പുതുവർഷം നമ്മെ വരവേറ്റത് സംസ്ഥാനം കണ്ട ഏറ്റവും അക്രമാസക്തമായ ഒരു ഹർത്താലിനാണ്. ശബരിമലയിൽ സുപ്രീം കോടതി വിധി അനുസരിച്ച് യുവതികൾ പ്രവേശിച്ചതിന്റെ പേരിൽ ആണ് ഹർത്താൽ എന്നോർക്കണം. ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയുടെ പ്രധാന നേതാക്കളിൽ ചിലർ മാതാ അമൃതാനന്ദമയി, ഡി ജി പി സെൻകുമാർ, സിനിമ സംവിധയാകൻ പ്രിയദർശൻ എന്നിവരാണ്. മുന്‍ വിസി ഡോ. കെ എസ് രാധാകൃഷ്ണൻ, റിട്ട. ജസ്റ്റിസ് എൻ കുമാർ, പന്തളം രാജ കുടുംബാംഗം പി ശശികുമാർ വർമ്മ, വിജയേന്ദ്ര സരസ്വതി തുടങ്ങിയ പ്രമുഖരും ആ കൂട്ടത്തിലുണ്ട്.
ഹര്‍ത്താലിൽ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ നേരത്തെ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നോ, സ്വത്തു വകകളില്‍നിന്നോ നഷ്ടം ഈടാക്കാനാണു തീരുമാനം. ഇത്തരത്തിൽ ഒരു കോടതി നിർദേശം നേരത്തെ നിലവിൽ ഉണ്ട്. പക്ഷെ അത് പലപ്പോഴും നടപ്പിൽ വരുത്തുന്നതിനുള്ള വീഴ്ചയാണ് പ്രധാന പ്രതിസന്ധി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നയുടൻ ആചാര സംരക്ഷണത്തിനായി സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് 41 ഹിന്ദു സംഘടനകളുടെ യോഗം തൃശൂരില്‍ ചേരുന്നത്.
ശബരിമല കര്‍മ്മ സമിതി രൂപം കൊള്ളുന്നത് ആ യോഗത്തിലാണ്. അമൃതാന്ദമയിയെ സമിതിയുടെ രക്ഷാധികാരിയായും സെന്‍കുമാറും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസുകാരനുമായ കെ എസ് രാധാകൃഷ്ണന്‍ ഉപാധ്യക്ഷന്മാരാണ്. പ്രിയദര്‍ശന്‍ സമിതി അംഗവും. കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എന്‍ കുമാര്‍ ആണ് സമിതി അധ്യക്ഷന്‍. പന്തളം കൊട്ടാരം പ്രതിനിധി പിജി ശശികുമാര വര്‍മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി തുടങ്ങിയവരാണ് രക്ഷാധികാരികള്‍. മുന്‍ വനിതാകമ്മീഷന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജ്ജന്‍ മാര്‍ത്താണ്ഡന്‍ പിള്ള തുടങ്ങി ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും സംഘപരിവാര്‍ അനുകൂലികളുമാണ് സമിതിയിലുള്ളത്.
ആത്മീയ വ്യവസായിയെന്നും ആള്‍ദൈവമെന്നുമെല്ലാം അറിയപ്പെടുന്നുണ്ടെങ്കിലും അമൃതാനന്ദമയിയും അവരുടെ ആശ്രമവും ഒരുകാലത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിറത്തിന് കീഴിലായിരുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള നേതാക്കൾ അവരുടെ ആശ്രമങ്ങളിൽ സന്ദർശനം നടത്തുന്നവരുമാണ്. മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ഒരു ബിജെപി നേതാവ് എന്ന രീതിയില്‍ നിലവില്‍ അറിയപ്പെടുന്നില്ലെങ്കിലും ഏത് ദിവസവും ആ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നുവെന്നതിനാല്‍ സംഘപരിവാര്‍ അനുകൂലികള്‍ സെന്‍കുമാര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാറുമുണ്ട്. സിനിമകളിലൂടെ വളരെ പരസ്യമായി തന്നെ തന്റെയുള്ളിലെ ഹിന്ദുത്വ മനസ് തുറന്ന് കാട്ടിയിട്ടുണ്ട് പ്രിയദര്‍ശന്‍. ഫ്യൂഡലിസത്തോടും ജാതിമേല്‍ക്കോയ്മയോടും പ്രയദര്‍ശനുള്ള വിധേയത്വം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും.
