India

തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കേസില്‍ വൈദികന് കടുത്ത ശിക്ഷ നല്‍കി നീതിപീഠം. കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാ.റോബിന്‍ വടക്കുംഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുു ലക്ഷം രൂപ പിഴയും തലശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍ വിനോദ് വിധിച്ചു. ബലാത്സംഗം, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ.പി.സി 376(2(എഫ്) പോക്‌സോ 3,5 വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ.  മൂന്നു വകുപ്പുകള്‍ പ്രകാരവും 20 വര്‍ഷങ്ങള്‍ വീതം ഉള്ള ശിക്ഷ അനുസരിച്ച് 60 വര്‍ഷം തടവുശിക്ഷ ആണ് വിധിച്ചത്. എന്നാല്‍ ഇവയെല്ലാം കൂടി ചേര്‍ത്ത് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

പ്രതി മൂന്നു ലക്ഷം രൂപ പിഴയായി നല്‍കണം. ആ തുകയുടെ പകുതി ഇരയ്ക്ക് സംരക്ഷണത്തിന് നല്‍കണം. കുഞ്ഞിന്റെ സംരക്ഷണ ചുമതല ലീഗല്‍ സര്‍വീസ് സൊസൈറ്റി ഏറ്റെടുക്കണം. കൂറുമാറിയ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടി പീഡനത്തിന്റെ കാലമത്രയും അനുഭവിച്ച മാനസിക പീഡനം കണക്കിലെടുത്താണ് കൂറുമാറിയിട്ടും കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. കേസിലെ മുഖ്യസാക്ഷി കൂടിയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അടക്കം മൊഴി മാറ്റുകയും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായി എന്ന് പ്രതിഭാഗം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ പ്രതിക്ക് കോടതി നല്‍കി. പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയാണ് ഫാ.റോബിന് വിധിച്ചിരിക്കുന്നത്.

തെളിവുകൾ എല്ലാം നശിപ്പിച്ചിട്ടും, പ്രധാന പ്രതിയെ രക്ഷിക്കാനായി ഇര ഉൾപ്പെടെ കൂറ് മാറുകയും ചെയ്‌തിട്ടും ഇത്തരമൊരു വിധി നേടാനായതിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു. ചില വിഭാഗങ്ങളുടെ അടിമത്തത്തിൽ നിന്നുള്ള പീഡനങ്ങൾക്കെതിരെയുള്ള ചരിത്രപ്രധാനമായ വിധിയെന്നാണ് വിധിക്കുശേഷം അവർ പ്രതികരിച്ചത്. അതേസമയം തലശ്ശേരി രൂപത കോടതിവിധിയെ സ്വാഗതം ചെയ്‌തു.

 

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയതിനുള്ള പ്രതികാരം ശക്തമാകും. സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. കാരക്കാമല എഫ്‌സി കോണ്‍വന്റിലെ സിസ്റ്റര്‍ ലൂസിക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കുമെന്നാണു മുന്നറിയിപ്പ്. മുന്‍പത്തെ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു.

അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിക്ക് നോട്ടിസ് ലഭിച്ചിരുന്നു.

പതിനൊന്ന് അച്ചടക്കലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ സുപ്പീരിയര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

കൊട്ടിയൂർ പീഡനക്കേസിൽ തലശേരി പോക്സോ കോടതി ഇന്ന് വിധി പറയും. വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരാണ് പ്രതികൾ.

കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ്‌ സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.

2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും. ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ഇതോടെ റോബിൻ വടക്കുംചേരി അടക്കം ഏഴ് പ്രതികളാണ് നിലവിൽ.

ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരാണ് പ്രതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളി.

പത്തനംതിട്ട: സഹോദരന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ റാന്നി കീക്കൊഴൂര്‍ സ്വദേശി തോമസ് ചാക്കോയ്ക്ക് വധശിക്ഷ. സഹോദരനായ ഷൈബുവിന്റെയും ബിന്ദുവിന്റെ മക്കളായ മെബിന്‍(ഏഴ്), മെല്‍ബിന്‍(മൂന്ന്) എന്നിവരെയാണ് തോമസ് ചാക്കോ വീട്ടില്‍ കയറി അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അതിക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ഹരികുമാറാണ് വിധി പ്രസ്താവിച്ചത്.

2013 ഒക്ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ 7.30 ഓടെ തന്റെ കുടുംബ വീട്ടിലെത്തിയ പ്രതി വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെബിനെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനായി ഓടിയെത്തിയ ബിന്ദുവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞു. കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷം ബിന്ദുവിനെ അക്രമിക്കുകയും ചെയ്തു. പിന്നീട് അകത്ത് കയറിച്ചെന്ന് കസേരയില്‍ വിശ്രമിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ മെബിനെയും കൊലപ്പെടുത്തി.

കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2017-ലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. അമ്മയുടെ കണ്‍മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വാദി ഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.മനോജാണ് ഹാജരായത്.

