India

ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത് ഷോര്‍ട്ട് ഫിലിം ‘മഴയ്ക്കു മുന്നെ’ റിലീസ് ചെയ്യപ്പെടുകയാണ്. പ്രളയ ദുരന്തം വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ച് ഇതിന്റെ റിലീസ് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കേവലം സൊസൈറ്റി നടത്തുന്ന ചെലവ് കുറഞ്ഞ ഒരു സദാ ബോട്ട് യാത്രയില്‍ ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യാനാണ് തീരുമാനം. ഒക്ടോബര്‍ 18 ന് വ്യാഴം രാവിലെ 10 മണിക്ക് എറണാകുളം ബോട്ട് ജട്ടിയില്‍ നിന്നും മട്ടാഞ്ചേരി വരെ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മ നടത്തുന്ന ബോട്ട് യാത്രയില്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ ‘മഴയ്ക്ക് മുന്നെ’ റിലീസ് ചെയ്യും.

സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്‌നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം. മാധ്യമ പ്രവര്‍ത്തകനായ സോണി കല്ലറക്കല്‍ എന്ന കോ-ഓര്‍ഡിനേറ്റര്‍ ആണ് ഞങ്ങള്‍ ഒരുമിക്കാന്‍ ഒരു സൊസൈറ്റി കൂര നിര്‍മ്മിച്ചത്. അതാണ് ഗോഡ്‌സ് ഓണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി. ആദ്യം അത് സിനിയെ സ്‌നേഹിക്കുന്നവരുടെ ഫേസ് ബുക്ക് കൂട്ടായ്മയായി നിന്നു. പിന്നീട് ഗോഡ്‌സ് ഓണ്‍ സിനിമ $ ചാരിറ്റബിള്‍ സൊസൈറ്റിയായി വളരുകയായിരുന്നു. പിന്നീട് ചെയ്തത് ഒരു ഹോം സിനിമ. ‘മിറക്കിള്‍’. ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി കിട്ടിയിരുന്നു. മഴയ്ക്ക് മുന്നെ ഞങ്ങടെ രണ്ടാമത്തെ സംരംഭം ആണ്.

ഇത് പുതുക്കക്കാരുടെ ആഗ്രഹത്തിന്റെ ഫലം

പല സാഹചര്യങ്ങളില്‍, പല നാടുകളില്‍ നിന്ന കുറച്ചു മലയാളികള്‍ ഒരുമിച്ചു. ദേശ-ജാതി-പ്രായ വ്യത്യാസമില്ലാതെ ഒരു മഴക്കാലത്ത് കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ മഴയ്ക്ക് മുന്നെ 3 ദിവസങ്ങളില്‍ ആയി ഷൂട്ട് ചെയ്തു. പിന്നെ ചില്ലറ ഫില്ലിംഗ് ഷോട്ടുകളും. സാമ്പത്തിക, സാങ്കേതിക പരാധീനതകളെ, കാലാവസ്ഥയെ അതിജീവിക്കല്‍ ഒരു പാഠമായി.

നിശോഭ് താഴെമുണ്ടയാട് എന്നDOP ഒപ്പം ലെജീഷ് പി വി ( അസോസിയേറ്റ് )ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടന്‍ കലാസംവിധാനം ചെയ്തു മാത്രമല്ല, guest role ചെയ്തു തന്നും മഹാമനസ്‌കനായി. (ഷെറി സാറിന്റെ (ആദിമദ്ധ്യാന്തം) വരാനിരിക്കുന്ന സിനിമയുടെ പ്രവര്‍ത്തനത്തില്‍ ആണ് അദ്ദേഹം ഇപ്പോള്‍.)

സൗഹൃദ ബന്ധനത്താല്‍ സച്ചിന്‍ ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. ഗോഡ് സ് ഓണ്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജോഷി സെബാസ്റ്റിന്‍, വൈസ് പ്രസിഡന്റ് മുബ് നാസ് കൊടുവള്ളി എന്നിവര്‍ ഈ ഷോര്‍ട്ട് ഫിലിമിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി രംഗത്തുവന്നപ്പോള്‍ ഒരു വനിത ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മാറിയത് ഈ ഫിലിമിന്റെ ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് – പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ഇതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. മറ്റ് സൊസൈറ്റി ഭാരവാഹികളായ സി.ടി.വിബിഷ്, ആഷിഖ് അബ്ദുള്ള എന്നിവരും ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ്. മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍. ഇതിലെ ‘മഴയൊരു നിറവായ് നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി കഴിഞ്ഞു. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ഒപ്പം സൊസൈറ്റിയുടെ പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം എന്ന ഞാന്‍ ഇതിന്റെ ഡയറക്ടര്‍ ആകാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. ഏറെ ആവകാശവാദങ്ങളോന്നും ഞങ്ങള്‍ നിരത്തുന്നില്ല. എങ്കിലും ഒന്നുണ്ട്, ഈ സിനിമ ഒരു കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിന്റെ വിജയമാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

