India

പൗരത്വപട്ടികയില്‍ നിന്ന് പുറത്താകുന്നവരെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിന് മാത്രമല്ല, രാജ്യത്തിനാകെ ബാധകമാണ് ദേശീയ പൗരത്വ പട്ടിക. രാജ്യത്തുടനീളം ഇത് നടപ്പാക്കും. അസം പൗരത്വ പട്ടിക എന്നല്ല ദേശീയ പൗരത്വ പട്ടിക എന്നാണ് പേര്. ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കും. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഹിന്ദി പത്രം ഹിന്ദുസ്ഥാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ ഇംഗ്ലണ്ടിലോ നെതര്‍ലാന്‍ഡ്‌സിലോ അമേരിക്കയിലോ പോയി കുടിയേറാന്‍ നോക്കൂ. നിങ്ങളെ അവര്‍ അകത്ത് കയറ്റില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെ ഇന്ത്യയിലേയ്ക്ക് വെറുതെ വന്ന് ഇവിടെ താമസമാക്കാന്‍ കഴിയും? – അമിത് ഷാ ചോദിച്ചു. ഒരു രാജ്യവും ഇങ്ങനെയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ പട്ടികയുണ്ടാവുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അസമില്‍ മാത്രമല്ല, രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പാക്കുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് രജിസ്റ്ററുണ്ടാകും. മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും – അമിത് ഷാ പറഞ്ഞു.

ഈ രാജ്യത്തെ ജനങ്ങള്‍ 2019ല്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഞങ്ങള്‍ എന്‍ആര്‍സിയുമായി മുന്നോട്ട് പോകും. പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ നിയമപരമായ നടപടികള്‍ക്ക് ശേഷം രാജ്യത്ത് നിന്ന് പുറത്താക്കും – അമിത് ഷാ പറഞ്ഞു. അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ട്രൈബ്യൂണലിനെ സമീപിക്കാം. അഭിഭാഷകരെ വയ്ക്കാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവത്തിന്റെ ലോഗോ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും പരമാധ്യക്ഷ്യനും ആയ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത ജലോത്സവ സമിതി ചെയർമാൻ സിനു രാധേയത്തിന് നല്കി പ്രകാശനം ചെയ്തു. പ്രസിഡൻറ് ബിൽബി മാത്യംവിന്റെ അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ ഉൾപ്പെടുത്തി ജലോത്സവം സംഘടിപ്പിക്കുവാൻ ഉള്ള സംഘാടക സമിതിയുടെ തീരുമാനത്തെ മെത്രാപോലീത്ത അഭിനന്ദിച്ചു.
സിബി സാം തോട്ടത്തിൽ ,വൈസ് ചെയർമാൻ സജീവ് എൻ.ജെ ,ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, അനിൽ ജോർജ് ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

ഒരു തുഴ മുതൽ 5 തുഴ വരെയുള്ള തടി ഫെബർ വള്ളങ്ങളെ കൂടാതെ വെപ്പ് , ഓടി, ചുരുളൻ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. ഒക്ടോബർ 1 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

വിശാഖ് എസ് രാജ്‌

വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവർ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോർ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങൾ ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പുതിയ നിയമത്തിനെതിരെ ഉന്നയിച്ചത്.നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണമെന്ന ‘നൂതന’മായ ആശയവും അവർ മുന്നോട്ടു വെച്ചു.ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ നന്നാക്കിയിട്ടേ പിഴത്തുക കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നുകൂടി ഒരു നേതാവ് പറഞ്ഞുകളഞ്ഞു.റോഡുകൾ നല്ലതാവണമെന്ന ബോധ്യം ചിലർക്ക് വരാനെങ്കിലും പുതിയ നിയമം ഉപകരിച്ചു എന്നത് നല്ല കാര്യം.

പ്രതിദിനം 98 ബൈക്ക് യാത്രികർ ഹെൽമറ്റ് ഉപയോഗിക്കാത്തതിനാൽ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ജീവൻ വെടിയുന്നവർ പ്രതിദിനം 79 പേർ.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടമുണ്ടായവർ ഒൻപത് പേർ.ജീവൻ നഷ്ടമായരുടെ കണക്കുകൾ ആണിത്.ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവർ ഈ കണക്കുകളിലും മുകളിൽ ആയിരിക്കും.

