രണ്ട് ദിവസത്തിലധികം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ഒടുവിൽ വടക്ക് കിഴക്കൽ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും കലാപം സൃഷ്ടിച്ച മുറിവുകൾ നിരവധിയാണ്. കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനായി ആശുപത്രികൾക്ക് മുന്നിൽ വരിനിൽക്കുന്ന ബന്ധുക്കളുടേതുൾപ്പെടെ കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിലെ കാഴ്ചകളിലൊന്ന്.
അതേസമയം, കലാപത്തിൽ മരിച്ച 38 പേരിൽ 30 പേരെയും തിരിച്ചറിഞ്ഞതായാണ് അധികൃതർ പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റ കൂടുതൽ പേരെ പ്രവേശിപ്പിച്ച ജിടിബി ഹോസ്പിറ്റലിൽ 34 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ലോക് നായക് ഹോസ്പിറ്റലിൽ മൂന്നും, ജഗ് പ്രവീഷ് ഹോസ്പിറ്റലിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്ത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെ പുരോഗമിക്കുകയാണ്.
ആമിര്‍(30), ഹാഷിം(17), മുഷാറഫ് (35), വിനോദ് കുമാർ(50), വീർഭാൻ(48), സാക്കിർ (26), ഇഷ്തിയാഖ് ഖാൻ (24), ദീപക് കുമാർ (34), അഷാഫഖ് ഹുസൈൻ(22) , പർവേസ് ആലം(50), മെഹ്താബ് (21), മൊഹദ് ഫുർഖാൻ(32), രാഹുൽ സോളങ്കി (26), മുദാസിർഖാൻ (35), ഷാഹിദ് ഖാൻ (35), ഷാഹിദ് ആൽവി(24), അമാൻ (17), മഹറൂഫ് അലി(30), മൊഹദ് യൂസഫ് (52) എന്നിവരാണ് മരിച്ചവരിൽ ചിലരെന്ന് ഇന്ത്യൻ എക്സ്പ്രസ് പറയുന്നത്.
അതേസമയം, സംഘർഷത്തിനിടെ അക്രമികൾ വ്യാപകമായി തോക്കുകൾ ഉപയോഗിച്ചിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി പേർക്ക് വെടിയേറ്റുള്ള പരിക്കുകളുണ്ടെന്നതാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ഉയരുന്നതിന്റെ പ്രധാന കാരണം. സംഘർഷത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാല്‍ ഉൾപ്പെടെയുള്ളവർക്ക് വെടിയേറ്റിരുന്നു. സംഘർഷത്തില്‍ മരിച്ച 38 പേരിൽ 21 പേര്‍ക്കും വെടിയേറ്റ പരിക്കുകൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
കൂടാതെ സംഘർഷം ബാധിച്ച പ്രദേശങ്ങളിൽ നിന്നും ഉപയോഗിച്ച 350 ലധികം വെടിയുണ്ടകൾ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 32 മില്ലീമീറ്റർ, .9 മില്ലീമീറ്റർ, .315 മില്ലീമീറ്റർ കാലിബർ എന്നിങ്ങനെയുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രദേശത്തിന് സമീപത്തുള്ള ചില പതിവ് കുറ്റവാളികളാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സൂചനകൾ നൽകുന്ന പോലീസ് പ്രാദേശികമായി നിർമ്മിച്ച പിസ്റ്റളുകളും വെടിയുണ്ടകളുമാണ് ഉപയോഗിക്കപ്പെട്ടതിൽ കുടുതലെന്നും പറയുന്നു. കൂടാതെ പരിശോധനകളിൽ വാളുകളുടെയും, പെട്രോൾ ബോംബുകളുടെ ശേഖരവും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം, അക്രമങ്ങളിൽ 130-ലേറെപ്പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും 48 എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രത്യേകാന്വേഷണ സംഘങ്ങളുണ്ടാക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപവീതവും ആശ്വാസധനം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായും നൽകുന്ന പ്രതികരണം..
ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല. വസ്ത്രങ്ങളെല്ലാം ദേഹത്തുണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. മൃതദേഹം ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട് ഇവിടെ നിന്നതാണെന്ന് മൃതദേഹം കണ്ടെത്തിയ മുങ്ങല്‍ വിദഗ്ധന്‍ പറഞ്ഞു. തലമുടി കാട്ടു വള്ളിയില്‍ ഉടക്കി കിടന്നതുകൊണ്ടാണ് മൃതദേഹം കാണപ്പെട്ട സ്ഥലത്ത് കണ്ടെത്താന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അമ്മയുടെ അനുവാദമില്ലാതെ ദേവനന്ദ ഒന്നും ചെയ്യാറില്ലെന്നാണ് കുടുംബവും നാട്ടുകാരും പറയുന്നത്. പിന്നെങ്ങനെ ദേവനന്ദ ഇത്ര ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചു? എങ്ങനെ പുഴക്കരയിലെത്തി? മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനുപിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നാട്ടുകാര്‍ പറയുന്നു.
