India

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. വിധിയില്‍ ഇളവ് തേടി ഫ്ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.

ഇതനുസരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുമ്പാകെ ഇന്ന് ഹര്‍ജികളെത്തിയത്. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്‍റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്തു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങുന്നതെങ്ങനെയെന്ന ചോദിച്ച ജസ്റ്റിസ് മിശ്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് പൊട്ടിത്തെറിച്ചു.

ഒന്നിലധികം തവണ പരിഗണിക്കാന്‍ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് കോടതിയെ കബളിപ്പിക്കാനാണ്. പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി.

തമിഴ്നാടു തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ച വ്യത്യസ്ത ജാതിയിൽപെട്ട ദമ്പതികളെ ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു. കേസുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലായി.

തൂത്തുകുടി വിലാത്തിക്കുളം പെരിയനഗര്‍ സ്വദേശി സോലൈരാജ് ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപെട്ടത്.ഉപ്പുപാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കാണുന്നതും പ്രണയിക്കുന്നതും. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതിയില്‍ പെട്ടവരായിതിനാല്‍ ജ്യോതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു .മൂന്നുമാസം മുമ്പു വിവാഹിതരായി സോലൈരാജിന്റെ വീടിനു സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ജ്യോതി ഗര്‍ഭിണിയായി. കഴിഞ്ഞ ദിവസം വൈദ്യുതിയില്ലാത്തിനാല്‍ ഇരുവരും വീടിനു പുറത്താണ് ഉറങ്ങാന്‍ കിടന്നത്.

രാവിലെ സോലൈരാജിന്റെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. സംഭവുമായി ബന്ധപെട്ട് ജ്യോതിയുടെ പിതാവ് അളഗര്‍ അറസ്റ്റിലായി.ദിവസങ്ങൾക്കു മുൻപു കോയമ്പത്തൂരിൽ ജാതി മാറി വിവാഹം കഴിക്കുന്നതു തടയാൻ സഹോദരനെയും കാമുകിയെയും യുവാവു കുത്തി കൊലപ്പെടുത്തിയിരുന്നു. ജാതി മാറി വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ 24 മണിക്കൂർ ഹെൽപ്‌ലൈൻ തുടങ്ങിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു സാമൂഹിക പ്രവര്ത്തകര്‍ പറയുന്നത്.

തമിഴ്നാട്ടിലെ തീപ്പൊരി രാഷ്ട്രീയ നേതാവും മുന്‍ എം.പിയുമായ വൈക്കോയ്ക്ക് രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷത്തെ തടവ്. തമിഴ് പുലികള്‍ക്ക് അനുകൂലമായി സംസാരിച്ചുവെന്ന പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് ശിക്ഷ. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വൈക്കോ നിരോധിത സംഘടനയായ എല്‍.ടി.ടിയെ ഇനിയും അനുകൂലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
തീപ്പൊരി പ്രസംഗങ്ങള്‍ക്കൊണ്ടും നിലപാടുകൊണ്ടും വിവാദങ്ങളുടെ തോഴനാണ് വൈക്കോ. 2008 സെപ്റ്റംബറില്‍ ചെന്നൈയില്‍ വച്ചു നടന്ന പുസ്തക പ്രകാശനത്തിനിടെയാണ് കേസിനാധാരമായ പരാമര്‍ശം. നിരോധിത സംഘടനയായ എല്‍.ടി.ടിയെ പരസ്യമായി പിന്തുണച്ചെന്ന് കാണിച്ച് കരുണാനിധി സര്‍ക്കാര്‍ കേസെടുത്തു.

അടുത്ത കൊല്ലം തന്നെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വൈക്കോ ഹാജരാകത്തിനെ തുടര്‍ന്ന് നീണ്ടു.2017 പാസ്പോര്‍ട്ട് പുതുക്കുന്നതിനു തടസമുണ്ടായതോടെയാണു കീഴടങ്ങി ജാമ്യം നേടിയത്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എഗ്മോറിലെ പ്രത്യേക കോടതി വൈക്കോ കുറ്റം ചെയ്തതായി കണ്ടെത്തി. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിക്കുകയും ചെയ്തു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഉടന്‍ തന്നെ വൈക്കോയ്ക്ക് ജാമ്യവും നല്‍കി. കോടതിക്കു പുറത്തിറങ്ങിയ വൈക്കോ കേസിനാധാരമായ നിലപാട് ആവര്‍ത്തിച്ചു