കോഴിക്കോട്: ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ പ്രതികരണത്തിലാണ് പ്രിയ വാര്യരുടെ വാക്കുകള്‍. തുല്ല്യതയുടെ പ്രശ്‌നമാണെങ്കില്‍ ഇതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും പ്രിയ വാര്യര്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നടന്‍ പൃഥ്വിരാജും സമാനമായ നിലപാട് പറഞ്ഞിരുന്നു.

‘നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ’ എന്നാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് ചോദിച്ചത്. ‘ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് വനിതയോടുള്ള അഭിമുഖത്തിൽ പറയുകയുണ്ടായി.

[ot-video][/ot-video]

നഴ്‌സ് ആന്‍ലിയയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.

ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. അതേസമയം, ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.

ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ് എസി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25ന് ബംഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനായിരുന്നു.

ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ യുവാവും മോഷണവസ്തുക്കൾ വിൽപന നടത്താൻ സഹായിച്ച അമ്മയും പിടിയിലായി. മാമ്മൂട് മുണ്ടുകുഴി സന്തോഷിന്റെ മകൻ രതീഷ് (20), അമ്മ സരള (48) എന്നിവരെയാണു തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാമ്മൂട് ഭാഗത്തുള്ള കോൺവന്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണു രതീഷ് പിടിയിലായത്.

മല്ലപ്പള്ളിയിലുള്ള കോൺവന്റ് കുത്തിത്തുറന്നുപണം മോഷ്ടിച്ച സംഭവത്തിലും മാമ്മൂട്, ചൂരനോലി ഭാഗങ്ങളിൽ വീടിന്റെ ജനൽ തുറന്നു ബാഗുകൾ പുറത്തെടുത്തു സ്വർണവും പണവും മോഷ്ടിച്ച കേസുകളിലും ചാഞ്ഞോടിയിലുള്ള വീട്ടിൽ ‍നിന്ന് ആറേമുക്കാൽ പവൻ സ്വർണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. ചൂരനോലി ഭാഗത്തു മോഷണം നടന്ന വീട്ടിൽ നിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു. ചെരിപ്പു ധരിക്കാത്ത, കാൽപാദം വലുപ്പം കൂടുതലുള്ള ആളാണു മോഷണം നടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു സമാനമായ രീതിയിൽ മുൻപു പിടിയിലായിട്ടുള്ള രതീഷിനെ പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്.

ഇയാളുടെ വീട്ടിൽ പുതുതായി വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ വാങ്ങിയതായി കണ്ടെത്തിയതോടെ പൊലീസ് രതീഷിനെ അന്വേഷിച്ചു വീട്ടിൽ എത്തിയെങ്കിലും തിരുപ്പൂരിൽ ജോലിക്കു പോയിരിക്കുകയാണ് എന്ന മറുപടിയാണു ലഭിച്ചത്. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ മാമ്മൂട് ഭാഗത്തു തന്നെ ഉണ്ടെന്നു കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണമുതൽ വിൽപന നടത്തുകയും പണയം വയ്ക്കുകയും ചെയ്തതിനാണു സരള അറസ്റ്റിലായത്.

ചങ്ങനാശേരിയിലെയും റാന്നിയിലെയും സ്വർണക്കടകളിൽ ‍‍നിന്നു 13 പവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രതീഷിന്റെ പിതാവ് സന്തോഷ് മോഷണക്കേസിൽ മാവേലിക്കര സബ്ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, എഎസ്ഐമാരായ സാബു സണ്ണി, ചന്ദ്രബാബു, ഷാജിമോൻ, സാബു, കെ.കെ. റെജി, ബിജു, രഞ്ജീവ് ദാസ്, ബെന്നി ചെറിയാൻ, ഷൈജു ആഞ്ചലോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

ഭീകരവാദത്തെ നേരിടുന്ന കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സൈന്യത്തിനും സർക്കാരിനും ഒപ്പമുണ്ട്. ഇത്തരം ആക്രമണങ്ങൾകൊണ്ടു രാജ്യത്തെ തകർക്കാനും വിഭജിക്കാനുമാകില്ല. കോൺഗ്രസ് ഇപ്പോള്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമർശനത്തിനും ചർച്ചയ്ക്കുമില്ല– രാഹുൽ വ്യക്തമാക്കി

ദുഃഖാചരണത്തിനുള്ള സമയമാണിത്. ഭയാനകമായ ദുരന്തമാണ് കശ്മീരിൽ കഴിഞ്ഞ ദിവസം നടന്നത്. നമ്മുടെ സൈനികർക്കെതിരെയുണ്ടായത് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന രീതിയിലുള്ള അക്രമമാണ്. ജവാൻമാർക്കൊപ്പം നമ്മളെല്ലാം ഒരുമിച്ചു നിൽക്കണം. ഒരു ശക്തിക്കും ഈ രാജ്യത്തെ ഭിന്നിപ്പിക്കാനോ തകർക്കാനോ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.

