തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു നേത്രാവതിക്ക് സമീപം കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി.സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച നേത്രാവതി പാലത്തിനടുത്തുനിന്നാണ് സിദ്ധാര്‍ഥയെ കാണാതായത്.

Image result for vg-siddhartha-body-found

എൻ ഡി ആർഎഫിനും തീരസംരക്ഷണ സേനയ്ക്കുമൊപ്പം നേവിയുടെ മുങ്ങൽ വിദഗ്ദ്ധരും സിദ്ധാര്‍ഥയ്ക്കായുള്ള തിരച്ചിലിൽ പങ്കെടുത്തിരുന്നു. അതേസമയം കഫേ കോഫി ഡേ ജീവനക്കാർക്കയച്ച കത്തിലെ സിദ്ധാർഥയുടെ ഒപ്പ് വ്യാജമാണെന്ന സൂചനയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.

ഏതു ബഹുരാഷ്ട്ര കോഫി വമ്പനേയും വെല്ലാൻ കഴിയും വിധം രാജ്യമാകെ 2700 കോഫി റീട്ടെയിൽ കേന്ദ്രങ്ങൾ, അവിടെ വിൽക്കുന്ന കോഫിക്കുള്ള കാപ്പിക്കുരു കൃഷി ചെയ്യാൻ 4000 ഏക്കർ കാപ്പിത്തോട്ടം, കാപ്പിത്തോട്ടം നടത്തുന്നതിൽ 140 വർഷത്തെ കുടുംബപാരമ്പര്യം, കോഫി ഗവേഷണകേന്ദ്രം, കോഫി വിൽക്കാൻ യുവാക്കൾക്കു പരിശീലനം, കോഫി മെഷീനുകൾ പോലും ചെലവുകുറച്ചു നിർമാണം…വി.ജി.സിദ്ധാർഥ എന്ന വിജിഎസ് തന്റെ ജീവിതം ഇന്ത്യൻ കോഫിയുടെ ഇതിഹാസമാക്കി മാറ്റി.

കഫെ കോഫി ഡേ ബ്രാൻഡിലുള്ള കോഫി ഷോപ്പുകളുടെ എണ്ണം ആയിരങ്ങളിലെത്തുമ്പോഴും ലാഭം എത്രയെന്ന് ആർക്കും പിടിയില്ലായിരുന്നു. നഷ്ടം കുമിയുകയായിരുന്നോ, കടം കോടികളായി പെരുകുകയായിരുന്നോ, സ്വയം സൃഷ്ടിച്ച ബിസിനസ് മോഡൽ പരാജയമായിരുന്നോ…എവിടെയാണു പിഴച്ചത്…!

സിദ്ധാർഥയുടെ കുടുംബം ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ ചിക്കമംഗലൂരുവിൽ കാപ്പിത്തോട്ടം തുടങ്ങിയവരാണ്. 1870 മുതൽ. 11000 ഏക്കർ കാപ്പിത്തോട്ടമുണ്ടായിരുന്നു. 1956ൽ തോട്ടം ഭാഗം വയ്ച്ചപ്പോൾ 500 ഏക്കർ മാത്രമാണ് സിദ്ധാർഥയുടെ പിതാവിനു കിട്ടിയത്.

മംഗളൂരുവിൽ നിന്ന് എംഎ ഇക്കണോമിക്സ് കഴി‍ഞ്ഞ് മുംബൈയിലേക്കു പോയ സിദ്ധാർഥിന് ബിസിനസ് ചെയ്യാൻ പിതാവ് 7.5 ലക്ഷം രൂപ നൽകി. മുംബൈയിൽ ഓഹരി നിക്ഷേപം നടത്തുന്ന കമ്പനിയിൽ ട്രെയിനിയായി ചേർന്ന് രണ്ടു വർഷം ഓഹരി വിപണിയുടെ നൂലാമാലകൾ പഠിച്ചു.

