കണ്ണൂർ: എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട വികസനമല്ല അക്രമമാണെന്നും അവർ കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരാണാർഥമുള്ള വിജയ സങ്കൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നാണ് മന്ത്രി നിർമ്മലാ സീതാരാമൻ കണ്ണൂരിലെത്തിയത്. പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടതയും പ്രതിരോധമന്ത്രി തുറന്ന് കാട്ടി. ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന കപടതയാണ് സി.പി.എമ്മിനുള്ളത്. എവിടൊക്കെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടൊക്കെ അക്രമവുമുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഈ നാട്ടിൽ നിരവധി പ്രവർത്തകർക്ക് ബലിദാനം ചെയ്യേണ്ടി വന്നത് വ്യത്യസ്ഥമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു എന്നതുകൊണ്ടാണെന്ന് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ സ്മരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ കുടുംബാംഗങ്ങൾ എൻഡിഎക്ക് പിൻതുണയർപ്പിച്ച് നിർമ്മലാ സീതാരാമനോടൊപ്പം വേദിയിലെത്തിയത് പരിപാടിയുടെ മോടി കൂട്ടി. രാവിലെ പത്തരയോടെ കണ്ണൂരെത്തിയ പ്രതിരോധമന്ത്രി ബി.ജെ.പി ഓഫീസിലെ ബലിദാൻ സ്മൃതിയിലും മാരാർജിയുടെ പ്രതിമയിലും കണ്ണൂർ നഗരത്തിലെ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തി.
കൊല്ലം: കേരളം രാജ്യത്തിന് ആകെ മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ മാതൃകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തേയും മാവേലിക്കരയിലേയും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥമാണ് രാഹുല്‍ പത്തനാപുരത്ത് എത്തിയത്.
ഹൃദയവിശാലതയും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ആശയങ്ങളുള്ളതാണ് ഭാരതം. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആശയങ്ങളെയും ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയെന്നും രാഹുല്‍ പറഞ്ഞു.
ഒരാശയമോ ഒരു വ്യക്തിയോ ആണ് രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളോട് യോജിപ്പില്ലാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട‌്: മായാവതിയെയല്ല; വർഗീയ വിഷംതുപ്പുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി അധ്യക്ഷൻ അമിത‌്ഷായെയുമാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ വിലക്കേണ്ടതെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് പറഞ്ഞു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ‌് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളിൽ ജനങ്ങൾ തിരിച്ചടിക്കുമെന്ന‌് ഉറപ്പായപ്പോൾ നരേന്ദ്രമോഡിയും അമിത‌്ഷായും രാഷട്രീയമുതലെടുപ്പിന‌് വർഗീയ വിഷം തുപ്പുകയാണ‌്. മോഡി തമിഴ‌്നാട്ടിൽ പോയി അവിടത്തെ ജീവിത പ്രശ‌്നങ്ങളല്ല കേരളത്തിലെ ശബരിമലയെ കുറിച്ചാണ‌് പറയുന്നത‌്. വർഗീയ വൈര്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പിനാണ‌് ബിജെപിയും ആർഎസ‌്എസും ശ്രമിക്കുന്നത‌്. എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച റാലികൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത‌്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ ബിജെപി ഇന്ത്യയുടെ ഹൃദയം കവർന്നെടുത്തു. ലോകസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച‌് ഭരണഘടനെ തകർക്കാൻ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ‌് മോഡിയുടെത‌്. ജനാധിപത്യം തകർത്തു. മതപരവും ലിംഗപരവുമായ സമത്വം ബിജെപി അംഗീകരിക്കുന്നില്ല. പൗരാവകാശം ഇല്ലാതാക്കുന്നു. മറ്റ‌് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുകൾക്ക‌് മാത്രം രാജ്യത്ത‌് പൗരത്വം നൽകൂവെന്നാണ‌് മോഡി ഭരണം പ്രഖ്യാപിക്കുന്നത‌്. ഡോ. അംബേദ‌്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനയല്ല മനുസ‌്മൃതിയാണ‌് തങ്ങൾ അംഗീകരിക്കുന്നതെന്ന‌് വ്യക്തമാക്കിയവരാണ‌് ആർഎസ‌്എസ‌്. മതേതരത്വം ഇവർ അംഗീകരിക്കുന്നില്ല. തൊഴിലില്ലായ‌്മയും കർഷക ആത്മഹത്യയും പെരുകുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെടുന്നു. അമ്പലത്തിനെയും മതത്തെയും കുറിച്ച‌് മാത്രമാണ‌് ബിജെപി പറയുന്നത‌്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം.