സിനിമ എന്ന ഈ ജനകീയകല എന്തെന്ന് അറിയാനാഗ്രഹം, ഒരുപക്ഷേ കടലോളം ആഗ്രഹം മാത്രം കൈമുതലാക്കി ഞങ്ങള്‍ ചെയ്ത സിനിമയില്‍ പോരായ്മകളേറെ കാണും. സിനിമ അറിയാവുന്ന സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ ഒരു പക്ഷെ ചിലയിടത്തെങ്കിലും ഗുണം ഉണ്ടാക്കിയിട്ടും ഉണ്ടാവാം. സുമനസ്സുകളുടെ, സഹൃദയരുടെ മുന്‍പിലേക്ക് ഗോഡ്‌സ് ഓണ്‍ സിനിമ സൊസൈറ്റി മഴയ്ക്ക് മുന്നെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അനുഗ്രഹിക്കുക. ‘മഴയ്ക്ക് മുന്നെ’ താമസിയാതെ നിങ്ങളുടെ മുന്നിലേക്ക്

മഴയ്ക്ക് മുന്നെ

ഇതിലെ പ്രമേയം സിമ്പിള്‍ ആവണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സാധാരണ ജീവിതത്തിലെ ഒരു ദിനം. പക്ഷെ അതില്‍ നിങ്ങളെ മാറ്റിമറിക്കുന്ന എന്തോ സംഭവം ഒളിച്ചിരിക്കുണ്ടാകണം. നമ്മള്‍ ചെയ്യുന്നതെന്ത് എന്ന് അറിഞ്ഞു ചെയ്യുന്നവര്‍ വിരളം. എന്തൊക്കെയോ മറികടന്നു പോകാനുള്ള വെമ്പലാണ് ചില ജീവിതങ്ങള്‍. അവര്‍ക്കു തന്നെ നിശ്ചയമില്ലാത്ത അജ്ഞാത മത്സരത്തില്‍ അവര്‍ ആരെയൊക്കെയോ മറികടക്കുന്നു. ഏതോ വഴികളില്‍ തെറ്റിയൊഴുകുന്നു. തിരിച്ചൊഴുകാനാവാത്ത പുഴപോലെ അവര്‍ എവിടെ ഒടുങ്ങുന്നു. അവരാണോ കടലായി അലറുന്നത്?. ഇനി അവരാണോ അടുത്ത മഴക്കാലത്തേക്കുള്ള കാറായി കാത്തിരുന്നു കറുത്ത് പോയത്. അറിഞ്ഞു പെയ്യാനും ഒഴുകാനുമായി. പ്രിയ സഹൃദയരുടെ ഇടയിലേക്ക് ഈ മഴ. എല്ലാ നല്ല സുഹൃത്തുക്കളുടെയും അനുഗ്രഹവും പ്രോത്സാഹനവും പിന്തുണയും ഞങ്ങളുടെ ഈ എളിയ സംരംഭത്തിന് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വിനയപുരസരം.

സ്‌നേഹത്തോടെ, രെഞ്ചിത് പൂമുറ്റം (ഡയറക്ടര്‍).

കൂടുതല്‍ അറിയാന്‍ വിളിക്കാം.

മൊബൈല്‍: 9496226485, 7907253875.
വാട്ട്‌സ് അപ്പ് നമ്പര്‍: 9447055711.