ബോധവൽക്കരണമോ ഉപദേശമോകൊണ്ട് കണക്കുകളിൽ കുറവുണ്ടാകുമെന്ന് കരുതാനാവില്ല.നിയമം എന്തിനാണെന്നും ആർക്കുവേണ്ടിയാണെന്നും കൃത്യമായി ബോധ്യമുള്ള പൗരന്മാർ തന്നെയാണ് ഇവിടുള്ളത്.അനുസരിക്കാൻ മടിയാണെന്ന് മാത്രം. ചെറിയ തുക അടച്ചാൽ കുറ്റത്തിൽ നിന്ന് ഒഴിവാകുമെങ്കിൽ ആ കുറ്റം തുടർന്നുകൊണ്ടേയിരിക്കും.5000 രൂപ പിഴ കിട്ടുമെന്ന് ഭയന്ന് ഹെൽമറ്റ് വെയ്ക്കാതെ/ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ മടി കാണിച്ച പരിചയക്കാർ നമ്മുക്കിടയിൽ ഉണ്ടാവില്ലേ?ഇതേ കുറ്റത്തിന് 100 രൂപ പിഴ ആണെങ്കിലോ?അഥവാ പിടിക്കപ്പെട്ടാലും 100 കൊടുത്ത് രക്ഷപെടാം എന്നു ചിന്തിക്കുന്ന കുറേയധികം പേരെ നമ്മുക്ക് അറിയാം. ഉയർന്ന പിഴ ചുമത്തുന്നതിനെ ഒരു രാഷ്ട്രീയ നേതാവ് എതിർക്കുമ്പോൾ ജനങ്ങളുടെ കുറ്റം ചെയ്യാൻ ഉള്ള വാസനയെ അയാൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.അയാളുടെ ഉന്നം കിട്ടാനിടയുള്ള കുറച്ചു വോട്ടുകൾ ആണ്.ദിവസം 98 ജീവനുകൾ എന്നത് അയാളുടെ വിഷയമേ അല്ല ജനങ്ങൾക്ക് ഒപ്പം നിന്നു എന്ന തോന്നാലുണ്ടാക്കുകയാണ് ലക്ഷ്യം.എത്ര വലിയ ജനാധിപത്യം ആണെങ്കിലും ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അംഗീകരിച്ചുകൊണ്ട് ഭരിക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല.അത് നാടിന് ഗുണം ചെയ്യുകയുമില്ല.വിദേശ രാജ്യങ്ങൾ ചെല്ലുമ്പോൾ ഇത്തരം നിയമങ്ങൾ കണ്ടാൽ നാം അനുസരണാ ശീലമുള്ളവരായി മാറും.നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന അധികാരികളെ നാം വാഴ്ത്തും.പക്ഷെ സ്വന്തം നാട്ടിൽ അതൊന്നും വേണ്ടാ എന്ന നിലപാട് എടുക്കുകയും ചെയ്യും.