ബിജെപിക്കെതിരെയുളള പോരാട്ടത്തിൽ രാജ്യം നേരിടുന്ന വലിയ ദുരന്തം പ്രധാനപ്രതിപക്ഷ പാർടിയായ കോൺഗ്രസിന‌് യാതൊരു റോളുമില്ല എന്നതാണ‌്. മതത്തെ കൂട്ടുപിടിച്ച‌് വോട്ട‌്നേടാനുള്ള ശ്രമത്തിൽ ബിജെപിയും കോൺഗ്രസും ഒരേ പാതയിലാണ‌്. രാജസ്ഥാനിലും ചത്തിസ‌്ഗഢിലും മധ്യപ്രദേശിലും ബിജെപിയെ പുറത്താക്കി കോൺഗ്രസ‌് വന്നപ്പോൾ വർഗീയതക്കെതിരെ കോൺഗ്രസ‌്നിലപാടെടുക്കുമെന്ന‌് പ്രതീക്ഷിച്ചു. മധ്യപ്രദേശ‌് സർക്കാർ പശുസംരക്ഷണത്തിന്റെ പേരിൽ ബിജെപി നയം പിന്തുടർന്ന‌് കർഷകരായ മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുന്നു. അയോധ്യ വിഷയത്തിൽ സുപ്രീംക്കോടതി തീരുമാനമെടുക്കണമെന്നാണ‌് സിപിഐ എം പറയുന്നത‌്. എന്നാൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ പറയുന്നത‌് അയോധ്യയിൽ ക്ഷേത്രം പണിയുമെന്നാണ‌്.
മതത്തെ രാഷട്രീയത്തിൽ നിന്ന‌് മാറ്റി നിർത്തേണ്ടിന‌് പകരം മതത്തിന്റെ പേരിൽ വോട്ട‌് പിടിക്കുന്ന കോൺഗ്രസ‌് ബിജെപിയുടെ വഴിയിലാണ‌്. മുസ്ലീം, ദളിത‌് വിഭാഗങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകം നടക്കുമ്പോൾ കോൺഗ്രസ‌് എവിടെയായിരുന്നു. ഹരിയാനയിലെ 16 വയസുകാരനായ ജുനൈദിനെ ട്രെയിനിൽ നിന്ന‌് വലിച്ചെറിഞ്ഞ‌് കൊലപ്പെടുത്തിയപ്പോൾ ഉമ്മ സൈറയെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും പോയത‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാരിന്റെ മുഖൃമന്ത്രി പിണറായി വിജയനാണ‌്. ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രിയോ കോൺഗ്രസ‌് നേതാക്കളൊ തിരിഞ്ഞുനോക്കിയില്ല.
കേരളത്തിൽ രാവിലെ ആർഎസ‌്എസ‌് പറയുന്നത‌് വൈകിട്ട‌് രമേശ‌് ചെന്നിത്തല ഏറ്റുപറയുന്നു. ജനവിരുദ്ധ സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും ഒട്ടിനിൽക്കുകയാണ‌്. അംബാനിയുടെയും അദാനിയുടെ നേതൃത്വത്തിലുള്ള കോർപറേറ്റുകൾ ഉണ്ടാക്കുന്ന പ്രത്യേകതരം പശയാണ‌് ഇവരെ ഒട്ടിച്ചുനിർത്തുന്നത‌്. കുത്തുകൾക്ക‌് അനുകൂലമാണ‌് ഇവരുടെ നയങ്ങൾ. മോഡി സർക്കാരും കോൺഗ്രസുകാരും തട്ടിപ്പ‌് നടത്തിയാണ‌് ജനങ്ങളെ കബളിപ്പിക്കുന്നത‌്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും നന്മകൾ ചെയ‌്ത‌് റെക്കൊഡ‌് നേട്ടം കൈവരിച്ച തട്ടിപ്പില്ലാത്ത രാജ്യത്തെ ഏക സർക്കാർ പിണറായി സർക്കാരാണെന്ന‌് ബൃന്ദ പറഞ്ഞു
ന്യൂസ് ഡെസ്ക്
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ നേരിൽ കാണാനുമായി പാലായിൽ എത്തി. പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിൽ എത്തിയത്. പാലാ സെന്റ് തോമസ് കോളജിന്റെ ഗ്രൗണ്ടിൽ അദ്ദേഹം ഹെലികോപ്ടറിൽ ഇറങ്ങി. രാഹുലിന്‍റെ വരവറിഞ്ഞ് നൂറുകണക്കിന് ആളുകൾ പാലായിൽ തടിച്ചുകൂടിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂലം വൻ സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പാലാ സാക്ഷ്യം വഹിച്ചത്.

