ഇന്ത്യന്‍ നിര്‍മ്മിത 12,000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ആദ്യ യാത്ര നടത്തി. ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിന്‍ കന്നിയാത്ര നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച അതിശക്ത എന്‍ജിനോട് കൂടിയ ട്രെയിനാണിത്. ഇതോടെ 12000 എച്ച്പി എന്‍ജിന്‍ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതായി ഇടം പിടിച്ചു. റെയില്‍വേ മന്ത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റം ആണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ബിഹാറിലെ മാധേപുര റെയില്‍വെ ഫാക്ടറിയിലാണ് എന്‍ജിനുകള്‍ നിര്‍മ്മിച്ചത്. ആല്‍സ്റ്റമിന്റെ ബംഗളൂരുവിലെ എന്‍ജിനീയറിങ് സെന്ററിലാണ് എന്‍ജിന്റെയും ബോഗികളുടേയും രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യന്‍ റെയില്‍വെ ട്രാക്കുകള്‍ക്ക് തികച്ചും അനുയോജ്യമായ ട്രെയിനിന്റെ മുമ്പിലും പിന്നിലും എയര്‍കണ്ടീഷനോടു കൂടിയ ഡ്രൈവര്‍ ക്യാബുകളുണ്ട്. റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാല്‍ ഇന്ധനഉപഭോഗം താരതമ്യേന കുറവാണ്. യാത്രാ, ചരക്ക് തീവണ്ടികളുടെ വേഗത വര്‍ധിക്കുന്നതോടെ രാജ്യത്തെ തീവണ്ടി ഗതാഗതം സുഗമമാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.
25,000 കോടിയു പദ്ധതിക്ക് 2015 ലാണ് റെയില്‍വെ മന്ത്രാലയവും ആല്‍സ്റ്റമും സംയുക്തസംരംഭ കരാറില്‍ ഒപ്പുവെച്ചത്. 800 ട്രെയിനുകളാണ് കരാറനുസരിച്ച് നിര്‍മ്മിക്കുന്നത്. ട്രെയിനിന്റെ നിര്‍മാണവും പരിപാലനവും കൂടാതെ മാധേപുരയില്‍ നിര്‍മ്മാണഫാക്ടറിയും ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലും നാഗ്പുരിലും വര്‍ക്ക്ഷോപ്പുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ പദ്ധതി പ്രകാരം രാജ്യത്തിനകത്ത് 10000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. മാധേപുരയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യക്കും കാമുകനുമെതിരേയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സിറ്റി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ആര്. സതീഷ് ഇന്നലെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മകനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയും ഇതിന് പ്രേരിപ്പിച്ച കാമുകൻ നിധി നുമാണ് കേസിലെ പ്രതികള്‍.
വലിയന്നൂർ സ്വദേശിയായ കാമുകനൊത്ത് സുഖജീവിതം നയിക്കുന്നതിനാണ് ശരണ്യ കൊലപാതകം നടത്തിയത്. ഏറെ നാളായി തുടര്‍ന്നിരുന്ന കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാന്‍ ശരണ്യ കണ്ടുപിടിച്ച വഴിയായിരുന്നു കൈക്കുഞ്ഞിനെ ഇല്ലാതാക്കല്‍.
ഭര്‍ത്താവില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നും പോലീസ് ഉറപ്പിക്കുന്നു.
ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ കുറ്റം ഭര്‍ത്താവില്‍ കെട്ടിയേല്‍പ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ഭര്‍ത്താവ് ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി 88 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ശരണ്യക്കെതിരേ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കേസിനാസ്പദമായ സംഭവം.അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
‘ഉംപുൻ’ സൂപ്പർ സൈക്ലോൺ നാളെ തീരത്തെത്തും. ഇപ്പോൾ ഒഡിഷയിലെ പാരാദ്വീപിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉംപുൻ ഉള്ളത്.