പറഞ്ഞു വന്നത് മാതാ അമൃതാനന്ദമയിയായാലും,ടി പി സെൻകുമാർ ആയാലും പ്രിയദർശൻ ആയാലും, അവർക്കു ഏതു രാഷ്ട്രീയ പാർട്ടിയോടും ഐക്യപ്പെടാനും, ജനാധിപത്യ രീതിയിൽ ഏതൊരു പ്രതിഷേധത്തിന്റെ ഭാഗം ആകാനും അവകാശമുണ്ട്. അതിൽ തർക്കമില്ല പക്ഷെ നിലവിൽ ഇക്കഴിഞ്ഞ ഹർത്താൽ ദിനങ്ങളിലെ പൊതുമുതൽ നശീകരണത്തിന് ഇവരുടെ പേരിൽ കേസെടുക്കണം. കണ്ണൂരിലും പാലക്കാടും ഇപ്പോഴും അവസാനിക്കാത്ത സംഘര്‍ഷങ്ങള് ചൂണ്ടിക്കാണിക്കുന്നത് ഒരർത്ഥത്തിൽ കലാപ സ്വഭാവമുള്ള ഒരു ഹർത്താൽ ആണ് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്തത് എന്നാണ്.
ഇവര്‍ക്കെതിരെ കേസുകൾ എടുത്താൽ മാത്രം പോരാ കോടതി നിഷ്കര്‍ഷിച്ചത് പോലെ പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഇവരിൽ നിന്ന് തന്നെ ഈടാക്കണം. ഒരു വൈകാരിക തള്ളിച്ചയിൽ തെരുവിൽ ഇറങ്ങിയ ഒരു കൂട്ടം ആക്രമകാരികളെ മാത്രം മുൻ നിർത്തി ഇക്കൂട്ടർ കളിക്കുന്ന പൊറാട്ടു നാടകം അവസാനിപ്പിക്കണം.
സംസ്ഥാനത്തെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന പൊതുമേഖല സ്ഥാപനമാണ് കെ എസ് ആർ ടി സി ഇക്കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ നഷ്ട്ടം ഏതാണ്ട് നാല് കോടി രൂപയാണ്. (മുടങ്ങിയ സർവീസുകളുടെ നഷ്ട്ടം വേറെയും) ശബരിമല കർമ്മ സമിതി എന്ന ഓമന പേരിട്ടു അയ്യപ്പസേവാ ആണ് ലക്‌ഷ്യം എന്ന് കള്ളം പറഞ്ഞു അണിയറയിൽ ആത്മീയമായ ആക്രമങ്ങൾ സംവിധാനം ചെയ്ത അമ്മയും, മുൻ പോലീസ് ഏമാനും , പ്രിയദർശൻ നായരും ചുളുവിൽ രക്ഷപ്പെട്ടു പോകാൻ അനുവദിച്ചു കൂടാ. ചെറു മീനുകൾക്ക് മാത്രം അല്ല വമ്പൻ സ്രാവുകൾക്കു മുന്നിലും വഴി മറന്നതല്ല ഇവിടത്തെ നിയമങ്ങൾ എന്ന് ഒരിക്കൽ കൂടി കേരളം തെളിയിക്കണം.
വനിതാമതില്‍ ചതിയാണെന്ന് തന്റെ അമ്മ പറഞ്ഞതായും എന്നാല്‍ അച്ഛന്‍ അത് വിശ്വസിച്ചില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി. പ്രമുഖ പത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുഷാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ എസ് എന്‍ ഡി പി യോഗത്തെ ചതിച്ചതാണെന്ന് പ്രീതി നടേശന്‍ പറഞ്ഞിരുന്നു എന്ന ചോദ്യത്തിനാണ് ഈ മറുപടി.
