കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് രാഹുലിന് മാത്രമേ സൂചന നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലും രാഹുല്‍ മത്സരിക്കണമെന്ന താല്‍പര്യം താന്‍ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അമേഠിക്കൊപ്പം മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. ടി.സിദ്ദിഖിന്റെ പേരാണ് വയനാട്ടില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

വയനാട്ടിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത്.