India

ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പ്രതികൂട്ടിലാക്കി പുതിയ തെളിവുകള്‍ പുറത്ത്. കരാറില്‍ നിന്നും അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്ന പിഴ ഈടാക്കാനുമുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയതായി ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട പുതിയ രേഖകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ സമാന്തര ഇടപെടല്‍ നടത്തിയതായി രേഖകള്‍ പുറത്തുവന്ന ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ തെളിവുകളും ദി ഹിന്ദു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്നിരിക്കുന്ന രേഖകള്‍ ബി.ജെ.പി പാളയത്തെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. കരാറിന്റെ സമയത്ത് അഴിമതി വിരുദ്ധ ചട്ടങ്ങള്‍ നീക്കം ചെയ്ത കാര്യം സുപ്രീം കോടതിയില്‍ കേന്ദ്രം മറച്ചുവെച്ചിരുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് കേന്ദ്രത്തെ വെട്ടിലാക്കി പുതിയ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.

കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല. ഇത് കമ്പനിക്ക് വലിയ ഗുണം ചെയ്യുന്നതാണ്. അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ബി.ജെ.പി റാഫേല്‍ കരാറില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം തള്ളിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി നല്‍കിയ വിയോജനക്കുറിപ്പ് ഒരു ഭാഗം മാത്രമാണെന്നും സത്യം അതല്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. സി.ഐ.ജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശേഷം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെക്കുമെന്നാണ് സൂചന.

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടില്ലെന്ന് റിപ്പോര്‍ട്ട്. അവസാനഘട്ടത്തില്‍ സാവകാശം തേടാനുള്ള നീക്കം വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് നിയമോപദേശം ലഭിച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാവകാശം തേടുന്നതില്‍ കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി സാവകാശ ഹര്‍ജിക്ക് സാധ്യതയുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പ്രസ്താവനയിറക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയുടെ നിലപാടാണ് കോടതിയില്‍ ബോര്‍ഡ് സ്വീകരിക്കുകയെന്നാണ് സൂചന. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നു. ശുദ്ധിക്രിയ നടത്തിയ തന്ത്രി നേരത്തെ നല്‍കിയ വിശദീകരണ കുറിപ്പ് ബോര്‍ഡ് ഉടന്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ബോര്‍ഡിനുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

കുംഭമാസ പൂജയ്ക്കിടെ നട തുറക്കുന്ന സമയത്ത് കൂടുതല്‍ യുവതികള്‍ ശബരിമലയിലെത്തുമെന്നാണ് സൂചന. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിമാറുമെന്നും ബോര്‍ഡിന് ആശങ്കയുണ്ട്. കുംഭമാസ പൂജയ്ക്കായി നട തുറക്കുന്ന സമയത്ത് സന്നിധാനത്ത് വലിയ സുരക്ഷയൊരുക്കാനായിരിക്കും പോലീസ് ശ്രമിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കേണ്ടെന്ന് തീരുമാനം. മോദിയുടെ ഭരണപരാജയം തുറന്നുകാട്ടുന്ന രീതിയിലുള്ള പ്രചാരണമാണ് നയിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താനും കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. കാവല്‍ക്കാരന്‍ കള്ളനാണ് എന്നതായിരിക്കണം പ്രധാനമുദ്രാവാക്യമെന്നും രാഹുല്‍ വ്യക്തമാക്കി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഈ മാസം 18-ന് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാനകോണ്‍ഗ്രസില്‍ തുടക്കമാകും. 25-ന് മുമ്പ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെപിസിസിയ്ക്ക് നിര്‍ദേശം നല്‍കി.

മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പിസിസി അധ്യക്ഷന്‍ മത്സരിക്കണമെങ്കിലും രാഹുല്‍ ഗാന്ധിയുടെ തീരുമാനപ്രകാരമേ പറ്റൂ എന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കേണ്ടതില്ലെന്നും അവര്‍ തുടരട്ടെയെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അവര്‍ സ്വയം ഒഴിഞ്ഞാല്‍ മാത്രമേ പുതിയ ഒരാളെ അന്വേഷിക്കേണ്ടതുള്ളൂ.

പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് വടകരയില്‍ പുതിയ ആളെ കണ്ടെത്തേണ്ടി വരും. വയനാട് മണ്ഡലത്തില്‍ എം ഐ ഷാനവാസ് അന്തരിച്ച സ്ഥിതിയ്ക്ക് അവിടെ നിന്നും പുതിയ ആളെ കണ്ടെത്തേണ്ടി വരും. ഇതൊഴിച്ചാല്‍ കോണ്‍ഗ്രസില്‍ മറ്റ് സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് കിട്ടാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരേ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടെന്നും തീരുമാനമായിട്ടുണ്ട്.

ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലിംങ്ങളുടെയും പൂര്‍വികനായിരുന്നുവെന്ന് യോഗാ ഗുരുവും സംഘപരിവാര്‍ സഹയാത്രികനുമായി ബാബാ രാംദേവ്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് ശ്രീരാമന്‍ മുസ്ലിംങ്ങളുടെയും പൂര്‍വികനാണെന്ന വിചിത്ര വാദവുമായി രാംദേവ് രംഗത്ത് വന്നത്.

രാമക്ഷേത്രം നിര്‍മിക്കേണ്ടത് അയോധ്യയിലാണ്. അല്ലാതെ, മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മിക്കാന്‍ സാധിക്കില്ലല്ലോ. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതല്ല. രാമന്റെ ജന്മസ്ഥലം അയോധ്യയാണ്. ക്ഷേത്രം രാജ്യത്തിന്റെ അഭിമാനമാകുമെന്നും ഗുജറാത്തില്‍ നടന്ന ഒരു ചടങ്ങില്‍ രാംദേവ് പറഞ്ഞു.

ബാബരി മസ്ജിദ്-രാമജന്മഭൂമി കേസില്‍ സുപ്രീം കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് രാംദേവിന്റെ പ്രതികരണം. ജനുവരി 29നാണ് കേസില്‍ വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എസ്എ ബോബ്‌ഡെയുടെ അസൗകര്യം മൂലം വാദം മാറ്റിവെച്ചിരുന്നു. പുതിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രാമക്ഷേത്രം അടുത്ത രണ്ട് വര്‍ഷത്തിനകം നിര്‍മിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ ഇനി കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കാനും സാധ്യതയില്ല.

അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇതിനായി സുധീരനോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് നീക്കം.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഇതിനോടകം തന്നെ വേണുഗോപാല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

സിറ്റിങ് എംപിമാരില്‍ എറണാകുളത്ത് കെ.വി.തോമസ് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. പ്രദേശിക വികാരം എതിരായി നില്‍ക്കുന്ന കെ.വി.തോമസിന് ഹൈക്കമാന്‍ഡ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂരില്‍ കെ.സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി.

വടകരയില്‍ എ.പി.അബ്ദുള്ളക്കുട്ടി. കാസര്‍കോട് സുബ്ബറായി എന്നിവരുടെ പേരുകളാണ് പറഞ്ഞ്‌കേള്‍ക്കുന്നത്. വയനാട് ഷാനിമോള്‍ ഉസ്മാന്‍, ടി.സിദ്ദീഖ്, എംഎം ഹസ്സന്‍ എന്നിവരാണ്‌ പരിഗണനയിലുള്ളത്.

ഇതിനിടെ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പിസിസി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജനമഹാ യാത്രയിലായതിനാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലെ കാര്യങ്ങള്‍ വിശദീകരിക്കും. രാവിലെ 10 മണിയോടെയാണ് യോഗം.

 

കോട്ടപ്പടിയിൽ പടക്കം പൊട്ടിയതുകേട്ട് ഭയന്നോടിയ കൊമ്പൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ ചവിട്ടേറ്റു രണ്ടു പേർ മരിച്ചു. തിരക്കിൽപ്പെട്ട് 10 പേർക്ക് പരുക്കേറ്റു. കണ്ണൂർ തളിപ്പറമ്പ് പാലകുളങ്ങര നിഷാ നിവാസിലെ പറശിനിക്കടവു നണിശേരി സ്വദേശി പട്ടേരി നാരായണൻ (ബാബു – 66), കോഴിക്കോട് നരിക്കുനി മടവൂർ വെള്ളാരംകണ്ടിയിൽ അറയ്ക്കൽ വീട്ടിൽ മുരുഗൻ (ഗംഗാധരൻ– 60) എന്നിവരാണു മരിച്ചത്. നാരായണൻ സംഭവസ്ഥലത്തും മുരുഗൻ രാത്രി ഏഴരയോടെ തൃശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. പരുക്കേറ്റവർ കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഖത്തറിൽ അൽസദ് എക്സ്ചേഞ്ച് ജനറൽ മാനേജരാണ് നാരായണൻ. മുരുഗന് ഖത്തറിൽ തന്നെയാണ് ജോലി. ഖത്തറിൽ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്തു ഷൈജുവിന്റെ ഗൃഹപ്രവേശ ചടങ്ങിനു വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എത്തിയതാണു നാരായണൻ. മുരുഗൻ ഇന്നലെ രാവിലെയാണ് എത്തിയത്.

കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനു സൗഹൃദ കമ്മിറ്റിക്കു കൊണ്ടുവന്ന കൊമ്പനെ ഷൈജുവിന്റെ പുതിയ വീട്ടിൽ നിന്ന് എഴുന്നള്ളിക്കാമെന്നു വഴിപാടുണ്ടായിരുന്നു. ഉച്ചയോടെ ആനയെ നെറ്റിപ്പട്ടം കെട്ടി വീടിന്റെ മുന്നിൽ നിർത്തി. ഇതിനിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു ഭയന്ന കൊമ്പൻ വീടിനും തൊട്ടടുത്ത കെട്ടിടത്തിനുമിടയിലെ ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു കുതിച്ചു. ഇടുങ്ങിയ വഴിയിൽനിന്നിരുന്ന ഇരുവരും വീഴുകയും ഇവരെ ആന ചവിട്ടുകയും ചെയ്തു. ഇവരുടെ സമീപം നിന്നിരുന്ന വാദ്യക്കാർക്കാണ് പരുക്കേറ്റത്. ആനപ്പുറത്തുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. ആന റോഡിലേക്കു കടന്നതുകൊണ്ടാണു കൂടുതൽ ദുരന്തമൊഴിവായത്. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഉടനെ ആനയെ പാപ്പാന്മാർ നിയന്ത്രിച്ചു.

നാരായണൻ പട്ടേരിയുടെ ഭാര്യ ബേബി നിഷ. മക്കൾ: ഡോ. നീന (കണ്ണൂർ ജില്ലാ ആശുപത്രി), റിനു. മരുമകൻ: ഡോ. വിശാൽ (കണ്ണൂർ ജില്ലാ ആശുപത്രി). സംസ്കാരം ഇന്നു വൈകിട്ട് നാട്ടിലെ സമുദായ ശ്മശാനത്തിൽ. ശ്യാമളയാണ് മുരുഗന്റെ ഭാര്യ.

അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.

നൂറ്റിനാല് വര്‍ഷത്തെ പഴക്കമുള്ള പാമ്പന്‍ പാലത്തിന്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം എക്കാലവും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്.

രാമേശ്വരത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മയാകുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധനയടക്കം തുടങ്ങി. പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തിക്കൊണ്ടാണ് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്‍റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മാണം.

രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. എന്നാല്‍ പുതിയ പാലം വരുന്നതോടെ ചരിത്രപ്രസിദ്ധമായ പാമ്പന്‍പാലവും ഈ എന്‍ജിനീയറിങ് വിസ്മയവുമെല്ലാം ഓര്‍മയാകും. നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ പാലം പഴയതിനോട് കിടപിടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലത്തിന്‍റെ മധ്യഭാഗം അപ്പാടെ ഉയര്‍ത്തുന്ന ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനകള്‍ തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നത് പുതുക്കിപ്പണിതത്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് പുതിയ റെയില്‍ പാതയും നിര്‍മിക്കുന്നുണ്ട്.

മൂവാറ്റുപുഴ: സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സിനിമാ സീരിയില്‍ താരം വിജോ പി. ജോണ്‍സനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് മുദ്രാ ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാക്കുനല്‍കി ഏതാണ്ട് പത്തര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായിട്ടാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ സ്വദേശിയായ വിജോ മുന്‍പും സമാന കേസുകളില്‍ ശിക്ഷിക്കപ്പെട്ടതായി പോലീസ് പറയുന്നു. മൂവാറ്റുപുഴ സ്വദേശി സലാമില്‍ നിന്നും ഭൂമിയിടപാട് തട്ടിപ്പിലൂടെ 5 ലക്ഷം രൂപ കൈക്കാലാക്കിയതായി ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് യുവതിയെ കബളിപ്പിച്ച് പത്തര ലക്ഷം രൂപ തട്ടിയെടുക്കുന്നത്.

സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും സൗഹൃദം നടിച്ചും അതി വിദഗ്ദ്ധമായി തട്ടിപ്പുകള്‍ നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയെ തട്ടിപ്പിനിരയാക്കിയതിന് സമാനമായി നരവധി പേര്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണതായിട്ടാണ് സൂചന.

പാർലമെൻറ് തെരഞ്ഞെടുപ്പിൽ തൃശൂരിലൊഴികെ പുതുമുഖങ്ങളെയും പൊതുസമ്മതരെയും കളത്തിലിറക്കാൻ സിപിഐ ആലോചന. നാലിടത്താണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പാർട്ടി നാഷ്ണൽ എക്സിക്യൂട്ടീവ് അംഗം ആനി രാജ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർക്കാണ് പ്രധാന പരിഗണന. മാവേലിക്കരയിൽ സംവിധായകനും ഹോർട്ടികോർപ് ചെയർമാനുമായ വിനയൻ, ചിറ്റയം ഗോപകുമാർ എംഎൽഎ, ചെങ്ങറ സുരേന്ദ്രൻ എന്നിവരാണ് സാധ്യതാ പട്ടികയിലേക്ക് വരുന്നത്.

ഗോപകുമാറിന് ജയസാധ്യത കല്പിക്കുന്നുവെങ്കിലും അടൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ നഷ്ടം സംഭവിക്കുമോ എന്ന ഭയമാണ് നേതൃത്വത്തിന്. ഈ സാഹചര്യത്തിലാണ് വിനയന് പ്രാധാന്യം നൽകുന്നത്. അതിനിടെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിൻ്റെ പേര് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ചർച്ചയാണ്.

തൃശൂരിൽ സിറ്റിംഗ് എംപി സി.എൻ ജയദേവൻ വീണ്ടും മത്സരിച്ചേക്കും. മുൻ മന്ത്രി കെ.പി രാജേന്ദ്രൻ, ജനയുഗം എഡിറ്ററും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിൽ ഉണ്ട്. നിലവിലെ എംപിയെക്കാൾ കൂടുതൽ ജനകീയ മുഖം വേണമെന്ന ആലോചനയാണ് കെപി രാജേന്ദ്രന് അവസരം ഒരുങ്ങുന്നത്. സിപിഐയുടെ ശക്തി കേന്ദ്രമായ തൃശ്ശൂരിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളും ഇപ്പോള്‍ രാജേന്ദ്രന് അനുകൂലമാണ്. മന്ത്രിയായും സിപിഐ നിയമസഭാ കക്ഷി നേതാവായും തിളങ്ങിയിട്ടുള്ള കെപി രാജേന്ദ്രന്റെ പാർലമെന്ററി രാഷ്രീയത്തിലേക്കുള്ള തിരിച്ചുവരവാകും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ തീരുമാനം ആയില്ലെന്നും യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ടെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.

