ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഈ വർഷത്തെ ബിഗ് ബാംഗ് യുകെ യംഗ് സയന്റിസ്റ്റ് ആൻഡ് എഞ്ചിനീയേഴ്സ് മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് അഭിമാനനേട്ടം. ബെക്കൻഹാമിൽ കഴിഞ്ഞ 16 വർഷങ്ങളായി താമസിക്കുന്ന വിൻസെന്റ് നവീനിന്റെയും പ്രിയ സ്വർണയുടെയും മകളായ ദിയ വിൻസെന്റ് ആണ് ഈ വർഷത്തെ യുകെ യങ്ങ് സയന്റിസ്റ്റ് ഓഫ് ദി ഇയർ വിജയി. . മറ്റായിരക്കണക്കിന് പ്രോജക്റ്റുകളെ പിന്തള്ളിയാണ് ദിയയുടെ ‘മൈക്രോ ഗ്രീൻസ് ഫ്രം ഗോൾഡ് ഫിഷ്’ എന്ന പ്രൊജക്റ്റ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെവനോക്സ് സ്കൂളിലെ ഏഴാം വർഷ വിദ്യാർത്ഥിനിയായ ദിയ, മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി കൂടിയാണ്. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. എല്ലാ വർഷവും മാർച്ചിൽ നടത്തപ്പെടുന്ന മത്സരം കൊറോണ വൈറസ് ബാധയെത്തുടർന്ന് ഈ വർഷം ഓൺലൈനിലൂടെയാണ് നടന്നത്. ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ കൂടാതെ സമ്മാനതുകയായ 2000 പൗണ്ടും ഇനി ദിയക്ക് സ്വന്തം.

ദിയയെ അഭിനന്ദിച്ചുകൊണ്ട് ബിഗ് ബാംഗ് മത്സരം സംഘടിപ്പിക്കുന്ന എഞ്ചിനീയറിംഗ് യു‌കെ ചീഫ് എക്‌സിക്യൂട്ടീവ് ഹിലാരി ലിവേഴ്സ് പറഞ്ഞു: ” ഈ വർഷത്തെ പ്രോജെക്റ്റുകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളുടെ ആശയങ്ങളും പരിശ്രമവും ഞങ്ങളെ അതിശയിപ്പിച്ചു.” മിന്നും വിജയത്തെപ്പറ്റി ദിയയുടെ പ്രതികരണം ഇങ്ങനെ :- ” ഞാൻ ശരിക്കും അതിശയിച്ചുപോയി. പങ്കെടുത്തവരിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളാണ് ഞാൻ. പ്രായഭേദമന്യേ ആർക്കും മുന്നേറി വിജയം വരിക്കാമെന്ന് ഈയൊരു നേട്ടം എന്നെ പഠിപ്പിച്ചു.” മുത്തച്ഛന്റെ ഒരു ഫിഷ് ടാങ്കിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ദിയ തന്റെ പ്രൊജക്റ്റിലേക്ക് എത്തുന്നത്. വീടിന് വെളിയിലുള്ള ടാങ്കിലെ വെള്ളം ഉപയോഗിച്ച് മുത്തച്ഛൻ ചീര വളർത്തിയിരുന്നു. ഇതിന്റെ വേറിട്ടൊരു പതിപ്പാണ് ദിയ പരീക്ഷിച്ചത്. വീടിന്റെ ഉള്ളിലുള്ള അക്വേറിയത്തിലെ വെള്ളം ഉപയോഗിച്ച് മൈക്രോഗ്രീൻസ് വളർത്തുന്നതാണ് ദിയയുടെ പ്രൊജക്റ്റ്‌. സോളാർ പാനൽ, ചെടികളുടെ ഘടന തുടങ്ങി ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടിങ് തുടങ്ങിയ എല്ലാ മേഖലകളും അതിന്റെ സാധ്യതകളും ദിയയുടെ പ്രൊജക്റ്റിൽ ഉൾക്കൊണ്ടിട്ടുണ്ട്.

പ്രശ്നങ്ങളെ മറികടക്കാനുള്ള കഴിവും ക്ഷമയുമാണ് ഇതിൽ നിന്നും പഠിച്ച പാഠങ്ങൾ എന്ന് ദിയ മലയാളം യുകെയോട് പറഞ്ഞു. ” പ്രതീക്ഷ കൈവിടാതിരിക്കാൻ ഞാൻ പഠിച്ചു.” – ദിയ കൂട്ടിച്ചേർത്തു. ഭാവിയിൽ ഒരു ഡോക്ടർ ആയി ശോഭിക്കണം എന്നുള്ളതാണ് ദിയയുടെ ആഗ്രഹം. പ്രധാനമായും ഒരു പീഡിയാട്രിഷ്യൻ ആയി ജോലി ചെയ്യണമെന്ന് ദിയ ആഗ്രഹിക്കുന്നു. ഫോട്ടോഗ്രഫി, പെയിന്റിംഗ്, ജിംനാസ്റ്റിക് തുടങ്ങിയവും ദിയയുടെ ഇഷ്ടമേഖലകളാണ്. കേരളത്തിലെ തിരുവനന്തപുരം സ്വദേശിയായ ദിയയുടെ മാതാപിതാക്കൾ ലണ്ടനിലെ ഐടി മേഖലയിൽ സീനിയർ പ്രൊജക്റ്റ്‌ മാനേജർമാരായി ജോലി ചെയ്യുന്നു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്ട്രോണമിയിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ വ്യക്തിയാണ് പിതാവായ വിൻസെന്റ് നവീൻ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിന് ശേഷം നിലവിൽ അമേരിക്കയിലെ ജോർജിയ ടെക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് അമ്മയായ പ്രിയ സ്വർണ. സിറ്റി ഓഫ് ലണ്ടൻ സ്കൂളിൽ പഠിക്കുന്ന ദിയയുടെ ജ്യേഷ്ഠൻ റയാൻ കണ്ണൻ, ബിഗ് ബാംഗ് മത്സരത്തിൽ പങ്കെടുത്ത് അപ്രെൻറ്റസ്ഷിപ് നേടിയിട്ടുണ്ട്. ആസ്ട്രോണമി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയാണ് റയാന്റെ ഇഷ്ടമേഖലകൾ. ദിയയുടെ ഈ മിന്നും വിജയത്തോടെ പ്രവാസി മലയാളികൾ ഏറെ സന്തോഷത്തിലാണ്. കേരളത്തിന്റെ അഭിമാനമായി തിളങ്ങി നിൽക്കുന്ന ഈ കുഞ്ഞുമിടുക്കിക്ക് മലയാളം യുകെയുടെ അഭിന്ദനങ്ങൾ .