ഒമാനിലെ ബുഹസനില്‍ നഗരസഭയിലെ ഡ്രൈവറായ പ്രദീപ് മകളെ കണാനില്ലെന്ന വാര്‍ത്തയറിഞ്ഞയുടൻ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. പ്രദീപിനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിച്ച് നാട്ടിലേക്കയയ്ക്ക് അയച്ചതിന് പിന്നാലെയാണ്ദേവനന്ദയുടെ വിയോഗ വാര്‍ത്തയും പുറത്ത് വന്നത്. ഇന്ന് രാവിലെയായിരുന്നു പ്രവീണ്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രവീണിനെ മകളുടെ മൃതദേഹത്തിന് അരികിലെത്തിച്ചു. നടക്കാന്‍ പോലും ശേഷിയില്ലാതിരുന്ന പ്രദീപിനെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് താങ്ങി നടത്തുമ്പോഴും ജീവനുള്ള മകളുടെ ഓര്‍മ്മകളും പേറി ആ അച്ഛന് വിങ്ങിപൊട്ടുകയായിരുന്നു. പൊന്നുമോളുടെ ചേതനയറ്റ ശരീരത്തിനടുത്തെത്തിയപ്പോഴേക്കും നിയന്ത്രണം വിട്ട് പ്രദീപ് അലമുറയിട്ട് കരഞ്ഞു. വാക്കുകളിലൂടെപോലും ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. പൊന്നുമോളെ എന്നുള്ള വിളിക്കൊടുവില്‍ തളര്‍ന്നുവീണ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ന്ന് താങ്ങിയെടുത്തു.
ദേവനന്ദയെ തേടി തളര്‍ന്ന നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റെങ്കിലും ഒന്നും പറ്റാതെ പൊന്നു മോള് തിരിച്ചു വരണേ എന്ന പ്രാര്ഥനയായിരുന്നു ഇളവൂര്‍ ഗ്രാമം. 20 മണിക്കൂര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കേരളമൊന്നടങ്കം പൊന്നുവിന്റെ തിരിച്ചുവരവിന് കാതോര്‍ക്കുകയായിരുന്നു. എന്നാല്‍, രാവിലെ ഏഴരയോടെ വീടിന് തൊട്ടടുത്ത പുഴയില്‍ ചലനമറ്റ ശരീരം കണ്ടെടുത്തു. വള്ളിപ്പടര്‍പ്പുകളില്‍ തലമുടി ചുറ്റിക്കിടന്ന നിലയിലായിരുന്നു ശരീരം. അതോടെ, തെരച്ചിലിലേര്‍പ്പട്ടവരും നാട്ടുകാരും സങ്കടക്കടലിലായി. മണിക്കൂറുകളോളം നാടും നഗരവും അരിച്ചുപെറുക്കുകയും ആയിരക്കണക്കിന് വാഹനങ്ങളും ട്രെയിനുകളും പരിശോധിക്കുകയും ചെയ്യുമ്പോള്‍, തങ്ങള്‍ക്കരികില്‍ ഒരു വിളിപ്പാടകലെ കിടക്കുകയായിരുന്ന ആ കുരുന്നിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയില്‍ നീറുകയാണ്.
ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ദേവനന്ദയുടേതാണെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയുടെ ബന്ധുക്കളെത്തിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പുഴയില്‍ മണല്‍ വാരിയ കുഴികളുണ്ട്. ഇതാകാം ഇന്നലെ മൃതദേഹം ലഭിക്കാതിരിക്കാന്‍ കാരണമെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. സമീപത്ത് നിന്ന് ഒരു ഷാളും കണ്ടെടുത്തിട്ടുണ്ട്.
ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പ്രതികരിക്കുന്നു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ദൂരത്തുള്ള ആറ്റിലേക്ക് കുട്ടി തനിച്ച് ഇവിടെ വരില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. ദുരൂഹത ആരോപിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ വ്യക്തമാക്കി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്തുനിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പഞ്ചായത്ത് അംഗം ഉഷ രംഗത്ത് . പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ നിന്നും ആറ്റിലേക്ക് ഇരുന്നൂറോളം മീറ്റര്‍ ദൂരമുള്ളതിനാല്‍ കുട്ടി ഇവിടെ തനിച്ച് വരില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് . സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ആറ്റില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം .
അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ഉഷ പറഞ്ഞു. ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കുട്ടിയെ കണ്ടെത്താന്‍ ഇന്നലെ മുതല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു.