കേസ് എടുത്തത് കണുണാനിധിയുടെ കാലത്തായിരുന്നെങ്കില്‍ വിധിവരുമ്പോള്‍ മകന്‍ എം.കെ സ്റ്റാലിന് പ്രിയപെട്ടവനാണ് വൈക്കോ. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് വൈക്കോ. തടവ് ഒരു വര്‍ഷമായതിനാല്‍ സ്ഥാനാര്‍ഥിത്വത്തെ ഇന്നത്തെ കോടതി വിധി ബാധിക്കില്ല

ജയിലിൽ കഴിയവെ ജനിച്ച മകളുടെ വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്കു മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷയനുഭവിച്ച തടവുകാരിയായ നളിനിക്ക് 27 വർഷത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 3 വർഷം മുൻപ് 12 മണിക്കൂർ പരോൾ ലഭിച്ചിരുന്നു.

കേസിൽ പിടിയിലാകുന്ന സമയത്തു ഗർഭിണിയായിരുന്ന നളിനിക്കു ജയിലിലാണു കുഞ്ഞു ജനിച്ചത്. മകൾ ഡോ. അരിത്ര ഇപ്പോൾ ലണ്ടനിലാണു താമസം. നളിനിയുടെ ഭർത്താവ് മുരുകനും ഇതേ കേസിൽ പ്രതിയായി ജയിലിലാണ്.

നളിനിയുടെ അഭ്യർഥന പ്രകാരം അവർക്കു നേരിട്ടു ഹാജരായി വാദിക്കാനുള്ള അനുമതി കോടതി നൽകിയിരുന്നു. മാധ്യമങ്ങളോടോ രാഷ്ട്രീയക്കാരോടോ സംസാരിക്കരുത്, പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് എം.നിർമൽ കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് പരോൾ അനുവദിച്ചത്. 10 ദിവസത്തിനകം പരോൾ നടപടികൾ പൂർത്തിയാക്കണമെന്നു കോടതി വെല്ലൂർ ജയിൽ സൂപ്രണ്ടിനു നിർദേശം നൽകി.

മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി 6 മാസത്തെ പരോൾ ചോദിച്ചു കഴിഞ്ഞ ഫെബ്രുവരിയിൽ നളിനി ജയിൽ അധികൃതർക്കു കത്തു നൽകിയിരുന്നു. ഇതിൽ നടപടിയില്ലാതായതോടെയാണു കോടതിയെ സമീപിച്ചത്.

‘മകളെ പ്രസവിച്ചതു ജയിലിലാണ്. മകളെ നെഞ്ചോടു ചേർത്തു വളർത്താനുള്ള ഭാഗ്യം അമ്മയെന്ന നിലയിൽ എനിക്കു ലഭിച്ചില്ല. അവളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള അവകാശം കൂടി നിഷേധിക്കരുത്’- വാദത്തിനിടെ നളിനി കോടതിയിൽ വികാരാധീനയായി.

കേസിൽ ശിക്ഷ ജീവപര്യന്തമായി കുറച്ചു. എന്നാൽ, നിയമാനുസൃതമുള്ള പരോൾ കൂടി അനുവദിക്കാതെ ജയിലിൽ അടച്ചിടുന്നതും വധശിക്ഷയും തമ്മിൽ എന്താണു വ്യത്യാസം? എല്ലാ പ്രതീക്ഷകളും കോടതിയിലാണെന്നും നളിനി പറഞ്ഞു. റോസ് നിറമുള്ള സാരിയണിഞ്ഞ്, കൈയിൽ പ്ലാസ്റ്റിക് കവറുമായി 1.50നാണു നളിനി ഹൈക്കോടതിയിലെത്തിയത്. കോടതി പരിസരത്തു കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

നെടുമങ്ങാട് പതിനാറുകാരി മീരയുടെ കൊലപാതകക്കേസിൽ പിടിയിലായ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അനീഷിനെക്കൊണ്ട് മകൾ മീരയെ വിവാഹം കഴിപ്പിക്കാൻ മഞ്ജുഷ ശ്രമിച്ചിരുന്നെന്നും ഇത് മീര എതിര്‍ത്തതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സൂചന നൽകുന്നു.

