India

തമിഴ്നാട്ടില്‍ വീണ്ടും ജാതിവിവേചനം. ശ്മശാനം അനുവദിക്കാതെ, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല.

മധുരയിലെ പേരായുര്‍ ഗ്രാമത്തിലെ ദലിതര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഗ്രാമവാസിയായ ഷണ്‍മുഖവേലിന്‍റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ മഴ കൂടി. പാതി കത്തിയ മൃതദേഹം സംസ്കരിക്കാന്‍ സമീപത്തെ ശമ്ശാനത്തില്‍ ഇടം ചോദിച്ചെങ്കിലും ലഭിച്ചില്ല. വീണ്ടും കേണപേക്ഷിച്ചെങ്കിലും മുന്നാക്ക വിഭാഗക്കാര്‍ ശ്മശാനം നല്‍കിയില്ല. മഴ പെയ്തൊഴിയുന്നത് വരെ ഷണ്‍മുഖവേലിന്‍റെ മൃതദേഹം പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മൂടി. ഒടുവില്‍ മഴയില്‍ കുതിര്‍ന്ന മൃതദേഹം മറ്റു വഴികളില്ലാതെ ഇവര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

ഷണ്‍മുഖവേലിന്‍റെ കുടുംബം പേരായുര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയാറായിട്ടില്ല. മുന്നാക്ക വിഭാഗക്കാരുടെ ശ്മശാനത്തില്‍ ഇടം ചോദിച്ചതാണ് പ്രശ്മനമായതെന്ന നിലപാടിലാണ് പൊലീസ്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുന്നാക്ക വിഭാഗം ശ്മശാനത്തിലേക്കുള്ള വഴിയടച്ചതോടെ ദളിതന്‍റെ മൃതദേഹം പാലത്തിലൂടെ കെട്ടിയിറക്കി വെല്ലൂരില്‍ സംസ്കരിച്ചത്. സര്‍ക്കാര്‍ നടപടി കാര്യക്ഷമല്ലെന്ന കോടതി വിമര്‍ശനങ്ങള്‍ക്കിടെയിലും ജാതി വിവേചനത്തിന്‍റെ പേരില്‍ തമിഴകം വീണ്ടും തലകുനിക്കുകയാണ്.

 

 

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിയന്ത്രണ രേഖയിലേക്ക് പ്രതിഷേധ റാലി നയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ജമ്മു കശ്മീരിന് വേണ്ടി വാളെടുക്കാൻ താൻ തയ്യാറാണെന്ന് റാലിയിൽ ജാവേദ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ, വാൾ പിടിച്ചു കൊണ്ട് ജാവേദ് ആൾക്കൂട്ടത്തെ നയിക്കുന്നത് കാണാം. ഉയർത്തിപ്പിടിച്ച വാളുമായാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്യുന്നത്.
“കശ്മീരി സഹോദരങ്ങളെ, ഭയക്കേണ്ട. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. മുൻപ് ഞാൻ സിക്സറടിക്കാൻ ബാറ്റാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ എനിക്ക് വാളുപയോഗിക്കാൻ സാധിക്കും,” ജാവേദ് പറഞ്ഞു.

അതിനിടയിൽ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു “ആ ബാറ്റ് മൂർച്ചയുള്ളതായിരുന്നു, ഇപ്പോൾ ഈ വാളും മൂർച്ചയുള്ളതാണ്.” ഇതിന് ജാവേദിന്റെ മറുപടി ഇപ്രകാരമായിരുന്നു, “ഒരു ബാറ്റ് കൊണ്ട് സിക്സറടിക്കാൻ സാധിക്കുമെങ്കിൽ, എനിക്ക് വാളുകൊണ്ട് ഒരാളെ കൊല്ലാൻ കഴിയില്ലേ?,” ജാവേദ് മിയാൻദാദ് ചോദിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിക്കുകയും ചെയ്തത്.

