തൃശ്ശൂര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മായന്നൂരില്‍ നിന്ന് ഒളിച്ചോടിയ 6 കുട്ടികളെ കണ്ടെത്തി. ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
മായന്നൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ഇവര്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വൈകീട്ടാണ് അറിഞ്ഞത്. പോലീസും നാട്ടുകാരും ഒരു രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനോടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.
ഒറ്റപ്പാലത്തിന് അടുത്ത് കുളപ്പുള്ളിയിലെ ഒരു ക്ഷേത്രത്തിന് അടുത്താണ് കുട്ടികള്‍ രാത്രി ചിലവഴിച്ചതെന്ന്. കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗണ്‍സിലിങ് നടത്തി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിന് കലാശക്കൊട്ട് അവസാനിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ചാണ് മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിന്റെ ഔദ്യോഗികസമാപനം നാളെയാണ്. വോട്ടെടുപ്പ് തിങ്കളാഴ്ച.
പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ നാളെ വൈകീട്ട് ആറുമണിവരെ സമയമുണ്ടെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ മുന്നണികള്‍ കലാശക്കൊട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പാലാ നഗരത്തിന്റെ മൂന്നിടങ്ങളിലായി മുന്നണികള്‍ ഇപ്പോള്‍ കൊട്ടിക്കയറുകയാണ്.
ബംഗാൾ എംപിമാരുടെ നൃത്ത വിഡിയോ വൈറൽ. തൃണമൂല്‍ ലോക്‌സഭാംഗം നുസ്രത്ത് ജഹാന്റെയും മിമി ചക്രവര്‍ത്തിയുടെയും നൃത്ത വീഡിയോയാണ് വൈറലായത്. ബംഗാളിലെ ദുർഗാപൂജയോടനുബന്ധിച്ച് ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള നൃത്തവിഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സ്ത്രീ ശക്തിയുടെ പ്രതീകമായ മാ ദുർഗയോടുള്ള ആദരസൂചകമായാണ് തൃണമുൽ എംപിമാർ നൃത്തം ചെയ്തത്. പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു നൃത്തം.
ക്യാപ്റ്റന്‍ ടിഎംടി എന്ന യൂസര്‍നെയിമില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒരുമില്ല്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞു. ബംഗാളില്‍ അടുത്ത മാസം നാലുമുതല്‍ എട്ടുവരെയാണ് ദുർഗാപൂജ ആഘോഷങ്ങൾ. നാടുമുഴുവൻ ഒരുമിച്ച് ആഘോഷിക്കുന്ന വേളകൂടിയാണിത്.
തിരുവനന്തപുരം ∙ പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ഫോണുകള്‍ മണിമലയാറ്റില്‍ ഒഴുക്കിയതായി കേസിലെ പ്രതികളായ സഫീറും പ്രണവും. മുണ്ടക്കയത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ മഴക്കാലത്താണ് ഫോണുകള്‍ നദിയില്‍ ഒഴുക്കിയത്. കൂട്ടുകാരന്റെ കുടുംബത്തിനു പഞ്ചായത്തില്‍നിന്ന് ലഭിച്ചതാണ് വീട്. അച്ഛനും അമ്മയും ആ വീട്ടില്‍ താമസമില്ലാത്തതിനാലാണ് ദിവസങ്ങളോളം ഒളിവില്‍ കഴിയാന്‍ സാധിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. ശിവരഞ്ജിത്തിന്റെ സ്മാര്‍ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.
നസീമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കേസിലെ മറ്റു പ്രതികളായ നസീമും ശിവരഞ്ജിത്തും വെളിപ്പെടുത്തിയത്. പ്രതികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ സഫീറിനെയും പ്രണവിനെയും മുണ്ടക്കയത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ചും തെളിവെടുത്തു.
പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്‍ട് വാച്ചുകള്‍ പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില്‍ പോയപ്പോള്‍ ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞത്.
പരീക്ഷാ തട്ടിപ്പു കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളാകുമെന്നു സൂചന. കേസിലെ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉത്തരങ്ങൾ നൽകി സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് കുരുക്ക് മുറുകുന്നത്. കൂടുതൽ പേർ തട്ടിപ്പിനു സഹായിച്ചതായി അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയ പ്രണവ് സഹായിച്ചവരെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രണവിന്റെയും മറ്റൊരു പ്രതിയായ സഫീറിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
കേസിലെ മുഖ്യസൂത്രധാരൻ പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റു പ്രതികളുടെ മൊഴിയും ഇത് ശരി വയ്ക്കുന്നു. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സഹായിച്ചുവെന്നതിൽ കവിഞ്ഞ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പ്രണവ് വിശദ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.
