India

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ചത്തീസ്ഗഢില്‍ കനത്ത തിരിച്ചടി. പിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാംദയാല്‍ ഉയികി ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് പാലിതനാക്കര്‍ എംഎല്‍എയായ രാംദയാല്‍ ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെയും സാന്നിധ്യത്തില്‍ രാംദയാലിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ചത്തീഗഢിലെത്തിയതിന് പിന്നാലെയാണ് രാം ദയാല്‍ ബിജെപിയിലെത്തിയത്.

2013ലെ തെരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാംദയാല്‍ വിജയിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കിയത്.

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയായ തൃപ്തി ദേശായി. ദര്‍ശനത്തിനെത്തുന്ന സമയത്ത് സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും ശരിയല്ല. ദര്‍ശനം തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകയും ഇന്ത്യയിലെ സ്ത്രീ വിമോചന പോരാളികളില്‍ ഒരാളുമായ തൃപ്തി ദേശായി നേരത്തെ വനിതകള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്ന വിവിധ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചിരുന്നു. ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് തൃപ്തി ദേശായി പ്രവേശിച്ചത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് ഇവര്‍.

അതേസമയം സ്ത്രീകള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താനെത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധം നടത്തുന്നവരുടെ നിലപാട്. ആര്‍ത്തവ ‘വിശുദ്ധിയുള്ള’ സ്ത്രീകളെ യാതൊരു കാരണവശാലും ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ വലിയ സുരക്ഷ ഒരുക്കാനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക.

ബൈക്കപകടത്തിൽ മരിച്ച നെല്ലിക്കോട് സ്വദേശി വിഷ്ണുവിന്റെ(23) ഹൃദയം ഇനി മടവൂർ ചക്കാലക്കൽ കെ.പി. സിദ്ദീഖ് – ഷെറീന ദമ്പതികളുടെ മകൾ ഫിനു ഷെറിനിൽ മിടിക്കും. 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് വിഷ്ണുവിന്റെ ഹൃദയം മെട്രോ കാർഡിയാക് സെന്ററിൽ ഫിനുവിന്റെ ശരീരത്തിൽ വച്ചു പിടിപ്പിച്ചത്. ഒരു കൂട്ടം ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പൊലീസിന്റെയും കഠിനാധ്വാനത്തിന് ഇതോടെ ഫലമായി. കാസർകോട്ടുകാരൻ ഹനീഫയുടെ ഡ്രൈവിങ് വൈദഗ്ധ്യമാണ് പതിനാറുകാരിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്.

അപകടത്തിൽ മരിച്ച യുവാവിന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിന്, ബെംഗളൂരുവിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയെ ആംബുലൻസിൽ നാലര മണിക്കൂർ കൊണ്ടാണ് ഹനീഫ കോഴിക്കോട്ടെത്തിച്ചത്. ബുധനാഴ്ച രാത്രി മാത്തറയിൽ ബൈക്കിൽ കാറിടിച്ച് അപകടത്തിൽ പെട്ട വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് പിതാവ് സുനിൽ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് 11 മാസത്തോളം കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിൽ ചികിൽസയിലായിരുന്ന ഫിനു ഷെറിനെ സംസ്ഥാനത്ത് അവയവദാനത്തിനുള്ള സങ്കീർണതയെ തുടർന്ന് ബെംഗളൂരു നാരായണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് മാസത്തോളം കാത്തിരുന്നുവെങ്കിലും അനുയോജ്യമായ ഹൃദയം കണ്ടെത്താനായില്ല. വിഷ്ണുവിന്റെ ഹൃദയം ദാനം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് അധികൃതർ ഫിനു ഷെറിൻ ചികിൽസാ സഹായ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഫിനുവിനെ വേഗത്തിൽ കോഴിക്കോട്ട് എത്തിക്കുന്നതിന് ഹെലികോപ്റ്റർ അടക്കമുള്ളവയ്ക്കു ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