ഇന്ത്യയുടെ നടപടിക്കെതിരെ ശബ്ദമുയർത്തിയ ഏക പാക്കിസ്ഥാൻ ക്രിക്കറ്റ് താരമല്ല ജാവേദ് മിയാൻദാദ്. പാക്കിസ്ഥാൻ മുൻ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും കശ്മീർ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. കശ്മീരിൽ ഇപ്പോഴും നിരോധനാജ്ഞ(#KashmirStillUnderCurfew) എന്ന ഹാഷ്ടാഗിൽ നിരവധി തവണ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ കശ്മീർ അവറിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് നമുക്ക് പ്രതികരിക്കാം. ഞാൻ വെള്ളിയാഴ്ച 12 മണിക്ക് മസാർ ഇ ക്വെയ്ദിൽ എത്തും. നമ്മുടെ കശ്മീരി സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എന്നോടൊപ്പം ചേരുക. സെപ്റ്റംബർ 6 ന് ഞാൻ ഒരു രക്തസാക്ഷിയുടെ വീട് സന്ദർശിക്കും. ഉടൻ തന്നെ ഞാൻ നിയന്ത്രണ രേഖയിലും സന്ദർശനം നടത്തും എന്നായിരുന്നു ഷാഹിദ് പറഞ്ഞത്.

കശ്മീരിലെ ഇന്ത്യയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹത്തിൽ കശ്മീർ വിഷയത്തിൽ ആശങ്കകൾ ഉയരവെ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

 

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കടന്നാക്രമിച്ച് കെ.മുരളീധരന്‍ എംപി. “പിണറായി വിജയന് എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു ….. ഡിജിപിയാക്കാന്‍” എന്ന് മുരളീധരന്‍ ചോദിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ട കേസ് കൊടുക്കുക എന്നും കെ.മുരളീധരന്‍ പരിഹസിച്ചു.

“മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ടക്കേസ് നല്‍കുക. ഈ സാധനം ഇല്ലെങ്കിലോ? മാനമില്ലാത്ത ആള്‍ക്ക് മാനനഷ്ടക്കേസ് കൊടുക്കാന്‍ സാധിക്കോ. ഞാന്‍ ആരെയും വ്യക്തിപരമായി പറയുകയില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മുന്‍പില്‍ ബെഹ്‌റ കുനിഞ്ഞുനില്‍ക്കുന്ന നില്‍പ്പ് കണ്ടാല്‍, ഇങ്ങനെയൊരു മനുഷ്യന്‍ കുനിയോ?. പിണറായി വിജയനോട് ചോദിക്കാ, എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു മക്കുണനെ ഡിജിപിയാക്കാന്‍?. കെപിസിസി അധ്യക്ഷന് മാത്രമല്ല നമുക്കൊക്കെ ഇരിക്കട്ടെ ഒരു മാനനഷ്ടക്കേസ്.” കെ.മുരളീധരന്‍ പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ‌യ്‌ക്കെതിരെ നടത്തിയ പരാമർശത്തിലാണ് കെപിസിസി അധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് നേരത്തെ അനുമതി നൽകിയത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ആഭ്യന്തര വകുപ്പും അനുമതി തേടിയ ഡിജിപിയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പാകില്ല. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പരാമര്‍ശത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽകിയത്. പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണെന്ന് ആരോപിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു അനുമതി നല്‍കിയത്.

85 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടു നടത്തിയ കമ്പനി ഉടമ അബ്ദുല്‍ ഷുക്കൂറിനെ ‌കൊലപ്പെടുത്തും മുന്‍പെ കോടികളുടെ ആസ്തി ബലപ്രയോഗത്തിലൂടെ കൊലയാളിസംഘം കൈക്കലാക്കി. കൊലപാതത്തിലെ ഗൂഢാലോചന കൂടി കേരള പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

പുലര്‍ച്ചെ എത്തിയ സംഘം തട്ടിക്കൊണ്ടുപോവാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മയോടും കുടുംബത്തോടും അബ്ദുല്‍ ഷുക്കൂര്‍ കരഞ്ഞു പറഞ്ഞതായി ഉമ്മയുടെ പിതാവ് ഉണ്ണീന്‍കുട്ടി ഒാര്‍ക്കുന്നു. വടക്കന്‍ പാലൂരിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അതേ വാഹനത്തിലാണ് ഡെറാഡൂണിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വൃക്തമാണ്.