കുട്ടി മരണവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക. എല്ലാക്കാര്യവും പൊലീസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു. കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യത കുറവാണ്. കുട്ടി പുഴയില്‍ വീണതാകാനാണ് സാധ്യതയെന്നും പ്രേമചന്ദ്രന് പറഞ്ഞു. പൊലീസ് നായ പുഴയുടെ സമീപത്താണ് നിന്നത്. എങ്കിലും കുട്ടി ജീവനോടെ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും പ്രേമചന്ദ്രന് പറഞ്ഞു.
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയ്ക്കായുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. സംസ്ഥാനത്തൊട്ടാകെ വാഹനപരിശോധന നടന്നിരുന്നു. പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ രാവിലെ നാട്ടിലെത്തും. ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. കമ്മിഷനംഗം സി.ജെ. ആന്റണി ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം. സ്ഥാനാർഥിയായി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിന്റെ പേര് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ നിർദ്ദേശിച്ചെങ്കിലും പാർട്ടിയിലെ ഭൂരിഭാഗവും എതിർപ്പ് ഉന്നയിച്ചു. കൊച്ചിയിൽ ചേർന്ന എൻസിപി കോർ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പേര് നിർദ്ദേശിച്ചത്.
തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കിയാൽ പാർട്ടിയിൽ കുടുംബാധിപത്യമെന്ന സ്ഥിതിയുണ്ടാകുമെന്നും വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തഴഞ്ഞെന്ന ദുഷ്പേര് കേൾക്കേണ്ടി വരുമെന്നും ഒരു വിഭാഗം വാദിച്ചു. ഇതോടെ സ്ഥാനാർഥി ചർച്ച പ്രാഥമിക ഘട്ടത്തിൽ തന്നെ തടസപ്പെട്ടു. സ്ഥാനാർഥി നിർണയത്തിനായി എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തിന് പുറമേ സംസ്ഥാന ഭാരവാഹി, നിര്‍വാഹക സമിതി യോഗങ്ങളും ഇന്ന് ചേർന്നു. സംസ്ഥാന അധ്യക്ഷന്‍ പുറമേ മന്ത്രി എ.കെ.ശശീന്ദ്രൻ, മാണി സി. കാപ്പൻ എംഎൽഎ തുടങ്ങിയവും യോഗത്തിനെത്തി.
അതിനിടെ രാവിലെ കൊച്ചി നഗരത്തില്‍ എൻസിപി നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. “സീറ്റുകള്‍ വില്ല്പനയ്ക്ക്’ എന്ന പേരിലാണു പോസ്റ്ററുകള്‍. കുട്ടനാട് സീറ്റുകള്‍ ഉള്‍പ്പെടെ വില്പനയ്ക്ക് എന്ന തലക്കെട്ടോടെ യുവജന കൂട്ടായ്മയുടെ പേരിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഗുരുവായൂര്‍, കെഎസ്എഫഇ, പിഎസ്സി, ഗവ. പ്ലീഡര്‍ എന്നിവയുടെ ഒഴിവ് ഉടന്‍ ഉണ്ടാകുമെന്നും മാസപ്പടി കൃത്യമായി കിട്ടിയിരിക്കണമെന്നും മറ്റ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുവെന്നും പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം. കേസിൽ എൻഐഎ കുറ്റപത്രം നൽകാൻ വൈകിയതുമൂലമാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത്. യൂസഫ് ചോപ്പനെന്ന പ്രതിക്കാണ് ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്.