പത്തനംതിട്ടയിലെ പ്രചാരണ യോഗത്തിനു ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തിയത്. കേരളത്തിന്‍റെ ശബ്ദമായിരുന്ന നേതാവായിരുന്നു കെ.എം.മാണിയെന്നും മുതിർന്ന നേതാവിന്‍റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൻ ജോസ് കെ.മാണി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ രാഹുലിനെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്-എം എംഎൽഎമാർ, നേതാക്കൾ, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ വൻനിര രാഹുലിനൊപ്പം ഉണ്ടായിരുന്നു.


തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തലക്ക് പരിക്കേറ്റ ശശിതരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദർശിച്ചിതിനിൽ തരൂർ സന്തോഷം പങ്കുവച്ചു. ട്വിറ്റലാണ് നിർമ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിർമ്മല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവ്വമാണെന്നും തരും ട്വിറ്ററിൽ കുറിച്ചു
തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്‍റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.
Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics – great to see her practice it by example! pic.twitter.com/XqbLf1iCR5
— Shashi Tharoor (@ShashiTharoor) April 16, 2019
ബീഫ് കഴിക്കുന്നവരെന്നും രാജദ്രോഹികളെന്നും ആരോപിച്ച് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജമ്മുകശ്മീരിലെ കേന്ദ്ര സര്‍വകലാശാലയില്‍ കൊടിയ മര്‍ദ്ദനം.
നാനോ സയന്‍സ് വിദ്യാര്‍ത്ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥി ഭരത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ആര്‍ട്ട് ഫെസ്റ്റ് നടക്കുന്നതിനിടെയാണ് അക്രമം. അക്രമത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ ശ്രമം
വൈസ് ചാന്‍സലറും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് തടഞ്ഞതായും വിദ്യര്‍ത്ഥികള്‍ ആരോപിച്ചു. ബീഫ് കഴിക്കുന്നവരും ദേശദ്രോഹികളും ജെഎന്‍യു ബന്ധമുള്ളവരുമെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.
പരാതി നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എ.ബി.വി.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
35ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്.
മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതായി വൈസ് ചാന്‍സലര്‍ അശോക് ഐമ പിന്നീട് പറഞ്ഞു. കാമ്പസില്‍ എ.ബി.വി.പി – ആര്‍.എസ്.എസ് തേര്‍വാഴ്ചയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ലാല്‍സലാം എന്ന വാക്കു പോലും ഉച്ചരിക്കാന്‍ പാടില്ലെന്നും സംഘപരിവാര്‍ നിര്‍ദേശമുണ്ട്. മാസങ്ങളായി മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ജമ്മു സര്‍വകലാശാലയില്‍ ആക്രമണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപറ്റംബറില്‍ വിദ്യാര്‍ത്ഥികള്‍ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
മലപ്പുറം കൂട്ടിലങ്ങാടി ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേരുടെ നില ഗുരുതരം.പശ്ചിമ ബംഗാളുകാരായ എസ്.കെ. സാദത്ത് , എസ്.കെ. സബീർ അലി, സെയ്ദുൽ ഖാൻ എന്നിവരാണ് മരിച്ചത്. കോൺക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം.
മരിച്ച മൂന്നു പേരുടേയും മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരുക്കേറ്റവരെ സ്വകാര്യശുപത്രികളിലേക്ക് മാറ്റി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 120 സീറ്റ് മാത്രമേ ലഭിക്കൂ എന്നു പറഞ്ഞ് താന്‍ എഴുതിയെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എൽ.െക.അഡ്വാനിക്ക് അയച്ചു എന്ന രീതിയിലാണ് കത്ത് പ്രചരിക്കുന്നത്. കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോഷി പരാതിയിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷമാണ് മുരളി മനോഹർ ജോഷി എൽ.കെ.അഡ്വാനിക്ക് അയച്ചെന്ന പേരിലുള്ള കത്ത്സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റർ പാഡിൽ എഎൻഐ വാട്ടർമാർക്ക് ഉൾപ്പെടെയാണ് കത്ത്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക‌് ആകെ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 8–10 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങൾ പുറത്താക്കിയിട്ടും കുടുംബം വിട്ടുപോകാൻ മനസ്സ് വരുന്നില്ലെന്നും ജോഷി കത്തിൽ വെളിപ്പെടുത്തുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൻപൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുരളി മനോഹർ ജോഷി പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കത്ത് പ്രചരിച്ചതിനെ തുടർന്നു ജോഷിയും അഡ്വാനിയും പാർട്ടിവിടുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ ആം ആദ്മിക്ക് നാല് സീറ്റ് നൽകാമെന്ന് രാഹുൽ വ്യക്തമാക്കി. സഖ്യസാധ്യത വൈകിപ്പിക്കുന്നത് അരവിന്ദ് കേജ്‌രിവാൾ ആണ്. കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണ്്. കോണ്‍ഗ്രസ് –എഎപി സഖ്യമെന്നാല്‍ ബിജെപിയുടെ തോല്‍വിയാണെന്നും രാഹുല്‍ പറഞ്ഞു.