‘അതു വളരെ ശരിയാണ്. ജാതി സ്പര്‍ധക്കെതിരായ നവോത്ഥാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് വനിതാ മതിലെന്നും ശബരിമലയുമായി ഒരു ബന്ധവുമില്ലെന്നുമാണ് അവസാന നിമിഷം വരെ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം താന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന പ്രചരണം ശുദ്ധ അബദ്ധമാണെന്ന് തുഷാര്‍ വ്യക്തമാക്കി. അടുത്ത ദിവസം എന്‍ഡിഎ യോഗമുണ്ട്. 5 മുതല്‍ എട്ട് സീറ്റുകളില്‍ വരെ ബിഡിജെഎസ് മത്സരിക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാല് എംപിമാര്‍ എന്‍ഡിഎക്കുണ്ടാകും. അതിലൊരാള്‍ ബിഡിജെഎസിന്റേതായിരിക്കും. കേരളത്തിലെ ഏത് സീറ്റും തനിക്ക് എന്‍ഡിഎ നല്‍കുമെന്നും ശരിക്ക് പഠിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും തുഷാര്‍ പറയുന്നു. അതേസമയം കേരളത്തില്‍ ബിഡിജെഎസിന്റെയും എന്‍ഡിഎയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നതിനാല്‍ താന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും തുഷാര്‍ പറയുന്നു.
തനിക്ക് വാഗ്ദാനം ചെയ്ത സീറ്റ് വി മുരളീധരന് നല്‍കിയെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും തുഷാര്‍ പറഞ്ഞു. ഒരേസമയം തനിക്കും മുരളീധരനും സീറ്റ് നല്‍കാന്‍ മുന്നണിക്ക് സാധിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്. ശബരിമല കര്‍മ്മ സമിതിയില്‍ എല്ലാ വിഭാഗത്തിലുമുള്ള ഹിന്ദുക്കളുമുണ്ടെന്നും അതിന്റെ നേതാക്കളാരെന്ന് പോലും തനിക്കറിയില്ലെന്നും തുഷാര്‍ പറഞ്ഞു. ബിജെപിയും എന്‍ഡിഎയും അതുമായി സഹകരിക്കുന്നുണ്ട്. അത്രേയുള്ളൂ. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താതെ നിസാരമായി പരിഹരിക്കാവുന്ന പ്രശ്‌നം അങ്ങനെ പരിഹരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് ഇത്തരമൊരു പ്രശ്‌നമുണ്ടായാല്‍ അവര്‍ക്കൊപ്പവും എന്‍ഡിഎ ഉണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കി.
താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറിൽ കനത്ത മഞ്ഞ് വീഴ്ച. മൂന്നാറിന്റെ കുളിരുതേടി നിരവധി സഞ്ചാരികളാണെത്തുന്നത്. പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വാവുകയാണ് ഈ മഞ്ഞുകാലം.
മഞ്ഞില്‍ ചവിട്ടാനും, കുളിരുതേടിയും വേറെയെവിടെയും പോകേണ്ടതില്ല. ഇടുക്കിയിലെ മിടുക്കിയായ മൂന്നാറിലേയ്ക്ക് വണ്ടികയറാം.
പുൽമേടുകളിലും തേയിലത്തോട്ടങ്ങളിലും മഞ്ഞ് പുതച്ച പ്രഭാതങ്ങള്‍ ഇവിടെയുണ്ട്. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. മൂന്നാറിലും വട്ടവടയിലും, കൊളുക്കുമലയിലും മീശപ്പുലിമലയിലുമെല്ലാം പൂജ്യത്തിന് താഴെയാണ് താപനില.
ഈ തണുപ്പിലേയ്ക്ക് സഞ്ചാരികളും എത്തിതുടങ്ങി. മൂന്നാറിലൊ, സൂര്യനെല്ലിയിലൊ, വട്ടവടയിലൊ താമസിച്ച്, അതിരാവിലെ മഞ്ഞ് പുതച്ച മണ്ണിലേയ്ക്കിറങ്ങാന്‍ കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ.
പ്രളയകാലത്ത് പ്രതിസന്ധിയിലായ മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതിക്ഷ കൂടിയാണ് മഞ്ഞുകാലം.
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ സിപിഎം അക്രമം നടത്തുകയാണെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും പിള്ള പറഞ്ഞു. ഭരണസ്വാധീനം ഉണ്ടെന്ന ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും.