അബ്ദുല്‍ ഷുക്കൂറിന്റെ പേരിലുളള നിര്‍മാണത്തിലിരിക്കുന്ന വടക്കാന്‍പാലൂരിലെ 6000 ചതുരശ്രഅടി വിസ്തീര്‍ണമുളള വീടും ഭൂമിയും കൊലക്കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ആഷിഖിന്റെ പേരില്‍ എഴുതി വാങ്ങിയിട്ടുണ്ട്. തായ്്ലന്റിലെ നാലു കോടി രൂപ മുതല്‍മുടക്കുളള ഹോട്ടല്‍ പങ്കുകച്ചവടക്കാരനായ മിന്റു ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. വേങ്ങരയിലെ ഭൂമിയും ബലമായി എഴുതി വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചവരുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഒരു സംഘം ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. നിലവില്‍ ബിറ്റ്്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.

അഗളി /കൽക്കട്ട :വെന്തെരിഞ്ഞ അമ്മയുടെയും അതിന് മുമ്പ് വിട പറഞ്ഞ അച്ഛന്റെയും ഓർമ്മകൾ ഉള്ളിലൊതുക്കി ജന്മവൈകല്യങ്ങളെ അതിജീവിച്ച് 17 വയസ്സിനുള്ളിൽ നാലായിരത്തിലധികം വിശുദ്ധ കുർബാനകളിൽ പ്രധാന ശുശ്രൂഷ ചെയ്ത അട്ടപ്പാടി സെന്റ് തോമസ് ആശ്രമ അംഗം സച്ചുവിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ പ്രത്യേക അംഗികാരത്തിനായി ശിപാർശ.

സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനും ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അനി വർഗ്ഗീസ് മാവേലിക്കര നല്കിയ നോമിനേഷൻ പ്രകാരം അഭി.ഫാദർ.എം.ഡി.യൂഹാനോൻ റമ്പാൻ സമർപ്പിച്ച വിശദമായ രേഖകൾ പരിശോധിച്ചാണ് സച്ചുവിനെ ശിപാർശ ചെയ്തത്.

ഡോ. ജോൺസൺ വി.ഇടിക്കുള നാഷണൽ ജൂറിയായതിന് ശേഷമുള്ള ആദ്യ ശിപാർശയാണ് സച്ചുവിന്റെതെന്നും അർഹതയ്ക്കുള്ള അംഗികാരമാണ് സച്ചുവിനുള്ള ശിപാർശയെന്നും യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്, സി.ഇ.എ :ഡോ സൗദീപ് ചാറ്റർജി എന്നിവർ പറഞ്ഞു.

സച്ചുവിന്റെ മാതാപിതാക്കൾ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.ഏലമല സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകങ്ങൾ ആയിരുന്നു സച്ചുവിന്റെയും സ്നേഹയുടെയും മാതാപിതാകക്കളായ ബിനുവും ഷീജയും.ഇവർക്ക് ആദ്യ കൺമണിയായി പിറന്ന പെൺകുഞ്ഞിന് ആറ് മാസം പ്രായമായപ്പോൾ ആണ് കുഞ്ഞിന്റെ ജന്മ വൈകല്യം ഇവർ തിരിച്ചറിഞ്ഞത്. മകൾക്ക് കേൾവി ശക്തിയും സംസാരശേഷിയും ഉണ്ടാവണമെന്ന അതിശക്തമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചികിത്സക്കു വേണ്ട പണം കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ ആയിരുന്നു സച്ചുവിന്റെ ജനനം.എന്നാൽ സച്ചുവും മൂത്ത മകളെ പോലെ കേൾവിയുടെയും സംസാരത്തിന്റെയും വാതായനത്തിന് പുറത്താണെന്ന സത്യം അവർ തിരിച്ചറിഞ്ഞു. വിധി അവരെ ഇരുവരെയും മാനസീകമായി തളർത്തിയത് മൂലം പുനർചിന്തനത്തിന് തയ്യാർ ആകാതെ ഈ പിഞ്ചോമനകളെ തനിച്ചാക്കി ബിനുവും ഷീജയും 2003-ൽ ആത്മഹത്യ ചെയ്തു. കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ തിരിച്ചറിയാൻ പ്രാപ്തി ഇല്ലാതിരുന്ന കുരുന്നുകളുടെ സംരക്ഷണം ആശ്രമം ഏറ്റെടുക്കുവായിരുന്നു. ആശ്രമ അധികൃതരുടെ കഠിനമായ പരിശ്രമത്തിന്റെയും സുമനസുകളായവരുടെ സഹായം കൊണ്ടും മാധ്യമ സുഹൃത്തുക്കളുടെ പിന്തുണയും കൂടി ആയപ്പോൾ സച്ചുവിനും സഹോദരിക്കും സ്നേഹവും ലാളനയും പരിചരണവും, ചികിത്സയും കിട്ടി. ലക്ഷകണക്കിന് തുക ചിലവഴിച്ച് ഇരുവർക്കും ഡോ.എം.പി. മനോജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും നല്കി കേൾവിയുടയുടെയും സംസാരത്തിന്റെയും ശക്തി തിരിച്ചെടുത്തു.

