കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന എയര്‍ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍. തങ്ങളുടെ എയര്‍സ്പേസിലേക്ക് എയര്‍ ഇന്ത്യ വിമാനങ്ങളെ സ്വാഗതം ചെയ്യുകയും, ഈ ദുരിതകാലത്ത് വിമാനക്കമ്പനി ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഏപ്രില്‍ രണ്ടിനാണ് സംഭവമുണ്ടായത്. ഇന്ത്യയില്‍ കുടുങ്ങിയ യൂറോപ്യന്‍ പൗരന്മാരെയും കൊണ്ട് മുംബൈയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ഫര്‍ട്ടിലേക്ക് പറന്നുയര്‍ന്നതായിരുന്നു എയര്‍ഇന്ത്യ വിമാനം. വിമാനത്തില്‍ ദുരിതാശ്വാസ വസ്തുക്കളും ഉണ്ടായിരുന്നു. പാക് എയര്‍സ്പേസിലെത്തിയപ്പോള്‍ പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. അവിടെ നിന്നും വന്ന ആദ്യത്തെ വാക്കുകള്‍ പൈലറ്റുമാരെ അത്ഭുതപ്പെടുത്തി.
അവ ഇങ്ങനെയായിരുന്നു: “അസ്സലാമു അലൈക്കും. കറാച്ചി കണ്‍ട്രോള്‍ എയര്‍ ഇന്ത്യയുടെ റീലീഫ് ഫ്ലൈറ്റുകളെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ ഫ്രാങ്ഫര്‍ട്ടിലേക്ക് റിലീഫ് സാധനങ്ങളുമായി പോകുന്ന വിമാനമാണോയെന്ന് ഉറപ്പാക്കുക,” അതേയെന്ന മറുപടി കിട്ടിയപ്പോള്‍ പാക് എടിസി ഇങ്ങനെ തുടര്‍ന്നു: “ഈ മഹാമാരിയുടെ കാലത്തും നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നല്ലത് വരട്ടെ.” പാക് എടിസി അവസാനിപ്പിച്ചു.
കറാച്ചിക്കടുത്തുള്ള പാതയിലൂടെ സഞ്ചരിക്കാനുള്ള അനുമതിയും പാകിസ്താന്‍ എടിസി നല്‍കി. ഇതുവഴി 15 മിനിറ്റുനേരത്തെ പറക്കല്‍ ലാഭിക്കാന്‍ എയര്‍ ഇന്ത്യക്കായി.
ഇതിനു ശേഷവും പാക് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം എയര്‍ ഇന്ത്യ വിമാനത്തിന് ലഭിച്ചു. ഇറാനുമായി അവര്‍ ബന്ധപ്പെടുകയും വിമാനത്തില്‍ നിന്നുള്ള സന്ദേശം നല്‍കുകയും ചെയ്തു. സാധാരണഗതിയില്‍ ഇത്തരം വിമാനങ്ങള്‍ കുറച്ചു മണിക്കൂറുകള്‍ തന്നെ ഇറാനില്‍ ചെലവിടേണ്ടതായി വരും. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ അതിവേഗം അനുമതി ലഭിച്ചു. മാത്രവുമല്ല, ഒരു എളുപ്പവഴിയിലൂടെ സഞ്ചരിക്കാന്‍ അനുവദിച്ചതായും എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു.
ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. ഇത് മറ്റെങ്ങും അല്ല തലസ്ഥാനത്ത് തന്നെയാണ്. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് ജനിച്ചിട്ടത് ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ നിലയിലായിരുന്നു ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
നാട്ടുകാരനായ യുവാവാണ് ആദ്യം ഈ കാഴ്ച കണ്ടത്. ഉടൻതന്നെ ഇയാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ഡൗണ്‍ ആയതിനാൽ അധികമാരും പുറത്തിറങ്ങിയിരുന്നില്ല.
ജനിച്ചിട്ട് 5 ദിവസം പ്രായമായിട്ടേയുള്ളൂ. വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്നിരുന്നു. നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചതൊഴിച്ചാൽ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗൺ മൂലം തെരുവ് നായ്ക്കൾ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത് എന്നതും ആശ്വാസകരമാണ്.
വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. പൊക്കിൾക്കൊടിയിൽ ക്ലിപ് ഉള്ളതിനാൽ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ച് പലരും രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ അടക്കം ഇത്തരം വ്യാജ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇത്തരം പ്രസ്താവനകളെ ട്രോളുകളിലൂടെ പരിഹസിച്ച് പലരും രംഗത്തെത്തി. ജനം ടിവി ചീഫ് അനില്‍ നമ്പ്യാരുടെ പേജില്‍ ഷെയര്‍ ചെയ്ത അബദ്ധജടിലമായ പോസ്റ്റാണ് പുതിയ ചര്‍ച്ചാവിഷയം.
അശാസ്ത്രീയമായ ന്യായീകരങ്ങള്‍ പങ്കുവയ്ക്കുന്ന സംഘപരിവാറുകാരെ പരിഹസിച്ചുകൊണ്ട് മുകേഷ് കുമാർ എഴുതിയ പോസ്റ്റാണ് ആധികാരികമായ കാര്യമായി അനില്‍ നമ്പ്യാര്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അബദ്ധം മനസ്സിലായപ്പോള്‍ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പേജില്‍ ഇപ്പോഴും പോസ്റ്റ് ഉണ്ട്. അതില്‍ത്തന്നെ ആദ്യത്തെ വരിയായ ‘വാട്ട്‌സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..’ എന്നത് ഒഴിവാക്കിയാണ് പോസ്റ്റ് ഇട്ടതും.
പോസ്റ്റ്:
‘ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
‘സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ’
വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോള്‍ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാന്‍ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാന്‍ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’.
അയര്‍ലന്‍ഡില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു. വിവിധ കൗണ്ടികളിലായിയാണ് നൂറു പേര്‍. ആരുടെയും നില ഗുരുതരമല്ല. ഇവരില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നാകെ രോഗം ബാധിച്ചവരുമുണ്ട്. അതിനിടെ ആദ്യഘട്ടത്തില്‍ രോഗബാധിതരായിരുന്ന ആറു മലയാളി നഴ്‌സുമാര്‍ സുഖം പ്രാപിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഒരു ദിവസം 1,500 പേരുടെ രക്തപരിശോധന നടത്താനേ അയര്‍ലണ്ടില്‍ സൗകര്യമുള്ളു. നിലവില്‍ പതിനയ്യായിരം പേര്‍ രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങി.
സിറ്റി വെസ്റ്റ് ഹോട്ടലില്‍ 750 മുറികളിലായി 1,100 കിടക്കകള്‍ സജ്ജമാക്കി. ഇന്നലെ രാവിലെ ആദ്യഘട്ടമായി 75 പേരെ ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ ഹോട്ടലുകളും ഹോം സ്റ്റേകളും താത്കാലിക ആശുപത്രികളാക്കി മാറ്റാന്‍ നടപടി പുരോഗമിക്കുന്നു.
ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രം രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ത്തന്നെ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ആശുപത്രി സാമഗ്രികള്‍ക്കും പ്രതിരോധമരുന്നുകള്‍ക്കും ആദ്യമുണ്ടായിരുന്ന ക്ഷാമം പരിഹരിച്ചുകഴിഞ്ഞു.
നിലവില്‍ അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിതരായ 3,500 പേരില്‍ 126 പേര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇതോടകം അയര്‍ലന്‍ഡില്‍ 85 പേര്‍ക്ക് മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ കര്‍ക്കശമായ നിബന്ധനകള്‍ നടപ്പാക്കിയതിനാലാണ് അയര്‍ലന്‍ഡില്‍ ദുരന്ത വ്യാപ്തി ഇത്രയെങ്കിലും കുറയാനിടയായത്.
കൊറോണയില്‍ സ്ഥാപനങ്ങള്‍ പൂട്ടിയതോടെ തൊഴില്‍ രഹിതരായ അഞ്ചു ലക്ഷം പേര്‍ക്ക് ദൈനം ദിന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 2.83 ലക്ഷം പേര്‍ക്ക് ആഴ്ചയില്‍ 350 യൂറോ വീതം മാര്‍ച്ച് 16 മുതല്‍ തൊഴില്‍രഹിത വേതനം നല്‍കുന്നു. ഫെബ്രുവരിയില്‍ 24,400 പേര്‍ക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവന്നത്.
അമേരിക്കയ്ക്കു പിന്നാലെ കാനഡയിലേക്കും രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയില്‍ കാനഡയിലുള്ള 9,000 ഐറീഷ് വംശജര്‍ക്ക് അയര്‍ലന്‍ഡില്‍ മടങ്ങിയെത്താന്‍ അടിയന്തരമായി വിമാനങ്ങള്‍ അയയ്ക്കാന്‍ നടപടിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ രാജ്യത്തു മടക്കിയെത്തിച്ച് രണ്ടാഴ്ചയിലേറെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും.