40 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ഒന്നാം വാർഷികം തികഞ്ഞത് നാല് ദിവസം മുമ്പായിരുന്നു. കേസിൽ യൂസഫ് 180 ദിവസമായി കസ്റ്റഡിയിലാണ്. ഇതുവരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടില്ല. അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു യൂസഫിന്റെ അഭിഭാഷകൻ വാദിച്ചത്. ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്കുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഇന്ന് മാത്രം എട്ടു പേരാണ് മരിച്ചത്. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 27 മാത്രമായിരുന്നു. പലരും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ മരണനിരക്ക് ഉയരുമെന്ന് ആശങ്കയുണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുത രമാണ്. പരിക്കേറ്റ് ജിബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയിൽ ഡ്രില്ലിംഗ് മെഷീൻ തുളച്ചു കയറിയ നിലയിലായി രുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞു. വിവേക് പൂർണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രൻ നിയമിതനായതോടെ പുതിയ ഉണർവുണ്ടാകുമെന്നാണ് സാധാരണ പാർട്ടിക്കാർ വിശ്വസിച്ചിരുന്നത്. പക്ഷേ അതിനു വിപരീതമായ സംഭവങ്ങളാണ് ഇപ്പോൾ ബിജെപിയിൽ അരങ്ങേറുന്നത്. പുതിയ സംസ്ഥാന അധ്യക്ഷനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഗ്രൂപ്പ് മാനേജർമാർ നടത്തുന്ന നീക്കങ്ങൾ സുരേന്ദ്രനെ ശരിക്കും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
സുരേന്ദ്രന്റെ കീഴിൽ പദവികൾ ഏറ്റെടുക്കാനില്ലെന്ന് ജനറൽസെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ നിലപാട് സംസ്ഥാന ബിജെപിയിലെ ചേരിപ്പോരിന്റെ ആഴം കൂട്ടുന്നു. പി.കെ.കൃഷ്ണദാസ് പക്ഷത്തിലെ പ്രമുഖ നേതാവായ രാധാകൃഷ്ണൻ ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷുമായുള്ള ചർച്ചയിലും തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ സംഘടനയിൽ വലിയ പ്രതിസന്ധി തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ സുരേന്ദ്രന് പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന് എതിർപ്പിന്റെ സ്വരമാണ് കേൾക്കേണ്ടി വന്നത്. അധ്യക്ഷനായി ചുമതലയേറ്റ ദിവസം പ്രമുഖ നേതാക്കളുടെ അഭാവം ഏറെ ചർച്ചയായി. പാർട്ടിയുടെ ജില്ലാ ഘടകങ്ങളിൽ നിന്ന് എതിർപ്പുകളും വന്നുതുടങ്ങി.
തിരുവനന്തപുരം ജില്ലയിൽ നിന്നായിരുന്നു ആദ്യ പൊട്ടിത്തെറി. യുവമോർച്ച സംസ്ഥാന സമിതി അംഗം കൂടിയായ എസ്.മഹേഷ്കുമാർ രാജിവച്ചതോടെ ജില്ലയിലെ പാർട്ടി ഘടകത്തിലെ ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നു. സുരേന്ദ്രൻ അധ്യക്ഷനായതിനു പിന്നാലെ മണ്ഡലം തലത്തിൽ നടത്തിയ അഴിച്ചുപണികളിൽ പ്രതിഷേധിച്ചായിരുന്നു രാജി. നാലു മണ്ഡലങ്ങളിൽ പുതുതായി നിയമിച്ച പ്രസിഡന്റുമാരെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകായിരുന്നു. പാർട്ടിക്ക് ഏറെ വേരുകളുള്ള കാസർഗോഡ് ജില്ലയിലും പൊട്ടിത്തറിയുണ്ടായി. ജില്ലയിലെ പ്രമുഖ നേതാവും സംസ്ഥാന സമിതിയംഗവുമായ രവീശതന്ത്രി കുണ്ടാർ രാജിവച്ചു. കാസർഗോഡ് ജില്ലാ പ്രസിഡന്റായി കെ.ശ്രീകുമാറിനെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാൻ പോകുകയാണെന്നും കുണ്ടാർ പറഞ്ഞിരുന്നു.
ഏറ്റവുമൊടുവിൽ മുതിർന്ന നേതാവ് എ.എൻ. രാധാകൃഷ്ണന്റെ നിസഹകരണവും സുരേന്ദ്രന് തിരിച്ചടിയായിരിക്കുകയാണ്. കെ.സുരേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ജനറൽസെക്രട്ടറിമാരെ വിശ്വാസത്തിലെടുക്കാതെയാണെന്നാണ് പ്രമുഖ നേതാക്കൾ പരാതിപ്പെടുന്നത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുരേന്ദ്രന് ഏറെ പ്രയത്നിക്കേണ്ടി വരും.
ദ് ഷാരൂഖ് ഖാന് ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ച വലിയ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്തറയില് ഭാസിയ്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിങ് ഖാന് സ്കോളര്‍ഷിപ്പ് സമ്മാനിച്ചിരുന്നു. ഷാരൂഖ് സമ്മാനം നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
സ്കോളര്‍ഷിപ്പിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഗോപികയെ ഗവേഷകരുടെ കോട്ട് ധരിപ്പിച്ചു. അതിനിടെ കോട്ടിനുള്ളില്‍ ഗോപികയുടെ തലമുടി കുടുങ്ങി. അതോടെ ഈ പെണ്‍കുട്ടി ആകെ പ്രശ്നത്തിലായി. ഇതുകണ്ട ഷാരൂഖ് വെറുതെ നിന്നില്ല. ഗോപികയുടെ മുടി ഒതുക്കി വയ്ക്കുകയും കോട്ട് ധരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് വൈറലായി മാറിയത്.
രാജ്യത്തെ 800 പേരില്‍ നിന്നുമാണ് ഗോപികയെ 95 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്. നാല് വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ്. കാര്‍ഷിക മേഖലയിലെ ഉപരിപഠനത്തിനായാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്