ആസുത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമ പോരാട്ടം നടത്തും. കേന്ദ്ര നേതൃത്വം വിഷയത്തെ ഗൗരവമായാണ് കാണുന്നത്. അവരുടെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം ഉന്നയിച്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. വി.മുരളീധരന്‍ എംപിയുടെ വീടിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം.
മേഘാലയയിൽ കിഴക്കൻ ജയിന്‍ഷ്യ മലമടക്കുകളിലെ അനധികൃത കൽക്കരി ഖനികളിലൊന്നില്‍ കുടുങ്ങിയ പതിനേഴോളം തൊഴിലാളികളെ രക്ഷിക്കാന്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും ഇന്ത്യന്‍ ഭരണകൂടം കാര്യമായ ഒരു ശ്രമവും നടത്തിയില്ല. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഇപ്പോള്‍ അയോധ്യയും ശബരിമലയുമാണ് ഇന്ത്യയുടെ നീറുന്ന പ്രശ്നങ്ങള്‍. ബിജെപിയും സഖ്യകക്ഷിയും മേഘാലയാ സര്‍ക്കാര്‍ നിയമവിരുദ്ധ ഖനി മാഫിയയുടെ വാര്‍ത്തകള്‍ പൊതുശ്രദ്ധയില്‍ വരാതെയിരിക്കുവാന്‍ ഈ സംഭവത്തെത്തന്നെ പച്ചയ്ക്ക് കുഴിച്ചുമൂടുവാനാണ് ശ്രമിക്കുന്നത്. എലിക്കുഴികള്‍ എന്നറിയപ്പെടുന്ന ഖനിമടക്കുകളില്‍ കുടുങ്ങിയവരെക്കുറിച്ച് കണ്ണുനീര്‍ പൊഴിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.
ഈ അവസ്ഥയിലാണ്, ഒടുവില്‍ തന്റെ മകനെത്തിരഞ്ഞ് പോകാന്‍ എഴുപതുകാരനായ ഒരു ദരിദ്ര വൃദ്ധന്‍ മുന്നിട്ടിറങ്ങുന്നത്. അസമിലെ ബംഗനാമാരി സ്വദേശിയായ സോലിബാര്‍ റഹ്മാന്‍ ആണ് മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തന്റെ മകനെ തിരക്കി ഖനിയില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. ഡിസംബര്‍ 13നാണ് സോലിബാറിന്റെ മകന്‍ മോനിറുള്‍ ഇസ്ലാം ഉള്‍പ്പടെ പതിനേഴിലധികം പേര്‍ മേഘാലയ കിഴക്കൻ ജയിന്‍ഷ്യ മലമടക്കുകളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയിരിക്കുന്നത്.
380 അടി ആഴമുള്ള ഖനിയിലേക്ക് അടുത്തുള്ള നദിയില്‍ നിന്ന് ശക്തമായി വെള്ളം കയറിയത്തോടെ എലിക്കുഴികള്‍ എന്നറിയപ്പെടുന്ന ഖനിയുടെ ആഴങ്ങളില്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോവുകയായിരുന്നു. 23 ദിവസമായിട്ടും ഇവരെ പറ്റി യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടശേഷമാണ് പുറം ലോകം ഈ വിവരം അറിയുന്നതുതന്നെ. രക്ഷാപ്രവര്‍ത്തനം പേരിനെങ്കിലും തുടങ്ങിയതും അതിനുശേഷം മാത്രമാണ്. ക്രിസ്തുമസ് അവധിയായതോടെ അതു നിലയ്ക്കുകയും ചെയ്തു. ഭരണകൂടം കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് 19 വയസ്സുകാരന്‍ മോനിറുളിന്റെ പിതാവ് സോലിബാര്‍ ഖനിയില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
“കല്‍ക്കരി ഖനിയില്‍ 30 വര്‍ഷം ജോലി ചെയ്തവനാണ് ഞാന്‍. അതിലുള്ളിലെ കാര്യങ്ങള്‍ എനിക്കറിയാം, എങ്ങനെയാണ് ഖനിയിലേക്ക് ഇറങ്ങേണ്ടതെന്നും കയറേണ്ടതെന്നും. എന്റെ മകന്‍ അതിനുള്ളിലുണ്ട്. ഞാന്‍ പോകും. എനിക്ക് അവനെ തിരഞ്ഞ് പോയേ തീരൂ.’ കണ്ണുനീര്‍ പോലും മരവിച്ച മിഴികളോടെ, ശൂന്യതയിലേക്ക് നോക്കി അടക്കിപ്പിടിച്ച വികാരത്തോടെ ആ എഴുപതുകാരനായ അച്ഛന്‍ പിറുപിറുക്കുമ്പോള്‍ നമുക്ക് മറുവാക്കില്ല.