റോഡുകൾ നന്നാക്കിയിട്ട് മതി പുതിയ നിയമം നടപ്പിലാക്കാൻ എന്ന സന്ദേശമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാം. നല്ല റോഡുകൾ വേണ്ടത് തന്നെ. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കടമയാണതെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ കടമ നിറവേറ്റാത്ത പക്ഷം ഏത് സർക്കാരിനെയും പാർട്ടിയെയും ട്രോളുന്നതിൽ തെറ്റുമില്ല.പക്ഷേ റോഡ് നന്നായാൽ ഉടനെ വാഹന നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടും എന്നുള്ളതിന് എന്താണുറപ്പ്?. ഇപ്പോൾ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ നല്ല റോഡുകൾ ഇല്ലാത്തതിനോടുള്ള പ്രതിഷേധ പ്രകടനങ്ങൾ ആണോ?. അതോ മോശപ്പെട്ട റോഡുകളിൽ മാത്രം ആണോ ആളുകൾ ഹെൽമറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത്?. മോശം റോഡിൽ നിന്ന് നല്ല റോഡിലേയ്ക്ക് വണ്ടി കയറുമ്പോൾ ഹെൽമറ്റ് വെക്കുമായിരിക്കും. കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമായിരിക്കും. x-നോട് നന്നാവാൻ പറയുമ്പോൾ Y നന്നായിട്ട് നോക്കാം എന്ന് പറയുമ്പോലെ ഉള്ള ഒരു വാദം മാത്രമാണ് തകർന്ന് റോഡുകളോടുള്ള ഈ സ്നേഹം. മറ്റൊന്ന് അഴിമതി കൂടും എന്നുള്ള ആരോപണമാണ്. അഴിമതി നാട്ടിൽ ഇപ്പോൾ ഒട്ടും ഇല്ലാത്തതാണെങ്കിൽ അംഗീകരിക്കാമായിരുന്ന വാദഗതി ആണിത്. അഴിമതി ഉണ്ടെങ്കിൽ തടയാൻ ആർജവം ഉള്ള ഭരണം സംവിധാന വേണം. റോഡിൽ മാത്രമല്ലല്ലോ നമ്മുടെ നാട്ടിൽ അഴിമതിയുള്ളത്. പഴയ അഴിമതി അവിടെ നിൽക്കട്ടെ ,പുതിയത് വരാതെ നോക്കാമെന്നുള്ള ഉദ്ദേശശുദ്ധി മഹത്തരംതന്നെ.

 

 

 

വിശാഖ് എസ് രാജ്‌, മുണ്ടക്കയം

ഓയൂർ : യുവതിയുടെ മൃതദേഹവുമായി ഓയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയയാളെ ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്നു തടഞ്ഞുവച്ച് പൊലീസിനു കൈമാറി. തിരുവനന്തപുരം ആര്യനാട് മുതാക്കൽ പരമേശ്വരം സ്വദേശിയും പൂയപ്പള്ളി തച്ചോണം സന്തോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ഹരിദാസാണ് ഒപ്പം താമസിച്ചിരുന്ന ശോഭന എന്നു വിളിക്കുന്ന ഡാലി(42)യുടെ മൃതദേഹവുമായി ആശുപത്രിയിൽ എത്തിയത്.

തിങ്കളാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഓട്ടോയിലാണ് ഹരിദാസ് ഡാലിയുമായി ആശുപത്രിയിൽ എത്തിയത്. യുവതിയെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരിച്ചു വേണമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയാണെന്നും ഹരിദാസ് പറഞ്ഞു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൂയപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രണ്ടു കുട്ടികളുടെ മാതാവായ ഡാലി 3 വർഷമായി ഹരിദാസിനൊപ്പം താമസിച്ചു വരികയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡാലി തൂങ്ങി മരിച്ചതാണെന്നു ഹരിദാസ് പറഞ്ഞതിനെത്തുടർന്നു വീട്ടിൽ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

രാജ്യത്ത് നിര്‍മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകള്‍ കംപ്യൂട്ടര്‍ തകര്‍ത്ത് മോഷ്ടിച്ചു. നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വിമാന വാഹിനി കപ്പലിലാണ് കള്ളവ് നടന്നിരിക്കുന്നത്.തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതായി പോലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിച്ചത്. കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.ക്ക് കൈമാറി.

നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. കപപല്‍ ശാലയുടെ ഉടമസ്ഥായിലുള്ളതാണ മോഷ്ടിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌കുകള്‍.

2009-ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2021-ല്‍ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആരംഭം മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കപ്പല്‍ശാല. സംഭവത്തില്‍ അട്ടിമറി സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിത്. കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തതിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് നാവികസേന അറിയിച്ചു. അതെപ്പറ്റി ആശങ്ക വേണ്ട. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിതെന്നും അവര് അറിയിച്ചു.

