ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വീടിന്റെ വിലയുടെ ഒരു ശതമാനം മാത്രം ഡെപ്പോസിറ്റായി നൽകി മോർട്ട്ഗേജ് ലഭ്യമാക്കുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ബിൽഡിങ് സൊസൈറ്റിയായ നേഷൻവൈഡ്. വീടിന്റെ മൂല്യത്തിന്റെ 99 ശതമാനം വരെ വായ്പയായി ലഭിക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 5,000ത്തിലധികം പേർക്ക് അധികമായി വീട് വാങ്ങാൻ അവസരമൊരുങ്ങുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിനായി പ്രതിവർഷം ഒരു ബില്യൺ പൗണ്ട് നീക്കിവെക്കുമെന്നും കമ്പനി അറിയിച്ചു. വായ്പയുടെ പലിശനിരക്ക് 5.99 ശതമാനമാണ്. അഞ്ച് വർഷത്തേക്കുള്ള സ്ഥിര പലിശ നിരക്കായതിനാൽ ഈ കാലയളവിൽ പ്രതിമാസ തിരിച്ചടവിൽ മാറ്റമുണ്ടാകില്ല.

എന്നാൽ ഒരു ശതമാനം മാത്രം ഡെപ്പോസിറ്റ് നൽകി വീട് വാങ്ങിക്കുന്നത് സാമ്പത്തിക അപകടസാധ്യതകൾ സൃഷ്ടിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീടുകളുടെ വിലയിൽ ചെറിയ ഇടിവുണ്ടായാൽ പോലും വായ്പയെടുത്ത തുകയേക്കാൾ വീടിന്റെ വിപണിമൂല്യം കുറയുന്ന നെഗറ്റീവ് ഇക്വിറ്റി സാഹചര്യമുണ്ടാകാം. ലോയ്ഡ്സ് ബാങ്കിന്റെ കണക്കനുസരിച്ച് ഒക്ടോബറിൽ ബ്രിട്ടനിലെ വീടുകളുടെ വില 0.6 ശതമാനം കുറഞ്ഞിരുന്നു. ഒരു വർഷത്തിനിടെ 1.2 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. 2027ൽ വീടുകളുടെ ശരാശരി വില 1.5 ശതമാനം കൂടി കുറയാമെന്നാണ് സാവിൽസ് പ്രവചിക്കുന്നത്. വായ്പയുടെ പലിശനിരക്ക് 5.99 ശതമാനമായിരിക്കെ വരുമാനത്തിന്റെ ആറിരട്ടി വരെ വായ്പയെടുക്കുന്നത് വലിയ പ്രതിമാസ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ഉപയോഗിച്ച വീടുകൾ വാങ്ങുന്നവർക്ക് മാത്രമാണ് ഈ പദ്ധതി ലഭ്യമാകുക. ഫ്ലാറ്റുകൾക്കും പുതിയതായി നിർമിക്കുന്ന വീടുകൾക്കും പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല. സ്വയംതൊഴിൽ ചെയ്യുന്നവർക്കും വായ്പ അനുവദിക്കില്ല. അപേക്ഷകർ നിർബന്ധമായും മോർട്ട്ഗേജ് വിദഗ്ധരുടെ ഉപദേശം തേടണം. തിരിച്ചടയ്ക്കാനുള്ള സാമ്പത്തികശേഷി കർശനമായി പരിശോധിച്ച ശേഷമായിരിക്കും വായ്പ അനുവദിക്കുക. ദീർഘകാലം അതേ വീട്ടിൽ താമസിക്കാൻ ഉദ്ദേശിക്കുന്നവർക്കാണ് പദ്ധതി കൂടുതൽ അനുയോജ്യമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, 2031 വരെയുള്ള അഞ്ച് വർഷത്തിനിടെ ബ്രിട്ടനിലെ വീടുകളുടെ വില ശരാശരി 15.8 ശതമാനം ഉയരുമെന്നാണ് സാവിൽസിന്റെ മറ്റൊരു പ്രവചനം.











Leave a Reply