ദുഃഖാചരണത്തിന്റെ ദിനമാണ് ഇതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രതികരിച്ചു. നാൽപതിലേറെ ജവാൻമാരെയാണ് നമുക്കു നഷ്ടമായത്. നമ്മളെല്ലാം ജവാൻമാരുടെ കുടുംബത്തോടൊപ്പം നിൽക്കുകയെന്നതാണു ഇപ്പോഴത്തെ കർത്തവ്യം. ഭീകരവാദികളുമായി നമുക്ക് യാതൊരു ഒത്തുതീർപ്പുമില്ല. ജവാൻമാർക്കും അവരുടെ കുടുംബത്തിനും കോൺഗ്രസ് പാര്‍ട്ടി എല്ലാ പിന്തുണയും നൽകും- സിങ് പറഞ്ഞു.

ആക്രമണത്തിന് തൊട്ടുപിന്നാലെ സർക്കാരിനെ കുറ്റപ്പെടുത്തിയ കോൺഗ്രസ് വക്താവ് രൺദീപ് സുർജവാലയുടെ ട്വീറ്റുകൾ വിമർശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. 2000 ലധികം സൈനികരെ ഒരുമിച്ചു കൊണ്ടു പോയത് ഗുരുതര വീഴ്ചയാണെന്ന് മെഹബൂബെ മുഫ്തി പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഗവർണർക്ക് വീഴ്ച സംഭവിച്ചുവെന്നു ഒമർ അബ്ദുള്ളയും വിമർശിച്ചു

കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ മലയാളി ജവാൻ വി.വി.വസന്തകുമാറിന്‌ ആദരാഞ്ജലി‌യുമായി ജന്മനാട്. നാട്ടിൽനിന്നു മടങ്ങി ഒരാഴ്ച കഴിയും മുൻപാണു വസന്തകുമാർ മരിച്ചെന്ന സങ്കട വാർത്ത എത്തിയത്. വയനാട്‌ ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിൽ അവധിയാഘോഷം കഴിഞ്ഞ് ഒൻപതിനാണു മടങ്ങിയത്. 2001ൽ സിആർപിഎഫിൽ ചേര്‍ന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു.

സിആർപിഎഫ്‌ 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ– ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വർഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു.

ബറ്റാലിയൻ മാറ്റത്തെത്തുടർ‌ന്ന് അവധി ലഭിച്ചപ്പോഴാണു നാട്ടിലെത്തിയത്. ഭൗതികശരീരം വിമാനത്താവളത്തിൽ എത്തുന്ന സമയം സംബന്ധിച്ച അന്തിമവിവരം ലഭ്യമായിട്ടില്ല. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ശരീരം, പൂർണ ബഹുമതികളോടെ ആയിരിക്കും സംസ്കരിക്കുക

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാര്‍ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് അർധ സഹോദരന്‍ സജീവന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് വസന്തകുമാര്‍ കൊല്ലപ്പെട്ട വിവരം ഭാര്യാസഹോദരന്‍ വിളിച്ചു പറയുന്നത്.

ഡൽഹിയിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് അറിയാനായി. ഭീകരാക്രമണത്തിൽ മരിച്ചവരുടെതേന്നു പറഞ്ഞു വാട്സാപ്പില്‍ വസന്തകുമാറിന്‍റെ ഫോട്ടോ പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടു. അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്– സജീവന്‍ പറഞ്ഞു

തെക്കൻ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ജമ്മു–ശ്രീനഗര്‍ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആര്‍പിഎഫ് ജവാന്മാര്‍. വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തിൽ 44 ജവാന്മാർ കൊല്ലപ്പെട്ടു

നജാഫ്: 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാഖിലേക്കുളള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ. ശിയാ തീര്‍ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് പുറപ്പെട്ട വിമാനം നജാഫില്‍ ലാന്‍ഡ് ചെയ്തു. ഇറാഖി ഉദ്യോഗസ്ഥര്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കഴിഞ്ഞ 30 വര്‍ഷത്തിനിടിയില്‍ ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നുളള വിമാനം ഇറാഖില്‍ പറന്നിറങ്ങുന്നതെന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ്പുരോഹിത് പറഞ്ഞു. പുണ്യഭൂമിയായ നജാഫിലേക്ക് തന്നെ ആദ്യ സർവീസ് നടത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രദീപ് സിങ് രാജ് പുരോഹിത് കൂട്ടിച്ചേര്‍ത്തു.

അഞ്ചര മണിക്കൂര്‍ സമയം എടുത്താണ് ഉത്തര്‍പ്രദേശില്‍ നിന്ന് വിമാനം ഇറാഖിലെത്തിയത്. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും ആണ് ഈ സര്‍വീസ് ഉണ്ടാവുക. ശിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജാഫ്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചത്. എ1414 വിമാനം ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

RECENT POSTS
Copyright © . All rights reserved