തിരികെ വന്ന് ഓഹരി നിക്ഷേപം തുടർന്നു. അതിൽ നിന്നുണ്ടാക്കിയ പണം ഉപയോഗിച്ച് 1987ൽ 1500 ഏക്കർ കാപ്പിത്തോട്ടം വാങ്ങി. പിന്നീട് കൂടുതൽ വാങ്ങി 1992 ആയപ്പോഴേക്കും തോട്ടം 4000 ഏക്കറാക്കി.

സിദ്ധാർഥ കാപ്പി കയറ്റുമതി തുടങ്ങി. അമാൽഗമേറ്റഡ് ബീൻ കോഫി രാജ്യത്തെ ഏറ്റവും പ്രമുഖ കയറ്റുമതിക്കാരായി. കാപ്പിപ്പൊടി വിൽക്കാ‍ൻ ആദ്യം ബെംഗളൂരുവിലും ചെന്നൈയിലുമായി 20 കടകൾ തുടങ്ങി. അപ്പോഴാണ് കാപ്പിപ്പൊടി വിൽപ്പനയ്ക്കു പകരം കാപ്പിയുണ്ടാക്കി വിറ്റാൽ ബിസിനസ് വിപുലമാവുമെന്ന ആശയം ഉദിക്കുന്നത്.

വിദേശ മാതൃകകളുടെ ചുവടു പിടിച്ച് കാപ്പി കുടിച്ചിരുന്നുകൊണ്ട് നെറ്റ് സർഫ് ചെയ്യുന്ന ബിസിനസ് മോഡലുണ്ടാക്കി. കഫെ കോഫി ഡെ എന്നു പേരു നൽകി. സിസിഡി. ആദ്യം ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമായി 12 സിസിഡി. 2004ൽ എണ്ണം 200ൽ എത്തി. ഇന്ന് രാജ്യമാകെ 210 നഗരങ്ങളിലായി 1500 സിസിഡി. കോഫി കിയോസ്കുകളും വെൻഡിങ് മെഷീനുകളുമെല്ലാം ചേർത്ത് 2700 വിൽപന കേന്ദ്രങ്ങൾ.

വിദേശ രാജ്യങ്ങളിൽ 18 സ്റ്റോറുകൾ. ദിവസം 5 ലക്ഷം പേർ അവിടങ്ങളിൽ കാപ്പി കുടിക്കുന്നു. ഇന്ത്യൻ കോഫി കഫെ വിപണിയുടെ 70% കൈപ്പിടിയിൽ. 30,000 ജീവനക്കാർ. വലിയ ഓഹരി പങ്കാളിത്തം വഹിച്ച സോഫ്ട് വെയർ കമ്പനിയായ മൈൻജ് ട്രീ വഴി 20000 തൊഴിലവസരം വേറെ.

കോഫി മെഷീൻ ഇറക്കുമതിക്ക് 2.5 ലക്ഷം ചെലവു വരുമെന്നതിനാൽ കോഫി മെഷീനുകൾ ഉണ്ടാക്കാൻ തുടങ്ങി. ചെലവ് 70000–80000 രൂപ മാത്രം. അങ്ങനെ തോട്ടത്തിൽ കാപ്പിക്കുരു ഉത്പാദനവും അതിന്റെ സംസ്ക്കരണവും കയറ്റുമതിയും ഗവേഷണവും കാപ്പിപ്പൊടി വിൽപനയും കോഫി ഷോപ്പും കോഫി മെഷീനും എല്ലാം ചേർന്ന വലിയൊരു കോഫി ശൃംഖല തന്നെ സിദ്ധാർഥ സൃഷ്ടിച്ചു.

ചിക്കമംഗളൂരുവിൽ 30 ഏക്കറിലായി കാപ്പിപ്പൊടി സംസ്കരണ ഫാക്ടറി. പ്രതിവർഷ കയറ്റുമതി 20000 ടൺ. (മൂല്യം 150-200 കോടി രൂപ.) ഹാസനിൽ 30 ഏക്കറിലായി മറ്റൊരു ഫാക്ടറി. (മൂല്യം 150 കോടി രൂപ). രണ്ടിടങ്ങളിലുമായി നേരിട്ടും അല്ലാതെയും 18000 പേർ ജോലിയെടുക്കുന്നു.