‘ഖനിയിലെ എന്റെ 30 വര്‍ഷത്തെ തൊഴിലില്‍ ഒരുപാട് മരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ ശവശരീരങ്ങള്‍ ഖനിക്ക് പുറത്തേക്ക് ഞാന്‍ ചുമന്ന് എത്തിച്ചിട്ടുണ്ട്.’ എഴുപതു കഴിഞ്ഞ് തളര്‍ന്നു തുടങ്ങിയ തന്റെ ശരീരത്തിന് ഊര്‍ജം പകരാനായിട്ടായിരിക്കും ഓര്‍മ്മകളിലേക്കു തിരിഞ്ഞ് ആ വൃദ്ധന്‍ ഒരിക്കല്‍ക്കൂടി ഖനിയിലേക്കു പോകാന്‍ തനിക്കു കഴിയുമെന്നുതന്നെ പറയുന്നു. മേഘാലയിലെ ആദ്യകാല ഖനി തൊഴിലാളികളിലൊരാളാണ് സോലിബാര്‍ റഹ്മാന്‍. കറുത്ത സ്വര്‍ണ്ണമായ കല്‍ക്കരി വാരാന്‍ ഖനി മാഫിയ തിരഞ്ഞുകണ്ടെത്തിയ അനുയോജ്യമായ ആകാരവടിവുള്ള പട്ടിണിക്കാരില്‍ ഒരുവന്‍. അവരിലാരും കുടുംബത്തിന്റെ ഒരു നേരത്തെ ആഹാരത്തിനപ്പുറം ഒന്നും നേടിയില്ല. അവരുടെ വിയര്‍പ്പില്‍ കുരുത്ത ഖനി മുതലാളിമാരാകട്ടെ ഇന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അഠുത്ത ചങ്ങാതിമാരാണ്. ആരോഗ്യം ക്ഷയിച്ച് സോലിബാര്‍ തൊഴില്‍ നിര്‍ത്തിയിട്ട് ആറ് വര്‍ഷമേ ആയിട്ടുള്ളൂ ആയിട്ടുള്ളൂ. മൂന്ന് ആണ്‍മക്കളും കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും വരെ ആ മനുഷ്യന്‍ എലിക്കുഴികള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. മോനിറുളിന്റെ മൂത്ത സഹോദരന്‍ മാണിക് അലിയും കല്‍ക്കരി ഖനിയിലാണ് തൊഴിലെടുക്കുന്നത്.
ഖനിയിലേക്ക് കയറിയ വെള്ളം സാധാരണ പമ്പുകള്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കി കളയാന്‍ കഴിയില്ലെന്ന് സോലിബാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലാത്തതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാത്തതെന്ന് വേദനയോടെ ആ വൃദ്ധന്‍ പറയുന്നു. തായ്വാനിലെ ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ അന്താരാഷ്ട്ര സംഘത്തിനൊപ്പം ആളുകാട്ടാന്‍ സേനയെ അയച്ച മോദി മേഘാലയ ഇന്ത്യയിലാണെന്നു തന്നെ മറന്നുപോയിരിക്കുന്നു. പതിനേഴു തൊഴിലാളികള്‍ മരിച്ച് ചീഞ്ഞുനാറുന്ന ദുര്‍ഗന്ധം പോലും പുറംലോകമറിയാതിരിക്കാന്‍ മാധ്യമങ്ങളുടെ വാ മൂടിയിട്ടാണ് അദ്ദേഹം അടുത്തയാഴ്ച ശബരിമല സമരം നയിക്കാന്‍ കേരളത്തില്‍ വരുന്നത് എന്നും സോലിബാര്‍ പറയുന്നു. മകനെ തിരഞ്ഞ് ഖനിയിലേക്ക് പോകുവാന്‍ മേഘാലയ സര്‍ക്കാരിനോട് അനുവാദം ചോദിച്ച് കാത്തിരിക്കുകയാണ് അദ്ദേഹം. ഇനിയും അധികൃതര്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. ഏതുവിധവും ഈ അധ്യായം കുഴിച്ചുമൂടാനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സമ്മതം നല്‍കുവാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ, സോലിബര്‍ റഹ്മാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പക്ഷേ, ദരിദ്രനും വൃദ്ധനുമായ ആ അച്ഛന് മറ്റെന്തിനാണു കഴിയുക?