ഇതുവരെ ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒയുടെ കമ്മിറ്റി ഉടന്‍ പുറത്തുവിടും. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് സെപ്റ്റംബര്‍ 10ന്റെ ട്വീറ്റില്‍ ഐഎസ്ആര്‍ഒ അറിയിച്ചത്. എന്നാല്‍ ഇന്നലെ പുറത്തുവന്ന ഏറ്റവും ഒടുവിലത്തെ ട്വീറ്റില്‍ ഐഎസ്ആര്‍ഒ പറയുന്നത് “പിന്തുണച്ചതിന് നന്ദി” എന്നാണ്. “ലോകത്താകെയുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകളുടേയും സ്വപ്‌നങ്ങളുടേയും ചിറകിലേറി ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും” എന്ന് ഐഎസ്ആര്‍ഒ ഗ്രാഫിക് ചിത്രം സഹിതം പറയുന്നു.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ലക്ഷ്യമിട്ട വിക്രം ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സ്ഥലത്തിന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയും പിന്നീട് കണ്ടെത്തുകയുമായിരുന്നു. അതേസമയം വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രം ലഭ്യമായെങ്കിലും ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ചാന്ദ്ര ദിവസം, അതായത് ഭൂമിയിലെ 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. ഇത് ഈ മാസം 21ന് (ശനിയാഴ്ച) അവസാനിക്കുകയാണ്.

സോഫ്റ്റ്‌ ലാന്‍ഡിംഗ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഐഎസ്ആര്‍ഒ കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്ക് മുമ്പായി കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി പുറത്തുവിടും. കമ്മിറ്റി പല തവണ യോഗം ചേര്‍ന്ന് മിക്കവാറും കാര്യങ്ങളില്‍ അന്തിമ നിഗമനങ്ങളിലെത്തിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചയോടെ ചന്ദ്രനില്‍ രാത്രിയാവുകയാണ്. ഇത് 14 ഭൗമ ദിനങ്ങള്‍ക്ക് തുല്യമാണ്. അതി തീവ്രമായ തണുപ്പായിരിക്കും ഈ സമയം. മൈനസ് 200 ഡിഗ്രിയിലായിരിക്കും വിക്രം ലാന്‍ഡര്‍. ലാന്‍ഡര്‍ പ്രവര്‍ത്തനരഹിതമാകും.

ലാന്‍ഡറിനകത്തുള്ള പ്രഗ്യാന്‍ റോവര്‍ എന്ന റോബോട്ടിക് വെഹിക്കിള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കേണ്ടതായിരുന്നു. സോഫ്റ്റ്‌ലാന്‍ഡിംഗ് വിജയകരമായിരുന്നെങ്കില്‍ ചന്ദ്രനില്‍ ഇത്തരത്തില്‍ ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യവുമാകുമായിരുന്നു ഇന്ത്യ.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലായിൽ പ്രചാരണത്തിനെത്തും. മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിൽ മാണി സി. കാപ്പന് വേണ്ടി മുഖ്യമന്ത്രി വോട്ടു തേടും.മേലുകാവില്‍ 10 മണിക്കാണ് ആദ്യ പ്രചരണം. ഒരു ദിവസം മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. 20ന് വൈകിട്ട് പാലായില്‍ നടക്കുന്ന യോഗത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികളുടെ സമാപനം.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയും ഇന്ന് പാലായിലെത്തും. പാലാ നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാവും ആന്റണിയുടെ വോട്ടഭ്യർഥന.ഏത് വിധേനയും മണ്ഡലം പിടിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് മുതിർന്ന നേതാക്കള്‍ തന്നെ കളത്തില്‍ ഇറങ്ങുന്നത്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫ്‌ളാറ്റുകളുടെ ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്‌ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഫ്‌ളാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിലെ കെ.കെ നായരാണ് ഹര്‍ജിക്കാരന്‍. താന്‍ കൃത്യമായി നികുതി നല്‍കുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും അതിനാല്‍ നഗരസഭ പതിച്ച നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

സെപ്തംബര്‍ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാൻ നഗരസഭ നൽകിയ സമയപരിധി തീർന്നിട്ടും ഒരു താമസക്കാർ പൊലും മാറിയിട്ടില്ല.