സുഹ്യത്തായ ഒരു വിദ്യാർഥി ചോദ്യപേപ്പർ പുറത്ത് എത്തിച്ചുവെന്നും മറ്റു ചില സുഹ്യത്തുക്കൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രണവ് കൂടുതൽ ചോദ്യം ചെയ്യലിൽ പേര് വെളിപ്പെടുത്താതെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തീരുമാനിച്ചത് . ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മോഹന്‍ലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ജൂണിലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍ ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.
ഇതിനിടയില്‍ താരത്തിന്റെ കൈയ്യിലുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായതായി മലയാറ്റൂര്‍ ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗോ ബാക്ക് മോദി മുദ്രാവാക്യമുയര്‍ത്തി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍.
ഗോ ബാക്ക് മോദി, സേവ് കശ്മീര്‍, സ്റ്റാന്റ് വിത്ത് കശ്മീര്‍ എന്നീ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.
ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലികവുമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന വ്യക്തിയായ പീറ്റര്‍ ഫ്രീഡ്രിക്കും പ്രതിഷേധത്തിനൊപ്പം നിലകൊണ്ടു. മനുഷ്യരാശിക്കെതിരായ മോദിയുടെ കുറ്റകൃത്യങ്ങളില്‍ അമേരിക്കയും പങ്കാളികളാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോദിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോദി റാലിയേയും അദ്ദേഹം വിമര്‍ശിച്ചു. മോദിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്ത് കൈവീശുന്നവരും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയാണ്. അതില്‍ നിന്നും അവര്‍ക്ക് കൈകഴുകാനാവില്ല. – അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസിനെ കുറിച്ചും വൈറ്റ് മേധാവിത്വത്തെ കുറിച്ചും അദ്ദേഹം തുടര്‍ന്ന് സംസാരിച്ചു.
ആര്‍എസ്എസ്, വൈറ്റ് മേധാവിത്വവുമായി ബന്ധപ്പെട്ടും നാസി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുമുള്ള ലേഖനങ്ങളഉം അദ്ദേഹം 16 സിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കൈമാറി. ഹൗഡി മോദി’ എന്ന് പറയുന്നതിനുപകരം ആളുകള്‍ ‘Adios Modi ( മോദിക്ക് വിട) എന്ന് പറയണമെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെയും കശ്മീര്‍ സ്വദേശിയും കൗണ്‍സില്‍ അംഗവുമായ യുവതിയും രംഗത്തെത്തി.
കഴിഞ്ഞ നാല്‍പ്പത് ദിവസമായി തന്റെ പിതാവുമായി സംസാരിക്കാനോ അദ്ദേഹത്തിന്റെ വിവരം അറിയാനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. കൗണ്‍സിലിലെ ചില അംഗങ്ങള്‍ ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടി ആസിഫയെ അനുസ്മരിച്ചും സംസാരിച്ചു.
ഡൊണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ഹൂസ്റ്റണില്‍ നടക്കുന്ന ഒരു മെഗാ പരിപാടിയാണ് ഹൗഡി മോദി. സെപ്റ്റംബര്‍ 22- നാണ് പരിപാടി. ഒരു യു.എസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്ന ആദ്യപരിപാടിയാണ് ഇത്.
ജി 20, ജി 7 ഉച്ചകോടികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കു ശേഷം ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള തുടര്‍ച്ചയായ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.
ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 22- ന് നടക്കുന്ന ”ഹൗഡി,മോദി! ഷെയര്‍ഡ് ഡ്രീംസ്, ബ്രൈറ്റ് ഫ്യൂച്ചേഴ്സ്” പരിപാടിയില്‍ പങ്കെടുക്കാന്‍ യു. എസിലുടനീളമുള്ള 50,000 ത്തിലധികം ഇന്ത്യന്‍-അമേരിക്കക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സൗഹൃദപരമായ അഭിവാദ്യമാണ് ‘ഹൗഡി ‘,’ നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു? ‘എന്നതിന്റെ ചുരുക്കമാണ് ഇത്.
മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ്. ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചു തുടങ്ങിയപ്പോഴാണ് ജോര്‍ജ്ജ് അതില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചത്.
പത്രസമ്മേളനത്തിനല്ല, തന്റെ മെസേജ് നിങ്ങള്‍ക്ക് തരാനാണ് താന്‍ വന്നതെന്നും മുത്തൂറ്റ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു. എന്നാല്‍ ഒരുമണിക്കൂറോളം താങ്കളെ കേട്ട ഞങ്ങള്‍ പറയുന്നതുകൂടി കേള്‍ക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ‘കേള്‍ക്കുകേല, കാരണം ഇതിനുള്ള മാര്‍ക്‌സിസ്റ്റ് അനുഭാവികളുണ്ട്..’ എന്ന് ജോര്‍ജ്ജ് പറഞ്ഞത്. ജോര്‍ജ്ജിനെ തുടരാന്‍ അനുവദിക്കാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ‘എന്ത് വൃത്തികേടാ ഈ പറയുന്നത്? പത്രസമ്മേളനം വിളിച്ചിട്ട് ധാര്‍ഷ്ട്യം പറയുന്നോ?’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചു ചോദിച്ചു. അതോടെ ‘വൃത്തികേട്’ എന്ന വാക്ക് പിന്‍വലിക്കണമെന്നായി ജോര്‍ജ്ജിന്റെ നിലപാട്.
