞു.
കൊറോണ കേസുകള്‍ വലിയ തോതില്‍ വന്നിട്ടുള്ള മലേഷ്യയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ മലയാളി എറണാകുളത്തെ ആശുപത്രിയില്‍ മരിച്ചു. ന്യുമോണിയയും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുമാണ് മരണകാരണം. അതേസമയം ഈ രോഗിക്ക് കൊറോണ നെഗറ്റീവ് ആണ് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. മരച്ചയാള്‍ പ്രമേഹരോഗിയുമായിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അയച്ചിട്ടുണ്ട്.
അതേസമയം ചൈനയില്‍ കൊറോണ മൂലമുള്ള മരണം 2870 ആയി. 79,824 കേസുകളാണ് ഇതുവരെ ചൈനയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൊറോണ ഒരുതരം സൂനോട്ടിക്ക് വൈറസ് ആണ് എന്ന് പറയുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസുകള്‍, ബാക്ടീരിയകള്‍, പാരസൈറ്റുകള്‍ എന്നിവ വഴി പടരുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ ശിക്ഷിക്കപ്പെട്ട റോബിന് വടക്കുംചേരിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വൈദികവൃത്തിയില്‍നിന്ന് പുറത്താക്കിയതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. എന്നന്നേക്കുമായി പുറത്താക്കിയ സഭയുടെ ഉത്തരവ് മാനന്തവാടി രൂപതാകാര്യാലയം വഴി റോബിന് വടക്കുംചേരി കൈപ്പറ്റിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഉത്തരവ് ഒപ്പിട്ട് സ്വീകരിച്ചതിന്റെ ഔദ്യോഗിക രോഖ റോമിലേക്ക് അയക്കുകയും ചെയ്തു.
പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് കൊട്ടിയൂര്‍ പളളി വികാരിയായിരുന്ന ഫാദര്‍ റോബിനെതിരെ 2017 ഫെബ്രുവരി 26 നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ ഫാദര്‍ റോബിന് വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.2017 ഫെബ്രുവരിയില്‍ ഫാദര്‍ റോബിനെ വൈദിക പദവിയില്‍നിന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന് സസ്പെന്റ് ചെയ്തിരുന്നു.
ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. തുടങ്ങിയിട്ടേയുള്ളൂ. യഥാര്‍ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ്. റീന തുടങ്ങിവച്ചതേ ഉള്ളൂ. ഇനി കണ്ടുപിടിക്കുക എന്ന വലിയ വെല്ലുവിളി അന്വേഷണ സംഘത്തിന് മുന്നിലാണ്. ദേവനന്ദയെ കാണാതായ ദിവസം തന്നെ അവള് എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം തന്നത് റീന എന്ന പൊലീസ് നായ ആയിരുന്നു. കൃത്യമായി അവള് പാഞ്ഞ വഴിയിലും അവള് കാട്ടി തന്ന സ്ഥലത്തുമായിരുന്നു പിറ്റേന്ന് പുലര്‍ച്ചെ ദേവനന്ദയുടെ മൃതദേഹം ലഭിച്ചതും. ഒരു തുമ്പില്ലാതെ കേരളമാകെ കുട്ടിയെ തിരയുമ്പോഴാണ് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീനയുമായി ഹാന്‍ഡ്ലര്‍മാരായ എന്‍.അജേഷും എസ്.ശ്രീകുമാറും എത്തുന്നത്.
ഹാന്‍ഡ്ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി. അതിര്‍ത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയല്‍ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആള് താമസം ഇല്ലാതെ ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമണ്‍ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താല്‍ക്കാലിക നടപ്പാലം വരെയെത്തി. നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടര്‍ന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി.
അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നില്‍ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതില്‍ കൃത്യത ഉണ്ടെന്നാണ് നായ നല്കുന്ന സൂചനകളില്‍ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
ചങ്ങനാശേരി അഗതിമന്ദിരത്തിലെ അന്തേവാസിയുടെ മരണകാരണം ന്യൂമോണിയ. ഇന്നുമരിച്ച യോഹന്നാന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ ക്ഷതമില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞദിവസം മരിച്ച ഗിരീഷിനും ന്യൂമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.
ചങ്ങനാശേരിക്കടുത്ത് തൃക്കൊടിത്താനത്തെ മാനസികചികില്‍സാകേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കോവിഡ് നയന്റീനോ എച്ച്.വണ്‍.എന്‍.വണ്ണോ അല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമിതമായി മരുന്നോ വിഷപദാര്‍ഥങ്ങളോ ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്നറിയാന്‍ സാംപിളുകള്‍ രാസപരിശോധനയ്ക്കയച്ചു.