മറയൂർ : പട്ടാപ്പകൽ നാട്ടുകാരുടെ മുന്നിൽ യുവാവ് പിതൃസഹോദരന്റെ കാൽ വെട്ടി മാറ്റി. കാന്തല്ലൂർ കർശനാട് സ്വദേശി മുരുകനാണ് (40) പിതാവിന്റെ ഇളയ സഹോദരനായ മുത്തുപാണ്ടിയുടെ (65) ഇടതുകാൽ വാക്കത്തികൊണ്ട് വെട്ടി മാറ്റിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ പത്തോടെ കോവിൽക്കടവ് ഓട്ടോ സ്റ്റാൻഡിനു സമീപമാണ് സംഭവം.

അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന മുത്തുപാണ്ടിയെ പൊലീസ് ഇൻസ്‌പെക്ടർ വി.ആർ.ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അറ്റുപോയ കാൽ തുന്നിച്ചേർക്കാനാകില്ലെന്നു കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് രാജപാളയത്തെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാനായി മുത്തുപാണ്ടിയും മുരുകനും ഒരുമിച്ച് പോയിരുന്നു. അന്നുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. മുരുകനെതിരെ പൊലീസിൽ കേസ് കൊടുക്കുമെന്ന് മുത്തുപാണ്ടി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് മുരുകൻ മുത്തുപാണ്ടിയുടെ കാൽ വെട്ടിയതെന്നും മറയൂർ പൊലീസ് പറയുന്നു.

ജാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികൻ തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി ജോൺ വടക്കേടത്തു പറമ്പിൽ പൊലീസ് കസ്റ്റഡിയിലെയും ജയിലിലെയും ദുരിതങ്ങളെക്കുറിച്ചു പറയുന്നു

ഭഗൽപുർ രൂപതയുടെ കീഴിലുള്ള രാജധ മിഷനിൽ ഒന്നര വർഷമായി ഞാൻ വൈദികനാണ്. 2010ൽ ആണു മിഷൻ സ്ഥാപിക്കുന്നതിനായി രൂപത ഇവിടെ 22 ഏക്കർ സ്ഥലം വാങ്ങിയത്. ഒന്നര മാസം മുൻപ്, ചിലർ ഇവിടെ എത്തി മതിൽ തകർത്തു. ഈ സമയം പ്രധാന വികാരിയും അസി. വികാരിയും അവധിയിലായിരുന്നു. മതിൽ തകർത്തവരുടെ ഭാഷ എനിക്കറിയില്ല. സ്ഥലം വിട്ടുതരില്ലെന്നും നിർമാണം നടത്താൻ അനുവദിക്കില്ലെന്നുമൊക്കെ അവർ ഉച്ചത്തിൽ പറഞ്ഞു. തൊട്ടു പിന്നാലെ ഇവർ ഗൊദ്ദ ജില്ലയിലെ ദേവദാദ് പൊലീസ് സ്റ്റേഷനിൽ എനിക്കെതിരെ പരാതി നൽകി. പൊലീസ് എന്നെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു.

ഭാഷ അറിയാത്തതിനാൽ, ഇടവകാംഗങ്ങളായ ജാർഖണ്ഡ് സ്വദേശികൾ മുന്ന ഹസ്ത, ചാർളി എന്നിവരുമൊത്താണു സ്റ്റേഷനിലെത്തിയത്. സ്ഥലം വാങ്ങിയതു സംബന്ധിച്ച എല്ലാ രേഖകളും പൊലീസിനെ കാട്ടി. ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു കേസെടുത്തില്ല.

ഈ മാസം 3 ന് അവിടത്തെ പ്രധാന മാധ്യമത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചു. ഞാൻ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വാർത്ത. ആറാം തീയതി രാവിലെ കുർബാനയ്ക്കു ശേഷം പുറത്തിറങ്ങുമ്പോൾ പൊലീസ് വന്നു. ഗൊദ്ദ ജില്ലയിലെ എസ്പിയുടെ മുന്നിലെത്തണമെന്നും എസ്പിക്കു സംസാരിക്കണമെന്നും പറഞ്ഞു. ഞാനും മുന്നയും കൂടി പൊലീസുകാർക്കൊപ്പം പോയി. ദേവദാദ് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ 8 മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെ ഞങ്ങളിരുവരെയും സ്റ്റേഷനിലിരുത്തി. തുടർന്ന് എസ്പി ഓഫിസിലെത്തിച്ചു.