നേരത്തെ പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ അനുവദിക്കില്ലെന്നും അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെവിടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന് നിയമപരമായി തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെയാണ് അത് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ് ചെയര്‍മാന്‍ പറയുന്നത്. മുത്തൂറ്റില്‍ തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി മാനേജ്‌മെന്റിന് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് മുത്തൂറ്റ് ചെയര്‍മാന്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയത്. വേണ്ടിവന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ശാഖകളും താന്‍ പൂട്ടുമെന്നും ജോര്‍ജ്ജ് ഭീഷണി മുഴക്കി. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ലെന്നും ജോര്‍ജ്ജിന്റെ ഭീഷണിയില്‍ പറയുന്നു.
എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞു.
സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഗോ ബാക്ക് വിളികളുമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കേന്ദ്രമന്ത്രിയെ തടഞ്ഞത്. പിന്നീട് അദ്ദേഹം സര്‍വകലാശാല കാമ്പസില്‍നിന്ന് മടങ്ങാന്‍ ഒരുങ്ങവെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് പരാതി.
രാഷ്ട്രീയം കളിക്കാനല്ല സര്‍വകലാശാലയില്‍ എത്തിയതെന്ന് അദ്ദേഹം പിന്നീട് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചില വിദ്യാര്‍ഥികളുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചു. തന്നെ തടയുകയും മുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. നക്‌സലുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചതെന്നും കേന്ദ്ര സഹമന്ത്രി ആരോപിച്ചു. സര്‍വകലാശാല വി.സി സുരഞ്ജന്‍ ദാസ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിരിഞ്ഞുപോയില്ല.
ഫാസിസ്റ്റ് ശക്തികളെ കാമ്പസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.ബാലുല്‍ സുപ്രിയോയുടെ സുരക്ഷാ ഗാര്‍ഡ് ഒരു വിദ്യാര്‍ഥിനിനെ തല്ലിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
അതിനിടെ, സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ തടഞ്ഞത് ഗൗരവതരമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ പ്രതിഫലനമാണ് സംഭവമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അദ്ദേഹം ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി. സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോകത്തെ മുഴുവൻ പ്രവാസികളുടെ മൂന്നിലൊരുഭാഗം പ്രധാനമായും 10 രാജ്യങ്ങളിൽ നിന്ന്. ഇന്ത്യയിൽ നിന്ന് ആകെ 18 മില്യൻ ആളുകളാണ് പ്രവാസജീവിതം നയിക്കുന്നത്. 2019ൽ ആഗോള പ്രവാസികളുടെ എണ്ണം 272 മില്യൺ ആയി വർദ്ധിച്ചു. 2010 ലെ കണക്കിനേക്കാൾ 51 മില്യൺ ആളുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെക്സിക്കോ രണ്ടാമതും (12 മില്യൺ) ചൈന മൂന്നാമതും (11 മില്യൻ) റഷ്യൻ ഫെഡറേഷൻ നാലാമതും സ്ഥാനങ്ങളിൽ നിൽക്കുന്നു.
യു എൻ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് നടത്തിയ സർവേഫലം ആണ് ഇത്. ഈ റിപ്പോർട്ട് പ്രകാരം ഇന്റർനാഷണൽ മൈഗ്രേഷൻസിനെ വയസ്സ്, ലിംഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ലോകവ്യാപകമായി സെൻസസിലൂടെ നാഷണാലിറ്റി, അഥവാ പൗരത്വം അറിയാൻ സാധിക്കുന്നു. മാത്രമല്ല പ്രവാസി സമൂഹം അതാതു രാജ്യങ്ങൾക്കു നൽകിയ സാമ്പത്തികമായ സംഭാവനകളിലൂടെ രാജ്യത്തിന് കൈവന്ന പുരോഗതിയുടെയും ,വളർച്ചയുടെയും കണക്കുകൾ വിലയിരുത്തുവാനും കഴിയുന്നുണ്ട് .
അനധികൃത കുടിയേറ്റവും അതുമൂലം ഉണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും ഈ വർഷം യു എൻ നിൻെറ ചർച്ചാ വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണ് .
കോതമംഗലം പളളിയിൽ സംഘർഷം. പളളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാൻ എത്തിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഉണ്ടായ കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി.
പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചുമാറ്റാൻ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത്. ഇക്കാര്യമാരോപിച്ച് പൊലീസിലും പരാതി നൽകിയിരുന്നു. തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റിൽ വെച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.