കൂടത്തായി കൊലപാതക പരമ്പര,ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ; ഒരേ സമയം ജോളി കൊണ്ടുനടന്നത് പതിനൊന്ന് കാമുകന്മാരെ, മൂടിവച്ചിരുന്ന പല രഹസ്യങ്ങളും തുറന്നുവിട്ട് രണ്ടാം ഭര്‍ത്താവ് ഷാജു

കൂടത്തായി കൊലപാതക പരമ്പര,ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ; ഒരേ സമയം ജോളി കൊണ്ടുനടന്നത് പതിനൊന്ന് കാമുകന്മാരെ, മൂടിവച്ചിരുന്ന പല രഹസ്യങ്ങളും തുറന്നുവിട്ട് രണ്ടാം ഭര്‍ത്താവ് ഷാജു
October 10 12:26 2019 Print This Article

ദിവസങ്ങള്‍ കഴിയുന്തോറും കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ പുതിയ കഥകള്‍ പുറത്താകുകയാണ്. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ജോളിയുടേത് അമിത ഫോണ്‍ ഉപയോഗമായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തിയത്. ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി രണ്ടു മണി വരെ ജോളിയുടെ ഫോണ്‍ വിളി നീളും. ഒരിക്കല്‍ അത് ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ ജോളി ഒഴിഞ്ഞു മാറുകയായിരുന്നു.

പല കാര്യങ്ങളും താന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തുന്നത്. അതേസമയം സാമ്പത്തിക താത്പര്യം മുന്നില്‍ക്കണ്ട് മാത്രമാണ് ജോളി തന്നെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ ചില പൊരുത്തക്കേടുകള്‍ തോന്നിയിരുന്നുവെന്നും എന്നാല്‍ കൂടെ കഴിയുമ്പോള്‍ അവരുടെ പ്രവര്‍ത്തനത്തില്‍ അസ്വഭാവികത ഒന്നും തോന്നിയിരുന്നില്ലെന്നും ഷാജു പറഞ്ഞു. എന്നാല്‍ നാലു മാസങ്ങള്‍ക്കു മുമ്പു തന്നെ എന്‍ഐടിയില്‍ അധ്യാപിക ആയിരുന്നില്ല എന്ന് അറിഞ്ഞിരുന്നു. വഴക്ക് കൂടണ്ട എന്നതിനാലാണ് പല കാര്യങ്ങളിലും ഇടപെടതിരുന്നത്. തങ്ങളുടെ വിവാഹം നടന്നതിനു ശേഷം ഗര്‍ഭഛിദ്രം നടത്തിയതായി അറിയില്ലെന്നും, എന്നാല്‍ ആദ്യ വിവാഹ ബന്ധത്തിനിടെ ഒരു തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും ഷാജു വെളിപ്പെടുത്തി.

അതോടൊപ്പം ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്ത് പ്രശ്നമുണ്ടായാലും പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു ജോളിയുടെ കാമുകന്മാരെന്നും വിവരമുണ്ട്.  പതിനൊന്നില്‍ അധികം പേരുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതില്‍ ചിലര്‍ക്ക് ജോളി നടത്തിയ കൊലകളെ കുറിച്ചും അറിയാമായിരുന്നു. ജോളിയുമായി അടുപ്പമുണ്ടായിരുന്നവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ച്‌ വരികയാണ്. ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും അവരുടെ മറുപടി എന്തായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. എപ്പോഴും മേക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങിയായിരുന്നു നടപ്പ്.

സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചില രാഷ്ട്രീയ നേതാക്കളും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. മൂന്ന് മൊബൈല്‍ ഫോണുകള്‍ ജോളിക്കുള്ളതായാണ് വിവരം. വിവാഹത്തിന് ശേഷം ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ ഒന്ന് അവരുമായി ബന്ധമുണ്ടായിരുന്ന ഒരാളുടേതാണെന്ന് കണ്ടെത്തി. ജോളി ആരെയൊക്കെ സ്ഥിരമായി ഫോണ്‍ ചെയ്യാറുണ്ടായിരുന്നുവെന്നും സംസാരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷിച്ച്‌ വരികയാണ്.

ഇക്കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പറയുന്നു. പോലീസ് മുദ്രവച്ച്‌ പൂട്ടിയ പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാകുമെന്നാണ് ഷാജു പറഞ്ഞത്. ചില ബന്ധുക്കളുമായും ജോളി ഫോണില്‍ ഏറെനേരം സംസാരിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 22 വര്‍ഷം മുമ്പാണ് റോയ് തോമസിനെ വിവാഹം ചെയ്ത് ജോളി കൂടത്തായിയിലെത്തുന്നത്. കൊലപാതക പരമ്പരയില്‍ നാലാമത് കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ജോളി റോയിയെ കാണുന്നതും ഇരുവരും പ്രണയത്തിലാവുന്നതും. പിന്നീട് വിവാഹിതരാവുകയായിരുന്നു.

