മലിനജലം ഒഴുക്കുന്ന പൈപ്പിടാൻ നിർമിച്ച കുഴിയിൽ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ അഗ്നിശമനസേനാംഗം മരിച്ചു. പുനെയിലെ ദാപോഡിയിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗം ഉൾപ്പടെ 4 പേർ കുഴിയിൽ പെട്ടതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തനിടെ 3 പേരെ പുറത്തെത്തിച്ചെങ്കിലും സേനാംഗം മരിച്ചു.കുട്ടിയെയും മറ്റൊരാളെയും രക്ഷിക്കാനായില്ല. 15 അടിയോളം ആഴമുളള കുഴിയില്‍ വീണവരെ രക്ഷിക്കാനായി കൂടുതൽ അഗ്നിശമന സേനാഗംങ്ങളും ദുരന്ത നിവാരണ സേനയും പത്തോളം കൂറ്റൻ ട്രക്കുകളും സ്ഥലത്തെത്തി.
അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്കി. വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. സംഭവത്തില്‍ മുത്തശ്ശിയെയും ആട്ടോഡ്രൈവറെയും ഏരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയുമാണ് അറസ്റ്റിലായത്. അഞ്ചല്‍ ഏരൂരിലാണ് സംഭവം. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ആട്ടോറിക്ഷയുടെ ഡ്രൈവര്‍ ഗണേശ് ഇവരുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചെന്ന് എരൂര്‍ പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 പേര് മഹാസഖ്യസര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. വിശ്വാസപ്രമേയം അവതരിപ്പിച്ചത് അശോക് ചവാനായിരുന്നു. എന്നാൽ സഭാ നടപടിക്രമങ്ങള്‍ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ബിജെപി എംഎല്‍മാരെയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രോ ടൈം സ്പീക്കറെ ശാസിച്ചു. ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു.
മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപക ചട്ടലംഘനമെന്ന് ഫഡ്നാവിസ് ആരോപിച്ചു. ഭരണഘടനാവിരുദ്ധ നടപടികളുടെ ഭാഗമാകാനില്ല. ഔദ്യോഗിക അറിയിപ്പ് വൈകി, എല്ലാവരെയും എത്തിക്കാനായില്ലെന്നും ഫഡ്നാവിസ് സഭയിൽ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്ന് വ്യവസായി രാഹുല്‍ ബജാജ്. മുംബൈയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനം. അതേസമയം, ആരും ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടിയായി പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് സദസിലിരുന്ന പ്രമുഖ വ്യവസായി രാഹുല്‍ബജാജ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. വിമര്‍ശനങ്ങള്‍ അതേ അര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന് തനിക്ക് ഉറപ്പില്ല. യു.പി.എ സര്‍ക്കാര്‍ കാലത്ത് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് താന്‍ അടക്കം നന്നായി വിനിയോഗിച്ചെന്നും ബജാജ് പറഞ്ഞു.
എന്നാല്‍, ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. സര്‍ക്കാരിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സുത്യാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഷാ വ്യക്തമാക്കി. ഗാന്ധിജിയെ വെടിവച്ചത് ആരാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂറിന്റെ ഗോഡ്സെ ഭക്തിയെ ഉന്നം വച്ചും ബജാജ് ആഞ്ഞടിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രജ്ഞയ്ക്ക് മാപ്പില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പ് പറഞ്ഞെങ്കിലും അതേ പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററികാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പിന്നീട് കണ്ടതെന്നും രാഹുല്‍ ബജാജ് വിമര്‍ശിച്ചു.
കോച്ചിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച കഥ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന കുറിപ്പ് ഏറെ ഹൃദ്യമാണ്.