അനീഷുമായുള്ള തന്റെ അടുപ്പം തുടരാനുള്ള ലക്ഷ്യത്തോടെയാണ് ‌മഞ്ജുഷ ഈ നീക്കം നടത്തിയതെന്നാണ് സൂചന. എന്നാൽ അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും എതിർത്ത മീര ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് വീട്ടിൽ വഴക്കുണ്ടായതും മീരയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ10 ന് രാത്രി 9.30 ന് അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയിൽ കഴിഞ്ഞത് പെൺകുട്ടി ചോദ്യം ചെയ്തു. ഇതേതുടർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന മീരയെ ഇരുവരും ചേർന്ന് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

അബോധവസ്ഥയിലായി നിലത്ത് വീണ മീര മരിച്ചെന്നു കരുതി വാരാന്തയിൽ എടുത്തുകിടത്തുകയായിരുന്നു. വേ​ഗം തന്നെ അനീഷ് ബൈക്കിൽ പെട്രോൾ നിറച്ച് എത്തി. തുടർന്ന് ഇരുവരും ചേർന്ന് മീരയെ ബൈക്കിൽ നടുക്ക് ഇരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു സമീപത്തെ പുരയിടത്തിൽ ഇട്ടു. ഞരക്കം കേട്ടതായി തോന്നിയപ്പോൾ അനീഷ് സിമന്റ് ഇഷ്ടികകൾ മീരയുടെ ശരീരത്തിൽ വച്ചുകെട്ടി കിണറ്റിന്റെ മൂടി നീക്കി അതിനുള്ളിൽ തള്ളുകയായിരുന്നു.

രാത്രി തന്നെ മടങ്ങി വാടക വീട്ടിലെത്തി മീരയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മീരയുടെ ഷാൾ അടക്കം എടുത്ത് നാഗർകോവിലിലേക്ക് മുങ്ങി. കൊലയ്ക്ക് ഉപയോഗിച്ച ഷാൾ നാഗർകോവിലിൽ ലോഡ്ജിന് സമീപം ഉപേക്ഷിച്ചത് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇന്നലെ തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ നിന്നു മീരയുടെ ചെരിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

തിരുവല്ല:മികച്ച സാമൂഹ്യക്ഷേമ ജീവകാരുണ്യ മനുഷ്യാവകാശ പ്രവർത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപെടുത്തിയ സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരത്തോടൊപ്പം ഉള്ള അവാർഡ് തുകയാണ് ‘നമ്മുടെ തിരുവല്ല ‘ വാട്ട്സപ്പ് കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നല്കാൻ ഡോ.ജോൺസൺ വി ഇടിക്കുള തീരുമാനിച്ചത്.നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് കഴിഞ്ഞ ദിവസം പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം മുൻ ഡി.ജി. പി ഡോ.അലക്സാണ്ടർ ജേക്കബ് സമ്മാനിച്ചിരുന്നു.’നമ്മുടെ തിരുവല്ല’ വാട്ട്സ്പ്പ് കൂട്ടായ്യയുടെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. മുൻ ആർ.ഡി.ഒ :പി.ഡി.ജോർജ് ആണ് കൂട്ടായ്മയുടെ അമരക്കാരൻ. ഹോപ് ഫോർ ഹോപ്പ്ലെസ് എന്ന പദ്ധതിക്ക് അവാർഡ് തുക നല്കുവാൻ ഉള്ള സന്നദ്ധത മുൻ ആർ.ഡി.ഒ :പി.ഡി.ജോർജിനെ അറിയിച്ചു കഴിഞ്ഞു.

2006 ൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ യൂത്ത് അവാർഡിനോടൊപ്പം ലഭിച്ച തുകയും ഒരു വിദ്യാർത്ഥിയുടെ പഠനത്തിന് വേണ്ടി സംഭാവനയായി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയിരുന്നു. അവാർഡ് ദാന ചടങ്ങിൽ വെച്ച് തന്നെ അന്നത്തെ നിയമ യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്ന എം. വിജയകുമാറിനോട് അറിയിക്കുകയും പിന്നീട് ആ തു നല്കുകയും ചെയ്തു.പെയിൻറിങ്ങ് ജോലിക്കിടെ ടെറസിൽ നിന്നും വീണ് മരിച്ച റാന്നി സ്വദേശിയുടെ അഞ്ച് വയസുള്ള മകന്റെ കദന കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് അന്ന് ആ തുക നല്കിയത്.