തുടർന്ന് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസിൽ കൊണ്ടുവരാൻ തീരുമാനിച്ചു. പുലർച്ചെ 1.55ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട ആംബുലൻസ് 6.25ന് കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിലെത്തിച്ചത് ഡ്രൈവർ ഹനീഫയുടെ ധൈര്യമായിരുന്നു. ഗുണ്ടൽപേട്ട് ചെക്പോസ്റ്റിലുണ്ടായ ഗതാഗതക്കുരുക്കു മൂലം അരമണിക്കൂർ വൈകി. ആംബുലൻസ് സംസ്ഥാന അതിർത്തി കടന്നതോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനു വഴിയൊരുക്കി. തുടർന്ന് മെട്രോ കാർഡിയാക് സെന്ററിലെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിലെത്തി വിഷ്ണുവിന്റെ ഹൃദയവുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ തിരിച്ചെത്തി. ഉച്ചയ്ക്കു ശേഷം 3ന് ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ രാത്രി ഏഴോടെയാണ് അവസാനിച്ചത്. ഷിനുവിനു ഹൃദയം ദാനം നൽകിയതിനു പുറമേ, വിഷ്ണുവിന്റെ മറ്റ് അവയവങ്ങൾ മറ്റ് 5 രോഗികൾക്കു കൈമാറി. ഒരു വൃക്ക മെഡി. കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിക്കും കരളും മറ്റൊരു വൃക്കയും മിംസ് ആശുപത്രിയിലെ രോഗികൾക്കും കണ്ണുകൾ പിവിഎസ് ആശുപത്രിയിലെ രോഗികൾക്കും കൈമാറി. ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ട വിഷ്ണുവിന്റെ മസ്തിഷ്കമരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. നെല്ലിക്കോട് വഴിപോക്കിൽ പൂതംകുഴിമേത്തൽ സുനിൽകുമാർ– ബീന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: ലക്ഷ്മി.

ചെന്നൈ: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ദുബായിലേക്ക് പുറപ്പെട്ട ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 130 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍.

സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ജാതിപേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോൽ സ്വദേശിനി മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു. പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ നൽകിയ പരാതിയിലാണ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിലാണ് പത്തനംതിട്ട ചെറുകോൽ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് സമരത്തിന്‍റെ രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണം.

പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്ന് എടുത്തുപറഞ്ഞായിരുന്നു അധിക്ഷേപം. തെക്കന്‍ മേഖലയില്‍ ഈഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവർ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇവർ‌ക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു.

മാഞ്ഞാലി വ്യാകുല മാതാ പള്ളി തൊട്ട് വഴിയില്‍ പണിതുയര്‍ത്തിയിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീതിരഹിത നിയമവിരുദ്ധ മതില്‍ 48 മണിക്കൂറിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് മാഞ്ഞാലി സമരപ്പന്തലില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടും പള്ളി അധികാരികളോടും ആവശ്യപ്പെട്ടു. ഒമ്പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ജമീല അബ്ദുല്‍കരീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ജനകീയ കണ്‍വെന്‍ഷനിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കണ്‍വെന്‍ഷനില്‍ സമരസമിതി കണ്‍വീനര്‍ ഷാമോന്‍ അധ്യക്ഷത വഹിച്ചു.