സുനിൽ ഛേത്രിയുടെ വാക്കുകള്‍ ഇങ്ങനെ: അവളുടെ അച്ഛൻ എന്റെ കോച്ചായിരുന്നു. ഛേത്രി എന്നയാളെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ തന്റെ മകളോട് പറയാറുണ്ടായിരുന്നു. എനിക്ക് പതിനെട്ടും അവൾക്ക് പതിനഞ്ചും വയസ്സ് പ്രായം. അവൾക്ക് എന്നോട് വലിയ കൗതുകം തോന്നിയിരുന്നു. അങ്ങനെ അവൾ അവളുടെ അച്ഛന്റെ ഫോണിൽ നിന്നും എന്റെ നമ്പർ കണ്ടെത്തി എനിക്ക് ടെക്സ്റ്റ് മെസേജ് ചെയ്തു. ‘ഹായ് ഞാൻ സോനം, നിങ്ങളുടെ വലിയ ആരാധികയാണ്. എനിക്ക് നിങ്ങളെ നേരിൽ കാണണമെന്നുണ്ട്’. ആരാണ് അവളെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.
പക്ഷേ അവളുടെ മെസേജുകൾ എന്നെ അവളിലേക്ക് ആകർഷിച്ചു. അതുകൊണ്ട് അവളെ കാണാൻ ഞാൻ തീരുമാനിച്ചു. നേരിൽ കണ്ടപ്പോഴാണ് അവൾ ഒരു ചെറിയ കുട്ടിയാണെന്ന് മനസ്സിലായത്. നീ ചെറിയ കുട്ടിയാണ്, പോയി വല്ലതും പഠിക്കാൻ നോക്ക് എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് പോന്നു. പക്ഷേ വീണ്ടും ഞങ്ങൾ മെസേജുകൾ അയക്കുന്നത് തുടർന്നു.
അങ്ങനെ രണ്ടുമാസം പോയി. ഒരു ദിവസം എന്റെ കോച്ച് അദ്ദേഹത്തിന്റെ ഫോണ്‍ എന്തോ തകരാര്‍ വന്നെന്നു പറഞ്ഞ് എന്റെ കൈയിൽ തന്നു. ഞാനത് നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് കോച്ചിന്റെ മകളുടെ കോൾ അതിലേക്ക് വന്നു. ആ നമ്പർ എനിക്ക് പരിചിതമായിത്തോന്നി. പെട്ടെന്നാണ് അത് സോനത്തിന്റെ നമ്പരാണെന്ന് എനിക്ക് മനസ്സിലായത്. ഞാനാകെ പരിഭ്രാന്തനായി. ഞാനുടനെ അവളെ വിളിച്ചു. കോച്ച് ഇക്കാര്യമെങ്ങാനും അറിഞ്ഞാൽ എന്റെ കരിയർ അവസാനിക്കുമെന്ന് ഞാനവളോട് പറഞ്ഞു. എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിക്കണമെന്ന് ഞാനാവശ്യപ്പെട്ടു. സത്യം മറച്ചു വെച്ചതിന് അവളെന്നോട് മാപ്പ് പറഞ്ഞു.
രണ്ടുമാസം കൂടി കടന്നുപോയി. പക്ഷെ, അവളെന്റെ മനസ്സിൽ നിന്ന് പോയില്ല.
അവളെന്റെ കൂടെയുള്ളത് ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. ഞാൻ അവൾക്ക് ടെക്സ്റ്റ് ചെയ്തു. ഞങ്ങൾ വീണ്ടും മെസ്സേജുകളയയ്ക്കാൻ തുടങ്ങി. ഞങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങി. എനിക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഇക്കാരണത്താൽ തന്നെ വർഷത്തിൽ രണ്ടോ മൂന്നോ തവണയാണ് ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിയുക. ഞാൻ സിനിമയ്ക്ക് രണ്ട് ടിക്കറ്റെടുത്ത് കയറും. വാതിൽക്കൽ അവളുടെ പേരിലുള്ള ടിക്കറ്റ് കൊടുത്തുവെക്കും. ഞാൻ കയറിക്കഴിഞ്ഞാൽ അവളും എത്തിച്ചേരും.
വർഷങ്ങൾ കടന്നുപോയി. ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളർന്നുവന്നു. എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കാന്‍ അവളുണ്ടായി. ഞാനെന്റെ കരിയറിൽ വിജയം നേടി.