കഴിഞ്ഞ 23 വർഷമായി സാമൂഹ്യ സേവന മനുഷ്യാവകാശ പ്രവർത്തന രംഗത്ത് നിലകൊള്ളുന്ന ഡോ.ജോൺസൺ വി.ഇടിക്കുള യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ് ഉൾപെടെ ഏഴ് റിക്കോർഡുകളിൽ ഇടം ലഭിച്ചിട്ടുണ്ട്.

പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തിയതോടെ വിലക്കയറ്റം സമ്മാനിച്ച് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. ആദായനികുതി സ്‌ലാബിൽ മാറ്റമില്ല .ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പെട്രോൾ, ഡീസൽ, സ്വർണം തുടങ്ങിയവയുടെ വില വർധനയ്ക്കും നിർദേശമുണ്ട്. അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴും ഭവന വായ്പയിലും നികുതി ഇളവുകൾ പ്രഖ്യാപിച്ചു. നികുതി സംബന്ധിച്ച ഇടപാടുകള്‍ ഇലക്‌ട്രോണിക് രീതിയിലാക്കും. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകും

2020 മാർച്ച് 31 വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധികനികുതി കിഴിവാണു ധനമന്ത്രി പ്രഖ്യാപിച്ചത്. നിലവിൽ 2 ലക്ഷം ഇളവുണ്ട്യ ബജറ്റ് പ്രഖ്യാപനത്തെ തുടർന്നു ഫലത്തിൽ 3.5 ലക്ഷത്തിന്റെ ഇളവാണു ലഭിക്കുക. ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്കുമേൽ പിൻവലിച്ചാൽ 2% ടിഡിഎസ് ചുമത്തും. 2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3 ശതമാനവും 5 കോടിക്കു മുകളിൽ 7 ശതമാനവും സർചാർജ് ചുമത്താനും ബജറ്റ് നിർദേശിക്കുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി.

സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കിയതോടെ ഇവയ്ക്കും വില കൂടും. 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയിൽനിന്ന് 400 കോടിയാക്കി പുതുക്കി. രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കും. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ നൽകും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കും. വൈദ്യുതി മേഖലയിൽ ഒരു രാജ്യം ഒരു ഗ്രിഡ് നിർദേശവും ബജറ്റിലുണ്ട്.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപം കൊണ്ടുവരും. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. വനിതകൾക്ക് മുദ്രാ ലോണിൽ പ്രത്യേക പരിഗണന. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തും. ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴിൽ പദ്ധതി. എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ്.

ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവും വിപുലപ്പെടുത്തും. 2025നകം 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമിക്കും റെയിൽവേ വികസനത്തിന് പിപിപി മോഡൽ. 2030നകം റെയിൽവേയിൽ 50 ലക്ഷം കോടി നിക്ഷേപം. ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയിൽ കമ്പനി വരും. ഗ്രാമീണ മേഖലയിൽ 1.95 കോടി വീടുകൾ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ.

അത് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. കാര്‍ഷിക-തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം.

നിര്‍മ്മല സീതാരാമന്‍റെ മുന്നില്‍ വെല്ലുവിളികളും പ്രതീക്ഷകളും ഏറെയാണ്.

പിയൂഷ് ഗോയൽ അവതരിപ്പിച്ച ഫെബ്രുവരിയിലെ എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യവർഗത്തെ ആകർഷിക്കുന്നതിൽ നിർണ്ണായക പങ്കുണ്ടായിരുന്നു. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതിയില്ല എന്ന പ്രഖ്യാപനം ഇടത്തരക്കാരെ ആകർഷിച്ചു. കർഷകർക്ക് 6000 രൂപ എന്നത് ഗ്രാമീണ മേഖലയിലെ അതൃപ്തി മറികടക്കാൻ സഹായിച്ചു.

സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടുക എന്നതാണ് നിർമലാ സീതാരാമന് മുന്നിലുള്ള പ്രധാന ദൗത്യം, ഒപ്പം നിക്ഷേപം ഉറപ്പാക്കുകയും വേണം. അഞ്ച് ട്രില്ല്യൺ ഡോളറിന്‍റെ സാമ്പത്തിക ശക്തിയായി വളരണമെങ്കിൽ എട്ട് ശതമാനം വളർച്ച അനിവാര്യം എന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നു.