വിവിധ കമ്പനികളിൽ മൂലധന നിക്ഷേപം നടത്തുന്ന ബിസിനസ് വൻ വിജയമായിരുന്നു. ആക്സെഞ്ച്വർ, മൈൻഡ്ട്രീ,സൊനാറ്റ, ടെക്സസ് തുടങ്ങിയ കമ്പനികളിലെ ഓഹരി നിക്ഷേപം അങ്ങനെയാണ്. അടിസ്ഥാന സൗകര്യമേഖലയിൽ ഉപകമ്പനിയായ ടാങ്ക്ളിൻ ഡവലപ്പേഴ്സ് ആസ്തികളുണ്ടാക്കി. ബെംഗളൂരുവിൽ 120 ഏക്കറിൽ ഐടി ക്യാംപസ്. മംഗളൂരുവിൽ ടെക് ബേ,മുംബൈയിൽ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്, ഹോട്ടലുകൾ,റിസോർട്ടുകൾ.

ബാങ്കുകളിലേയും ധനകാര്യ സ്ഥാപനങ്ങളിലേയും ആകെ കടം 8183 കോടിയിലെത്തി. ഐഡിബിഐ ബാങ്കിന് 4575 കോടി കടം, യെസ് ബാങ്കിന് 274 കോടി, ആക്സിസ് ബാങ്കിന് 915 കോടി, ആദിത്യബിർല ഫിനാൻസിന് 278 കോടി…മൈൻഡ്ട്രിയുടെ 20.4% ഓഹരി എൽ ആൻഡ് ടിയ്ക്ക് വിറ്റ് 3300 കോടി നേടിയതൊന്നും കടംവീട്ടാൻ പോരാതായി.

തൊണ്ണൂറുകളിൽ ഇന്ത്യയുടെ സിലിക്കൻ വാലിയായി ബെംഗളൂരു വളർന്നതിനൊപ്പമാണ് കഫെ കോഫി ഡേ മുളയിട്ടത്. മഹാനഗരത്തിൽ ഐടി വിപ്ലവത്തിനു ചുക്കാൻ പിടിച്ച കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനായതോടെ, സിസിഡിയെ വൻമരമാക്കി മാറ്റാൻ സിദ്ധാർഥയ്ക്കു മുന്നിൽ വഴി തുറന്നു. 2017 മാർച്ചിൽ കൃഷ്ണ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കു കൂറുമാറിയതിനു പിന്നാലെയാണ് സിസിഡിക്ക് എതിരെ ആദായനികുതി വകുപ്പ് റെയ്ഡുകൾ ആരംഭിച്ചതെന്നതു വൈരുധ്യം.

യഥാർഥ വില്ലൻ സിദ്ധാർഥയുടെ ഓഹരി ഇടപാടു സ്ഥാപനമായ വേ ടു വെൽത്തിന്റെ ( പഴയ പേര് ശിവൻ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ) ഇടപാടുകളാണ് അദ്ദേഹത്തെ കഴുത്തറ്റം മുക്കിയതെന്നാണു സൂചന. കഫേ കോഫി ഡേ (സിസിഡി)യിൽ നിന്നുള്ള വരുമാനം വേ ടു വെൽത്തിലേക്കു വഴി തിരിച്ചുവിട്ടതു വിനയായെന്നാണു വിലയിരുത്തൽ. ബെംഗളൂരു ആസ്ഥാനമായ ഐടി കമ്പനി മൈൻഡ് ട്രീയിൽ കമ്പനി പ്രമോട്ടർമാരെക്കാൾ കൂടുതൽ ഓഹരി പങ്കാളിത്തമാണ് സിദ്ധാർഥയ്ക്ക് ഉണ്ടായിരുന്നത് 20.32%. പ്രമോട്ടർമാരുടെ പങ്ക് – 13.3%.