അറേബ്യന്‍ സമുദ്രത്തില്‍ തെക്ക് കിഴക്ക് ഭാഗത്തായി ഇന്ന് രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറേക്ക് നീങ്ങി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ഒമാന്‍ തീരത്തേയ്ക്ക് നീങ്ങാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കടലിലുള്ളവര്‍ അടിയന്തിരമായി തിരിച്ച് കരയ്‌ക്കെത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് കൊണ്ടുവരുന്ന പേമാരിയുടെ കാണാനിരിക്കുന്ന കൈക്കരുത്തു ഭയന്ന് ചില ഡാമുകള്‍ തുറന്നു. എന്നാല്‍ ചെറുതോണി ഡാം തല്‍ക്കാലത്തേക്ക് തുറക്കേണ്ടെന്നാണ് തീരുമാനം. നേരത്തെ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 1981, 1992, 2018 ഓഗസ്റ്റ് എന്നിങ്ങനെ മൂന്നു തവണയാണ് ഇതിനു മുന്‍പ് ഡാം തുറന്നത്. 81, 92 തുലാമഴക്കാലത്താണ് ഇടുക്കി തുറന്നതെങ്കില്‍ 2018ല്‍ ഇതാദ്യമായി കാലവര്‍ഷത്തിലും തുലാവര്‍ഷത്തിനു തൊട്ടുമുമ്പും ഡാം തുറക്കേണ്ട സ്ഥിതി സംജാതമായി.

നിലവില്‍ 83% വെള്ളമാണ് ഇടുക്കിയില്‍ ഉള്ളതെങ്കിലും വീണ്ടുമൊരു സാഹസത്തിനു സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും ഒരുക്കമല്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാനായി ചെറുതോണി അണക്കെട്ടു തല്‍ക്കാലം തുറക്കില്ലെന്ന നടപടി ഇടുക്കിക്ക് ആശ്വാസമേകുമ്പോള്‍ പെരിയാറിന്റെ താഴ്‌വരയിലും എറണാകുളം ജില്ലയിലും നേരിയ ആശങ്കയുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം എന്ന കേരളത്തിന്റെ വികസന ഗോപുരവും ഇടുക്കിയിലേക്കു കാതോര്‍ക്കുന്നു എന്നതാണു കാലാവസ്ഥാ മാറ്റക്കാലം സൃഷ്ടിക്കുന്ന പുതിയ ആശങ്ക. ഓഗസ്റ്റ് 15ലെ പ്രളയത്തിനു ശേഷം ആഴ്ചകളോളം സിയാല്‍ അടച്ചിടേണ്ടി വന്നു. ഓഗസ്റ്റ് 15ലെ സ്ഥിതി സംജാതമാകുമോ എന്ന ചിന്ത അസ്ഥാനത്താണെങ്കിലും വരാന്‍ പോകുന്ന മഴയെ അതീവ ജാഗ്രതയോടെയാണു നേരിടേണ്ടത്.

ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ രൂപപ്പെടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റ് അറബിക്കടലിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു വഴിതിരിയുമെങ്കിലും അതിതീവ്ര ന്യൂനമര്‍ദത്തിനും ചുഴലിക്കാറ്റിനും ഇടയിലുള്ള ഘട്ടത്തിലാണ് ഇതു പോകുന്ന വഴിയില്‍ മഴയും കാറ്റും നാശവും വിതയ്ക്കുന്നത്. ഇടുക്കി ജില്ലയാണു കൃത്യം ഈ മഴതീവ്രതയുടെ നിഴലില്‍ എന്നതു വിശദീകരണമില്ലാത്ത പ്രതിഭാസവും.

‘ചുവന്ന ഞായറാഴ്ച’യാണ് വരുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെടുന്നതിനു മുന്നോടിയായുള്ള കനത്ത മഴ അന്നു ജില്ലയില്‍ ലഭിച്ചേക്കോം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അന്ന് 20 സെന്റീമീറ്ററിലധികം വരെ മഴ ലഭിക്കാനാണു സാധ്യത. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലും മൂന്നു സെന്റീമീറ്റര്‍ മഴ മാത്രമാണു ലഭിച്ചത്. ഇതു നേരിയ മഴ മാത്രമാണ്. ശക്തമായ നീരൊഴുക്കിനു സാധ്യതയില്ല. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ 130 അടി വെള്ളമുണ്ട്.

