തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണം ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ അനുവദിച്ചതാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. തോൽവിക്കു തൊടുന്യായം കണ്ടെത്താൻ നോക്കരുത്.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടി നേരിട്ടു. ഇതിന് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെക്കാൾ മതവിശ്വാസവും യഥാസ്ഥിതികത്വവും ദുരാചാരങ്ങളും ശക്തമായിരുന്നു പഴയ കാലത്ത്. എന്നിട്ടും അന്ന് ഇടതുപക്ഷം മുന്നേറി. അന്നൊക്കെ മത, സമുദായ, വർഗീയ ശക്തികളെ മറികടക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതു ജനമനസ്സുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനം വർഗീയശക്തികൾക്കും യഥാസ്ഥിതികർക്കും മുകളിലായതുകൊണ്ടാണ്.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ രാഷ്ട്രീയത്തിന്റെ പിൻമുറക്കാരായി ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വിഎസ് പറഞ്ഞു.
മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും സംഗീതജ്ഞനും മനോജ് നായരെ കൊച്ചിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ മനോജ് 2010 മുതല്‍ കൊച്ചിയില്‍ താമസിച്ച് വരികയായിരുന്നു. വീട്ടുടമയായ ഡെര്‍സണ്‍ ആന്റണിയാണ് ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുളളതായാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്വാഭാവിക മരണമാണ് സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരുക്കുകളോ പാടുകളോ കണ്ടെത്താനായിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുളളു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കൊച്ചി മുസിരീസ് ബിനാലെയുടെ തുടക്കം മുതല്‍ ഇതില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇന്ത്യയിലെ ഇതര സംഗീതത്തിന്റെ ചരിത്രം തേടുന്ന ‘ബിറ്റ്‍വീന്‍ ദ റോക്ക് ആന്റ് എ പാഡ് പ്ലെയിസ്’ എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷത്തോടെ പുസത്കം പുറത്തിറക്കാനായിരുന്നു പദ്ധതി. മുമ്പ് സംഗീതത്തിലും കലയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഗുരുവായൂര്‍: നാടന്‍ വേഷത്തിലെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുണ്ടും വേഷ്ടിയും ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ നരേന്ദ്ര മോദി മലയാളം കൂടി പറഞ്ഞതോടെ മലയാളികള്‍ക്ക് ആവേശമായി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്ത് നടന്ന പൊതുയോഗത്തിലാണ് മോദി മലയാളം പറഞ്ഞത്.
കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഹെലികോപ്ടറില്‍ ഗുരുവായൂരിലെത്തിയ നരേന്ദ്ര മോദി ധരിച്ചിരുന്നത് മുണ്ട് ആയിരുന്നു. ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അദ്ദേഹം വേഷ്ടി ധരിക്കുകയും ചെയ്തു. മുണ്ടെടുത്ത നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ആദ്യമായല്ല മോദി മുണ്ട് ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുന്‍പും മുണ്ട് ചുറ്റിയുള്ള ലുക്കില്‍ മോദിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോര്‍ട്ട് ബ്ലെയറില്‍ മുണ്ടും ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു അത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോദി ഈ ചിത്രം പങ്കുവച്ചത്. ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75-ാമത്തെ വാർഷികത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇതിന് മുമ്പ് മുണ്ട് പരീക്ഷിച്ചത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് മുണ്ട് ധരിച്ചപ്പോഴും മോദിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.
മുണ്ട് ധരിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ നരേന്ദ്ര മോദി പൊതുപരിപാടിയിലേക്ക് എത്തിയപ്പോൾ മലയാളം പറഞ്ഞതും ഏറെ അതിശയിപ്പിച്ചു. “പ്രിയപ്പെട്ട സഹോദരി, സഹോദരൻമാരെ…”എന്ന അഭിസംബോധനയാണ് മോദി പൊതുയോഗത്തിനിടയിൽ നടത്തിയത്. തുടർന്ന് “എല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ” എന്നും മോദി പറഞ്ഞു. വലിയ ഹർഷാരവത്തോടെയാണ് മോദിയുടെ മലയാളത്തെ സദസിലുള്ളവർ സ്വീകരിച്ചത്.