സിസിഡിയുടെ ബാധ്യത നികത്താൻ മൈൻഡ് ട്രീ ഓഹരികൾ ഒറ്റയടിക്കു ലാർസൻ ആൻഡ് ടുബ്രോയ്ക്ക് (എൽ ആൻഡ് ടി) വിറ്റതു മാർച്ചിലാണ്; 3269 കോടി രൂപയ്ക്ക്. പ്രമോട്ടർമാരുടെ താൽപര്യം മറികടന്നുള്ള നീക്കം കമ്പനി മൊത്തമായി എൽ ആൻഡ് ടി ഏറ്റെടുക്കുന്നതിലേക്കു നീങ്ങിയതു വലിയ വിമർശനങ്ങൾക്കിടയാക്കി. എന്നാൽ, ആദായനികുതി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് പണം സിദ്ധാർഥയുടെ കയ്യിൽ എത്താത്തതു സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്നാണു സൂചന. അതിനിടെയാണു സിസിഡി ഏറ്റെടുക്കുന്നതു സംബന്ധിച്ചു കോക്കകോളയുമായുള്ള ചർച്ചകൾ.

സിദ്ധാർഥയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങൾ തെറ്റാണെന്നും കണ്ടുകെട്ടിയ ഓഹരികളുടെ മൂല്യം, നികുതി ബാധ്യതയുടെ 40 ശതമാനത്തിനും താഴെയാണെന്നും ആദായനികുതിവകുപ്പ് പറയുന്നു. കള്ളപ്പണമുണ്ടെന്നു സിദ്ധാർഥ സമ്മതിച്ചതായും അധികൃതർ പറയുന്നു. കത്തിലെ ഒപ്പിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും ആരോപിച്ചു. വാർഷിക റിപ്പോർട്ടിലെ ഒപ്പുകളുമായി വ്യത്യാസമുണ്ടെന്നാണു വിശദീകരണം. എന്നാൽ കത്ത് യഥാർഥമാണെന്നാണു കമ്പനി പറയുന്നത്.

സിസിഡി ബോർഡ് ഓഫ് ഡയറക്ടേഴ്സിനും ജീവനക്കാർക്കും 27നു സിദ്ധാർഥ എഴുതിയ കത്തിൽ നിന്ന്: ‘എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തമാണ്. സംരംഭകനെന്ന നിലയിൽ പരാജിതനാണ്. ഏറെ പോരാടിയെങ്കിലും പിൻമാറുന്നു. വിശ്വാസമർപ്പിച്ചവരോട് അത് പാലിക്കാനാകാത്തതിൽ ക്ഷമചോദിക്കുന്നു. ഓഹരികൾ മടക്കിവാങ്ങാൻ ആവശ്യപ്പെട്ട് ഒരു ഓഹരി പങ്കാളി ചെലുത്തുന്ന സമ്മർദം താങ്ങാനാകുന്നില്ല.കടക്കാരിൽ നിന്നുള്ള സമ്മർദം വേറെ’ ആദായനികുതി വകുപ്പ് മുൻ ഡയറക്ടർ ജനറലിൽ നിന്നു മാനസിക പീഡനം ഏൽക്കേണ്ടി വന്നു.

തന്റെ അഭാവത്തിലും സ്ഥാപനം മുന്നോട്ടു കൊണ്ടുപോകണമെന്ന ഡയറക്ടർ ബോർഡിനും കുടുംബത്തിനും നിർദേശം നൽകിയ അദ്ദേഹം നിലവിലുള്ള ബാധ്യതകൾ തീർക്കാൻ പോന്ന സ്വത്തുവിവര പട്ടികയും വിശദീകരിച്ചിട്ടുണ്ട്. ∙ ആധുനിക കോഫി ഷോപ്പ് സംസ്കാരത്തിന് ഇന്ത്യയിൽ തുടക്കമിട്ട കഫേ കോഫി ഡേ ശൃംഖലയ്ക്ക് 1500ൽപരം ഒൗട്ട്‌ലെറ്റുകളുണ്ട്.