381 സെ.മീ. മഴയാണു ജില്ലയില്‍ കാലവര്‍ഷക്കാലത്തു പെയ്തിറങ്ങിയിരിക്കുന്നത്. ദീര്‍ഘകാല ശരാശരിയുടെ 67% കൂടുതല്‍. രാജ്യത്തു തന്നെ ഇത്രയധികം മഴ കൂടുതലായി ലഭിച്ച ജില്ല വേറെയില്ല. 227 സെ.മീ. കിട്ടേണ്ട സ്ഥാനത്തു ലഭിച്ചിരിക്കുന്ന 150 സെമീയിലേറെ അധികമഴയില്‍ ജില്ലയിലെ മലയോരം കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ ഞായറാഴ്ചത്തെ ന്യൂനമര്‍ദ മഴയുടെ രൂക്ഷത താങ്ങാനുള്ള ശേഷി കുറവായിരിക്കും. മണ്ണിടിച്ചിലിനുള്ള സാധ്യത ഏറെയാണ്. വലിയ മണ്ണിടിച്ചില്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇടുക്കിക്കു കഴിയുകയുള്ളൂ. പലയിടത്തും പ്രത്യേകിച്ചു മൂന്നാറിലും മറ്റും വിവിധ വികസനത്തിന്റെ പേരില്‍ ചെങ്കുത്തായ മലഞ്ചരിവുകള്‍ ഇടിച്ചുനടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതു നിര്‍മിച്ചവര്‍ക്കു തന്നെ വിനയായി മാറുന്ന സ്ഥിതിയാണ്.

തമിഴ്‌നാട് തീരത്തു തിങ്കളാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദമഴയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങളും പശ്ചിമതീരത്ത് അറബിക്കടലില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങളും സംഗമിക്കുന്നത് ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളുടെ കിഴക്കന്‍ മലയോരത്തായിരിക്കും. അങ്ങനെയെങ്കില്‍ ഏതാനും ദിവസം ഈ പ്രദേശത്തെ വനത്തിനുള്ളില്‍ മഴ ലഭിച്ചക്കോം. മുല്ലപ്പെരിയാറിന്റെ മഴപ്രദേശങ്ങളിലും പേമാരി ലഭിച്ചേക്കും. ഇത് മണ്ണിടിച്ചിലിന് ഇടയാക്കുമോ എന്നതാണ് ആശങ്ക.

ഇടുക്കിയുടെ ഉള്‍പ്രദേശങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന പല തടയണകളും കനത്ത മഴയില്‍ കവിഞ്ഞൊഴുകുന്നത് ആശാസ്യമല്ല. അവയിലെ വെള്ളവും സമീപത്തെ തോടുകളിലേക്കോ മറ്റോ കുറേശ്ശയായി തിരിച്ചുവിടുന്നതാകും നല്ലതെന്നു ജലവിഭവ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മൂന്നാറില്‍ അഞ്ചു സെന്റിമീറ്ററോളം മഴ ഇന്നു ലഭിച്ചു. ഇതോടെ നീലക്കുറിഞ്ഞി സഞ്ചാരികളുടെ വരവു നിലചിട്ടുണ്ട്. ഇതിനൊപ്പമാണു റെഡ് അലര്‍ട്ട്. ഇതുകൂടി ആയതോടെ സഞ്ചാരികളുടെ വരവ് പിന്നെയും കുറയും. തുടര്‍ച്ചയായ മഴയില്‍ കുറിഞ്ഞിക്കും ഉലച്ചില്‍ തട്ടും. ഇടുക്കി ഇന്നു മുതല്‍ തന്നെ ഓറഞ്ച് അലര്‍ട്ടിന്റെ നിഴലിലാണ്. രാത്രി സഞ്ചാരവും ജലാശയങ്ങളിലേക്കുള്ള യാത്രയും കുറച്ചു സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടുക എന്നതാണ് റെഡ് അലര്‍ട്ടിന്റെ അര്‍ഥം. ഓറഞ്ച് അലര്‍ട്ട് തയാറെടുപ്പോടെ മുന്‍കരുതലെല്ലാം ക്രമീകരിച്ച് ഒരുങ്ങി ഇരിക്കാനുള്ള മുന്നറിയിപ്പും.

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെ വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി പോലീസും. ഈ മണ്ഡലകാലം മുതല്‍ ശബരിമലയില്‍ വനിതാ പോലീസും സുരക്ഷാജോലിക്ക് ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കും. ജോലിയും വിശ്വാസവും രണ്ടാണ്. സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ഡി.ജി.പി. പറഞ്ഞു.