ആലപ്പാട് നടക്കുന്ന ജനകീയ സമരത്തിന് ഒപ്പം ചേർന്ന് വിജയ് ആരാധകർ. ജില്ലയിലെ ‘കൊല്ലം നൻപൻസ്’ എന്ന് ഫാൻസ് സംഘടനയാണ് ആരാധകരെ അണിനിരത്തി പ്രതിഷേധിച്ചത്. വിജയ്‍യുടെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ഫ്ളക്സുകളും പ്ലക്കാർഡുകളും കയ്യിലേന്തിയായിരുന്നു പ്രതിഷേധപ്രകടനം. പ്രതിഷേധക്കാരിൽ ചിലർ വായ മൂടിക്കെട്ടിയാണ് എത്തിയത്.
ചവറ ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന ഐ ആർ ഇ ( ഇന്ത്യൻ റയർ എർത്ത് ലിമിറ്റഡ് ) എന്ന സ്ഥാപനം വർഷങ്ങളായി നടത്തുന്ന മണൽ ഖനനത്തിനെതിരെയാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം പോരാടുന്നത്. അറബിക്കടലിനും കായംകുളം കായലിലും ഇടക്കായി വീതി വളരെക്കുറഞ്ഞ ഒരു പ്രദേശം ആണ് ഇത്.
കൂടാതെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശ്ശൂരിൽ നിന്നും ബൈക്ക് റാലിയും ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെയാണ് ബൈക്ക് റാലി കടന്നുപോകുന്നത്. അരുൺ സ്മോക്കിയാണ് നേതൃത്വം. #savealapadu എന്ന ഹാഷ്ടാഗ് ബൈക്കുകളിലൊട്ടിച്ചാണ് യാത്ര. 200 കിലോമീറ്ററോളം സഞ്ചരിച്ച് റാലി നടത്താനാണ് നീക്കം.
സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം സര്‍ക്കാരാണെന്ന് എന്‍എസ്എസ്. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല പ്രശ്നത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള വിദൂരസാധ്യതപോലുമില്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിക്കൊണ്ടാണ് എന്‍എസ്എസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജനം നല്‍കിയ അധികാരം ഉപയോഗിച്ച് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ഭരണകൂടം നിറവേറ്റാതിരിക്കുമ്പോള്‍ വിശ്വാസികള്‍ ചുമതല ഏറ്റെടുക്കുന്നതിനെ തെറ്റുപറയാനാകുമോ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.
അത്തരം പ്രതിഷേധങ്ങളെ രാഷ്ട്രീയനിറം കൊടുത്ത് പ്രതിരോധിക്കുന്നത് ശരിയല്ല. യുവതീപ്രവേശത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സര്‍ക്കാരാണ്. ആദ്യംതന്നെ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. അനാവശ്യമായ നിരോധനാജ്ഞ, കള്ളക്കേസുകള്‍, വിശ്വാസികളെ പരിഹസിക്കല്‍, ഹൈന്ദവാചാര്യന്മാരെ അധിക്ഷേപിക്കല്‍ എന്നിവയെല്ലാം ജനാധിപത്യസര്‍ക്കാരിന് ചേര്‍ന്നതാണോയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിച്ചു. വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളും സമാധാനപരമായി പ്രതിഷേധിക്കേണ്ടസമയം അതിക്രമിച്ചെന്നും എന്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തു.