Speaking in Guruvayur. Watch. https://t.co/evfCpP7Tht
— Narendra Modi (@narendramodi) June 8, 2019
ടിക് ടോക് വീഡിയോകളിലൂടെ താരമായി മാറിയ യുവാവ് മോഷണക്കേസില്‍ അറസ്‌റ്റിലായി. അഭിമന്യു ഗുപ്‌ത എന്ന കുര്‍ല സ്വദേശിയാണ് ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പിടിയിലായത്. ടിക് ടോകില്‍ ഒമ്പത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് അഭിമന്യു.
ജൂഹു സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. ഈ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്‌താണ് പ്രതി അഭിമന്യു ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഇരുപത് പവനോളം സ്വര്‍ണവും 4.75 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണും മോഷണം പോയെന്ന ദമ്പതികളുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് അഭിമന്യു പിടിയിലായത്.
നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അഭിമന്യുവിനെ പിടികൂടാനായത്. മോഷണവസ്‌തുക്കള്‍ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ അഭിമന്യു കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണവും ഫോണും ഒരു സുഹൃത്തിന് നല്‍കിയതായാണ് അഭിമന്യു മൊഴി നല്‌കിയിരിക്കുന്നത്. അഞ്ചോളം കേസുകളില്‍ അഭിമന്യു പ്രതിയാണെന്നും പൊലീസ് അറിയിച്ചു
ബിജെപി പ്രവർത്തകനും സിനിമാനടനുമായ കൊല്ലം തുളസിയുടെ കയ്യിൽ നിന്നും പണം തട്ടിയ കേസിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ. ആറുലക്ഷം രൂപയാണ് തുളസിയുടെ പക്കൽ നിന്നും ഇയാൾ കബളിപ്പിച്ചെടുത്തത്. കേസിൽ തിരുവനന്തപുരം ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല വിഷയത്തിലടക്കം ബിജെപി നിലപാടുകൾക്കൊപ്പം നിന്ന താരമാണ് കൊല്ലം തുളസി. അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ പണം തട്ടിയ കേസിൽ ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സൂചനയുണ്ട്.
കൊല്ലം തുളസിയ്ക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പ്രശോഭ് ചെക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതോടെയാണ് താരം പൊലീസിൽ പരാതി നൽകിയത്. ശബരിമല വിഷയത്തിൽ സമരത്തില്‍ തുളസി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദമാവുകയും പൊലീസി കേസെടുക്കുകയും ചെയ്തിരുന്നു.
പാറശാലയിലെ സ്വകാര്യലാബിന്റെ പിഴവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ അമ്മയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയേത്തുടര്‍ന്ന് സ്വകാര്യലാബിനെ കരിമ്പട്ടികയില്‍പ്പെടുത്തി. പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ നിഷയ്ക്ക് ആശുപത്രിയുമായി ഒൗദ്യോഗിക സ്കാനിങ് കരാറുള്ള വിന്നീസ് ലാബില്‍ പരിശോധനയ്ക്ക് കുറിച്ചു നല്കി. ആദ്യ സ്കാനിങ്ങുകളില്‍ ഒരു കുട്ടിയെന്നായിരുന്നു പരിശോധനാഫലം.
അഞ്ചാം മാസത്തില്‍ അസ്വസ്ഥതകള്‍ തോന്നിയതിനേത്തുടര്‍ന്ന്് മറ്റൊരിടത്ത് പരിശോധന നടത്തുകയും ഇരട്ടക്കുട്ടികളാണെന്ന് ബോധ്യപ്പെടുകയും ഒരു കുട്ടി അബോര്‍ഷനായതായി മനസിലാക്കുകയും ചെയ്തു. ഇവരുടെ നിര്‍ദേശപ്രകാരം എസ് എ ടിയിലെത്തി പരിശോധിച്ചപ്പോഴേയ്ക്കും രണ്ടാമത്തെ കുട്ടിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിഷയുടെ കുടുംബം പൊലീസിലും പാറശാല ആശുപത്രി സൂപ്രണ്ടിനും ഡി എം ഒയ്ക്കും പരാതി നല്കി.