ശബരിമലയില്‍ 500 വനിതാ പോലീസുകാരെയെങ്കിലും സുരക്ഷയ്ക്ക് വേണ്ടിവരുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വനിതാ പോലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് കത്ത് അയച്ചുകഴിഞ്ഞു. വിധി നടപ്പാക്കുന്നതില്‍ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കോടതി നിര്‍ദേശവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. വിധിയോട് സര്‍ക്കാരും പൂര്‍ണ്ണമായ യോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ പോലീസിന് സംശയിച്ചുനില്‍ക്കേണ്ട കാര്യവുമില്ല. അതിനാല്‍തന്നെ എത്രയുംവേഗത്തില്‍ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ചയോടെ പോലീസ് വിന്യാസം സംബന്ധിച്ച് അന്തിമ ധാരണയിലെത്തുമെന്നാണ് കരുതുന്നത്.

ഈ മാസം 18നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ഈ സമയത്തുതന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി സ്ത്രീകള്‍ ശബരിമലയില്‍ എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. വനിതാപോലീസിനെ ഈ സമയത്തുതന്നെ ശബരിമലയില്‍ വിന്യസിക്കാനാണ് തീരുമാനം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വനിതാ പോലീസിന്റെ സേവനം തേടിയിരിക്കുന്നത്.

കേരള സേനയില്‍ നിന്നും 400 ഓളം വനിതാ പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുക. മറ്റ് സംസ്ഥാനങ്ങളോട് കുറഞ്ഞത് ഓരോ പ്ലറ്റൂണ്‍ പോലീസിനെയെങ്കിലും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ചാല്‍ 150 ഓളം വനിതാ പോലീസുകാര്‍ അയല്‍നാടുകളില്‍ നിന്നും ഇവിടെയെത്തും.

സന്നിധാനത്ത് വനിതാ പോലീസ് സാന്നിധ്യമുണ്ടാകുമെങ്കിലും പതിനെട്ടാംപടിയിലും തിരക്ക് കൂടുതലുള്ള ഇടങ്ങളിലും പുരുഷ പോലീസ് തന്നെയായിരിക്കും ഡ്യൂട്ടിയിലുണ്ടാകുക. അതേസമയം, ശബരിമല ഡ്യൂട്ടിയോട് വനിതാ പോലീസില്‍ ചിലര്‍ക്ക് എതിര്‍പ്പുള്ളതായും രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കി വിമണ്‍ ബറ്റാലിയനില്‍നിന്നും കൂടുതല്‍ വനിതകളെ കണ്ടെത്താന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

 

ഇടുക്കി: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ വളരെ ചെറിയ തോതില്‍ തുറക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിയാണ്.

മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നാല്‍ ആ വെള്ളം ഇടുക്കി ഡാമിലേക്കാണ് എത്തുക. ചെറുതോണി അണക്കെട്ടില്‍ അപകടമില്ലാത്ത തരത്തില്‍ ജലനിരപ്പ് നിലനിര്‍ത്താനായിരിക്കും അധികൃതര്‍ ശ്രമിക്കുക. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ഇല്ലാത്തതുകൊണ്ടു തന്നെ സാധാരണഗതിയിലുള്ള നീരൊഴുക്ക് മാത്രമെയുള്ളു. ഇതേ സ്ഥിതി തുടര്‍ന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് എത്തുന്ന വെള്ളവും താങ്ങാന്‍ ചെറുതോണിക്ക് കഴിയും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇന്ന് ജില്ലാ കളക്ടറുമായി കളക്ടറേറ്റില്‍ യോഗം ചേരുന്നുണ്ട്.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമായിരിക്കുന്നത്. കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. ഏറോഡ്രാം ലൈസന്‍സ് ഇന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുവദിച്ചു. ഡിജിസിഎ വിമാനത്താവളത്തിലെ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നുള്ള പരീക്ഷണപ്പറക്കല്‍ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും കഴിഞ്ഞ സെപ്തംബര്‍ 20 ന് വിജയം കണ്ടിരുന്നു. രാവിലെ 9.45 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 738 വിമാനം 11.38ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു.

ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിൽ പി.സി.ജോർജ് എംഎൽഎ നേരിട്ടു ഹാജരാകുക തന്നെ വേണമെന്ന് ദേശീയ വനിതാ കമ്മിഷൻ അറിയിച്ചു. ജോർജിനു വേണ്ടി അഭിഭാഷകൻ ഹാജരായതിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 13–ന് നേരിട്ടു ഹാജരാകാൻ കമ്മിഷൻ നിർദേശം നൽകി.