പശ്ചിമബംഗാളിലെ ഹൂഗ്ലിക്ക് അടുത്തുള്ള സുന്ദർബൻസിന് അടുത്താകും ഉംപുൻ തീരം തൊടുകയെന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ഇന്നലെ രാത്രിയോടെ മണിക്കൂറിൽ 275 കിലോമീറ്റർ വേഗമായിരുന്നു ഉംപുന്നിന്റേതെങ്കിൽ തീരം തൊടുമ്പോൾ ഇത് ഏതാണ്ട് മണിക്കൂറിൽ 155 മുതൽ 180 കിലോമീറ്റർ വേഗത്തിൽ വരെയാകും എന്നാണ് കണക്കുകൂട്ടൽ. കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ 37 ടീമുകളെ തീരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
1999ലാണ് ഈ മേഖലയിൽ ഭീകരമായ ചുഴലിക്കാറ്റ് ഉണ്ടായത്. അന്നു വലിയ ദുരന്തത്തിനിടയായി.ഒഡീഷ തീരത്തുള്ള 14 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. ബംഗാളിലും ഒഴിപ്പിക്കൽ ആരംഭിച്ചു.
ലോക്ക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കെത്താന്‍ വാങ്ങിയ സൈക്കിളുകള്‍ക്ക് പോലീസിന്റെ പൂട്ട്. ഒഡിഷ സ്വദേശികളായ അതിഥിതൊഴിലാളികള്‍ കഴിഞ്ഞ ദിവസമാണ് പുതിയ 18 സൈക്കിളുകള്‍ വാങ്ങിയത്.
നാട്ടിലേക്ക് പോവുന്നതിന് വേണ്ടി മാത്രമായിരുന്നു കഴിഞ്ഞ ദിവസം തുറന്നു പ്രവര്‍ത്തിച്ച നഗരത്തിലെ സൈക്കിള്‍ കടയില്‍ നിന്ന് ഇവര്‍ സൈക്കിള്‍ വാങ്ങിയത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് മിംസ് ആശുപത്രിക്ക് സമീപം അതിഥിതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. അവിടെ സൈക്കിളുകള്‍ കാണുകയും ചെയ്തു.
തുടര്‍ന്ന് തൊഴിലാളികളുമായി സംസാരിക്കുകയും യാത്രയുടെ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളും പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ഒഡിഷയിലേക്ക് ട്രെയിന്‍ മാര്‍ഗം പോകണമെന്നും പോകുമ്പോള്‍ സൈക്കിള്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ കടയില്‍തന്നെ നല്‍കി പണം തിരിച്ചുവാങ്ങാനും പോലീസ് സഹായം ഉണ്ടാവുമെന്നറിയിച്ചു.
അതേസമയം 14 ദിവസംകൊണ്ട് സൈക്കിളില്‍ ഒഡിഷയിലെ തങ്ങളുടെ ഗ്രാമത്തിലെത്താനാകുമെന്നാണ് തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞത്. നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികള്‍ പോവാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് സൈക്കിളുകള്‍ അവിടെ തന്നെ ചങ്ങലയിട്ട് പൂട്ടിയിടുകയായിരുന്നു.
ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ താൻ അഭയം നൽകിയ സുഹൃത്ത് തന്റെ ഭാര്യയും കുഞ്ഞുങ്ങളുമായി മുങ്ങിയെന്ന പരാതിയുമായി ഗൃഹനാഥൻ പോലീസിനെ സമീപിച്ചു. ലോക്ക്ഡൗണിൽ മൂവാറ്റുപുഴയിൽ കുടുങ്ങിയ മൂന്നാർ സ്വദേശിയാണ് അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമായി കടന്നത്. ഗൃഹനാഥന്റെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി.
ആദ്യഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്ക് പോകാൻ മൂവാറ്റുപുഴയിലെത്തിയത്. മേലുകാവിനു പോകുകയായിരുന്നവർക്കൊപ്പം മൂവാറ്റുപുഴ വരെ എത്തുകയായിരുന്നു. വാഹനമൊന്നും കിട്ടാതെ വലഞ്ഞ ഇയാൾ നാട്ടിലെ ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ച് ഗൃഹനാഥനെ വിളിക്കുകയായിരുന്നു.
തുടർന്ന് ലോക്ക്ഡൗണിൽ ഒന്നരമാസത്തോളം ഇയാൾ മൂവാറ്റുപുഴയിൽ സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. ഇതോടെ ഗൃഹനാഥന് സംശയം തോന്നിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മൂന്നാർ സ്വദേശിയെയും യുവതിയെയും കാണാതായത്. സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും എങ്ങിനെയെങ്കിലും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ടു.