വയനാട് സീറ്റിൽ നഴ്സസ് സംഘടനാ നേതാവ് ജാസ്മിൻ ഷാ, സിപിഐ മഹിളാ നേതാവ് അഡ്വ.പി.വസന്തം, സിപിഐ സംസ്ഥാന എക്സി.അംഗം പി.പി.സുനീർ എന്നിവരുടെ പേരുകൾക്കാണ് പരിഗണന. സ്ഥിരമായി എൽ ഡി എഫിനെ തുണക്കാത്ത വോട്ടു ബാങ്ക് കൂടി ജാസ്മിൻഷായെ മത്സരിപ്പിച്ചാൽ കിട്ടും എന്ന് സിപിഐ പ്രതീക്ഷിക്കുന്നു. പതിനെട്ടായിരത്തോളം നേഴ്‌സുമാർ ഉള്ളതായി കണക്കാക്കുന്ന മണ്ഡലത്തിൽ നേഴ്‌സിങ് കുടുംബങ്ങളുടെ വോട്ടുകൾ കൂടി കൂട്ടിയാൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ കൂടുതലായി കണ്ടെത്താനാകും. സമര പ്രവർത്തനങ്ങളിൽ ജാസ്മിൻഷാ നേതാവായ യു എൻ എ യുമായി ഒരുമിച്ചു പ്രവർത്തിക്കാറുള്ള AAP ,വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾക്കൊന്നും ജാസ്മിൻഷായാണ് സ്ഥാനാർത്ഥിയെങ്കിൽ പിന്തുണയ്ക്കാൻ പ്രയാസം ഉണ്ടാവില്ല എന്നും ഇവർ കണക്ക് കൂട്ടുന്നു. ഇടതു പക്ഷത്തോട് അകന്നു നിൽക്കുന്ന ഗീതാനന്ദൻ അടക്കമുള്ള ആദിവാസി നേതാക്കളോട് ജാസ്മിൻഷാക്കും യു എൻ എ ക്കുമുള്ള അടുപ്പവും സ്ഥാനാർത്ഥിയായാൽ തുണയാകുമെന്ന് സിപിഐ നേതാക്കൾ വിലയിരുത്തുന്നു .

പൊതുവിൽ ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന ആവേശവും മലപ്പുറം സ്വദേശിയാണെന്നതും മുസ്ലിം സമുദായമാണെകിലും ക്രിസ്ത്യൻ കുടുംബങ്ങളിൽ ഉള്ള സ്വീകാര്യതയും ഉപയോഗപ്പെടുത്താനായാൽ വയനാട് ഇത്തവണ പിടിച്ചെടുക്കാൻ ആവുമെന്ന് തന്നെയാണ് സിപിഐ പ്രതീക്ഷിക്കുന്നത് .

ആനി രാജ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ വയനാട് പി.വസന്തത്തെ പട്ടികയിൽ നിന്നൊഴിവാക്കി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും എഐവൈഎഫ് മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വ.പി.സന്തോഷ്കുമാർ പകരക്കാരനാവും. ആനി രാജ, വിനയൻ, ജാസ്മിൻ ഷാ എന്നിവരുടെ ജയസാധ്യത സംബന്ധിച്ച് മണ്ഡലങ്ങളിലെ വിവിധ വിഭാഗങ്ങളോടും പാർട്ടി ഘടകങ്ങളോടും അഭിപ്രായം തേടിയിരിക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം. മാർച്ച് മൂന്നിന് സംസ്ഥാന തലത്തിൽ സാധ്യതാ പട്ടികകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.

റഫാലിലെ കൊളള തെളിഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി 30,000 കോടി കൊളളയടിച്ചെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി സമാന്തരമായി ഇടപെട്ടെന്ന് ഒരു വര്‍ഷമായി താന്‍ പറയുന്നു. കട്ടെടുത്ത് അനില്‍ അംബാനിക്ക് നല്‍കി. രാജ്യത്തെ യുവജനങ്ങളും സൈനികരും ഇത് ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവിയുടെ കാര്യമാണിതെന്നും രാഹുല്‍ ഗാന്ധി ഡൽഹിയിൽ പറഞ്ഞു.

പ്രതിരോധമന്ത്രി നിർമലാ സീതാരാമനും കള്ളം പറഞ്ഞു. കാവൽക്കാരനും കള്ളനുമാണോ മോദി..? ദ്വന്ദവ്യക്തിത്വമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. റോബർട്ട് വാധ്രയെക്കുറിച്ചും ചിദംബരത്തെപ്പറ്റിയും എത്ര വേണമെങ്കിലും അന്വേഷിക്കാമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി അന്വേഷണം നേരിടാന്‍ തയാറാകണമെന്നും അദേഹം പറഞ്ഞു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയത്. സമാന്തര വിലപേശൽ ശ്രമത്തിന് ഉദ്യോഗസ്ഥർ എതിർപ്പറിയിച്ചിരുന്നതായും ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ സംഘത്തിന്റെയും നിലപാടുകളെ ദുർബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടൽ. പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹൻകുമാർ ഫയലിൽ കുറിച്ചതായി രേഖകളെ ഉദ്ധരിച്ച് പത്രം പറയുന്നു.
rafael proof

അതേസമയം റഫാലില്‍ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

RECENT POSTS
Copyright © . All rights reserved