നേരത്തെ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തെച്ചൊല്ലി കോൺഗ്രസിൽ എതിർപ്പുണ്ടായിരുന്നു. തുടർന്ന് അന്തിമ തീരുമാനം രാഹുലിന് വിടുകയായിരുന്നു. ഡൽഹിയിൽ സഖ്യം വേണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. എന്നാൽ സഖ്യം വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് ആദ്യം സ്വീകരിച്ചത്.
സഖ്യസാധതയുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ നടത്തിയ ചർച്ചകൾക്കും കൂടിയാലോചനകൾക്കുമൊടുവിലാണ് രാഹുൽ അനുകൂല തീരുമാനമെടുത്തത്. അനുകൂല തീരുമാനം എടുത്ത ശേഷവും പല വിഷയങ്ങളില്‍ തട്ടി നീക്കം പൊളിയുകയായിരുന്നു. ഡല്‍ഹിയില്‍ മാത്രം സഖ്യം പോരെന്നാണ് കേജ്‌രിവാളിന്‍റെ നിലപാട് എന്നാണ് സൂചന.
ജയലളിതയില്ലാതെ ഒരു തിരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ആശങ്കയിലാണ് തമിഴകത്ത് അണ്ണാ ഡിഎംകെ. കരുണാനിധിയുടെ വിടവാങ്ങലിന് ശേഷം ഡിഎംകെ പാളയത്തിലും സ്ഥിതി തുല്യമാണ്. ഇതിനൊപ്പം കമൽഹാസന്റെ മക്കൾ നീതി മയ്യം ഉയർത്തുന്ന വെല്ലുവിളികളും ഏറെ. ഇത്തരത്തിൽ കലങ്ങി മറിയുന്ന തമിഴകത്തിലേക്ക് പുതിയ ആശങ്ക ഉയർത്തുകയാണ് വിജയ്. ഇളയദളപതി വിജയ്യുടെ ഭാഗത്ത് നിന്ന് പുതിയ രാഷ്ട്രീയനീക്കം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് തലവേദനയാകുന്ന തരത്തിലാണ് തമിഴകത്ത് വിജയ്യുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ഇൗ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് പിന്തുണ നൽകണമെന്ന് വിജയ് ആരാധകർക്ക് രഹസ്യസന്ദേശം നൽകിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. രജനികാന്തിനൊപ്പം തന്നെ വലിയ ആരാധക കൂട്ടമുള്ള താരത്തിന്റെ നീക്കം അണ്ണാ ഡിഎംകെയ്ക്ക് തലവേദനയാകുമെന്നുറപ്പാണ്. വിജയ് മക്കൾ ഇയക്കം എന്ന ഫാൻസ് അസോസിയേഷൻ തമിഴകത്ത് സജീവമാണ്. ഇതിനെ രാഷ്ട്രീയ കക്ഷിയാക്കി താരം മാറ്റുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങൾക്കെതിരെ അണ്ണാ ഡിഎംകെയും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴെല്ലാം താരം ഭയക്കാതെ തന്നെയാണ് മുന്നോട്ടുപോയത്. ഇതിന് പിന്നാലെ സർക്കാർ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിന് താരം നടത്തിയ പ്രസംഗം പുതിയ രാഷ്ട്രീയമാനങ്ങൾ ഉള്ളതായിരുന്നു. വിജയ് ആരാധകരും അണ്ണാ ഡിഎംകെ പ്രവർത്തകരും പല സ്ഥത്തും ഏറ്റുമുട്ടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ അവസരത്തിലാണ് താരത്തിന്റെ രഹസ്യപിന്തുണ ഡിഎംകെ സഖ്യത്തിന് ലഭിക്കുന്നതെന്നാണ് സൂചന.