തന്റെ മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുമെന്ന് ഗൃഹനാഥൻ ഭീഷണി മുഴക്കിയെന്നാണ് വിവരം. ഫോൺ ഓഫായതിനാൽ യുവതിയെയും കുഞ്ഞുങ്ങളെയും കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പുറത്തിറങ്ങി പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. കുറ്റ്യാടിക്കടുത്ത പാറക്കടവിലാണ് സംഭവം. കേരളാ പോലീസിനെയും തൊഴിലാളികള്‍ ആക്രമിക്കുകയും ചെയ്തു.
നൂറോളം ബിഹാര്‍ സ്വദേശികളാണ് പ്രതിഷേധവുമായി എത്തിയത്. സംഭവം അറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇവരെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനിടെ നാട്ടുകാരുമായും വാക്കേറ്റമുണ്ടാവുകയും ഇവര്‍ പോലീസിനേയും നാട്ടുകാരേയും അക്രമിക്കുകയായിരുന്നു. ബിഹാറിലേക്ക് 20-ാം തീയതി കഴിഞ്ഞേ ട്രെയിന്‍ ഉള്ളൂ കാത്തിരിക്കണം എന്നു പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ ചെവികൊണ്ടില്ല.
ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലൊക്കെ ആളുകള്‍ പോയി, ഞങ്ങള്‍ക്കും പോകണം എന്നു പറഞ്ഞ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍ബന്ധമാണെങ്കില്‍ ഒരാള്‍ 7000 രൂപ വീതമെടുത്ത് 40 പേര്‍ക്ക് ഒരു ബസ് തരാം എന്ന് പോലീസ് പറഞ്ഞെങ്കിലും അതിന് ഞങ്ങളുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഞങ്ങള്‍ നടന്നു പോകുമെന്ന് തൊഴിലാളികള്‍ പറഞ്ഞുവെങ്കിലും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് പോയത്.
പോലീസ് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് എസ്ഐയുടെ ലാത്തിക്ക് പിടിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് തൊഴിലാളികളെ വിരട്ടിയോടിക്കുകയും ചെയ്തു
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ അഞ്ച് പേര്‍ക്കും, മലപ്പുറം മൂന്ന് പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ പാലക്കാട് ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
അതെസമയം ഇന്ന് ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാ രോഗികളും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ എട്ട് പേര്‍ക്കുമാണ് രോഗ ബാധ. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. ഗുജറാത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് മറ്റ് രണ്ട് പേര്‍ എത്തിയത്.
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 642 ആയി. 142 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 72000 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 71545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 46958 സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 45527 സാമ്പിളുകള്‍ നെഗറ്റീവായി.
ഒന്നിലേറെ നിലകളുള്ള തുണിക്കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മൊത്തവ്യാപാരികളായ തുണികച്ചവക്കാര്‍ക്കും ഇളവ് ബാധകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം കടകള്‍ തുറന്നതോടെ പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിംഗിന് പോകുന്നതായി കണ്ടു. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റോഡരികില്‍ തട്ടുകടകള്‍ തുടങ്ങിയിട്ടുണ്ട്. അവയില്‍ ചിലയിടത്ത് ആളുകള്‍ നിന്ന് ഭക്ഷണം കഴിക്കുന്നതായി അറിഞ്ഞു. ഇതു അംഗീകരിക്കാനാവില്ല. പാഴ്‌സല്‍ സൗകര്യം മാത്രമേ ഭക്ഷണശാലകള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. ചില സ്വകാര്യ ട്യൂഷന്‍ സെന്റ്‌റുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമേ ട്യൂഷന്‍ സെന്ററും ആരംഭിക്കാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇളവ് വന്നതോടെ ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്ന നിലയുണ്ട്. അതിനെ നിയന്ത്രിക്കും.പരീക്ഷകള്‍ക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. ഏഷ്യയില്‍ നിലിവില്‍ ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഇതില്‍, കേസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി ഏറെ മുന്നിലാണെങ്കിലും മരണനിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ തുര്‍ക്കിയുടെ നിരക്കിനോട് അടുത്താണ് നില്‍ക്കുന്നത്. ഒന്നര ലക്ഷത്തോളം കേസുകളുള്ള തുര്‍ക്കിയില്‍ മരണനിരക്ക് 4,171 ആണ്. 