2005 സെപ്റ്റംബർ 23 ന് ആശ്രമത്തിനുള്ളിൽ പുതിയ ചാപ്പൽ കൂദാശ ചെയ്തു. അന്ന് മുതൽ കഴിഞ്ഞ 14 വർഷമായി എല്ലാ ദിവസവും മുടക്കം കൂടാതെ വി.കുർബാന അർപ്പിക്കുന്നുണ്ട്. സച്ചുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം മടങ്ങിയെത്തിയപ്പോൾ ആൾത്താര ബാലൻ ആയി ആദ്യം ശുശ്രൂഷ ചെയ്യുവാൻ സച്ചുവിനെ നിയോഗിക്കുകയായിരുന്നു.7 വയസ് മുതൽ എല്ലാ ദിവസവും കുർബാനയ്ക്ക് നേതൃത്വം കൊടുത്തു വരികയും ചെയ്യുന്നു. അട്ടപ്പാടി സെന്റ് ജംസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് സച്ചു. സച്ചുവിന്റെ സഹോദരി ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടർ ഡിപ്ലോമാ കോഴ്സ് പഠിക്കുന്നു.

സച്ചുവിനെ കുറിച്ച് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിലേക്ക് ലഭിച്ച ഈ പരാമർശം ആശ്രമത്തിന് ലഭിച്ച ഓണ സമ്മാനമായി കാണുന്നതെന്ന് ആശ്രമം അധികൃതരായ അഭി.ഫാദർ എം.ഡി. യൂഹാനോൻ റമ്പാൻ ,ഫാദർ.എസ്.പോൾ റമ്പാൻ, ഫാ.വർഗ്ഗീസ് ജോസഫ്, ഫാദർ വർഗ്ഗീസ് മാത്യൂ എന്നിവർ പറഞ്ഞു.

കുട്ടനാട്: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം പിഞ്ചുകുഞ്ഞുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി തോട്ടില്‍ വീണ് യുവതി മരിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ മൂലശ്ശേരി വീട്ടില്‍ ലിനോജിന്റെ ഭാര്യ നീതു ജോര്‍ജ് (26) ആണ് മരിച്ചത്. ഒന്നേമുക്കാൽ വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം കുഞ്ഞ് കമഴ്ന്ന് തോട്ടിലൂടെ ഒഴുകിവരുന്നത് കണ്ട സമീപവാസികളായ ജോയല്‍, മാര്‍ട്ടിന്‍ എന്നീ യുവാക്കളാണ് കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ മാതാവ് നീതുവിനെ വെള്ളത്തിൽനിന്ന് തപ്പിയെടുക്കുകയായിരുന്നു ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിച്ചുവന്നിരുന്ന കുടുംബം ദുരിതാശ്വാസ വിതരണ കേന്ദ്രത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടില്‍ വച്ച ശേഷം സമീപത്തെ വീട്ടിലെ റേഷന്‍ കാര്‍ഡ് കൊടുക്കാനായി കുഞ്ഞുമായി പോയിവരവേ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പഠനകാലത്ത് കവി ചങ്ങമ്പുഴ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്ന് കെആർ ഗൗരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. ഇന്റർമീഡിയറ്റിന് എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം.

