ലോകരാജ്യങ്ങളിൽ കോവിഡ് പകർന്ന് പിടിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ തിടുക്കപ്പെട്ട് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിലുള്ളവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ പ്രവർത്തനം തുടങ്ങിയതിന് പിന്നാലെയാണ് നിരവധി പേർ നാട്ടിലേക്ക് മടങ്ങാൻ താർപര്യമറിയിച്ചത്. നാട്ടിലേക്ക് മടങ്ങാനുള്ള മലയാളികളെ കണ്ടെത്താൻ നോർക്ക ആരംഭിച്ച രജിസ്ട്രേഷനോടും വലിയ രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്.

ഇന്നലെ വൈകീട്ടോട്ടെയായിരുന്നു നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചത്. നടപടി ഒരു രാത്രി പിന്നിട്ടപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 1.45 ലക്ഷം പിന്നിട്ടു. രാവിലെ ആറുമണിയോടെയാണ് രജിസ്ട്രേഷൻ ഒന്നരലക്ഷത്തോട് അടുത്തത്.  www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.

എന്നാൽ, ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ ആദ്യം എത്തിക്കുക എന്നൊരു തീരുമാനം ഇല്ലെന്ന് നേരത്തെ തന്നെ നോർക്ക വ്യക്തമാക്കിയിരുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന. അതിനാൽ തന്നെ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും അധികൃകർ ചൂണ്ടിക്കാട്ടുന്നു. വിദേശത്തെ ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിന് കേന്ദ്രം അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലായത്. ഇക്കാര്യം ചര്‍ച്ച ചെയ്യാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിം​ഗ് വഴി ച‍ർച്ചയും നടത്തിയിരുന്നു.

അതേസമയം, വിദേശത്തുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ സംസ്ഥാനങ്ങൾ ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്ന കാര്യവും കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം. വിദേശ, വ്യോമയാന മന്ത്രാലയങ്ങളും എയർ ഇന്ത്യയും ചേർന്നായിരിക്കും ആളുകളെ തിരികെ എത്തിക്കുക. തിരികെ വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈനില്‍ കഴിയാനുള്ള സൗകര്യം ഒരുക്കിയ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ വിമാന ടിക്കറ്റിന്റെ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ആദ്യം ദിനം തന്നെ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇനി സംഭവിക്കാൻ പോവുന്നത് പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവാണെന്ന സൂചനകൂടിയാണ് ലഭ്യമാവുന്നത്. എന്നാൽ, പ്രവാസികള്‍ തിരിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തില്‍ കഴിയണമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെയും നാട്ടിലെത്തിക്കാനും നോര്‍ക്ക ഇടപെടൽ ശക്തമാക്കും. ഇതിനായുള്ള രജിസ്ട്രേഷനും നോർക്ക ഉടൻ ആരംഭിക്കും.