തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജു മേനോനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ എതിർത്തും അനുകൂലിച്ചും ഒട്ടേറെ കമന്റുകളും സജീവമാണ്. ബിജു മേനോനെ വിമര്‍ശിച്ചുള്ള ചില പോസ്റ്റുകളും കമന്റുകളും പങ്കുവച്ചാണ് താരത്തിന്റെ ഫയ്സ്ബുക്ക് പോസ്റ്റ്.
‘മിസ്റ്റർ ബിജുമേനോൻ, ഉള്ള വില കളയാതെടോ.. ചാണകം ചാരിയാൽ ചാണകം തന്നേ മണക്കൂ..’ ഇത്തരത്തിൽ ഒട്ടേറെ പോസ്റ്റുകൾ പങ്കുവച്ച് ഗോകുൽ കുറിച്ചു. ‘ഇങ്ങനെ ഒരേപോലത്തെ കമന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ!’ ഗോകുൽ നിലപാട് വ്യക്തമാക്കി. അച്ഛന് വോട്ടുതേടി ഗോകുലും അമ്മയും തൃശൂരിൽ പ്രചാരണത്തിനെത്തിയിരുന്നു.

  ‘രാധേ ശ്യാം’ പ്രഭാസിനൊപ്പം ജയറാം, ചിത്രം ഒടിടി റിലീസിന്; വിറ്റത് 400 കോടിക്ക്....

സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം ഇന്നലെ ബിജു മേനോനും പൊതുവേദിയില്‍ എത്തിയിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമർശിച്ചും ഏതിർത്തും കമന്റുകൾ സജീവമാകുന്നത്. ബിജു മേനോന്‍ ബിജെപിയെ തുണച്ചതിലുള്ള രോഷമാണ് പ്രതികരണങ്ങളില്‍ നിറയുന്നത്.