ക്ലാസ്സെടുക്കുന്നതിനിടയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് പഠിക്കാനായി എത്തിയവർക്കിടയിൽ ചങ്ങമ്പുഴയുമുണ്ടെന്ന് പറയുന്നത്. ചങ്ങമ്പുഴയെ കാണണോയെന്ന് ചോദിച്ചപ്പോൾ വേണമെന്ന് ക്ലാസ് മുഴുവൻ വിളിച്ചു കൂവി. കുറ്റിപ്പുഴ അദ്ദേഹത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ജുബ്ബയിട്ട മെലിഞ്ഞൊരാൾ എഴുന്നേറ്റു നിന്നു. പെൺകുട്ടികൾ പിന്നീട് കവിയുടെ പിന്നാലെയായിരുന്നെന്ന് ഗൗരിയമ്മ പറയുന്നു.

“ഒരുദിവസം കവി എന്നോടച് പ്രണയാഭ്യർത്ഥനയുമായി വന്നു. ഞാൻ നിരസിച്ചു. അന്ന് മറ്റൊരാളോട് എനിക്ക് ഉള്ളിൽ അടുപ്പമുണ്ടായിരുന്നു,” ഗൗരി വിശദീകരിച്ചു.

എംഎൻ ഗോവിന്ദൻ നായർ, എകെജി തുടങ്ങിയവരൊക്കെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നെന്നും കെആർ ഗൗരി പറഞ്ഞു. ടിവി തോമസ് തന്നെ പിന്നാലെ നടന്ന് വീഴ്ത്തിയതാണെന്നും അവർ പറഞ്ഞു.

ടി വി തോമസുമായി പിരിയേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു എന്ന് കെ ആര്‍ ഗൗരിയമ്മ. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നില്‍ക്കാനാണ് ഞാനും ടിവിയും തീരുമാനിച്ചത്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഞങ്ങള്‍ ഇങ്ങനെ തീരുമാനിച്ചാണ് ഒരുമിച്ച് ട്രെയിന്‍ കയറിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ എംഎന്‍ (എംഎന്‍ ഗോവിന്ദന്‍ നായര്‍) ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരിച്ചെത്തിയപ്പോളേക്കും ടിവി മറുകണ്ടം ചാടിയിരുന്നു. ഞങ്ങളിരുവരും സിപിഎം മന്ത്രിമാരാകേണ്ടതായിരുന്നു – ഗൗരിയമ്മ പറഞ്ഞു.

ഒരിക്കല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു സ്ത്രീയുമായി ടിവി വന്നു. ഇത് സംബന്ധിച്ച വഴക്കില്‍ നിന്നാണ് ഞാനും ടിവിയും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത്. കല്യാണമേ വേണ്ട എന്ന് വിചാരിച്ച് നടന്നിരുന്ന സമയത്ത് ടിവി എന്നെ പിന്നാലെ വന്ന് വീഴ്്ത്തുകയായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഞങ്ങളിരുവരും കഴിയുമ്പോളാണ് പ്രണയം മൂത്തത്. ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില്‍ ചുരുട്ടിയാണ് പ്രേമലേഖനങ്ങള്‍ കൈമാറിയിരുന്നത്. പിന്നീട് വചില കാര്യങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ഞാന്‍ വിവാഹം വേണ്ടെന്ന് വച്ചതാണ്. എന്നാല്‍ പിന്നീട് പാര്‍ട്ടി നിര്‍ബന്ധിച്ചു.

വളരെയധികം വേദനയും അതുപോലെ സന്തോഷവും എനിക്ക് ടിവിയുമായുള്ള ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ടിവിയുടെ സുഹൃത്തുക്കളാണ് ഞങ്ങളുടെ ബന്ധം തകര്‍ത്തത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പിരിയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. ടിവിയോട് ഞാന്‍ അല്‍പ്പം വിധേയ ആകേണ്ടിയിരുന്നോ എന്നൊരു തോന്നല്‍ – ഗൗരിയമ്മ പറഞ്ഞു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, എംഎന്‍ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പ്രണയാഭ്യര്‍ത്ഥനയും എകെജി വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട് എന്നും ഗൗരിയമ്മ പറഞ്ഞു.