പ്രായവും പക്വതയുമൊക്കെ ആയെന്നു തോന്നിയപ്പോൾ ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചു. അവളുടെ അച്ഛനോട് സംസാരിക്കാൻ സമയമായെന്ന് എനിക്ക് തോന്നി. വിറയലോടെ ഞാനവളുടെ വീട്ടിലേക്ക് കേറിച്ചെന്നു.
അവളുടെ അച്ഛൻ സൂര്യനു കീഴിലുള്ള എല്ലാറ്റിനെയും കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ധൈര്യം സംഭരിച്ച് ഇങ്ങനെ പറഞ്ഞു: “സർ, ഞാൻ എനിക്ക് അങ്ങയുടെ മകളോട് ഇഷ്ടമുണ്ട്. അവൾക്കും എന്നോട് ഇഷ്ടമുണ്ടെന്നാണ് എന്റെ വിശ്വാസം.” അദ്ദേഹം ഇത്രമാത്രം പറഞ്ഞു: “ഓ, ശരി.” ശേഷം അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി. ഒടുവില്‍ അദ്ദേഹം പുറത്തുവന്നു. സമ്മതം പറഞ്ഞു. ഞങ്ങൾ 13 വർഷം പ്രണയിച്ചു. രണ്ടുവർഷം മുമ്പ് വിവാഹിതരായി. ഇപ്പോഴും അവൾ സ്വയം വിശേഷിപ്പിക്കുന്നത് എന്റെ ഏറ്റവും വലിയ ആരാധികയെന്നാണ്.
വെറ്ററിനറി ഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ തെലുങ്കാനയില്‍ വീണ്ടും സമാനമായ സംഭവം. 26കാരിയായ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയ ഷംഷദാബാദില്‍ നിന്ന് തന്നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശംഷാബാദില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ മാറിയാണ് യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
അതെ സമയം രവി തേജ യുടെ സിനിമ ഷൂട്ടിംഗ് നടന്നതിന്റെ അടുത്തതായി ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമാനരീതിയിലുള്ള മരണമായതിനാല്‍ രണ്ട് മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. കൂടാതെ യുവതി തനിയെ തീ കൊളുത്തി മരിച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്. എന്നാല്‍ രണ്ടു മരണവും സമാനമായതിനാല്‍ പൊലീസിന്റെ അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതേസമയം, മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. ഈ രണ്ട് മരണങ്ങളിലുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടാമത് കണ്ടെത്തിയ മൃതദേഹം 35 വയസ് പ്രായമുള്ള യുവതിയുടെതാണെന്നാണ് കണ്ടെത്തല്‍. മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. ഇതിനിടെയാണ് സമാനമായ മറ്റൊരു സംഭവം. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴി ഷാദ്നഗറില് വച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. തുടര്‍ന്ന് ടയര്‍ നന്നാക്കി നല്‍കാമെന്ന് ഒരാള്‍ പറഞ്ഞതായി പ്രിയങ്കയുടെ സഹോദരി ഭവ്യയോട് ഫോണ്‍ വിളിച്ച് പറഞ്ഞു. രാത്രി 9.15 ഓടെയാണ് പ്രിയങ്ക സഹോദരി ഭവ്യയെ ഫോണ്‍ വിളിച്ചത്. സ്ഥലത്ത് നിരവധി ട്രക്കുകളും അപരിചിതരായ ആളുകളും ഉണ്ടെന്നും തനിക്ക് ഭയമാകുന്നുണ്ടെന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞു. അതേസമയം കുറച്ച് ദൂരം ചെന്നാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും പേടിയാണെങ്കില്‍ വാഹനം ടോള്‍ ഗേറ്റിന് അരികില്‍ വെച്ചിട്ട് വീട്ടിലേക്ക് വരാന്‍ സഹോദരി പറഞ്ഞു. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഭവ്യ പ്രിയങ്കയെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പ്രിയങ്ക വീട്ടില്‍ എത്തേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോള്‍ ബൂത്തില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭവ്യ ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് പോലീസില്‍ പരാതി നല്കാന് ആര്‍ജിഐഎ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷന് പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് കോണ്‍സ്റ്റബിള്‍മാരെ അയച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസ് കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന് രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാര്‍ക്കു ചെയ്ത ടോള്‍ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാന്‍ഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. ബുധനാഴ്ച രാത്രി 9.30 നും 10നും ഇടയില്‍ ഒരു ചെറുപ്പക്കാരന് ബൈക്ക് നന്നാക്കാനായി കൊണ്ടുവന്നെന്ന് അടുത്തുള്ള വര്‍ക്ക്ഷോപ്പ് ഉടമ പറഞ്ഞു. അതേസമയം തന്റെ മകളോട് ഈ പ്രവൃത്തി ചെയ്തവരെ പൊതു മധ്യത്തില്‍ വച്ച് ചുട്ട്ക്കരിക്കണമെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
70 ശതമാനത്തോളം കത്തിക്കരിഞ്ഞ യുവതിയുടെ മാലയുടെ ലോക്കറ്റ് കണ്ടാണ് പ്രിയങ്ക തന്നെയാണിതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലൂര്‍ താലുക്ക് വെറ്ററിനറി ആശുപത്രിയിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന പ്രിയങ്കയെയാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിടിയാലായവര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. ഷംഷാബാദിലെ ടോള്‍ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയില്‍ വ്യാഴാഴ്ച രാവിസെ 7.30നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിനെതിരെ കിസ് ഓഫ് ലവ് ഫെയിം രശ്മി നായര്‍. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവല്‍ ആണോ എന്നാണ് രശ്മി പരിഹസിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ജ്ഞാനപീഠം ബഹുമതി നേടിയ ശ്രീ അക്കിത്തം അച്യുതന് നമ്ബൂതിരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ എന്നാണു ഒരാളുടെ കമന്റ്. രശ്മി നായരെ പൊങ്കാലയിടുകയാണ് സോഷ്യൽമീഡിയ.
മലയാള കവിതയില്‍ ദാര്‍ശനികതയുടെ മണിമുത്തുകള്‍ കൊരുത്ത, ഈടുറ്റ പാരമ്പര്യത്തിന്റെ നീരുറവകള്‍ തീര്‍ത്ത ജ്ഞാനപീഠ ജേതാവ് അക്കിക്കത്തെയാണ് പരിഹസിച്ച് കൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചുംബന സമര നായികയുടെ പരിഹാസം . അതേസമയം പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവും അടങ്ങുന്ന രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 55-ാമത് ജ്ഞാനപീഠ പുരസ്ക്കാരത്തിന് ഐകകണ്ഠ്യേനയാണ് 93കാരനായ അക്കിത്തത്തെ തെരഞ്ഞെടുത്തത്. 2017ല്‍ പദ്മശ്രീ നല്കി രാഷ്ട്രം മഹാകവിയെ ആദരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തൃശൂരില്‍ നടന്ന ലജന്‍ഡ്സ് ഓഫ് കേരള അവാര്‍ഡ് ദാന ചടങ്ങില്‍ മഹാപ്രതിഭാ പുരസ്കാരം നല്കി അക്കിത്തത്തെ ജന്മഭൂമി ആദരിച്ചു.
‘വെളിച്ചം ദുഃഖമാണുണ്ണീ; തമസ്സല്ലോ സുഖപ്രദം’ എന്ന് മലയാളത്തെ പഠിപ്പിച്ച അക്കിത്തം സര്‍വ്വാചരാചരങ്ങളിലും സ്നേഹത്തിന്റെ നിറവ് കണ്ടറിഞ്ഞ ദാര്‍ശനികനാണ്. മനുഷ്യത്വത്തിന്റെ ആഘോഷമാണ് അദ്ദേഹത്തിന്റെ കവിതകളില്‍. ദേശീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായ മഹാകവി ഇപ്പോള്‍ തപസ്യ കലാ സാഹിത്യ വേദിയുടെ രക്ഷാധികാരിയാണ്. ദീര്‍ഘകാലം അധ്യക്ഷനായിരുന്നു.
