അർധരാത്രി മണ്ണ് മാന്തിയുടെ മുഴക്കം കേട്ടാണ് പരിസരവാസികൾ ഉണർന്നത്. നോക്കുമ്പോൾ സംഗീതിന്റെ ഭൂമിയിലാണ് മണ്ണിടിക്കൽ. നേരത്തെയും ഈ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നതിനാൽ കാര്യമാക്കിയില്ല. ഉണർന്നവർ ലൈറ്റ് ഓഫ് ചെയ്ത് ഉറക്കത്തിലേക്ക് പോയി.
15 മിനിറ്റിനുള്ളിൽ സമീപത്തെ വീട്ടിലേക്കു സംഗീതിന്റെ ഫോൺ കോൾ. ‘‘ഞാൻ സ്ഥലത്തില്ല. എന്റെ വീടിനു പിന്നിൽ ആരോ മണ്ണ് ഇടിക്കുന്നു. ഒന്ന് നോക്കണം. ഞാനിതാ വരുന്നു.’’ പല അയൽവാസികളെയും വിളിച്ച് സംഗീത് വിളിച്ച് ഇതേ കാര്യം പറഞ്ഞു. പരിസര വാസികൾ സംഗീതിന്റെ വീടിനു മുന്നിലെത്തി. അവരുടെ എതിർപ്പു വകവയ്ക്കാതെ ഇടിച്ച മണ്ണുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും പാഞ്ഞു. മണ്ണ് മാന്തിയുടെ ഉടമയുടെ സംഘാംഗം ബൈക്കുമായി കാവലുണ്ട
12 മണിയോടെ സംഗീതെത്തി. മണ്ണ് മാഫിയ സംഘത്തോട് കയർത്തു. നാട്ടുകാരും ഇടപെട്ടു. ഈ സമയമൊക്കെ ഭാര്യ സംഗീത കാട്ടാക്കട പൊലീസിനെ വിളിച്ച് സഹായം തേടുകയാണ്. അവർ നിഷ്കരുണം അവഗണിച്ചു..വാക്കേറ്റം രൂക്ഷമാകുന്നതിനിടെ മണ്ണ് മാന്തിയുടെയും ടിപ്പറിന്റെയും ഉടമകളെത്തി. അനുനയ ശ്രമങ്ങൾ തുടങ്ങി. സഹോദരിയുടെ ഭൂമിയും സംഗീതിന്റെ ഭൂമിയും വേർതിരിക്കുന്ന അതിർത്തി ഇടിച്ചാണ് മണ്ണെടുത്തത്. ഇവിടെ മതിൽ കെട്ടാനുള്ള സംവിധാനമുണ്ടാക്കിയാൽ പരാതിയില്ലെന്നായി ഒത്തുതീർപ്പ്.. പരിസരവാസികളും ഇതിനോട് യോജിച്ചു.
ആദ്യം സമ്മതിച്ച മണ്ണ് മാന്തി ,ടിപ്പർ ഉടമകൾ പിന്നീട് ഭീഷണിയുടെ സ്വരമുയർത്തി. ഇതോടെ സംഗീതും പ്രകോപിതനായി. ഇതിനിടെ മാഫിയ സംഘത്തിലെ കൂടുതൽപേർ എത്തിയതോടെ വാക്കേറ്റം രൂക്ഷമായി. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂറോളമായിട്ടും ഫലമില്ലാഞ്ഞതിനാൽ സംഗീത് ഫോൺ ചെയ്യാനായി വീണ്ടും വീട്ടിലേക്കു കയറി. ടിപ്പറും മണ്ണുമാന്തിയും പുറത്തുപോകാതിരിക്കാൻ കാർ കുറുകെയിട്ടാണ് സംഗീത് പോയത്. എന്നാൽ കാർ ലോക്ക് ചെയ്തിരുന്നില്ല.
ഇതിനിടെ മാഫിയ സംഘത്തിലൊരാൾ ടിപ്പറിനും മണ്ണ് മാന്തിക്കും തടസ്സമായി കിടന്ന സംഗീതിന്റെ കാർ റോഡിലേക്ക് മാറ്റി. നൊടിയിടയിൽ വീടിന്റെ പിൻഭാഗത്ത് മേൽക്കൂയോട് ചേർന്ന് സ്ഥാപിച്ച ഷീറ്റും മതിലും തകർത്ത് മണ്ണ് മാന്തിയും ടിപ്പറും റോഡിലേക്ക് പാഞ്ഞു. തടയാൻ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പാഞ്ഞ സംഗീതിനെ മണ്ണ് മാന്തിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് മതിലരികിലേക്ക് തള്ളി.
