India

ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ പുറത്തുവന്ന് തുടങ്ങിയിരിക്കുകയാണ്. അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ ചൂടു പിടിക്കുന്നതിനിടെ റിപ്പബ്ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ നാക്കുപിഴച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. സണ്ണി ഡിയോള്‍ എന്നതിന് പകരം നാക്കു പിഴത്ത് സണ്ണി ലിയോണ്‍ എന്ന് അര്‍ണബ് പറഞ്ഞതാണ് ഇപ്പോൾ സംസാരവിഷയം.

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സണ്ണി ഡിയോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറിനേക്കാള്‍ ലീഡ് നേടിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് അര്‍ണബിന് നാക്കുപിഴ സംഭവിച്ചത്. അര്‍ണബിന്റെ അബദ്ധം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ താന്‍ എത്ര വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ചോദിച്ച് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ രംഗത്തെത്തി

 

 

പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചിന് പാര്‍ട്ടി ആസ്ഥാനത്തെത്തും. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഞ്ചരയ്ക്ക് ചേരും. 26ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന. രാജ്യമെമ്പാടും ബിജെപി വൻ മുന്നേറ്റം നേടിയതിന് പിന്നാലെയാണ് പാര്‍ട്ടി മറ്റ് ന‍ടപടികള്‍ വേഗത്തിലാക്കുന്നത്.

∙ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ആവര്‍ത്തിച്ച് ബിജെപി, ലീഡ് 290 കടന്നു

∙ 2014 ലെ സീറ്റെണ്ണം മറികടന്ന് എന്‍ഡിഎയും, ലീഡ് 340ലധികം സീറ്റുകളില്‍ ലീഡ്

∙ യുപി ബിജെപിയെ കൈവിട്ടില്ല, ബംഗാളിലും ഒഡിഷയിലും കളംപിടിച്ചു

∙ കോണ്‍ഗ്രസ് പിടിച്ചുനിന്നത് കേരളത്തിലും പഞ്ചാബിലും മാത്രം

∙ യുപിഎയ്ക്ക് ആശ്വാസമായി തമിഴ്നാട്ടില്‍ ഡിഎംകെ മുന്നേറ്റം

കോണ്‍ഗ്രസിന് മരവിപ്പ്

∙ കോണ്‍ഗ്രസിന് നേട്ടം കേരളത്തിലും പഞ്ചാബിലും മാത്രം, യുപിഎ മൂന്നക്കം കടന്നില്ല

∙ തമിഴ്നാട് ഡിഎംകെയുടെ നേതൃത്വത്തില്‍ യുപിഎ തൂത്തുവാരി

∙ ബിഹാറില്‍ യുപിഎ തകര്‍ന്നടിഞ്ഞു, ഭരണമുള്ളിടത്തും കോണ്‍ഗ്രസ് തോറ്റു

ആന്ധ്രയില്‍ ജഗന്‍ തരംഗം

∙ ലോക്സഭ, നിയമസഭ സീറ്റുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ജയത്തിലേക്ക്

∙ ഒഡിഷയില്‍ ബിജു ജനതാദള്‍ അധികാരം നിലനിര്‍ത്തും, ലോക്സഭയില്‍ സീറ്റ് നഷ്ടം

താരമണ്ഡലമായ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഊര്‍മിള പിന്നിലാണ്. ബിജെപിയുടെ ഗോകുല്‍നാഥ് ഷെട്ടിയാണ് ലീഡ് ചെയ്യുന്നത്. അതേപോലെ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ സഞ്ജയ് നിരുപം, മിലിന്ദ് ദിയോറ, പ്രിയ ദത്ത് തുടങ്ങിയവരും പിന്നിലാണ്. ബാംഗ്ളൂര്‍ സെന്‍ട്രലില്‍ പ്രശസ്ത നിനിമാനടനായ പ്രകാശ് രാജും പിന്നിലാണ്.

നാഗ്പൂരില്‍ നിന്നും മത്സരിക്കുന്ന നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുളള ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടു നില്‍ക്കുകയാണ്.