സ്കാനിങ് സൗകര്യമില്ലാത്ത പാറശാല ആശുപത്രിയിലെ രോഗികള്‍ക്ക്് കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിന്നീസ് ലാബുമായി കരാറുണ്ടായിരുന്നു. പരാതിയേത്തുടര്‍ന്ന് ഈ കരാര്‍ റദ്ദാക്കിയതായി പാറശാല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ ഗര്‍ഭാശയത്തില്‍ കുട്ടികളുടെ കിടപ്പിലെ വ്യതിയാനം മൂലമാണ് ഇരട്ടക്കുട്ടികളെന്ന് മനസിലാകാതിരുന്നതെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.
ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന്റെ ഉറവിടം അന്വേഷിക്കുന്നു. അപകടത്തിൽപ്പെട്ട ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്തത് നാൽപതോളം പവൻ സ്വര്‍ണവും രണ്ട് ലക്ഷത്തിലേറെ രൂപയും .
പൊലീസ് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ക്ഷേത്രദർശനം കഴിഞ്ഞുള്ള യാത്രയിൽ ഇത്രയുമധികം സ്വർണവും പണവും കണ്ടതിലാണ് സംശയം.വീട്ടിലുള്ള ആഭരണങ്ങളെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് സജീവ അന്വേഷണം ആരംഭിച്ചത്. രണ്ടു ബാഗുകളില്‍നിന്നാണ് കാറിൽ നിന്നും ആഭരണങ്ങളും പണവും കണ്ടെടുത്തത്.ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ഒരു ബാഗുകളിലുണ്ടായിരുന്നു.
രണ്ടു ലക്ഷത്തോളം രൂപയും കാറിൽ നിന്നും കണ്ടെടുത്തിരുന്നു.
ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുമ്പോൾ വാഹനം ഓടിച്ചത് അർജുൻ ആയിരുന്നെന്നാണ് പ്രകാശൻ തമ്പിയുടെ മൊഴി. പരുക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോൾ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞു. മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി പൊലീസിനോട് പറഞ്ഞു. അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശന്‍ തമ്പി സമ്മതിച്ചു.
അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറാണ് അപകടവിവരം വിളിച്ചറിയിച്ചത്. ആശുപത്രിയില്‍ ആദ്യം എത്തിയത് താനും ഡോക്ടറുടെ മകന്‍ ജിഷ്ണുവുമാണ്. പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്കറിന് സാമ്പത്തികബന്ധം ഉണ്ടെന്നും പ്രകാശന്‍ മൊഴി നൽകി. കാക്കനാട് ജയിലില്‍ പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
സ്വർണക്കടത്ത് കേസിൽ ബാലുവിന്റെ സുഹൃത്തുക്കൾ പിടിയിലായതോടെയാണ് കേസിന് വഴിത്തിരിവുണ്ടാകുന്നത്. മകൻ അറിയപ്പെടുന്ന വലിയ സംഗീതജ്ഞനായി വളർന്നു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം എത്തുന്നത. കുടുംബത്തിനു താങ്ങും തണലുമാകുമെന്നു പ്രതീക്ഷിച്ച മകന്റെ വിയോഗം കുടുംബത്തെ വല്ലാതെ തളർത്തി. രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്കർ വിവാഹത്തിലേക്ക് എടുത്തുചാടിയെന്ന് കുടുംബം പറയുന്നു. ഇതോടെ ബാലഭാസ്കർ മാതാപിതാക്കളുമായി അകന്നു. വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടുനിന്ന കൂട്ടൂകാർ മാത്രമായി പിന്നെ താങ്ങും തണലും.
പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്കറിന് ഏറ്റവുമടുത്ത സൗഹൃദം. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള ആദ്യ യാത്ര. പിന്നെ അവർ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഇൗ കുടുംബത്തിൽ നിന്നാണ്.അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്കർ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ മടങ്ങിയെത്തി. ഇരുകുടുംബങ്ങളും തമ്മിൽ രമ്യതയിലായി. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഒരു വശത്തും കുടുംബം മറുവശത്തും നിന്നു നടത്തുന്ന പോരാട്ടമാണോ ആരോപണങ്ങൾക്കു പിന്നിലെന്നു ചോദിക്കുന്നവരുമുണ്ട്. ഉത്തരം കിട്ടണമെങ്കിൽ അന്വേഷണം പൂർത്തിയാകണം. അതുവരെ ഇതെല്ലാം വേദനയോടെ കണ്ടുനിൽക്കാൻ മാത്രമാണ് ലക്ഷ്മിയുടെ വിധി എന്നതും മലയാളിയെ വല്ലാതെ വേദനിപ്പിക്കുന്നു.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്.