വളർച്ച ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. അതിനാൽ നികുതിഇളവുകൾ കാര്യമായി ഉണ്ടാവാൻ വഴിയില്ല. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇല്ല എന്ന നിർദ്ദേശം തുടരുമെന്ന് പ്രതീക്ഷിക്കാം. ആദായനികുതിക്കുള്ള പരിധി രണ്ടരയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം, ഭവനവായ്പാ പലിശയ്ക്ക് കൂടുതൽ ആനുകൂല്യം നല്‍കണം എന്ന ആവശ്യവും ശക്തമാണ്.

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് സർക്കാർ നേരിടാൻ പോകുകയാണ്. ദില്ലിയിലും മുംബൈയിലും വോട്ടെടുപ്പ് നടത്താനിരിക്കെ മധ്യവർഗ്ഗത്തെ സർക്കാരിന് കൈവിടാനാവില്ല. അതായത് ജനപ്രിയ പ്രഖ്യാപനങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ല. ഇതിനൊപ്പം വളർച്ച ഉറപ്പാക്കുകയും വേണം എന്നതാണ് നിർമലാ സീതാരാമൻ നേരിടുന്ന വെല്ലുവിളി.

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിർത്തിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നാല് ദിവസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കോളനിയിലെ യുവതി പ്രസവിച്ച പെൺകുഞ്ഞിന്‍റെ മൃതദേഹമാണെന്നാണ് സംശയിക്കപ്പെടുന്നത്.

പീഡനക്കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരി മുംബൈയില്‍ എത്തി പൊലീസിന് മുമ്പില്‍ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ബിനോയ് ഇന്നലെ മുംബൈയില്‍ എത്തിയിരുന്നു. പൊലീസിന് മുമ്പില്‍ ഹാജരായ ബിനോയ് ജാമ്യവ്യവസ്ഥയിലെ നടപടികള്‍ പൂര്‍ത്തിയാത്തി മടങ്ങുകയും ചെയ്തു.

കർശന ഉപാധികളോടെയാണ് ബിനോയ് കോടിയേരിക്ക് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ ബിനോയ് ഇത്രയും നാൾ ഒളിവിലായിരുന്നു. ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ അഭിഭാഷകനൊപ്പം ബിനോയ് മുംബൈക്ക് പോയത്. അന്വേഷണ ഉദ്യോഗസ്ഥ​ന് മുമ്പാകെ ഹാജരാവണമെന്ന് കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ്​ ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിൽ​ അഭിഭാഷകനൊപ്പം ബിനോയ് മുംബൈക്ക് പോയത്.

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് ഇന്നലെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കുകയും ഒരു ആൾ ജാമ്യവും വരുന്ന ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകുകയും ചെയ്യണം. ജാമ്യമനുവദിക്കുന്നത് മനുഷ്യാവകാശത്തിന്റെ പേരിലാണ്, അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് ഹാജരാകേണ്ടി വരും. ചൊവ്വാഴ്ചയാണ് കേസിൽ വാദം പൂർത്തിയായത്. ആദ്യ വിവാഹത്തെ കുറിച്ച് ബിനോയ് അറിയിച്ചില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

കുഞ്ഞിന്റെ പിതൃത്വത്തിന്റെ ഉത്തരവാദിത്വം ബിനോയിക്കാണെന്ന് തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ എതിർത്തു. ബലാത്സംഗത്തിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും ബിനോയിയുടെ കൈയ്യിലുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ഹിന്ദു വിവാഹനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമല്ലെന്നും അഭിഭാഷകന്‍ അശോക് ഗുപ്‌തെ പറഞ്ഞു. ബിനോയിയും യുവതിയും ഒരേ ടവറിന് കീഴിലുളള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബിനോയ് ആദ്യം വിവാഹം ചെയ്തത് അറിയിച്ചിരുന്നില്ലെന്ന് യുവതിക്കായി കോടതി അനുവദിച്ച അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ വാദിച്ചു. ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. ബിനോയിയുമായി ഇനി ബന്ധപ്പെടരുതെന്നും അറിയിച്ചു. കുട്ടി ബിനോയിയുടെ തന്നെയാണ്. അതുകൊണ്ടാണ് ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് തയ്യാറാവാത്തതെന്നും വാദിഭാഗം കോടതിയെ അറിയിച്ചു.

Copyright © . All rights reserved