ശബരിമല ബിജെപിയെ തുണച്ചില്ല. പാർട്ടികൾക്കെല്ലാം അതീതമായി പൂഞ്ഞാര്‍ പി.സി ജോർജിനൊപ്പമെന്ന ധാരണയും പൊളിച്ചടുക്കി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാറി മറിയുന്ന ലീഡ് നിലകളിൽ അടൂർ മണ്ഡലത്തിൽ മാത്രമാണ് സുരേന്ദ്രന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മൽസരമെന്ന ധാരണ ഉയർത്തിയെങ്കിലും സ്ഥിതി മാറി മറിയുകയായിരുന്നു. ആന്റോ ആന്റണിയുടെ കൃത്യമായ മുന്നേറ്റമാണ് പത്തനംതിട്ടയിൽ പ്രകടമാകുന്നത്. ഇതിനൊപ്പം വീണാ ജോർജിന് അപ്രതീക്ഷിത തിരിച്ചടിയായത് സ്വന്തം മണ്ഡലത്തിൽ പിന്നാലായതാണ്. പിന്നീട് അതും മറികടന്നു.

ശബരിമല വിഷയം മാത്രം ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രൻ പത്തനംതിട്ട മൽസരിക്കാൻ തിരഞ്ഞെടുത്തത്. മണ്ഡലങ്ങളിൽ അദ്ദേഹത്തിന് കിട്ടിയ ഗംഭീര സ്വീകരണം ഇരുമുന്നണികളെയും ഉറക്കം കെടുത്തിയിരുന്നു. പ്രചാരണത്തിനും വ്യക്തമായ മേൽക്കൈ നേടാൻ സുരേന്ദ്രനും ബിജെപിക്കും കഴിയുകയും ചെയ്തു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇൗ വികാരങ്ങളെല്ലാം ഗുണം ചെയ്തത് യുഡിഎഫിനാണ്. പത്തനംതിട്ടിയിൽ ബിജെപി ഇതാ വിജയിച്ചു കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച പി.സി ജോർജിനും തക്കതായ മറുപടിയാണ് പൂഞ്ഞാറിലെ ജനങ്ങൾ നൽകിയത്. ഇവിടെ മൂന്നാമതാകാനെ സുരേന്ദ്രന് കഴിഞ്ഞുള്ളൂ. എക്സിറ്റ്പോളുകളിൽ പോലും ബിജെപിക്ക് വ്യക്തമായ ആധിപത്യം ഇവിടെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ വിധിയെഴുത്തിൽ ഇതൊന്നും പ്രകടമായില്ല.

സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ.സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്.

വോട്ടെണ്ണല്‍ 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ 24,000 വോട്ടുമായി തിരുവന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. അമിതാവേശമില്ലെന്നും തു‌‌ടക്കം മുതല്‍ നേ‌ടിയ ലീഡ് തനിക്ക് നിലനിര്‍ത്താനാകുന്നുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു. എല്ലാ എക്സിറ്റ് പോളുകളിലും തരൂരിന് തോല്‍വിയായിരുന്നു പ്രവചിച്ചത്. തന്നെ എക്സിറ്റ് പോളുകളാകും ജയിപ്പിക്കുകയെന്ന് തരൂര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.

പത്തനംതിട്ടയെക്കാള്‍ കൂടുതല്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെളിഞ്ഞു കത്തിയത് തിരുവനന്തപുരത്തായിരുന്നു. എല്ലാ പ്രവചന സര്‍വേകളും ഈ വികാരത്തിന് അടിവരയിട്ടു. ഹിന്ദു വികാരം ഉണര്‍ത്തി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്തവണ. ആ കുതിപ്പിന് ആക്കം കൂട്ടാന്‍ കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ഥി കൂടി എത്തിയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും തിരുവനന്തപുരത്തുകാരെ താമരയോട് അടുപ്പിക്കുമെന്ന് ബിജെപി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