നാട്ടുകാരും വഴിയാത്രക്കാരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മകൾ തേജസ്വിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ശരീരമാസകലം ഗുരുതര പരുക്കേറ്റ ലക്ഷ്മിയെയും കാലുകൾ തകർന്ന അർജുനെയും നഗരത്തിലെ അനന്തപുരി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഒരാഴ്ചയ്ക്കു ശേഷം ചികിൽസയിലിരിക്കെ ബാലഭാസ്കറും മരിച്ചു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തിരുമലയിലെ ‘ഹിരൺമയി’ എന്ന വീട്ടിലുണ്ട് ലക്ഷ്മിയിപ്പോൾ.
ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ്സിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ പോർവിളി രൂക്ഷമായ സാഹചര്യത്തിൽ പാർട്ടി പിളർപ്പിലേക്ക് തന്നെ എന്ന് വ്യക്തമായതോടെ ഇരുപക്ഷങ്ങളിലും കരുനീക്കങ്ങൾ ഊർജിതപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് വിഭാഗം ഒപ്പുവെച്ച കത്തിൽ എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജനും മാത്രമാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സി എഫ് തോമസ് ജോസ് വിഭാഗത്തിൽ നിന്നും അകന്നതായി ഇതോടെ വ്യക്തമായി. ജോസഫ് പക്ഷത്ത് മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർ നിലയുറപ്പിച്ചതോടെ ഇവർക്ക് മൂന്ന് എംഎൽഎമാരുടെ പിന്തുണയായി.
ചെയർമാന് തന്നെ പാർട്ടി ഭരണഘടനയിൽ വ്യക്തമായ അധികാരങ്ങൾ ഉറപ്പിച്ചിട്ടുള്ളതിനാൽ ജോസ് വിഭാഗം പാർട്ടി പിളർത്തിയാൽ കൂറുമാറ്റ നിയമം ഉപയോഗിച്ച് തിരിച്ചെടുക്കാനുള്ള നീക്കം നിയമവിദഗ്ധരുമായി ജോസഫ് വിഭാഗം നേതാക്കൾ ഇതിനോടകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ജോസഫ് ചെയർമാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് സ്പീക്കർക്ക് നൽകിയാൽ ജോസ് വിഭാഗം ഇത് അംഗീകരിക്കാൻ സാധ്യതയില്ല. നിയമസഭയിൽ രണ്ട് അംഗങ്ങൾ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടാനും ജോസ് വിഭാഗം നീക്കം നടത്തുന്നുണ്ട്. ഇത് പാർട്ടിയിൽ പിളർപ്പിന് തുല്യമായി വരുന്നതാണ്. ജോസഫ് കൂറ് മാറ്റ നിയമപ്രകാരം ജോസ് വിഭാഗത്തിലെ എംഎൽഎമാരെ അയോഗ്യർ ആക്കാനുള്ള നീക്കം നടത്താനാണ് സാധ്യത.
എന്നാൽ ഈ കാര്യത്തിൽ സ്പീക്കറുടെ നിലപാടാണ് നിർണായകം. ജോസ് വിഭാഗവുമായി ചില സിപിഎം ഉന്നതനേതാക്കൾ കഴിഞ്ഞദിവസം ബന്ധപ്പെട്ടിരുന്നു. കേരള കോൺഗ്രസ് പിളർത്തി ശക്തി ക്ഷയിപ്പിക്കണമെന്ന കോൺഗ്രസിന്റെ എക്കാലത്തെയും സ്വപ്നം നടപ്പാക്കാനാണ് പ്രശ്നങ്ങളിൽ ഇടപെടാതെ മാറി നിൽക്കുന്നത്. കോട്ടയം ജില്ലയിലെ സീനിയർ നേതാക്കൾ പോലും.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജോസഫിനു സീറ്റ് നൽകണമെന്ന് ഈ മുതിർന്ന നേതാക്കൾ ജോസ് കെ മാണിയോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം കൂട്ടാക്കാത്തതിന്റെ നീരസം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോസഫിനു സീറ്റ് നൽകി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ പല കോൺഗ്രസ് നേതാക്കളും ജോസിനോട് വ്യക്തിപരമായി തന്നെ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാത്തതിന്റെ അമർഷമാണ് കോൺഗ്രസ് പ്രശ്നങ്ങളോട് നിസ്സംഗത പുലർത്താൻ കാരണം.
