കൊച്ചി കാക്കനാടിന് അടുത്ത് പാലച്ചുവടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഏഴുപേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. സുഹൃത്തായ യുവതിയെ കാണാൻ രാത്രിയെത്തിയ യുവാവ് ജിബിൻ വർഗീസിനെയാണ് ഒരുസംഘം ആളുകൾ തടഞ്ഞുവച്ച് മർദ്ദിച്ചത്.

മൂന്നു മണിക്കൂറിലേറെ നീണ്ട മർദനത്തിനൊടുവിൽ ജിബിൻ മരിച്ചപ്പോൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. യുവതിയുടെ ഭർത്താവും പിതാവും അടക്കമുള്ളവർ കൊലക്കേസിൽ പ്രതികളായി.

പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ അറിയിച്ചു. അറസ്റ്റിലായ ഏഴുപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വാഴക്കാല സ്വദേശി അസീസിന്റെ നേതൃത്വത്തില്‍ ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസിനെ വീടിന്റെ ഏണിപ്പടിയില്‍ കെട്ടിയിട്ട് രണ്ട് മണിക്കൂറിലേറെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലപ്പെടുത്തിയശേഷം വാഹനാപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ജിബിനെ പ്രതികള്‍ തന്ത്രപൂര്‍വം വാഴക്കാലയിലെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അറിയിച്ചു.

ജിബിന് (34) ക്രൂര മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്.

വാഴക്കാല കുണ്ടുവേലിയിലെ മർദനം നടന്ന വീട് പൊലീസ് വിശദമായി പരിശോധിച്ചു. വീട്ടിലെ സ്ത്രീകൾ സംഭവം വിശദീകരിച്ചതിന്റെ ശബ്ദരേഖ പൊലീസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. ജിബിനെ കെട്ടിയിട്ടു മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. കുണ്ടുവേലിയിലെ വീട്ടിലേക്ക് അർധരാത്രി ജിബിൻ പോകുന്നതു കണ്ട് അവിടെ നിന്നിരുന്നവർ ജിബിനെ പിന്തുടർന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇവരിൽ ചിലരും മർദനത്തിൽ പങ്കാളികളായി. ഇവരും കേസിൽ പ്രതികളാകും. ഏതാനും പേർ ഒളിവിലാണ്.

മർദനം നടന്ന വീട്ടിലുള്ളവരുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിലുണ്ട്. വാഴക്കാലയിൽ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് രണ്ടു പ്രതികൾ ഇന്നലെ രാവിലെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. മറ്റൊരു പ്രതി ഉച്ചയ്ക്കും ഹാജരായി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 6 പേരെക്കൂടി പൊലീസ് തിരയുന്നുണ്ട്.

ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവർ തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പൊലീസിനോടു പറയുന്നത്. ഇന്നോ നാളെയോ ഇവർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്ന സൂചനയുമുണ്ട്. ശനിയാഴ്ച പുലർച്ചെ നാലിനാണ് ജിബിനെ മരിച്ച നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ജിബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മൃതദേഹത്തിനു സമീപം മറിഞ്ഞു കിടപ്പുണ്ടായിരുന്നു. റോഡപകടമെന്ന് ആദ്യം കരുതിയെങ്കിലും കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.

ജിബിന്റെ സുഹൃത്തുക്കളിൽ നിന്നു ലഭിച്ച വിവരമാണ് അന്വേഷണം എളുപ്പമാകാൻ പൊലീസിനു സഹായകരമായത്. വീട്ടുകാരും മറ്റു ചിലരും ചേർന്നു മർദിച്ചവശനാക്കിയ ജിബിനെ ഓട്ടോറിക്ഷയിൽ കയറ്റി പാലച്ചുവട് പാലത്തിനു സമീപം വഴിയരികിൽ തള്ളിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സ്കൂട്ടറും ഇവിടെ കൊണ്ടുവന്നു മറിച്ചിട്ടു. ജിബിനെ റോഡിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോറിക്ഷ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയും ഒട്ടേറെ പേരെ പൊലീസ് ചോദ്യം ചെയ്തു.