1.22 ലക്ഷം പേര്‍ക്കാണ് ഇറാനില്‍ രോഗബാധയുണ്ടായിട്ടുള്ളത്. ഇതില്‍ 7,057 മരണങ്ങളുമുണ്ടായി. രോഗം ഭാദമാകുന്നവരുടെ എണ്ണത്തില്‍ ഈ രണ്ട് രാജ്യത്തെക്കാളും പിന്നിലാണ് ഇന്ത്യ എന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ കഴിഞ്ഞദിവസം രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുതിയ 5,242 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനു പിന്നാലെ ആകെ കേസുകളുടെ എണ്ണം 1 ലക്ഷം കടന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഏറെ രൂക്ഷമായിരിക്കുന്നത്. മെയ് പതിനാറോടെ രാജ്യത്ത് കോവിഡ് ഇല്ലാതാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രവചനമെങ്കിലും അതിതീവ്രമായി വര്‍ധിക്കുന്നതാണ് കണ്ടത്. ലോക്ക്ഡൗണ്‍ കൊണ്ടും ഇതിനെ പ്രതിരോധിക്കാനായില്ല. അതെസമയം, സംസ്ഥാനങ്ങള്‍ക്കുള്ളിലുള്ള പൊതുഗതാഗതവും വിപണികളും ചെറിയ തോതില്‍ തുറന്നു തുടങ്ങാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. പലയിടത്തും ഇതിനകം ലോക്ക്ഡൗണ്‍ നിബന്ധനകളുടെ കാര്‍ക്കശ്യം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടിരിക്കുകയാണ്. അതതിടങ്ങളിലെ സാഹചര്യങ്ങളെ വിലയിരുത്തി തീരുമാനമെടുക്കാം. അതെസമയം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന കണ്ടെയ്ന്‍മെന്റെ സോണുകളില്‍ അവശ്യസേവനങ്ങള്ഡ മാത്രമേ അനുവദിക്കാവൂ എന്നുമുണ്ട്. മറ്റിടങ്ങളില്‍ ബസ്സുകളും മറ്റ് വാഹനങ്ങളും ഓടാം. എന്നാല്‍ വിമാനങ്ങള്‍, മെട്രോ എന്നിവയ്ക്ക് ഓടാനാകില്ല.
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളുടെ പേരിലും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് സിബിഐക്ക് കൈമാറണമെന്ന അര്‍ണാബിന്‍റെ ആവശ്യവും സുപ്രീം കോടതി നിരാകരിക്കുകയും ചെയ്തു. കേസുകള്‍ റദ്ദാക്കാന്‍ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയില്‍ അര്‍ണാബ് ഗോസ്വാമി റിട്ട് ഹര്‍ജി ആണ് ഫയല്‍ ചെയ്തത്. എന്നാല്‍ റിട്ട് ഹര്‍ജിയില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ ഗോസ്വാമിക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം അര്‍ണാബ് ഗോസ്വാമിക്കെതിരേ ഇതേ വിഷയത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഏപ്രില്‍ 21 ന് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഇനി ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേയ്ക്ക് കൂടി കോടതി തടയുകയും ചെയ്തു.
അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയാനുളള മൗലികമായ അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ച് പറയാനുള്ള അവകാശമല്ലിതെന്നും ഹര്‍ജിയില്‍ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.
കൊടുമണ്ണിലെ പത്താം ക്ലാസുകാരന്‍ അഖില്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂരിന്റേതാണ് ഉത്തരവ്. കുട്ടികള്‍ക്ക് ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാനുണ്ടെന്നും തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിടിയിലായവരുടെ അഭിഭാഷകര്‍ ജുവനൈല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
പിടിയിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തേ ജുവനൈല്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. കൊലപാതകസ്ഥലത്തെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പിടിക്കാനും പ്രചരിപ്പിക്കാനും കൂട്ടുനിന്ന പോലീസിന്റെ കസ്റ്റഡിയിലേക്ക് ഇരുവരേയും വീണ്ടും വിടുന്നത് സുരക്ഷിതമല്ലെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം ശരിവച്ചാണ് പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.
എന്നാല്‍, കുട്ടികളെ താമസിപ്പിച്ചിട്ടുള്ള കൊല്ലത്തെ ജുവനൈല്‍ നിരീക്ഷണ സെന്ററിലെത്തി വിവരങ്ങള്‍ ചോദിക്കാനും ശാസ്ത്രീയാന്വേഷണത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും അനുമതി നല്‍കി. ഇതിനിടെ അന്വേഷണച്ചുമതല കൊടുമണ്‍ സിഐയില്‍ നിന്ന് അടൂര്‍ ഡിവൈ.എസ്.പി. ഏറ്റെടുത്തു.