യുഡിഎഫ് വിട്ട് മാണി ഗ്രൂപ്പ് പുറത്തുപോയതും കോട്ടയം ഡിസിസിയുമായുള്ള തർക്കങ്ങൾ തെരഞ്ഞെടുപ്പിൽ പ്രശ്നമായില്ലെങ്കിലും ജോസഫിനെ വിട്ടുവീഴ്ചയ്ക്കു പിൻവാങ്ങാതെ നിർത്തിയതിനു പിന്നിൽ ഈ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ജോസ് വിഭാഗത്തിന്റെ ആക്ഷേപം. യുഡിഎഫിൽ ഉറച്ചു നിൽക്കണം എന്ന് പലവട്ടം ജോസഫ് പ്രഖ്യാപിക്കുന്നത് തന്നെ കോൺഗ്രസുമായുള്ള അടുത്തബന്ധം ഉള്ളതുകൊണ്ടാണ് .ജോസഫ് വിഭാഗം യുഡിഎഫിൽ ഉറച്ചു നിന്നാൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളെ അടർത്തി എടുക്കാനും തൽഫലമായി ജോസഫ് ഗ്രൂപ്പ് പുനർജീവിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും പറയപ്പെടുന്നു. കൂറുമാറ്റം പ്രഖ്യാപിച്ചാൽ ജോസ് വിഭാഗം എൽഡിഎഫിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. നിലപാടുകൾ ശക്തമായതോടെ ജോസും ജോസഫും ഒരു പാർട്ടിയായി തുടരാനുള്ള സാധ്യത മങ്ങിയതോടെ പിളർപ്പിലേക്ക് പോകാനാണ് ഇരുവിഭാഗങ്ങളുടെയും നീക്കം.
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് വീട്ടുകാരെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. പട്ടിണിയും കഷ്ടപ്പാടും താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കാസറഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
2016ലാണ് ഐഎസില്‍ ചേരാനായി ഫിറോസ് അഫ്‌ഗാനിസ്ഥാനിലേക്ക് പോയത്. പിന്നീട് ഇയാള്‍ സിറിയയിലേക്ക് കടന്നു. കഴിഞ്ഞമാസമാണ് മാതാവ് ഹബീബയെ വിളിച്ച് തനിക്ക് തിരികെവരണമെന്ന് ഫിറോസ് ആഗ്രഹം പ്രകടിപ്പിച്ചത്. നാട്ടിലെത്തി കീഴടങ്ങിക്കോളാം എന്നാണ് ഫിറോസ് പറഞ്ഞത്. സിറിയയില്‍ ഐഎസ് അംഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഫിറോസ് പറഞ്ഞതായി ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ തനിക്കെതിരെ എന്തൊക്കെ കേസുകളാണ് ഉണ്ടാവുക എന്ന് ഫിറോസ് അന്വേഷിച്ചതായാണ് വിവരം. ഐഎസ് മുന്‍കയ്യെടുത്ത് ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെന്നും യുവതി പിന്നീട് തന്നെ ഉപേക്ഷിച്ച് പോയെന്നും ഫിറോസ് പറഞ്ഞു. ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കും. 2016ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കാലവര്‍ഷം വൈകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും ജൂണ്‍ പിറക്കുന്നതിന് മുന്‍പ് കേരളത്തില്‍ കാലവര്‍ഷം എത്തിയിരുന്നു. 2016ല്‍ ജൂണ്‍ 8നാണ് കാലവര്‍ഷം തുടങ്ങിയത്. നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ മുതല്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശ്ശൂരില്‍ തിങ്കളാഴ്ചയും എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടായിരിക്കും. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വെക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
താഴെപ്പറയുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൈയിൽ എമർജൻസി കിറ്റ് കരുതുകയും മാറേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.
1. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ
2. പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവർ
3. പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവർ
ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
– ടോര്‍ച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
– അത്യാവശ്യം കുറച്ച് പണം, എടിഎം കാര്‍ഡ്
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.