നിയമവിരുദ്ധമായ മതില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന, ആള്‍ക്കാരെ ദ്രോഹിക്കുന്ന മതില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും നീതിക്കും എതിരാണെന്നും അതുകൊണ്ടുതന്നെ വ്യാകുലമാതാവ് കൂടുതല്‍ വ്യാകുലം ആയിരിക്കുന്നു എന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി നേതാക്കള്‍ സംസാരിച്ചു. എന്‍.എ.പി.എം നേതാവ് കുസുമം ജോസഫ്, ദേശീയപാത സമരസമിതി നേതാവ് ഹാഷിംചേന്നംപിള്ളി, ആം ആദ്മി പാര്‍ട്ടി വൈപ്പിന്‍ മേഖല കണ്‍വീനര്‍ അഡ്വ. സിസിലി, സിപിഐഎംഎല്‍ നേതാവ്ശ്രീ സുബ്രഹ്മണ്യം, സേവ് അവര്‍ സിസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീ തങ്കച്ചന്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവയുടെ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കലാക്ഷേത്രയിലെ ജലജ തയ്യാറാക്കിയ ശ്രീമതി ജമീലാ അബ്ദുള്‍ കരീമിന്റെ ഛായാചിത്രം സമ്മേളത്തില്‍ പ്രകാശനം ചെയ്തു. സമര പ്രഖ്യാപനത്തിന്റെ ഭാഗമായി വഴി അടക്കപ്പെട്ട തെരുവില്‍ നിന്നുകൊണ്ടാണ് സമര പ്രഖ്യാപനം നടത്തിയത്. സമര പ്രഖ്യാപനത്തിന്റ സന്ദേശം അഡ്വക്കേറ്റ് പി ജെ മാനുവല്‍ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങിയ സമ്മേളനം അധികൃതര്‍ക്കും പള്ളി അധികാരികള്‍ക്കും ശക്തമായ സൂചനയാണ് നല്‍കിയത്. 48 മണിക്കൂറിനകം ആ മതില്‍ പൊളിച്ചുമാറ്റണമെന്നും വഴിനടക്കാനുള്ള അവകാശം എല്ലാവര്‍ക്കും നല്‍കണമെന്നും അവിടെ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, എറണാകുളം പാര്‍ലിമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലി, എന്‍ എസ് ഷംസുദ്ധീന്‍, യു പി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട്: രണ്ടാമൂഴം എന്ന നോവല്‍ ആസ്പദമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് രചയിതാവ് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി നല്‍കുമെന്നാണ് വിവരം.

മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. മോഹന്‍ലാലിനെ മുഖ്യ കഥാപാത്രമാക്കിക്കൊണ്ട് ആയിരം കോടി രൂപ മുടക്കി ചിത്രം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. അഡ്വാന്‍സായി വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും എംടി വ്യക്തമാക്കിയിട്ടുണ്ട്.

കോയമ്പത്തൂര്‍: കാട്ടുകള്ളന്‍ വീരപ്പനെ വധിക്കുവാന്‍ പൊലീസിനെ സഹായിച്ച യുവതി പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത്. കോയമ്പത്തൂരിലെ വടവല്ലി സ്വദേശിനിയായ എം. ഷണ്‍മുഖപ്രിയ എന്ന യുവതിയാണ് ഇത്തരത്തില്‍ പോലീസിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

വീരപ്പന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ചോര്‍ത്തി നല്‍കിയത് ഇവരായിരുന്നു. ഇവര്‍ നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീരപ്പനെ കുടുക്കിയതും കൊലപ്പെടുത്തിയതും.

വീരപ്പന്റെ ആരോഗ്യം മോശമാണെന്നും കാഴ്ച്ചശക്തി കുറയുന്നുവെന്നുമുള്ള സുപ്രധാനപ്പെട്ട വിവരം പോലീസിന് ചോര്‍ത്തി നല്‍കിയതും ഷണ്‍മുഖപ്രിയ തന്നെയായിരുന്നു. ഇത്തരത്തില്‍ നേത്രശസ്ത്രക്രിയക്കായി നാട്ടിലെത്തിയ വീരപ്പനെ 2004ലാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നത്. ആംബുലന്‍സ് തടഞ്ഞ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി അക്കാലത്ത് നാല് മാസത്തോളം ഷണ്‍മുഖപ്രിയയുടെ വീട്ടില്‍ താമസിച്ചിരുന്നു. മുത്തുലക്ഷ്മിയില്‍ നിന്ന് അക്കാലത്ത് ശേഖരിച്ച വിവരങ്ങളാണ് ഷണ്‍മുഖപ്രിയ പോലീസിന് കൈമാറിയത്.

ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി തന്റെ ജീവന്‍ പോലും പണയം വച്ച് ലഭിച്ച വിവരങ്ങളാണ് നല്‍കിയതെന്നും വീരപ്പനെ പോലീസ് വധിച്ച ഘട്ടത്തില്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അത് പാഴ് വാക്കായി മാറുകയായിരുന്നു. തനിക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്നുമാണ് പരാതിയില്‍ അവര്‍ വ്യക്തമാക്കിയത്.

അതേസമയം, വീരപ്പനെ പിടികൂടുന്നതിന് നിരവധി പദ്ധതികള്‍ തങ്ങള്‍ ആസൂത്രമണം ചെയ്തിരുന്നുവെന്നും അതില്‍ ചിലതുമാത്രമാണ് ഫലം കണ്ടതെന്നും ഇത്തരത്തില്‍ ഒന്നില്‍ ഷണ്‍മുഖപ്രിയയും പങ്കെടുത്തിരുന്നുവെന്ന് ഐജി സെന്താമരൈ കണ്ണന്‍ പറഞ്ഞു. അവര്‍ വിലയേറിയ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിനായി പ്രതിഫലം നല്‍കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രതിഫലം ആവശ്യപ്പെട്ട് 2015ല്‍ ഷണ്‍മുഖപ്രിയ മുഖ്യമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിന് ഷണ്‍മുഖപ്രിയയുടെ പരാതി കൈമാറിയിരിക്കുകയാണ്.

 

ന്യുഡല്‍ഹി: വിവാദമായ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ സുപ്രീം കോടതി ഇടപെടുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ കൈമാറണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇടപാടിലേക്ക് എത്തിയ കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കണം. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍. എന്നാല്‍ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.

റഫാല്‍ ഇടപാടില്‍ എതിര്‍കക്ഷിയാക്കിയിരിക്കുന്നത് പ്രധാനമന്ത്രിയെ ആണെന്നും അതിനാല്‍ നോട്ടീസ് അയക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയില്‍ നിന്നുണ്ടായ നടപടി തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കുമെന്നും ചൂണ്ടിക്കാട്ടി. റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നും സര്‍ക്കര്‍ അറിയിച്ചു. വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെങ്കില്‍ കോടതിക്ക് കൈമാറാന്‍ ഈ ഘട്ടത്തില്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. അഡ്വ. വിനീത് ദണ്ഡ, അഡ്വ. എം.എല്‍ ശര്‍മ്മ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇടപാട് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ശര്‍മ്മ മുന്നോട്ടുവച്ചിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കരാര്‍ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന ആവശ്യവും വിനീത് മുന്നോട്ടുവച്ചിരുന്നു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.കെ കൗണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. യു.പി.എ കാലത്തും എന്‍.ഡി.എ കാലത്തുമുണ്ടാക്കിയ കരാറുകളില്‍ പറഞ്ഞിരുന്ന തുകയും വ്യക്തമാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

തൈക്കൂടം അണ്ടര്‍ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ ആം ആദ്മി പാര്‍ട്ടി വൈറ്റില പ്രവര്‍ത്തകര്‍ ആം ആദ്മി തൃക്കാക്കര മണ്ഡലം കണ്‍വീനര്‍ ഫോജി ജോണിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9-ാം തിയതി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കാക്കനാട് ഓഫീസില്‍ പരാതി സമര്‍പ്പിച്ചു.

ഒരു മഴ വന്നാല്‍ തൈക്കൂടം അണ്ടര്‍ പാസ്സ് നിറയെ ചെളി വെള്ളമാണ്. ഈ ചെളിവെള്ളത്തിലൂടെ നീന്തിയാണ് സമീപത്തുള്ള സ്‌കൂളിലേക്കും പള്ളിയിലേക്കും നിരവധി ആളുകള്‍ പോകുന്നത്. വര്‍ഷങ്ങളായി തൈക്കൂടം നിവാസികള്‍ ഈ യാതന അനുഭവിക്കുന്നു. ഇതിന് ഉടന്‍ പരിഹാരം കാണണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

ഇനിയും ഈ നില തുടര്‍ന്നാല്‍ ശക്തമായ സമരപരടിയും നിയമ നടപടിയുമായി മുന്നോട്ടു പോകും എന്ന് ആം ആദ്മി തൃക്കാക്കര മണ്ഡലം നേതാക്കള്‍ പറഞ്ഞു.

Copyright © . All rights reserved