ഇടതുപക്ഷത്തിന്റെ വൻ തകർച്ചയാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോൾ കാണാനാകുന്നത്. പ്രതീക്ഷ അർപ്പിച്ച പല മണ്ഡലങ്ങളും കൈവിട്ടുപോകുകയാണ്. ഇടതുപക്ഷത്തിന്റെ യുവരാഷ്ട്രീയ മുഖമായ സി പി ഐ സ്ഥാനാർഥി കനയ്യകുമാറും തോൽവിയിലേക്ക് നീങ്ങുകയാണ്. ബിഹാറിലെ ബെഗുസരായിയിൽ മണ്ഡലത്തിൽ കനയ്യ കുമാറിനെ പിന്നിലാക്കി ബിജെപിയുടെ ഗിരിരാജ് സിങ് വിജയത്തിലേക്ക് കുതിക്കുകയാണ്. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരപക്ഷമാണ് ബിജെപിക്ക്.

ജെഎൻയു സർവകലാശാലയിലെ മുൻ വിദ്യാർഥി ആയിരുന്ന കനയ്യ കുമാർ ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. കനയ്യ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഏറെ ശ്രദ്ധ നേടിയിരുന്നു. അത് കനയ്യയുടെ പ്രസംഗപ്രാവീണ്യം കൊണ്ട് മാത്രമല്ല, സ്വര ഭാസ്കർ, ശബാന ആസ്മി, ജാവേദ് അക്തർ എന്നീ പ്രമുഖരുടെ പിന്തുണ കൂടി കൊണ്ടാണ്. എന്നാൽ ഇതൊന്നും വോട്ടായില്ല എന്നാണ് ഫലം ചൂണ്ടിക്കാണിക്കുന്നത്.
ബിഹാറിൽ ഇടതുപക്ഷത്തിന് പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു ബെഗുസരായി. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ഇല്ലാതാകുന്ന സ്ഥിതിയാണ് ഇപ്പോൾ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. രാജ്യത്ത് എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബിജെപി വൻവിജയത്തിലേക്ക് കുതിക്കുകയാണ്.

കേരളത്തിൽ മതധ്രുവീകരണം നടന്നുവെന്ന് ഇപി ജയരാജൻ. പ്രത്യക്ഷത്തിൽ അങ്ങനെയാണ് തോന്നുന്നത്. കേരളത്തിൽ അത് യുഡിഎഫിന് അനുകൂലമായി ഭവിച്ചു. ശബരിമല മാത്രം പറയാൻ കഴിയില്ല. വടക്കേ ഇന്ത്യയിൽ കോൺഗ്രസ് വിരുദ്ധ വികാരമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളല്ല യുഡിഎഫിനെ മുന്നിലെത്തിച്ചത്. പാർട്ടി ഇതേക്കുറിച്ച് വിശദമായി പഠിക്കും. വിപുലമായ ജനകീയ ഐക്യം ഉണ്ടാക്കിയെടുത്ത് ഇടതുപക്ഷമുന്നണി മുന്നോട്ട് പോകുമെന്നും ഇപി ജയരാജൻ പറഞ്ഞു. തിരിഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ രാഷ്ട്രീയത്തിൽ തന്നെ സിപിഎം ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച തെരഞ്ഞെടുപ്പാണ് ഇത്. ശക്തികേന്ദ്രങ്ങളായ വെസ്റ്റ് ബംഗാളിലും ത്രിപുരയിലും കേരളത്തിലും സിപിഎം കനത്ത തകർച്ചയാണ് ഏറ്റുവാങ്ങുന്നത്. ത്രിപുരയിലെ ഈസ്റ്റ്, വെസ്റ്റ് സീറ്റുകളിൽ തോൽവി മാത്രമല്ല, സിപിഎമ്മിന് രണ്ടാം സ്ഥാനം പോലും കിട്ടിയില്ല.