പ്രവേശന കവാടത്തിൽ വച്ചു കൈവിലങ്ങ് അണിയിച്ച്, കറുത്ത തുണി കൊണ്ടു തലകൾ മൂടിയ ശേഷമാണ് എസ്പിയുടെ മുന്നിലെത്തിച്ചത്. എസ്പി, മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി. മതപരിവർത്തനത്തിന്റെ പേരിൽ 2 പേരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞു. കറുത്ത തുണി മാറ്റി ഞങ്ങളുടെ ചിത്രം പകർത്താൻ എസ്പി മാധ്യമങ്ങൾക്ക് അവസരമൊരുക്കി.

പൊലീസുകാർ ഞങ്ങളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെ കാണിക്കാതെ ചീട്ടെഴുതി വാങ്ങിയ ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയില്ലെന്നു മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം പൊലീസിനോടു ചൂടായി. ഹൃദ്രോഗിയാണെന്നും പേസ്മേക്കറിന്റെ സഹായത്തോടെയാണു ജീവിക്കുന്നതെന്നും മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, ജയിലിൽ നല്ല സൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ റിമാൻഡ് ചെയ്തു. ജയിലിലെത്തിച്ച് ഏഴാം ദിനം എനിക്ക് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ജയിലിലെ കംപൗണ്ടർ എത്തി എന്റെ തുടയിൽ വേദനസംഹാരി കുത്തിവച്ചു. കുഴഞ്ഞു വീണു. ഞായറാഴ്ചയായപ്പോൾ ‌നില വഷളായി. എന്നിട്ടും എന്നെ ആശുപത്രിയിലെത്തിക്കാൻ ഇവർ തയാറായില്ല.

‘‘മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. നെഞ്ചുവേദന എടുക്കുന്നുവെന്നും ആശുപത്രിയിലെത്തിക്കണമെന്നും മരിച്ചു പോകുമെന്നും കരഞ്ഞു പറഞ്ഞപ്പോൾ പനിക്കുള്ള ഗുളിക മാത്രമാണു നൽകിയത്. പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന എന്നെ ചികിത്സിച്ചത് ജയിലിലെ കംപൗണ്ടറായിരുന്നു. ജയിലിൽ നിന്നു 2 മിനിറ്റ് യാത്ര മാത്രമേ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. പക്ഷേ, ആശുപത്രിയിലെത്തിക്കാതെ എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നല്ലവനായ ജയിലർ ഇടപെട്ടതിനാലാണു ഞാൻ രക്ഷപ്പെട്ടത്.

ജയിലർ മുണ്ട സാഹിബ് ഇടപെട്ടാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർ എന്നെ അഡ്മിറ്റ് ചെയ്തു. ഞാൻ ഛർദിച്ച് അവശനായി. പിറ്റേന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിക്കാനായിരുന്നു എസ്പിയുടെ നീക്കം. തിങ്കളാഴ്ച വൈകിട്ട് ജാമ്യം ലഭിച്ചു. ലാൽമട്ടിയയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലാണിപ്പോൾ. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്താനാണ് ആലോചന.

ഇതേ ആശുപത്രിയിൽ 2 വർഷം മുൻപാണ് എന്റെ ശരീരത്തിൽ പേസ് മേക്കർ ഘടിപ്പിച്ചത്. യാത്ര ചെയ്യാൻ കഴിയുന്ന സ്ഥിതിയെത്തുമ്പോൾ കൊച്ചിയിൽ എത്തിക്കാമെന്നു ഭഗൽപുർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ അറിയിച്ചിട്ടുണ്ട്. ഒരു പാട് പേർ എന്റെ മോചനത്തിനായി പ്രവർത്തിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് എന്നോടൊപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ട്…’’

Copyright © . All rights reserved