അപകീർത്തികരമായ പരാമർശം നടത്തിയെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പി.സി.ജോർജിനെതിരെ കേസെടുത്തിരുന്നു. കുറവിലങ്ങാട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 509 –ാം വകുപ്പു പ്രകാരം എടുത്ത കേസിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത ദിവസം പി.സി. ജോർജിന്റെ മൊഴി എടുക്കും. അറസ്റ്റു ചെയ്താലും ജാമ്യം ലഭിക്കും. അറസ്റ്റ് അടക്കമുള്ള നടപടികൾക്കു നിയമസഭാ സ്പീക്കറുടെ അനുമതി പൊലീസ് തേടും.

കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിൽ ദുഃഖമുണ്ടെന്നു പി.സി.ജോർജ് പറഞ്ഞിരുന്നു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണത്. വൈകാരികമായി നടത്തിയ പരാമർശത്തിൽ ദുഃഖമുണ്ട്. എന്നാൽ, മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. നിരന്തരം കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനാണ് നടപടി. ചാലക്കുടി ഡി. സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന കേസിലാണ് നടപടി. ചിലവിനത്തില്‍ ആയിരം രൂപ അടക്കാനാണ് കോടതി വിധിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി. സിനിമാസ് തിയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചത് ഭൂമി കയ്യേറിയാണെന്ന ആരോപണം ഉയര്‍ന്നുവന്നത്.

ഭൂമി കയ്യേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചാലക്കുടി ഡി. സിനിമാസ് എന്ന തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപ് വ്യാജരേഖ ചമച്ചു കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ഡി. സിനിമാസ് കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അന്വേഷണം നടന്നത്. ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭഊമി വര്‍ഷങ്ങള്‍ക്കു മുമ്പ് കൊട്ടാരം വകയായിരുന്നെന്നും പിന്നീട് ദേവസത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ദിലീപിന് മുമ്പ് സ്ഥലം വാങ്ങിയയാള്‍ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമര്‍ദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ട് മുഖ്യ മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ബഹു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 10:15-ന് കൂടുകയുണ്ടായി. പ്രസ്തുതത യോഗത്തിൽ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ഫിനാൻസ് വകുപ്പിൻറെ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പിൻറെ സെക്രട്ടറി, വൈദ്യുതി വകുപ്പിൻറെ സെക്രട്ടറി, ചെയര്‍മാന്‍, കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ഐ.ഡി.ആര്‍.ബി ചീഫ് എഞ്ചിനീയര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.

ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബി യും ഡാമുകളിലെക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, ഡാമിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ഒരു നിയന്ത്രണ ചട്ടക്കൂട്‌ തയ്യാറാക്കി സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് നല്‍കുവാന്‍ നിര്‍ദേശിച്ചു. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പർക്കം പുലർത്തുകയും മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു എന്നും നിർദേശിച്ചു.

തമിഴ് നാടിന്‍റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാല്‍, ഇവ മുന്‍കൂട്ടി തുറന്ന് വിടുവാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം എന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടുവാന്‍ തീരുമാനിച്ചു. കേരള ഷോളയാര്‍ അണകെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കില്‍ എടുത്ത് ആവശ്യത്തിന് കുറച്ച് നിര്‍ത്തുവാന്‍ ഉള്ള നടപടി സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദേശിച്ചു.

അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച് വേണം എന്ന് നിര്‍ദേശിച്ചു. കെ.എസ്.ഇ.ബിയുടെയും, ജല വിഭവ വകുപ്പിന്‍റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കുവാന്‍ നിര്‍ദേശിച്ചു. ഇത്നിനായി ഇന്ന് തന്നെ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹ ഫോണ്‍, കക്കി-ആനത്തോട് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് താല്‍കാലികമായി, 10-10-2018 വരെ നല്‍കുവാന്‍ തീരുമാനിച്ചു.

സംസ്ഥാന അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്‍റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഘലയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും 1-10-2018 മുതല്‍ നല്‍കി വരുന്നുണ്ട്. ഇന്നത്തെ പ്രവചനം അനുസരിച്ച് ഇടുക്കി ജില്ലയില്‍ ഇന്നുമുതല്‍ ഒക്ടോബര്‍ 6 വരെ, ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, 8അം തീയതി ഓറഞ്ചു അലേര്‍ട്ടും, തൃശൂരില്‍ 6-10-2010ന് ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, പാലക്കാട്‌ 6-10-2010ന് ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നുമുതല്‍ 8അം തീയതി വരെ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ആണായി പിറന്ന് പെണ്ണെന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്ററാണ് അക്കായ് പദ്മശാലി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും അക്കായ് പദ്മശാലിയുടെ പേരിലാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട മുഖം കര്‍ണ്ണാടകക്കാരിയായ അക്കായ് പദ്മശാലിയുടേതായിരുന്നു….