വെസ്റ്റ് സീറ്റിൽ ബിജെപിയുടെ പ്രതിമ ഭൗമികാണ് 2.74 ലക്ഷം വോട്ടോടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി സുബൽ ഭൗമിക് 1.42 ലക്ഷം വോട്ടോടെ രണ്ടാം സ്ഥാനത്തുണ്ട്. സിറ്റിങ് എംപി കൂടിയായ സിപിഎമ്മിന്റെ ശങ്കർ പ്രസാദ് ദത്തയ്ക്ക് ഇതുവരെ കിട്ടിയത് 84000 വോട്ടാണ്.

ഈസ്റ്റ് സീറ്റിൽ ബിജെപിയുടെ രേബതി ത്രിപുര മൂന്ന് ലക്ഷം വോട്ടോടെ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. മഹാരാജ് കുമാരി പ്രാഗ്യ ദേബ്‌ബർമൻ 1.85 ലക്ഷം വോട്ട് നേടി. സിപിഎം സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ജിതേന്ദ്ര ചൗധരിക്ക് 1.3 ലക്ഷം വോട്ടേ നേടാനായുള്ളൂ.

പതിവായി ഈ രണ്ട് സീറ്റിലും സിപിഎം സ്ഥാനാർത്ഥികളാണ് വിജയിച്ച് വരുന്നത്. കഴിഞ്ഞ തവണ 60 ശതമാനത്തിലേറെയായിരുന്നു സിപിഎം സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്.

ശബരിമല അടക്കം വിവാദ വിഷയങ്ങൾ ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ ഫലം എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാകുമ്പോള്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷട്രീയ നിലപാടുകളുടെ പ്രതിഫലനമായും വിലയിരുത്തപ്പെടും. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നതോടെ സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക് പാര്‍ട്ടി മാത്രമല്ല പിണറായി വിജയനും മറുപടി പറയേണ്ടി വരുന്നതാണ് സാഹചര്യമാണ് ഉണ്ടാകുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് അടിമുടി ശക്തമായ പ്രചാരണം കാഴ്ച വച്ച ഇടത് മുന്നണി തെരഞ്ഞെടുപ്പിന് ശേഷവും വലിയ അത്മ വിശ്വസത്തിലായിരുന്നു. 2004ലെ 18 സീറ്റെന്ന വൻ വിജയം ആവർത്തിക്കുമെന്നാണ് പിണറായി അടക്കം പറഞ്ഞത്. എന്നാല്‍ 2004 പോയിട്ട് കഴിഞ്ഞ തവണത്തെ 8 സീറ്റിൽ നിന്ന് പിന്നോട്ട് പോയി എല്‍ഡിഎഫ്. ഇതിന് സിപിഎം സിപിഐ നേതൃത്വങ്ങൾ പാർട്ടി വേദികളില്‍ സമാധാനം പറയേണ്ടിവരും.

പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പെന്ന വലിയ പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചതിനെക്കാള്‍ ഭീകരമായ തോല്‍വി നേരിട്ടതൊടെ ഇതുവരെ പാര്‍ട്ടിയില്‍ എതിര്‍ക്കപ്പെടാത്ത ശബ്ദമായ പിണറായിക്ക് എതിര്‍ ശബ്ദം ഉയരാന്‍ കാരണമുണ്ട്. ശബരിമലയിലടക്കും എടുത്ത കർക്കശ നിലപാടിന് സമാധാനവും പറയേണ്ടിവരും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കുമൊപ്പം അമേഠിയില്‍ മത്സരത്തിനിറങ്ങിയ സരിത എസ് നായരുടെ വോട്ടുനിലയുടെ വിവരങ്ങളും പുറത്ത്. കേരളത്തില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്നായിരുന്നു രാജ്യം ഉറ്റുനോക്കുന്ന ഒരു മണ്ഡലം കൂടിയായ അമേഠിയില്‍ മത്സരിക്കാന്‍ സരിത തീരുമാനിച്ചത്.