1926 മാര്‍ച്ച് 18 ന് പാലക്കാട് കുമരനല്ലൂര്‍ അക്കിത്തം മനയില്‍, അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനനം. എട്ടാം വയസില്‍ കവിതാ രചന തുടങ്ങി. ഇടശ്ശേരി , ബാലാമണിയമ്മ, നാലപ്പാടന്, കുട്ടികൃഷ്ണമാരാര്, വി.ടി, എംആര്‍ബി എന്നിവര്‍ക്കൊപ്പമുള്ള സഹവാസം അക്കിത്തത്തിലെ കവിയെ ഉണര്‍ത്തി. 1946 മുതല്‍ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനായിരുന്നു.
യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. 1956 മുതല്‍ 1985 വരെ ആകാശവാണിയുടെ കോഴിക്കോട്, തൃശൂര്‍ നിലയങ്ങളില്‍ പ്രവര്‍ത്തിച്ചു. 85ല്‍ എഡിറ്ററായി വിരമിച്ചു. ഇടിഞ്ഞുപൊളിഞ്ഞ ലോകം, കടമ്പിന്‍പൂക്കള്‍, സ്പര്‍ശമണികള്‍, കളിക്കൊട്ടിലില്‍, അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ (കവിതാസമാഹാരങ്ങള്‍), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നിവയടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ശ്രീമഹാഭാഗവതം വിവര്‍ത്തനമാണ് ഏറ്റവും ഒടുവില്‍ രചന നിര്‍വഹിച്ചത്.
കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് , ഓടക്കുഴല്‍ അവാര്‍ഡ് ജ്ഞാനപീഠം ട്രസ്റ്റിന്റെ മൂര്‍ത്തീദേവി പുരസ്കാരം വയലാര്‍ അവാര്‍ഡ് എന്നിവയടക്കം അനവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1949 ല്‍ 23-ാം വയസ്സില്‍ പട്ടാമ്പി ആലമ്പിള്ളി മനയിലെ ശ്രീദേവി അന്തര്‍ജനത്തെ വിവാഹം ചെയ്തു. 2019 മെയില്‍ ഇവര്‍ അന്തരിച്ചു. പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന് എന്നിവരാണ് മക്കള്‍. പ്രശസ്ത ചിത്രകാരനും ശില്പിയുമായ അക്കിത്തം നാരായണന് സഹോദരനാണ്.
അഭിജിത്തും ശ്രീലക്ഷ്മിയും എറണാകുളം സ്വദേശികളാണ്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 14ന് ശ്രീലക്ഷ്മിയുടെ കുടുംബം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചിന്തല മഡിവാള പ്രദേശത്തെ ഉള്‍വനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും മരത്തില്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. വീട്ടുകാര്‍ അഭിജിത്തിന്റെയും ശ്രീലക്ഷ്മിയുടെയും പ്രണയബന്ധം എതിര്‍ത്തിരുന്നതായി സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. കൊലപാതക സാധ്യത അല്ലെന്നാണ് പൊലീസ് പറയുന്നത്. അവസാനമായി ശ്രീലക്ഷ്മി അമ്മാവനായ അഭിലാഷുമായാണ് ഫോണില്‍ സംസാരിച്ചത്. പ്രണയബന്ധത്തെ എതിര്‍ത്തുകൊണ്ടുള്ള വീട്ടുകാരുടെ പീഡനം താങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. പീഡനം തുടര്‍ന്നാല്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീലക്ഷ്മി ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറയുന്നു.