“എട്ടു വയസ്സായിരുന്നു എനിക്കന്ന്. ഒരുപാട് കുസൃതികള്‍ കാണിച്ചു നടന്നിരുന്ന പ്രായം. എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഏകാന്തതയെ അത്രയേറെ പ്രണയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത് ഒറ്റയ്ക്കിരിക്കുമ്പോഴായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എല്ലാവരും പുറത്തുപോകുമ്പോള്‍ ഞാനെന്റെ തല തോര്‍ത്ത് കൊണ്ട് പൊതിയും. പിന്നെ അമ്മയുടെ കണ്‍മഷിയും ലിപ്സ്റ്റിക്കും ഉപയോഗിച്ച് മേക്കപ്പ് ചെയ്യും.

അമ്മയുടെ ബ്രായും സാരിയും അണിഞ്ഞ് പൂര്‍ണ്ണമായും ഒരു പെണ്ണിനെ പോലെയാകും. എന്റെ ശരീരം ആണിന്റേതല്ല പെണ്ണിന്റേതാണെന്ന് ഞാന്‍ എന്നോടു തന്നെ പറയും. വീട്ടില്‍ ഞാനൊരു പെണ്ണാണെന്ന് മനസിലാക്കിയത് ആ കണ്ണാടി മാത്രമായിരുന്നു. അന്നെല്ലാം എന്റെയുള്ളിലെ പെണ്ണ് ഏറെ വേദനിച്ചിരുന്നു. വീട്ടുകാരോട് ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് പേടിയായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു ഭൂകമ്പം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാനാ വീട്ടില്‍ കഴിഞ്ഞത്. എന്റെ യാഥാസ്ഥിതിക കുടുംബത്തിന് ഞാനൊരു അധികപ്പറ്റാകുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

അക്കാലത്ത് എന്റെ ഏക ആശ്വാസം സ്‌കൂള്‍ നാടകങ്ങളായിരുന്നു. നാടകങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തത് പെണ്‍വേഷങ്ങളായിരുന്നു. അതെന്നോട് തന്നെ ഞാന്‍ കാണിച്ച നീതിയായിരുന്നു. ജഗദീഷെന്ന എന്നെ ഒരു പെണ്ണായി നാട്ടുകാരും വീട്ടുകാരും അംഗീകരിക്കുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. പെണ്‍വേഷത്തിന്റെ പേരില്‍ എന്റെ സഹപാഠികള്‍ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുമായിരുന്നു.

പോരാത്തതിന് ദേഹത്തുനിന്ന് ചോര പൊടിയുന്നതു വരെ റൂളര്‍ ഉപയോഗിച്ച് അവരെന്നെ അടിക്കും. സ്ത്രീത്വം തുളുമ്പുന്ന ദുര്‍ബലമായ ശരീരപ്രകൃതിയുളള ഞാന്‍ തിരിച്ചടിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഒരിക്കല്‍ നിനക്ക് എന്താണ് ഉളളതെന്ന് ഞങ്ങളെ കാണിക്കൂവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ എന്നെ പരിഹസിച്ചു. പിന്നീട് ശൗചാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവരെന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ കാമം ശമിപ്പിക്കാനുളള കേവലം ഉപകരണം മാത്രമായിരുന്നു ഞാന്‍.

എന്റെ ബാല്യത്തിലും കൗമാരത്തിലും ഞാന്‍ അനുഭവിച്ചത് കടുത്ത അപമാനവും പരിഹാസവും മാത്രമായിരുന്നു. എന്നെ ഓര്‍ത്ത് എന്റെ മാതാപിതാക്കളുടെ തല താഴ്ന്നു. അവര്‍ക്ക് എന്നെപ്പറ്റി പറയുന്നത് തന്നെ ലജ്ജയായിരുന്നു. ഒരുപക്ഷെ, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എന്നവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നിരിക്കണം. എന്റെയുള്ളിലെ സ്ത്രീത്വം മാറാന്‍ തിളച്ച വെളളം കാലില്‍ ഒഴിച്ചാല്‍ മതിയെന്നായിരുന്നു അച്ഛന് ഒരു സുഹൃത്തില്‍ നിന്നും കിട്ടിയ ഉപദേശം. ശുദ്ധഗതിക്കാരനായ എന്റെ അച്ഛന്‍ അത് അക്ഷരംപ്രതി അനുസരിച്ചു.