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ ജീവനൊടുക്കി. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനില്‍ ലിജി സീമോന്‍ ആണ് ആത്മഹത്യ ചെയ്തത്. 31 വയസ്സായിരുന്നു.
രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.
കൊച്ചി ∙ പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ടു സ്ത്രീകളുൾപ്പെടെ 41 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ്. 10,000 രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
മുൻദിവസങ്ങളിൽ പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത് അവഗണിച്ചു വീണ്ടും ഇവർ നിരത്തിലിറങ്ങിയതിനെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച രാവിലെ ഇവിടെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ നിയമലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ വലിയ വാഹനങ്ങളുമായെത്തിയ പൊലീസ് നടക്കാനിറങ്ങിയ എല്ലാവരെയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടു.
ധാരാവിയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് ബാധിച്ചത് കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്ന് മുംബൈ പോലീസ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയില്‍ എത്തിയിരുന്നു.
ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 25നാണ് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയ ശേഷമാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്.
മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് മലയാളികള്‍ കഴിഞ്ഞതെന്നും മുംബൈ പോലീസ് പറയുന്നു. ഇവിടെ വെച്ച് മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് മുംബൈ പോലീസ് പറയുന്നത്.
ധാരാവിയില്‍ നിന്ന് മാര്‍ച്ച് 24നാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. എത്ര മലയാളികള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഈ വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പോലീസ് വ്യക്തമാക്കുന്നു.
കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ വെച്ച് മരിച്ചു. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.
മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചു ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം.മാര്‍ച്ച് 10 നായിരുന്നു സൗദിയിലെക്ക് തിരിച്ചു പോയത്.
ഒരു നോക്ക് കാണുവാൻ പോലുമാകാതെ അന്ത്യയാത്ര എന്നത് പ്രവാസികളും ഏറെ വേദനയോടെയാണ് ഉൾക്കൊണ്ടത്. അതോടൊപ്പം തന്നെ കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അധികൃതർ വ്യകത്മാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം പ്രോട്ടോകോൾ പ്രകാരം സൗദിയിൽ തന്നെ സംസ്കരിക്കുന്നതായിരിക്കും. ആയതിനാൽ ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയയ്ക്കുകയുണ്ടായി.
അതേസമയം സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2,039 ആയി ഉയരുകയുണ്ടായി. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണ് രേഖപ്പെടുത്തുന്നത്. പുതിയ രോഗികള്‍ ഏറെയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ഉൾപ്പെടുത്തിട്ടുള്ളത്. ജിദ്ദ 30, മദീനയിൽ 34, മക്കയിൽ 21 എന്നിങ്ങനെയാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച കണക്ക്. ഇന്ന് നാലു പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 മരണം 25 ആയി ഉയരുകയുണ്ടായി.അതോടൊപ്പം തന്നെ 23 പേർ രോഗത്തിൽ നിന്ന് മുക്തി നേടിയതോടെ മൊത്തം സുഖം പ്രാപിച്ചവർ 351 ആയി ഉയർന്നിട്ടുണ്ട്.
കൊവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെ കയ്യടിച്ചും പാത്രം കൊട്ടിയും അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ അത് കേട്ട് റോഡിലിറങ്ങി ഡ്രമ്മടിച്ച നാട്ടുകാര്‍, ഇപ്പോള്‍ മെഴുകുതിരിയും വിളക്കുകളും തെളിയിച്ച് പ്രകാശം പരത്താനുള്ള ആഹ്വാനം കെട്ട് സ്വന്തം വീടിന് തീ വയ്ക്കില്ല എന്നാണ് വിചാരിക്കുന്നത് എന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. കയ്യടിക്കാന്‍ പറഞ്ഞപ്പോള്‍ ഇവര്‍ റോഡില്‍ കൂട്ടംകൂടി നിന്ന് ഡ്രമ്മടിച്ചു. ഇവര്‍ ഇവരുടെ സ്വന്തം വീടിന് തീ വയ്ക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. ദീപമൊക്കെ തെളിയിക്കാം. ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് ഞങ്ങളോട് പറയൂ – സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.
When people were asked to clap , they crowded the roads and beat drums , I just hope now they don’t burn down their own houses , sir ‘diya to jalalenge ‘ but please tell us what the government is doing to improve condition
— Sanjay Raut (@rautsanjay61) April 3, 2020