പുതുജീവൻ ട്രസ്റ്റ് മാനസികചികിത്സ കേന്ദ്രത്തിലാണ് മൂന്ന് ദുരൂഹമരണങ്ങൾ നടന്നത്. അവശനിലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ ഷെറിന്, ഗിരീഷ്, യോഹന്നാന് എന്നിവരാണ് മരിച്ചത്. മറ്റ് ആറുപേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോവിഡ് 19, എച്ച്1എൻ1 തുടങ്ങിയ രോഗലക്ഷണങ്ങൾ സംശയിച്ചിരുന്നെങ്കിലും അവയൊന്നുമല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ദുരൂഹത ആരോപിച്ച നാട്ടുകാർ പോലീസിൽ പരാതി നൽകി.
ചികില്‍സയിലുള്ള എല്ലാവരും നേരിടുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നമെന്നും, പുതുജീവന്‍ ട്രസ്റ്റിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലന്നും കോട്ടയം കലക്ടർ പി.കെ.സുധീര്‍ ബാബു പറഞ്ഞു. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ട്.
‘ഷെറിന്റേയും യോഹന്നാന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതായും, ഗിരീഷിന്റെ മൃതദേഹം ബന്ധുക്കള്‍ എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും സ്ഥാപന ഡയറക്ടർ വിസി ജോസഫ് പറഞ്ഞു. എല്ലാവരും സമാനമായ ലക്ഷണങ്ങളാണ് കാണിച്ചത്.
രാസപരിശോധനക്കായി സാമ്പിളുകൾ കൊച്ചി അമൃത ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, കോണ്‍ഗ്രസ് പ്രവർത്തകരും നാട്ടുകാരും സ്ഥാപനത്തിൽ പ്രതിഷേധവുമായി എത്തി.
ഇളവൂരിൽ പുഴയിൽ വീണു മരിച്ച ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും. “എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. എന്റെ കുഞ്ഞിന്റെ മരണത്തിലെ സത്യം അറിയണമെന്നും’ ദേവനന്ദയുടെ അമ്മ ധന്യ തേങ്ങലടക്കി പറഞ്ഞു. പുഴക്കരയിലൂടെ കുട്ടി ഇതുവരെ ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ഒരിക്കലും ആറിനു മറുകരയിലെ ക്ഷേത്രത്തിൽ പോയിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ആളല്ല. നിമിഷ നേരെകൊണ്ടാണ് കുഞ്ഞിനെ കാണാതായത്. വീടിനുള്ളിലുണ്ടായിരുന്ന തന്റെ ഷോളും കാണാതായി. ഷോൾ ധരിച്ച് മകൾ ഒരിക്കലും പുറത്തുപോയിട്ടില്ല.
മൃതദേഹം കണ്ടെത്തിയ സ്ഥലം മുൻപ് കുട്ടി കണ്ടിട്ടില്ല. എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. കുറ്റവാളിയെ കണ്ടെത്തണമെന്നും ധന്യ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുമെന്ന് അച്ഛൻ പ്രദീപും പറഞ്ഞു. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയാണ്. കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്ക് പോകില്ലെന്നും മുത്തച്ഛൻ മോഹനൻ പിള്ള പറഞ്ഞു. കാണാതാകുമ്പോൾ കുട്ടി അമ്മയുടെ ഷാൾ ധരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തിക്കരയാറ്റിന്റെ കൈവഴിയായ പള്ളിമൺ ആറിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30ന് പോലീസിന്റെ മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടിൽനിന്ന് എഴുപത് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയി ലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. കാണാതാകുമ്പോൾ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്റ്സും റോസ് ഷർട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തിൽ കുടുങ്ങിയ നിലയിലുമായിരുന്നു.
ഒരാഴ്ചയ്ക്കിടെ ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മരണം. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള് ഉണ്ടായത്. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ മൂന്നാമത്തെയാള്‍ മരിച്ചത്. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.
മരണകാരണം കോവിഡോ എച്ച് വണ്‍ എന്‍ വണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കോട്ടയം ഡി.എം.ഒ. ഡോ.ജേക്കബ് വര്‍ഗീസ് പറഞ്ഞു.
ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന് ആരോപിക്കുന്നു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകാന്‍ വഴിയില്ലെന്ന് മുത്തച്ഛന് പറയുന്നു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ല.
അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് മുത്തച്ഛന് പറയുന്നു. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് പുഴ ഉള്ളത്. അമ്മ അലക്കാന്‍ പുറകിലേക്ക് പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. അമ്മയോട് പറയാതെ എവിടെയും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ മുസ്ലീം ആയ ബിഎസ്എഫ് ജവാന്റെ വീടിന് അക്രമികള്‍ തീ വച്ചു. ഇറങ്ങിവാടാ പാകിസ്താനീ, നിനക്ക് ഞങ്ങള്‍ പൗരത്വം തരാം എന്ന് അക്രമികള്‍ ഉറക്കെ വിളിച്ചുപറയുന്നു. മുഹമ്മദ് അനീസ് എന്ന ബി എസ് എഫ് ജവാന്റെ വീടിന് നേരെയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖാസ് ഖജൂരി ഗലിയില്‍ ആക്രമണമുണ്ടായത്. അനീസിന്റെ രണ്ട് നില വീടിന്റെ മതിലില്‍ മുഹമ്മദ് അനീസ്, ബിഎസ്എഫ് എന്ന് രേഖപ്പെടുത്തിയ നെയിം പ്ലേറ്റുണ്ട്. ഇത് കാണുമ്പോള്‍ കലാപകാരികള്‍ ആക്രമിക്കില്ല എന്നൊരു പ്രതീക്ഷ വീട്ടുകാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇത് വെറുതെയായി.
അനീസിന്റേതടക്കമുള്ള, ഖാസ് ഖജൂരി ഗലിയിലെ വീടുകള്‍ ഓരോന്നായി തകര്‍ത്ത് അക്രമികള്‍ മുന്നേറി. ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ശേഷമാണ് ഈ അക്രമമുണ്ടായത്. ആദ്യം കാറിന് തീ വച്ചു. പിന്നെ വീടിന് നേരെ കല്ലേറ് തുടങ്ങി. പിന്നീട് ഗാസ് സിലിണ്ടര്‍ എറിഞ്ഞു. 2013ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന മുഹമ്മദ് അനീസ് മൂന്ന് വര്‍ഷം കാശ്മീര്‍ അതിര്‍ത്തിയില്‍ ജോലി ചെയിതിരുന്നു. അനീസിനൊപ്പം 55കാരനായ പിതാവ് മുഹമ്മഗ് മുനിസും 59കാരനായ അമ്മാവന് മുഹമ്മദ് അഹമ്മദും. 18കാരിയായ കസിന് നേഹ പര്‍വീണുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികളുടെ വരവറിഞ്ഞ് നാല് പേരും രക്ഷപ്പെട്ടു. ഇവര്‍ക്ക് അര്‍ദ്ധസൈനികരുടെ സഹായം ലഭിച്ചു.
ആഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവര്‍ക്ക് നഷ്ടമായി. അടുത്ത മൂന്ന് മാസത്തിനകം രണ്ട് വിവാഹം നടക്കേണ്ട വീടാണ് അനീസിന്റേത്. ഒന്ന് അനീസിന്റെ വിവാഹം. മറ്റേത് കസിന് സഹോദരിയുടേത്. ഇന്‍സ്റ്റാള്‍മെന്റായി പണമടച്ചാണ് രണ്ട് സ്വര്‍ണ നെക്ക്ലേസുകള്‍, വെള്ളി ആഭരണങ്ങള്‍ എല്ലാം വാങ്ങിയത്. കല്യാണ ഒരുക്കങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപ പണമായി, കറന്‍സി നോട്ടുകളായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതെല്ലാം കത്തിയെരിഞ്ഞു. ഈ മേഖലയില്‍ ഒരു മുസ്ലീം വീട് മാത്രമാണ് അക്രമികള്‍ ഒഴിവാക്കിയത്. ബാക്കിയെല്ലാം ആക്രമിച്ചു. ഖജൂരി ഖാസ് ഹിന്ദുഭൂരിപക്ഷ മേഖലയാണ്. എന്നാല്‍ അക്രമം നടത്തിയതെല്ലാം പുറത്തുനിന്നെത്തിയവരാണ് എന്ന് ഇവിടുത്ത മുസ്ലീങ്ങള്‍ പറയുന്നു. അക്രമികളോട് പോകാനാണ് ഇവിടെയുള്ള ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്.