സ്മൃതി ഇറാനി മുന്നേറിക്കൊണ്ടിരിക്കുന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുള്ളത്. സരിത എസ് നായര്‍ക്കാണെങ്കില്‍ ഇതുവരെ 53 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മത്സരിച്ച് വിജയിക്കുകയല്ല തന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് നേരത്തേ സരിത അഭിപ്രായപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും ഹൈബി ഈഡനെതിരെ എറണാകുളത്തും മത്സരിക്കാനായിരുന്നു സരിതയുടെ നീക്കം. എന്നാല്‍ രണ്ടിടത്തും പത്രിക തള്ളിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് ദേശീയശ്രദ്ധ പതിയുന്ന അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോൺഗ്രസ്. ഇത്തവണ എന്തായാലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സാഹചര്യത്തിൽ ഇനി എന്തു വേണമെന്ന് ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ വരെ പ്രതിപക്ഷ സഖ്യ ചർച്ചകൾ ദില്ലിയിൽ സജീവമായിരുന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎയിലേക്ക് കൂടുതൽ രാഷ്ട്രീയപാർട്ടികളെത്തി. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്‍പി, എസ്‍പി, തെലുഗു ദേശം പാർട്ടി, ഇടതുപക്ഷം എന്നീ പാർട്ടികൾ കൂടി ചേർന്നുള്ള പുതിയ സഖ്യത്തിന്‍റെ പേര് സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‍ഡിഎഫ്) എന്നായിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ എൻഡിഎക്ക് കേവലഭൂരിപക്ഷം കിട്ടാതിരുന്നാൽ രാഷ്ട്രപതിയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാനായിരുന്നു പ്രതിപക്ഷ പദ്ധതി.

പ്രതിപക്ഷ നേതൃപദവി കിട്ടുന്ന തരത്തിലെങ്കിലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചു. എന്നാൽ ഇത്തവണയും നില മെച്ചപ്പെടുത്താൻ കോൺഗ്രസിനായിട്ടില്ല. ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ, 65 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുന്നിൽ നിൽക്കാനാകുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് കരുതപ്പെട്ടിരുന്ന ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലും ലോക്സഭയിൽ കോൺഗ്രസ് നിലം തൊടുന്നില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടെണ്ണൽ തുടങ്ങി മൂന്നര മണിക്കൂർ പിന്നിടുമ്പോൾ എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നിലാണ്.

അമേഠിയിലാകട്ടെ രാഹുലിന് ചിന്തിക്കാനാവാത്ത പരാജയമാണ് കാത്തിരിക്കുന്നത്. സ്മൃതി ഇറാനി കനത്ത മത്സരമാണിവിടെ കാഴ്ച വയ്ക്കുന്നത്. ഒരുപക്ഷേ, രാഹുൽ കേരളത്തിൽ വന്ന് മത്സരിച്ചത് നന്നായെന്ന നിലയിലാണ് കാര്യങ്ങളിപ്പോൾ. ഇല്ലെങ്കിൽ ഇത്തവണ ലോക്സഭയിൽ രാഹുൽ ഗാന്ധി ഉണ്ടാകുമായിരുന്നില്ല. വോട്ട് നില ഇടിഞ്ഞുകൊണ്ടേയിരുന്ന കോൺഗ്രസിന് അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെടുകയെന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്. സഹോദരി പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചാരണത്തിന് മേൽനോട്ടം വഹിച്ച മണ്ഡലം കൂടിയാണ് അമേഠി. ആറ് തവണയാണ് രാഹുൽ ഇവിടെ പ്രചാരണം നടത്തിയതും.

കോൺഗ്രസിന്‍റെ ഉറച്ച കോട്ടയായിരുന്നു അമേഠി. 1980-ൽ സഞ്ജയ് ഗാന്ധി മത്സരിച്ചത് മുതൽഗാന്ധി കുടുംബത്തിന്‍റെ സ്ഥിരം സീറ്റ്. 1998-ൽ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാൾ മത്സരിച്ചപ്പോൾ മണ്ഡലം മറിച്ച് വോട്ട് നൽകി. അന്ന് ബിജെപി സ്ഥാനാ‍ത്ഥി ജയിച്ചു. അതൊഴികെ നാല് പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷിത മണ്ഡലമാണിത്.

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ പറഞ്ഞത്.

 

RECENT POSTS
Copyright © . All rights reserved