കേരളത്തിലെ സമീപകാല സംഭവവികാസങ്ങളില്‍ ആധിയും ആശങ്കയും പങ്കിട്ട് മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും. സിനിമയുടെ ലൊക്കേഷനിലെ സൗഹൃദസംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഹൃദ്യമായ ചെറുകുറിപ്പായി ചുള്ളിക്കാട് തന്നെയാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് അതിവേഗം വായനക്കാരെ നേടി. രണ്ടുവരിയില്‍ കേരളത്തിലെ ഓരോ മനുഷ്യന്റെയും ആധിയാണിതെന്നാണ് സമൂഹമാധ്യമത്തിലെ വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുറിപ്പ് ഇങ്ങനെ:
വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:
“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”
“അതെ.”
ഞാൻ ഭാരപ്പെട്ട് പറഞ്ഞു.
ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.
കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.
എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:
” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”
– ബാലചന്ദ്രൻ ചുള്ളിക്കാട്
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിന്റെ ബിജെപിക്കെതിരായ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. കമ്പനിയെ കരിമ്പട്ടികയിൽ നിന്നൊഴിവാക്കാൻ പ്രമുഖ ബിജെപി നേതാവ് സഹായിച്ചെന്നാണ് മിഷേൽ വെളിപ്പെടുത്തിയത്.
നിലവിലെ രാജ്യസഭാംഗവും മുൻകേന്ദ്രമന്ത്രിയുമായ ബിജെപി നേതാവിനെതിരെയാണ് ആരോപണമെന്നാണ് സൂചന. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയെ മോദി സർക്കാരിന്റെ കാലത്താണ് പട്ടികയിൽ നിന്നൊഴിവാക്കിയത്.
അഗസ്റ്റ വെസ്റ്റ്ലാന്‍റിനു പുറമെ മറ്റു പ്രതിരോധ ഇടപാടുകളിലും ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടപെട്ടുവെന്നതിന്‍റെ തെളിവുകള്‍ ഉണ്ടെന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മിഷേല്‍ ഇറ്റാലിയന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ ആവശ്യമായ ഒരു തെളിവുകളും മിഷേലില്‍ നിന്ന് സി.ബി.ഐക്കോ, ഇ.ഡിക്കോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മിഷേലിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡി പൂര്‍ത്തിയായ സാഹചര്യത്തില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 26 വരെയാണ് ഡല്‍ഹി പട്യാലഹൗസ് കോടതി മിഷേലിനെ റിമാന്‍ഡ് ചെയ്തത്. ദുബായില്‍ അറസ്റ്റിലായിരുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ മുഖ്യഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡിസംബര്‍ അഞ്ചിനാണ് ഇന്ത്യയിലെത്തിച്ചത്.
ചോദ്യം ചെയ്യലിൽ മിഷേൽ മിസിസ് ഗാന്ധി എന്ന് പറഞ്ഞതായി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ എൽഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. മിസ്സിസ് ഗാന്ധി എന്ന് മിഷേൽ ഉദേശിച്ചത് സോണിയ ഗാന്ധിയെയാണെന്ന് വ്യക്തമാക്കി ബിജെപി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദുബായിൽ അറസ്റ്റിലായ മിഷേലിനെ ഡിസംബർ അഞ്ചിനാണ് ഇന്ത്യയിലെത്തിച്ചത്.
പാലക്കാട്: ഹര്‍ത്താലിന് പിന്നാലെയുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു. സംസ്ഥാനത്തെ വിവിധ ഭഗങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ സിപിഎം ബി.ജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും അക്രമസംഭവങ്ങളില്‍ അയവില്ലാതെ തുടരുകയാണ്.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ വീട്ടില്‍ കയറി വെട്ടിയത്. ഹര്‍ത്താലിന്റെ ഭാഗമായിട്ടുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അട്ടപ്പാടി കള്ളമലയില്‍ ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വെള്ളിയാഴ്ച്ച പകല്‍ ചില ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായെങ്കിലും ഗുരുതരമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍, മുന്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി എന്നിവരുടെ വീടിന് നേരേ ബോംബേറുണ്ടായി.
ബോംബേറുണ്ടായതിന് പിന്നാലെ പെരുവരമ്പില്‍ സിപിഎം പ്രവര്‍ത്തകന് വേട്ടേറ്റിട്ടുണ്ട്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വി.കെ.വിശാഖി(28)നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും വെട്ടേറ്റ വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചയോടെ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. സിപിഎം-ബിജെപി സംഘര്‍ഷം ഇന്നും തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവലുണ്ട്.