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടിയാക്കിയതോടെ കുടുങ്ങിയത് ജനവും പൊലീസും ഒരുപോലെയാണ്. നിങ്ങൾ കേസ് കോടതിയിലേക്ക് വീടൂ. അവിടെ തീർത്തോളാം എന്നുപറഞ്ഞ് ജനം വണ്ടിയും കൊണ്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ റോഡിൽ. ഉയർന്ന പിഴ അടയ്ക്കാൻ അധികമാരും തയാറാവുന്നില്ല.

മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ‌ ഇപ്പോൾ‌ പിഴ 1000 രൂപയായതോടെ കോടതിയിൽവച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാൽ സമൻസ് നൽകാനും മറ്റും മോട്ടർവാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആർടി ഓഫിസിലെത്താൻ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല.

സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവർ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാൽ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടൻ ശിക്ഷ നിർണയിച്ചു പിഴ ഇൗടാക്കിയിരുന്ന മൊബൈൽ കോടതികളാകട്ടെ നിർത്തലാക്കിയിട്ട് 2 വർഷമായി.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ പിടിയിലാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ് പൊലീസും മോട്ടർവാഹന വകുപ്പും ലംഘനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ 2 വിഭാഗങ്ങൾക്കും ഡിജിറ്റൽ ക്യാമറയില്ല. ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ‌ ദൃശ്യം പകർത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയിൽ‌പോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാനവീഥികളിൽ സ്ഥാപിച്ച ക്യാമറകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നുമില്ല. ‌

മഴക്കാലമായതിനാൽ റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ്. നിയമലംഘനത്തിനു പിടിയിലാകുന്നവരിൽ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഇൗയാഴ്ച പിഴ ഇൗടാക്കുന്നതിൽ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണു പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും തീരുമാനം. ബോധവൽക്കരണത്തിനാണു മുൻതൂക്കം.

കാർ തലകീഴായി മറിഞ്ഞു. അപകടം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. കോട്ടയം – എറണാകുളം റോഡിൽ ആപ്പാഞ്ചിറ മാന്നാറിൽ ഞായറാഴ്ച പുലർച്ചെ 2 നാണു അപകടം.

കടുത്തുരുത്തിയിൽ നിന്നു പൊലീസ് എത്തിയെങ്കിലും വാഹനത്തിൽ ആരെയും കണ്ടെത്താനായില്ല. കാർ സമീപമുള്ള തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സമീപമുള്ള ആശുപത്രികളിൽ രാത്രി തിരക്കിയെങ്കിലും കാർ ഡ്രൈവറേയോ യാത്രക്കാരേയോ കണ്ടെത്താനായില്ല. കാർ തകർന്ന നിലയിലാണ്. നാട്ടുകാർ ചേർന്ന് കാർ റോഡരികിൽ നിവർത്തി വച്ചു.

കുതിരയെ കണ്ട ആന വിരണ്ടോടി. ആനയെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്നു പേർക്ക് വീണു പരുക്കുമേറ്റു. തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് വിരണ്ടത്. ആനയുടെ ഓട്ടത്തിനിടയിൽ മുന്നിൽ പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ജോർജ്ജ് ബാബു എന്നിവർക്കാണ് ഓടി മാറുന്നതിനിടെ വീണു പരുക്കേറ്റത്.

ഇന്നലെ രാവിലെ കീഴായിക്കോണത്തായിരുന്നു സംഭവം. അമ്പലം മുക്ക് ക്ഷേത്രത്തിൽ ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു. കീഴായിക്കോണം പെട്രോൾ പമ്പിനടുത്തെത്തിയപ്പോൾ സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടോടുകയായിരുന്നുവെന്നാണ് പാപ്പാന്മാർ പറയുന്നത്. പിന്നീട് ശ്രമകരമായി അനുനയിപ്പിച്ച് ആനയെ തളച്ചു.

Copyright © . All rights reserved