അമ്മാവനുമായി സംസാരിച്ച ശേഷം ശ്രീലക്ഷ്മി ഫോണ്‍ കാട്ടില്‍ തന്നെ ഉപേക്ഷിച്ചു. പിന്നീട് ശ്രീലക്ഷ്മിയെയും അഭിജിത്തിനെയും ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. മൃതശരീരങ്ങളില്‍ ബാഹ്യമായ മുറിവുകള്‍ ഇല്ലെന്നും കൊലപാതക സാധ്യതയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബംഗളുരുവിലെ ഉള്‍വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍ സോഫ്ട്വെയര് കമ്പനിയിൽ ജോലി ചെയ്തിരുന്ന അഭിജിത് മോഹന്‍ (25), ശ്രീലക്ഷ്മി (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തെത്തിയത്. മൃതദേഹങ്ങളില്‍ നിന്ന് തല വേര്‍പെട്ട അവസ്ഥയിലായിരുന്നു കാണപ്പെട്ടത്.
അടുത്തുള്ള മരത്തില്‍ കുരുക്കുകളും കണ്ടെത്തി. കഴിഞ്ഞ ഒക്ടോബര്‍ 11ന് ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് ജോലിക്കിടെയാണ് ഇരുവരും പോയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ടെക്കിയായ ശ്രീലക്ഷ്മിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കവേയാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ പരപ്പന അഗ്രഹാര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
രാജ്യത്തെ ജിഡിപി കുത്തനെ ഇടിഞ്ഞതിനു പിന്നാലെ ബിജെപി സർക്കാരിനെ വിമർശിച്ച് സഖ്യകക്ഷികൾ. രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനത്തിൽ നിന്നും രണ്ടാം പാദത്തിൽ 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് വിമർശനം ശക്തമായിരിക്കുന്നത്.
ആറ് വർഷത്തെ ഏറ്റവും മോശമായ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ശിരോമണി അകാലിദളും ജെഡിയുവുമാണ് ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. രാജ്യത്തെ സമ്പദ്വ്യവസ്ഥ അപായ മുന്നറിയിപ്പ് നൽകി കഴിഞ്ഞുവെന്ന് ശിരോമണി അകാലിദൾ നേതാവ് നരേഷ് ഗുജ്റാൾ പറഞ്ഞു. തൊഴിലില്ലായ്മയും വളർച്ചാ നിരക്ക് കുറയുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നും ഉടൻ ഇടപ്പെടൽ നടത്തണമെന്നും ഗുജ്റാൾ ആവശ്യപ്പെട്ടു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി യോഗങ്ങളൊന്നും വിളിച്ച് ചേർത്തിട്ടില്ലെന്നു ഗുജ്റാൾ കുറ്റപ്പെടുത്തി. സാമ്പത്തിക വളർച്ച കുറയുന്നതിൽ ആശങ്കയുണ്ടെന്ന് ജെഡിയു നേതാവ് കെസി ത്യാഗിയും പറഞ്ഞു. ആർബിഐ ഗവർണർമാർ നൽകുന്ന മുന്നറിയിപ്പ് കേന്ദ്രസർക്കാറിന് അവഗണിക്കാൻ കഴിയില്ല. പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിൽ എതിർപ്പുണ്ടെന്നും ത്യാഗി പറഞ്ഞു.
അതേസമയം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമ്പോഴും സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിക്കുന്നതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് സഖ്യകക്ഷികൾ പോലും ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതൽ മഴ തുടരുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ. ജാഗ്രത പാലിക്കണം. കന്യാകുമാരി മുതലുള്ള തെക്കൻ തീരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനും ഇടയുണ്ട്. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. തമിഴ്നാടിന്റെ തെക്കൻ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍; ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്:
പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
വൈകിട്ട് 4 മണി മുതൽ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്നും വിലക്കുക.
-രാത്രി കാലങ്ങളിൽ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകൾ രാത്രി കാലത്തുണ്ടാവുന്ന ഇടിമിന്നലിൽനിന്നും കേടുപാടുകൾ ഉണ്ടാവാതിരിക്കാനായി ഊരി ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക.
– മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.
-മുൻ അനുഭവങ്ങളിൽ മഴക്കാറ് കണ്ട് വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കുക.
*പൊതു നിര്‍ദേശങ്ങള്‍*
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
– ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക.
– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ഫോൺ ഉപയോഗിക്കരുത്.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
– പട്ടം പറത്തുവാൻ പാടില്ല.
– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.