മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്‌സല്‍ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. #BoycottSurfExcel എന്ന ഹാഷ്് ടാഗോടെയാണ് സര്‍ഫ് എക്‌സലിനെതിരെയുള്ള സൈബര്‍ ആക്രമണം. എന്നാല്‍ പരസ്യം ‘ലൗ ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നതാണെന്നാരോപിച്ചാണ് സൈബര്‍ ആക്രമണം.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഹോളിയുടെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ഫ് എക്‌സല്‍ പരസ്യം പുറത്തിറക്കിയത്. ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്‌ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം.

പെണ്‍കുട്ടി സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ ചായം മുഴുവന്‍ തന്റെ മേല്‍ ഒഴിക്കാന്‍ ചായവുമായി നില്‍ക്കുന്ന കുട്ടികളോട് പറയുന്നു. എല്ലാ കുട്ടികളും നിറങ്ങള്‍ അവളുടെ മേല്‍ ഒഴിച്ചു. ചായം മുഴുവന്‍ തീര്‍ന്നെന്ന് ഉറപ്പുവരുത്തിയ ശേഷം പെണ്‍കുട്ടി ഒളിച്ചിരിക്കുന്ന തന്റെ മുസ്ലീം സുഹൃത്തിനെ പള്ളിയിലേക്ക് കൂട്ടികൊണ്ടുപേകുന്നു. ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ചായം അവശേഷിച്ചെങ്കിലും ആരും ആണ്‍കുട്ടിയുടെ മേല്‍ ചായം ഒഴിക്കാന്‍ അനുവദിക്കുന്നില്ല.

പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ ‘ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം’ എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. ‘നമുക്ക് ചായത്തില്‍ കളിക്കാലോ’യെന്ന് പെണ്‍കുട്ടി മറുപടിയും പറയുന്നുണ്ട്.

ഈ പരസ്യം മതസൗഹാര്‍ദ്ദത്തിന്റെ നല്ലൊരും സന്ദേശമാണ് നല്‍കുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ഹോളിയുടെ പശ്ചാത്തലത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പുറത്തിറക്കിയതും സന്ദര്‍ഭോചിതമാണ്. എന്നാല്‍ പരസ്യം ഹിന്ദുക്കള്‍ക്കെതിരാണ്. മുസ്ലീം യുവാക്കള്‍ ഹിന്ദുക്കളെ സ്‌നേഹിച്ച് വശത്താക്കി അവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ‘ലൗ ജിഹാദിനെ’ യാണ് പരസ്യം പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം.

ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞദിവസം കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പുറത്തിറക്കിയ റെഡ് ലേബല്‍ തേയിലയുടെ പരസ്യവും വിവാദത്തിലായിരുന്നു. അതേസമയം, പരസ്യത്തെ അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്.