പിന്നാലെ പാഞ്ഞ ടിപ്പർ ഡ്രൈവർ പക തീരാതെ മതിലിലേക്ക് ചേർത്ത് വാഹനമോടിച്ചു. മതിലിടിഞ്ഞതും സംഗീതിന്റെ പുറത്തേക്കു വീണു. തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകൾ തകർന്നു. ഒരു കുടുംബത്തിന്റെ വിളക്ക് കെടുത്തി മടങ്ങു മ്പോൾ സമയം 1 മണി കഴിഞ്ഞു. വെറും 6 കിലോ മീറ്റർ അകലെ നിന്ന് സ്ഥലത്തെത്താൻ കാട്ടാക്കട പൊലീസിന് മാത്രമായില്ല.
മണ്ണുമാന്തിയുടെ ബക്കറ്റ് കൊണ്ടും ടിപ്പറിന്റെ വശം കൊണ്ടുമുള്ള ഇടിയിൽ തലയ്ക്കും വാരിയെല്ലുകൾ ഒടിഞ്ഞുനുറുങ്ങി ആന്തരാവയവങ്ങൾക്കും ഏറ്റ ഗുരുതര പരുക്കാണ് സംഗീതിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്..മണ്ണുമാന്തി മതിലിന്റെ ഒരു ഭാഗം ഇടിച്ച് തെറിപ്പിച്ചത് ശരീരത്തിലേക്ക് പതിക്കുക കൂടി ചെയ്തത് പരുക്കുകളുടെ എണ്ണം കൂട്ടി. ആദ്യം സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി.കോളജിലും എത്തിച്ചു.
മണ്ണ് മാന്തികൊണ്ട് ഇടിച്ചു വീഴ്ത്തി സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ 6 പേർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണ് മാന്തി ഡ്രൈവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ(29) പൊലീസ് കസ്റ്റഡിയിൽ. ഇയാളെ കൂടാതെ ടിപ്പർ ഉടമ ഉത്തമനെന്ന് വിളിക്കുന്ന മണികണ്ഠൻനായർ (34), മണ്ണ് മാന്തിയുടെ ഉടമ ചാരുപാറ സ്വദേശി സജു(53), ടിപ്പർ ഡ്രൈവർമാരായ രണ്ടു പേരും ഒരു സഹായിയും എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
സംഭവ സമയം മണ്ണ് മാന്തി ഓടിച്ചിരുന്നത് വിജിനാണെന്നു സ്ഥിരീകരിച്ചു. മണ്ണ് മാന്തിയുടെ ഉടമയുടെ സഹോദര പുത്രനാണ് വിജിൻ. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ,കാട്ടാക്കട സിഐ ഡി.ബിജുകുമാർ,എസ്.ഐ ഗംഗാപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.അന്വേഷണം തുടങ്ങി.
ഇല്ലാത്ത ഉദ്ഘാടനത്തിന് കരിവള്ളൂരിലെത്തി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മടങ്ങി. കരിവള്ളൂർ എവി സ്മാരക സർക്കാർ ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിൽ മൂന്ന് കോടി രൂപ ചിലവിട്ട് മൂന്ന് നിലക്കെട്ടിടം നേരത്തെ നിർമാണം പൂർത്തിയാക്കിയിരുന്നു.
ഇക്കഴിഞ്ഞ നവംബർ 30 നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. സ്കൂള്‍ അധികൃതരും നാട്ടുകാരും ചേർന്ന് വലിയ ആഘോഷപൂർവം ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും അസൗകര്യങ്ങളുള്ളതിനാൽ എത്താനാവില്ലെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.
കടുത്ത നിരാശയിലായെങ്കിലും മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ അധികൃതർ ഉദ്ഘാടനം നീട്ടിവച്ചു. ഇതിനിടയിലാണ് മന്ത്രി തിയതി മാറിപ്പോയി കരിവള്ളൂരിലെത്തിയത്. സ്കൂൾ മുറ്റത്തെത്തി ഹയർസെക്കന്ററി ബ്ലോക്ക് ചോദിച്ചു. അകമ്പടി പൊലീസുകാരൻ ഹയർസെക്കന്ററിയിലെത്തി ഉദ്ഘാടനം നടക്കാനുള്ള സ്ഥലം ചോദിച്ചപ്പോൾ പ്രിൻസിപ്പലും അധ്യാപകരും ഞെട്ടി. പെട്ടെന്ന് തന്നെ അബദ്ധം മനസിലായതോടെ മന്ത്രി കാറിൽ കയറി സ്ഥലംവിട്ടു.