രണ്ടര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് കൂടത്തായിലെ ദുരൂഹ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. കഴിഞ്ഞ ജൂലായില്‍ ആണ് റോജോ സംഭവത്തില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് കേസ് അന്വേഷണത്തിനിടയില്‍ നാലു തവണയാണ് അറസ്റ്റിലായ ജോളിയെ ചോദ്യം ചെയ്തത്. എന്നാല്‍ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് ജോളി ആവര്‍ത്തിച്ചത്.  തെളിവു ശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേന്ന് പകല്‍ മുഴുവന്‍ ജോളിയേയും ഭര്‍ത്താവ് ഷാജുവിനേയും ഒരുമ്മിച്ചിരുത്തിയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നൂ. അഞ്ചാം തിയതി കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ജോളിയുടെ കുറ്റസമ്മതം.

ചോദ്യം ചെയ്യലില്‍ ജോളി പലപ്പോഴും ഉരുണ്ടുകളിച്ചു. ഭര്‍ത്താവും അടുത്ത ബന്ധുക്കളും മരിക്കുമ്പോള്‍ അടുത്തുണ്ടാകുന്നത് സ്വഭാവികമല്ലേ എന്നായിരുന്നു ചോദ്യം ചെയ്യലിനിടയില്‍ ജോളിയുടെ മറു ചോദ്യം. മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കിയത് അന്വേഷണ സംഘത്തലവനായ റൂറല്‍ എസ്.പി. കെ.ജി.സൈമണായിരുന്നു. ചോദ്യം ചെയ്യലിനിടെ ഭര്‍ത്താവിന്റെ മരണത്തില്‍ നുണ പരിശോധനയ്ക്കു വിധേയയാകാന്‍ സമ്മതമാണോ എന്ന കാര്യം എസ്.പി ചോദിച്ചു.  ഉടന്‍ തന്നെ സമ്മതം ആണെന്നായിരുന്നു ജോളിയുടെ മറുപടി. പിന്നാലെ നുണ പരിശോധനയ്ക്ക് തയാറാണെന്ന അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. അപേക്ഷ എഴുതി പകുതിയായപ്പോള്‍ ജോളി പേന നിലത്തുവെച്ചു, തല കുമ്പിട്ടിരുന്നു. തുടര്‍ന്ന് ഷാജുവിനോട് ചോദിക്കാതെ അപേക്ഷ തരാന്‍ പറ്റില്ലെന്നും പറഞ്ഞു. ജോളി നല്‍കിയ ഭക്ഷണം ദഹിക്കാത്ത നിലയില്‍ ശരീരത്തില്‍ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് ജോളി കുറ്റം സമ്മതിച്ചത്. റോയിയുടെ കൊലപാതകം ഏറ്റു പറഞ്ഞതിനു പിന്നാലെ മറ്റ് അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ വിധവും അതിന്റെ പിന്നിലെ കാരണങ്ങളും ജോളി ഏറ്റുപറയുകയായിരുന്നു. ഇതോടെ ജോളി കുടുങ്ങുകയായിരുന്നു.

കേസിൽ റോയിയുടെ കൊലപാതകത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണു പൊലീസ് നീക്കം. മറ്റ് അഞ്ച് മരണങ്ങളുടെയും അന്വേഷണ റിപ്പോർട്ട് തയാറാക്കും. സ്വത്തു തട്ടിയെടുക്കാനും പുതിയ വിവാഹം കഴിക്കാനും ഭർത്താവിനെ ജോളി കൊലപ്പെടുത്തിയെന്ന കുറ്റപത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ജോളിയ്ക്ക് ശിക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ ആവനാഴിയിലെ ആയുധങ്ങൾ ആകുന്നത് ജോളിയുടെ പരപുരുഷ ബന്ധം തെളിയിക്കാൻ ബിഎസ് എൻഎൽ ജീവനക്കാരൻ ജോൺസന്റെ മൊഴിയും, സ്വത്തു തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കിയതിന്റെ രേഖകളും, ജോളിയും റോയിയും തമ്മിലുള്ള അകൽച്ച അറിയാവുന്നവരുടെ സാക്ഷി മൊഴികളും, ജോളിയുടെ കുറ്റസമ്മത മൊഴിയും ജോളിക്കെതിരായുള്ള തെളിവുകളാകും. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അറിയാവുന്ന കട്ടപ്പനയിലെ ജ്യോത്സ്യനും മന്ത്രവാദിയും പൊലീസിന്റെ കണ്ണിൽ മുഖ്യ സാക്ഷികളാണ്. സയനൈഡ് ഉള്ളിൽ ചെന്നതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുറ്റകൃത്യം തെളിയിക്കാൻ പൊലീസിനു തുണയാകും.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles