India

വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പതിനാലാം മൈലിൽ കണ്ടെയ്നർ ലോറിക്കു പിന്നിൽ വാൻ ഇടിച്ച് മൂന്ന് കുട്ടികളടക്കം ആണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു. തമിഴ്നാട് കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

13 പേരാണ് 13 പേരാണ് ഒമ്നി വാനിലുണ്ടായിരുന്നത്. ചന്ദ്രനഗറിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു സംഘം. അഞ്ചു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വാൻ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ചാലക്കുടിയിലെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴുണ്ടായ സംഭവം ഓര്‍മ്മിച്ച് ഇന്നസെന്റ്. ഇടതുപക്ഷത്തിന്റെ 19 പേരും തോറ്റപ്പോഴാണ് ചെറിയ സമാധാനം തോന്നിയതെന്ന് തമാശരൂപേണ ഇന്സെന്റ് പറയുന്നു. ഇരുപത് സീറ്റിൽ പത്തൊൻപത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്- ഇന്നസെന്റ് തമാശയും കാര്യവുമായി പറയുന്നു. വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.

തോറ്റുകഴിഞ്ഞപ്പോൾ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കിൽ ഫോണിൽ ഭയങ്കര വിളികളാണ്. ആ തീവണ്ടി കൊരട്ടിയിൽ നിർത്തണം, ചാലക്കുടിയിൽ നിർത്തണം എന്നൊക്കെ പറയും. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരണം എന്നു പറഞ്ഞ് ഒരാള്‍ വിളിക്കുമായിരുന്നു. എംപിയായി പോയതുകൊണ്ട് ഈ അപേക്ഷകളുമായി ഞാൻ ഡല്‍ഹിയിൽ ചെല്ലും. സത്യത്തിൽ ആ ട്രെയിൻ ജീവിതകാലത്ത് ഒരിക്കലും കൊരട്ടിയിൽ നിർത്താൻ പോകുന്നില്ല. തിരുവനന്തപുരം വിട്ടാൽ എറണാകുളമാണ് ഒരു സ്റ്റോപ്പ്. ഈ നിവേദനവുമായി മൂന്നാമത്തെ പ്രാവിശ്യം ചെന്നപ്പോൾ മന്ത്രി ഒരാളോട് സ്വകാര്യം പറഞ്ഞു. അത് എന്താണ് എന്ന് എനിക്ക് ഏകദേശം മനസ്സിലായി. ഇയാളുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോയെന്ന് അദ്ദേഹം പറഞ്ഞത്.

കൊരട്ടിയിലെ കാര്യം എന്തായെന്ന് ചോദിച്ച് വീണ്ടും വിളിച്ചു. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരാമെന്ന് ഞാൻ പറഞ്ഞു. ഫോണില്‍ ആയതിനാല്‍ അയാള്‍ കെട്ടിപ്പിടിച്ചില്ല എന്നേയുള്ളു. അയാള്‍ എന്നെ കുറെ പുകഴ്‍ത്തി. പക്ഷേ ഞാൻ പറഞ്ഞു, കൊരട്ടിയില്‍ നിര്‍ത്തിയാല്‍ ആ ട്രെയിൻ മുന്നോട്ടുപോകില്ല. അവിടെ തന്നെ കിടക്കുമെന്ന്. അതിനുശേഷം അയാൾ എന്നെ വിളിച്ചിട്ടില്ല. പലർക്കും അങ്ങനെ ചുട്ടമറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാൻ തോൽക്കാതിരിക്കും.

എന്റെ വീട്ടിൽ ഇലക്‌ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയർമാൻ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയർമാൻ എന്നോടുപറഞ്ഞു, പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല എന്ന്. പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാൻ താഴേക്ക് വന്നു.

എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാൻ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതൽ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർഥികൾ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, പത്തൊമ്പതുപേരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ ഒരു ചെറിയ സന്തോഷം.

അങ്ങനെ ഇരുപത് സീറ്റിൽ പത്തൊമ്പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്.

ഈ ഇരുപതുപേരിൽ ഞാൻ മാത്രം തോറ്റൂ എന്നു പറഞ്ഞാൽ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?. നാട്ടുകാർക്കും അതിൽ വിഷമമുണ്ടാകും. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.

അതുപോലെ മറ്റൊരു സംഭവം. ഞാൻ മുമ്പ് ടിവിയിലൊക്കെ പറഞ്ഞിട്ടുള്ളതാണ്. ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നു. ഞാൻ ടിവിയിൽ നോക്കുകയാണ്. ഇന്ത്യയിലെ ഏറ്റവുംനല്ല നടന്റെ ലിസ്റ്റിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ടിവിയുെട സ്ക്രോളിൽ ഈ മൂന്നുപേരുടെയും പേര് പോകുന്നുണ്ട്. പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾ എന്നെ കാണാനില്ല.

മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമമായി. ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്. എന്റെ ഉള്ളിൽ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചൻ മാത്രമായി. ആ സമയത്ത് മനസമാധാനം വന്നെങ്കിലും പെട്ടന്നുതന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനായും അച്ഛനായും സുഹൃത്തായുമൊക്കെ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ കുടുംബ കാര്യങ്ങള്‍ ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയിൽ വർഷങ്ങളോളം എനിക്കൊപ്പം സെക്രട്ടറിയായി നിന്നിട്ടുണ്ട്. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ആലോചിച്ചതെന്ന് മനസ്സിൽ ഓർത്തു. അവസാനം ഉത്തരം കിട്ടി, ഇത്തരം കുശുമ്പും കുന്നായ്‍മയും ഒക്കെ ചേർന്നതാണ് മനുഷ്യൻ- ഇന്നസെന്റ് പറയുന്നു.

വീഡിയോ കടപ്പാട് : ഇരിങ്ങാലക്കുട വോയിസ്

16 കാരിയായ വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. സംഭവത്തിൽ അമ്മയേയും അമ്മയുടെ കാമുകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് 19 ദിവസത്തെ പഴക്കമുണ്ട്. ഉപയോഗശൂന്യമായ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം. നെടുമങ്ങാട് സ്വദേശികളായ മഞ്ജുഷ, അനീഷ് എന്നിവരാണ് പിടിയിലായത്.

പെൺകുട്ടിയെ കാണാനില്ലെന്ന് മുത്തശ്ശിയാണ് പൊലീസിൽ പരാതി നൽകിയത്. ഭർത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസം. ഇവർ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. അമ്മയും മകളും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് മകൾ തൂങ്ങി മരിച്ചെന്നുമാണ് പ്രതികൾ നൽകിയ മൊഴി. പിന്നീട് മൃതദേഹം ബൈക്കിൽ കയറ്റി കിണറ്റിൽ തള്ളുകയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് പോയി.

കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാൽ ഇവരുടെ കൂടെ മകൾ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലാണെന്ന കാര്യം അറിഞ്ഞത്.

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരിൽ 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുനൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ മകളുടെ മൃതദേഹമാണ് പൊട്ടകിണറ്റിലെന്നാണ് സംശയം. 42 വയസുളള മദ്ധ്യവയസ്ക 15 കാരിയായ മകളുമായി 26കാരനൊപ്പം ക‍ഴിഞ്ഞ ദിവസം ഒളിച്ചോടിയിരുന്നു. വീട്ടമ്മയേയും മകളേയും കാണാനില്ലെന്ന് കാട്ടി ബന്ധുകള്‍ നല്‍കിയ പരാതിയില്‍ ഇവരെ നെടുമങ്ങാട് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മകള്‍ ഇവര്‍ക്കൊര്‍പ്പം ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കാമുകന്‍റെ വീട്ടിലെ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ സ്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 15 ദിവസമായി കുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.അമ്മയെ പിന്നീട് സംശയാസ്പദമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

നെടുമങ്ങാട് കരിപ്പൂര്‍ വില്ലേജ് ഒാഫിസിന് സമീപം ഇടമല പളളിക്ക് സമീപത്ത് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത് വെളിച്ചക്കുറവ് ഉളളതിനാല്‍ പോലീസിന് കിണറ്റിലിറങ്ങാന്‍ ക‍ഴിഞ്ഞിട്ടില്ല. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടത്തും. പെണ്‍കുട്ടിയുടെ മൃതദേഹം ആണെങ്കില്‍ അമ്മ മഞ്ജുവും കാമുകനേയും പ്രതികളാക്കും

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. മാര്‍.സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍.ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. വത്തിക്കാന്‍ ഇടപെട്ട് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതായി കഴിഞ്ഞ ദിവസം അതിരൂപതയില്‍ നിന്നുള്ള അറിയിപ്പുണ്ടായിരുന്നു.

ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും.

എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചു ബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും പഠിച്ച ശേഷമാണ് വത്തിക്കാന്‍ ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.

സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കാവുന്നതാണെന്നും വത്തിക്കാൻ പറയുന്നു.

എയര്‍ഇന്ത്യാ ഓഹരി വില്‍ക്കുന്നതിനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഓഹരി വില്‍പന നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഓഹരിവില്‍പന നടത്താനുളള തീരുമാനം മരവിപ്പിച്ചുവെന്നുളള വാര്‍ത്തകളെ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എയര്‍ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചത.് 58,351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്.

എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഓഹരി വില്‍പന തീരുമാനം മരവിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഹരി വില്‍പനയില്‍ നിന്നും പുറകോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തിയത്.

സാമ്പത്തികകാര്യങ്ങള്‍ക്കുളള മന്ത്രിസഭാ സമിതി ഓഹരി വില്‍പന നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. ഇതിനായി ഒരു പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്‍റെ സഹായത്തിലാണ് എയര്‍ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

30,000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,500 കോടിയോളം രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടം. ഈ ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിക്കൂടിയാണ് ഓഹരി വില്‍പന നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സദാചാരം പഠിപ്പിക്കാനെത്തിയ വ്യക്തി ഒടുവില്‍ പൊലീസ് പിടിച്ചു. ജനറല്‍ സീറ്റില്‍ യുവതിക്കൊപ്പമിരുന്നു യാത്ര ചെയ്തെന്ന പരാതി വലിയ വിവാദമായതിന് പിന്നാലെയാണ് ആനവണ്ടിയിലെ യാത്രക്കാര്‍ വീണ്ടും വാര്‍ത്തയാകുന്നത്. മദ്യലഹരിയിൽ ബസിനുള്ളിൽ സദാചാരഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയസ്കനെ പൊലീസ് പിടിച്ചത്. ബസിനുള്ളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്ന് യാത്രചെയ്തതാണ് സദാചാരം പഠിപ്പിക്കാന്‍ സഹയാത്രകന് തോന്നിയത്. ഒടുവില്‍ കേസായി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മുണ്ടക്കയം സ്വദേശി പുത്തൻപുരയ്ക്കൽ മുരുകന്‍.

ചങ്ങനാശേരിയിൽ നിന്നു കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസിൽ വ്യാഴാഴ്ച വൈകിട്ട് 5.30നാണു സംഭവം. ചങ്ങനാശേരിയിൽ നിന്നു കയറിയ കോളജ് വിദ്യാർഥിനിയും യുവാവും ബസിന്റെ പിൻസീറ്റിൽ ഒന്നിച്ചിരുന്നതാണ് മുരുകനെ പ്രകോപിപ്പിച്ചത്. ഇവർ അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാൾ ‍ ബഹളംവച്ചു. പൊലീസിൽ അറിയിച്ച് കേസെടുക്കണമെന്നായി ആവശ്യം.

ബസ് കറുകച്ചാൽ പൊലീസ് സ്റ്റേഷന് മുൻപിൽ എത്തിയപ്പോൾ ബസ് നിർത്തിച്ചു. പൊലീസ് ഇരുവരെയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആൺകുട്ടിയും പെൺകുട്ടിയും പോയതോടെ സ്‌റ്റേഷനിൽ ബഹളം വച്ച പരാതിക്കാരൻ മദ്യലഹരിയിലാണെന്നു കണ്ടതോടെ പൊലീസ് കേസെടുത്തു.

ആത്മഹത്യ എന്ന് വിചാരിച്ചിരുന്ന കേസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമായി മാറുന്നത്. പൊള്ളലേറ്റ് മരിച്ച് സ്ത്രീയുടെ തലയില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നു തെളിഞ്ഞതോടെ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശ പ്രകാരം സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോൾ. രണ്ടു വർഷം മുൻപ് ഒക്ടോബർ അഞ്ചിനാണ് പുഷ്പ ഭലോട്ടിയ(39)യെ പൊള്ളലേറ്റ നിലയില്‍ ദുർഗാപുറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അധികം വൈകാതെ ഇവര്‍ മരണപ്പെട്ടു.

ഇതിന് പിന്നാലെ അയല്‍വാസികള്‍ നല്‍കിയ ചില മൊഴികളാണ് ആത്മഹത്യ എന്ന് വിധിയെഴുതാവുന്ന കേസിന്റെ ഗതി മാറ്റുന്നത്. പുഷ്പയുടെ വീട്ടിൽ നിന്നു വെടിയൊച്ച കേട്ടതായി അയല്‍ക്കാര്‍ പൊലീസിനോട് വ്യക്തമാക്കി. പിന്നാലെ എത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിയില്‍ തലയില്‍ നിന്നും വെടിയുണ്ട കണ്ടെത്തുകയും ചെയ്തു. എന്നിട്ടും ആത്മഹത്യ എന്ന തരത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ചു

ബംഗാളിലെ റാണിഗഞ്ജ് ആസ്ഥാനമായുള്ള വ്യവസായി കുടുംബത്തിലെ അംഗമായിരുന്നു പുഷ്പ. ഭർത്താവ് മനോജ് ഭലോട്ടിയയും ബിസിനസുകാരൻ. പുഷ്പയുടേത് ആത്മഹത്യയാണെന്നായിരുന്നു ആദ്യം പൊലീസ് നിഗമനം. എന്നാൽ വെടിയുണ്ട കണ്ടെടുത്തതോടെ ഭര്‍ത്താവ് അറസ്റ്റിലായി. ആത്മഹത്യയാണെന്നു പൊലീസ് റിപ്പോർട്ട് വന്നതോടെ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു.

കേസന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് പുഷ്പയുടെ സഹോദരൻ ഗോപാൽ കുമാർ അഗർവാൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്ഥിതിഗതികൾ മാറിമറിയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലും പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളാണെന്നായിരുന്നു ഗോപാലിന്റെ ഹർജിയിൽ പറഞ്ഞത്. പുഷ്പ ആത്മഹത്യ ചെയ്തതാണെന്നാണ് ഭർത്താവിന്റെ കുടുംബം പറയുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം പൊള്ളലേറ്റതിനു ശേഷമാണ് തലയ്ക്കു വെടിയേറ്റിരിക്കുന്നത്. കുറ്റപത്രത്തിൽ പറയുന്നതാകട്ടെ ആദ്യം വെടിയേൽക്കുകയും പിന്നാലെ തീപിടിത്തത്തിൽ പൊള്ളലേൽക്കുകയും ചെയ്തുവെന്നും.

കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപ് മേഖലയിലെ സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസ് പരിശോധിച്ചില്ലെന്നും ഗോപാൽ പറയുന്നു. കുറ്റപത്രം പ്രകാരം പഷ്പയുടേത് ആത്മഹത്യയാണ്. അതു പ്രകാരം പൊള്ളലേൽക്കും മുൻപ് വെടിയേറ്റെന്നും പറയുന്നു. വെടിവച്ച സമയത്ത് മുറിയിൽ ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. അങ്ങനെയാണു പൊള്ളലേറ്റത്. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പൊള്ളലേറ്റതിനു ശേഷമാണ് വെടിയേറ്റതെന്ന്. ഏതാണു ശരി..?’ കോടതി ചോദിച്ചു. സിലിണ്ടർ പൊട്ടിയാണെങ്കിൽ ദേഹമാസകലം തീപിടിക്കേണ്ടതാണ്. എന്നാൽ പുഷ്പയുടെ കൈകൾക്കാണു പൊള്ളലേറ്റിരിക്കുന്നത്.

തോക്ക് അശ്രദ്ധമായി ഉപയോഗിക്കുമ്പോൾ പൊട്ടാതിരിക്കാനുള്ള സുരക്ഷാ ലോക്ക് സംവിധാനങ്ങളുമുണ്ടായിരുന്നു. ഇത് എങ്ങനെ മാറ്റുമെന്നു പുഷ്പയ്ക്ക് അറിയില്ലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. തോക്ക് ഉപയോഗിച്ചു മുൻപരിചയമില്ലാത്ത പുഷ്പ എങ്ങനെ സ്വയം വെടിവച്ചെന്നു കോടതിയും ചോദിച്ചു. കുറ്റപത്രം വിശ്വാസത്തിലെടുക്കാനാകില്ലെന്നും അന്വേഷണം നേരായ ദിശയിലല്ലെന്നും വിമർശിച്ച കോടതി കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.

ഛത്തീസ്ഗഡിലെ ബീജാപുരില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. സി.ആര്‍.പി.എഫ് ഹെഡ്കോണ്‍സ്റ്റബിളായ ഇടുക്കി മുക്കുഡില്‍ സ്വദേശി ഒ.പി.സാജുവാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്. കര്‍ണാടക, യു.പി എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് രണ്ടുപേരും സി.ആര്‍.പി.എഫിലെ എ.എസ്.ഐമാരാണ്. ഗ്രാമത്തിലൂടെ പട്രോളിങ് നടത്തുന്നിനിടെയാണ് മാവോയിസ്റ്റുകള്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലിനിടയില്‍പ്പെട്ട ഗ്രാമവാസിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.

ഐഡിബിഐ ബാങ്കിൽ അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ അവസരം. 600 ഒഴിവുകളാണുള്ളത്. മണിപ്പാൽ സ്‌കൂൾ ഓഫ് ബാങ്കിങ് വഴി ഒരു വർഷത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിലേയ്‌ക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ നിയമനം ലഭിക്കും. ബിരുദക്കാർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. ഉടൻ വിജ്ഞാപനമുണ്ടാകും.

വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്ഞാനം വേണം.<

പ്രായം: 2019 ജൂൺ ഒന്നിന് 21 നും 28 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, പഴ്‌സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനം കാണുക.

 

അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷിക്കേണ്ട വിധം: www. Idbibank.in എന്നീ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ– മെയിൽ വിലാസം ഉണ്ടായിരിക്കണം.

 

Copyright © . All rights reserved