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. നിയമസഭാചട്ടം 284 (5) അനുസരിച്ചാണ് പ്രമേയത്തിന് അനുമതി തേടിയത്. നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത്.
ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. ഗവര്‍ണര്‍ നിയമസഭയുടെ അന്തസിനേയും അധികാരത്തേയും ചോദ്യംചെയ്യുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ക്കുന്നത് ന്യായീകരിക്കാനാവില്ല.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ വിശദീകരണം തേടിയത് കടന്ന കൈ ആണ്. ഇക്കാര്യത്തില്‍ പരസ്യഏറ്റുമുട്ടലിന് മുതിരുന്നത് ശരിയായ നടപടിയല്ല. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയ ചോദ്യത്തോടു പ്രതികരിക്കുകായയിരുന്നു ചെന്നിത്തല.
തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയ നീക്കം സ്വാഗതം ചെയ്യുന്നെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷനീക്കത്തില്‍ ഇതില്‍ കൂടുതല്‍ പ്രതികരണത്തിന്റെ ആവശ്യമില്ല. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. പരാതികള്‍ ഉചിതമായ ഫോറത്തില്‍ പറയണം. ഇത് തന്റെ സർക്കാരാണ്. ഏറ്റുമുട്ടാനാവില്ല. സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനും ഉപദേശിക്കാനും അധികാരമുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമാകുമെന്ന് തോന്നിയാല്‍ ഇടപെടും. തന്നെ അറിയിക്കാതെ സര്‍ക്കാര്‍ കോടതിയില്‍ പോയത് പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.
മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അദ്ദേഹത്തിന്റെ ഡ്രൈവറായിട്ടുള്ള നിരഞ്ജന്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിടിയിലായ അധ്യാപകന്‍ രൂപശ്രീയ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കാറില്‍ കടല്‍ത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അധ്യാപിക മുങ്ങിമരിച്ചതാകാമെമെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടിലും സൂചനയുണ്ടായിരുന്നു.
ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്‌കൂളിലെ സഹ അധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും പിന്നീട് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനുത്തരവാദികളായവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്. മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് വിഖ്യാത നിക്ഷേപകനായ ജോർജ് സോറോസ്. ദാവോസിൽ സംഘടിപ്പിച്ച വാർഷിക പ്രഭാഷണ പരിപാടിയിൽ സംസാരിക്കവെയാണ് ജോർജ് സോറോസ് മോദിയുടെ ദേശിയവാദപരമായ നയങ്ങളെ വിമർശിച്ചത്. നിക്ഷേപകരെ വലിയ തോതിൽ സ്വാധീനിക്കാൻ ശേഷിയുള്ളതിനാൽത്തന്നെ ഇദ്ദേഹത്തിന്റെ വാക്കുകളെ ഗൗരവത്തോടെയാണ് ബിസിനസ് സമൂഹം കാണുന്നത്.
“ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഹിന്ദു ദേശീയ ഭരണകൂടം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണെ”ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീരിൽ ജനങ്ങളെ ശിക്ഷിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. ദശലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വം നീക്കം ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ദേശീയത ഇന്ന് തെറ്റായ വഴിയിലൂടെ ഏറെ മുമ്പോട്ടു നീങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് ട്രംപ് അങ്ങേയറ്റത്തെ ആത്മരതിക്കാരനാണെന്നും സോറോസ് പറഞ്ഞു. അമേരിക്കയുടെ പ്രസിഡണ്ടാകണമെന്ന അയാളുടെ ഫാന്റസി യാഥാർത്ഥ്യമായപ്പോൾ ആത്മരതി എല്ലാ അതിർത്തികളെയും ലംഘിച്ചു. തന്റെ വ്യക്തിതാൽപര്യങ്ങൾക്കായി രാഷ്ട്രത്തിന്റെ താൽപര്യങ്ങളെ ബലികഴിക്കാൻ ഒരു പ്രയാസവുമില്ലാത്തയാളാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ പാതിരാമണലില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ട് കത്തിയമര്‍ന്ന സംഭവത്തില്‍ ദുരനുഭവം പങ്കുവെച്ച് രക്ഷപ്പെട്ട യാത്രക്കാര്‍.
”അടുക്കള ഭാഗത്ത് നിന്നുമുയര്‍ന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തില്‍ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങള്‍. വെറും എട്ടുമിനിട്ടിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. ഇട്ടിരിക്കുന്ന വസ്ത്രമൊഴിച്ച് എല്ലാം കത്തിനശിച്ചു. ബോട്ട് പൂര്‍ണമായും അഗ്നി വിഴുങ്ങുമ്പോള്‍ പ്രാണന്‍ ചേര്‍ത്ത് പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. ദൈവം തിരിച്ചു തന്നതാണ് ഈ ജീവന്‍ എന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.
സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ കാലിയായിരുന്നു. ലൈഫ് ജാക്കറ്റുകളോ, എയര്‍ ട്യൂബുകളോ ബോട്ടില്‍ ഉണ്ടായിരുന്നുമില്ല. തീ അടുത്തെത്താറായപ്പോഴും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നു മാത്രമായിരുന്നു ബോട്ട് ജീവനക്കാരുടെ പ്രതികരണം എന്നും യാത്രക്കാര്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണല്‍ ദ്വീപിന് 200 മീറ്റര്‍ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറ് മാസം പ്രായമായ കുഞ്ഞും ആറ് സ്ത്രീകളുമടക്കം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്‌ബോട്ടില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 ഓടെയാണ് ഓഷ്യാനസ് എന്ന ബോട്ടില്‍ ഇവര്‍ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും തീപടര്‍ന്ന് ബോട്ട് കത്തി അമരുകയായിരുന്നു. തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് ഇടയാഴം സജി ഭവനില്‍ സജിയുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്.
തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ മണ്ണുമാന്തിയുടെ യന്ത്രകൈ കൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്. അര്‍ധരാത്രി സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുക്കുന്നത് തടഞ്ഞതാണ് കൊലപാതകത്തിന് കാരണം.
മണ്ണുമാന്തി ഉടമ സജു അടക്കമുളള അക്രമികള്‍ കൊലയ്ക്കുശേഷം രക്ഷപെട്ടു. മണ്ണുമാന്തിയും ടിപ്പറും കൊണ്ടുവന്ന് മണ്ണെടുക്കുന്നത് അറിഞ്ഞ് സംഗീത് ഓടിയെത്തുകയായിരുന്നു. കാറിട്ട് മണ്ണുമാന്തി തടഞ്ഞ സംഗീത് പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചതോടെയാണ് കൊലപാതകം. മണ്ണുമാന്തി കൊണ്ട് കാറ് നീക്കി പോകാന്‍ ശ്രമിച്ച സംഘത്തെ തടയാനെത്തിയ സംഗീതിനെ യന്ത്രക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞു. ഈ ഘട്ടത്തിൽ സംഗീതിന്റെ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്റെ ശ്രമം. ഇതു തടയാൻ വേണ്ടി സംഗീത് കാറിൽ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നിൽ നിന്നു. അപ്പോൾ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു.
പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ വച്ചാണ് സംഗീത് മരിച്ചത്. രാത്രി മുതൽ തന്നെ ഈ പ്രദേശത്ത് മണ്ണ് മാഫിയാ സംഘം എത്തി. ഭാര്യയും സംഗീതുമായി തടയാനെത്തി. അപ്പോൾ പൊലീസിൽ പറായമെന്ന് പറഞ്ഞ് ഭാര്യ സംഗീതിനേയും കൊണ്ടു പോയിരുന്നു. അതിന് ശേഷവും പ്രശ്‌നം തുടർന്നു. ഇതാണ് സംഗീതിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണുമാന്തി സംഘത്തിൽ നാലഞ്ച് പേരുണ്ടായിരുന്നു. ഇവർ വന്ന ബൈക്കുകൾ നാട്ടുകൾ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ട സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരിൽ പ്രധാനിയാണ് സജു.
നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് ഇവരുടെ ദാരുണ മരണം.
മൂന്നു കുട്ടികളുടെ കണ്ണീരിൽ കുതിർന്ന ഓർമകൾ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ മറ്റൊരു 3 വയസ്സുകാരൻ നോവുള്ള കാഴ്ചയായി. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്കാര ക്രിയകൾ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ്. പിതാവ് ജിബിയുടെ ഒക്കത്തിരുന്നാണ് ആരവ് ചടങ്ങുകൾ നിർവഹിച്ചത്. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെ സംസ്കരിച്ചു. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാർക്കു ചിതയൊരുക്കിയത്.
മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽനിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പത്തരയോടെ തന്നെ അഞ്ച് ആംബുലൻസുകൾ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെർമിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ടവർ വിതുമ്പി.
പലർക്കും കരച്ചിലടക്കാനായില്ല. 12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കൾ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ഇരുവശവും കൈകോര്‍ത്തുപിടിച്ചു.മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച 5 ബോഗികളിലായി 5 മൃതദേഹങ്ങള്‍ പുറത്തേക്കെത്തി. പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.
സുഹൃത്തുക്കളായ റാംകുമാർ, ആനന്ദ്, ബാലഗോപാൽ എന്നിവരാണ് വിമാനത്തിൽ ഒപ്പമെത്തിയത്. മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡൽഹിയിലെത്തിച്ചത്.അവിടെനിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനാൽ കാത്തിരിപ്പ് നീണ്ടു. കൊച്ചിയിൽ സ്റ്റോപ്പുള്ളതിനാൽ വീണ്ടും വൈകി.
മേയർ കെ.ശ്രീകുമാർ, എം.വിൻസന്റ് എംഎൽഎ, കലക്ടർ കെ.ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ ചേർന്നാണു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.തുടർന്ന് ആംബുലൻസുകളിൽ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പൂർണമായും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലൻസുകളും മറ്റും സർക്കാർ സജ്ജമാക്കി.
പൗരത്വബില്ലിലെ എതിർത്ത് ബോളിവുഡും മല്ലുവുഡും ഉൾപ്പെടെ പ്രമുഖ താരങ്ങളുടെ പ്രതികരിക്കുമ്പോൾ മോഹൻലാലിന് തുറന്ന കത്തുമായി സംവിധയകാൻ ആലപ്പി അഷറഫ്. ” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….” എന്ന അഭ്യർത്ഥനയുമായി തുടങ്ങുന്ന കത്തിൽ, ലാലിൻറെ പല സാമൂഹ്യ വിഷയത്തിലും എഴുതിയ ബ്ലോഗിനെ പരമർശിക്കുന്നു. കേരളത്തിന്റെ മത സ്വാഹാർദ്ദ അന്തരീക്ഷം തകർക്കുന്ന രീതിയിൽ അടുത്ത ദിവസങ്ങളിൽ പൗരത്വ പ്രശ്‌നം കേരളത്തിലും മാറുന്നത് നമ്മൾ കണ്ടതാണ്, അതുകൊണ്ടും തന്നെ സമൂഹത്തിന്റെ നാനാതുറകളിലുള്ള ബഹുമാന്യ വ്യക്തിത്വങ്ങൾ ഇതേ പറ്റി പ്രതികരിക്കണ്ടത്തിന്റെ ആവിശ്യകത വർധിച്ചു വരുവാണ്. സാമ്പത്തികമാന്യം, വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടികൊണ്ട് ഇരിക്കുന്ന അവസ്ഥയിൽ പൗരത്വബില്ലിന്റെ പേരിൽ ഉള്ള പ്രശ്ങ്ങൾ മറ്റൊരു വിധത്തിൽ ജനശ്രദ്ധ മാറിപ്പോകുന്നതിനും കാരണം ആകുന്നുണ്ട്.
അഷറഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം
പ്രിയ മോഹൻലാലിന് ഒരു
തുറന്ന കത്ത്..
പ്രിയ മോഹൻലാൽ ..
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ ….
സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് ,
” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….”
പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാന്സ്രതവും കാലോചിതവുമായിരിക്കണം.
തുറന്നു പറയുമ്പോൾ നീരസമരുത്… മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..
ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു..
അങ്ങു ഇതിന് മുൻപ് പല പല
പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗ്കൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും കൃസ്ത്യനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ..?
ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..?
എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ.
മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ ,
ലോകജനതയുടെ മുൻപിൽ നാണംകെട്ടു് നിലക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇത്
ഒരുജനതയെ വല്യ വിപത്ത്കളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ , അങ്ങയോട് സ്നേഹപൂർവ്വം ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ… ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ…
സ്നേഹപൂർവ്വം അങ്ങയുടെ സ്വന്തം
ആലപ്പി അഷറഫ്
കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മരിച്ചത് മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീ. യുവതിയെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് പോലീസ്. ബക്കറ്റില്‍ മുക്കി കൊന്നശേഷം കടലില്‍ ഉപേക്ഷിച്ചതാണെന്നാണ് വിവരം.
സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ വെങ്കിട്ട രമണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാഹനത്തില്‍ നിന്നും രൂപശ്രീയുടെ മുടി അടക്കമുള്ള തെളിവുകള്‍ കണ്ടെടുത്തതായും സൂചനയുണ്ട്. മിയാപദവ് എസ്‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു.
വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
കൂടെ ജോലി ചെയ്തിരുന്ന അധ്യാപകന്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. അയാളില്‍ നിന്ന് കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.