പിന്നീടുള്ള മൂന്നു മാസക്കാലം കഠിനമായ യാതനകളുടെതായിരുന്നു. കടുത്ത വേദന കാരണം എനിക്ക് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല. അപ്പോഴെല്ലാം മരിക്കണമെന്ന് മാത്രമായിരുന്നു ചിന്ത. പക്ഷേ, അതിനും മനസ് അനുവദിച്ചില്ല. എന്റെ ശരീരത്തിന്റെ പ്രത്യേകത ഒരു തെറ്റല്ലെന്ന് ബോധ്യപ്പെട്ട നിമിഷത്തില്‍ ഞാന്‍ സ്വയം ഉപദ്രവിക്കുന്നത് നിര്‍ത്തി. പിന്നീടാണ് ഞാന്‍ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനൊപ്പം കൂടിയത്. ഇതോടെയാണ് എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ആദ്യ നാളുകളില്‍ ഭിക്ഷയെടുത്തും ശരീരം വിറ്റുമായിരുന്നു ഞാന്‍ ജീവിച്ചത്.

നാലു വര്‍ഷത്തോളം 20 രൂപ നിരക്കില്‍ ഓറല്‍ സെക്‌സ് ചെയ്താണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള പണം പോലും സമാഹരിച്ചത്. അക്കാലത്ത് ഞാന്‍ ചെയ്യാത്ത തൊഴിലുകളില്ലായിരുന്നു. 2004ല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു സംഘടനയില്‍ ചേര്‍ന്നതോടെയാണ് എന്റെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റം സംഭവിക്കുന്നത്. പിന്നീട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ഓണ്‍ഡേഡേ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. അതിനുശേഷം സ്വപ്നം കാണുന്ന വേഗത്തിലായിരുന്നു എന്റെ ജീവിതം മാറിയത്.

എന്റെ ശബ്ദം ലോകം കേട്ടുതുടങ്ങി, അതിനു വിലയുണ്ടായി. ഞാന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി. നേട്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും, ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് എന്റെ വിവാഹമായിരുന്നു. എന്നെ അടുത്തറിയുന്ന, സ്‌നേഹിക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കര്‍ണ്ണാടകത്തിലെ ആദ്യത്തെ ഭിന്നലിംഗക്കാരിയുടെ വിവാഹമായിരുന്നു അത്. ദിവസങ്ങള്‍ക്ക് മുന്‍പ് 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധികേട്ട് ഞാന്‍ കരഞ്ഞുപോയി. കാരണം, ഇപ്പോള്‍ ഞങ്ങള്‍ക്കും ശ്വസിക്കാമെന്നായിരിക്കുന്നു.

വെള്ളമുണ്ട: വിഷമദ്യം കഴിച്ച് വയനാട്ടില്‍ ബന്ധുക്കളായ മൂന്നു പേര്‍ മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78)മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് മദ്യം കഴിച്ച തിഗിനായി ബുധനാഴ്ച ഉച്ചയ്ക്കാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ തിഗിനായി മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ക്ക് അസ്വഭാവികത തോന്നിയിരുന്നില്ല.

തിഗിനായിയുടെ മൃതദേഹം വീട്ടിലെത്തിച്ചതിനു ശേഷം രാത്രി പത്തരയോടെ അടുക്കളയില്‍ കണ്ട മദ്യം മകനായ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും ചേര്‍ന്ന് കഴിച്ചു. കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. പ്രമോദ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്.

പോലീസും എക്‌സൈസ് അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന തിഗിനായുടെ മൃതദേഹവും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെ മാറ്റി. തിഗിനായി കുട്ടികളുടെ രോഗത്തിനും മറ്റും ചരടുകെട്ടിക്കൊടുക്കാറുണ്ടായിരുന്നു. ഇതിനായി എത്തിയവര്‍ നല്‍കിയ തമിഴ്‌നാട് നിര്‍മ്മിത മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് കരുതുന്നത്.

Copyright © . All rights reserved