ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ ഒന്നുചേരുന്നതിന് തടസ്സമായില്ല. പാക് സ്‌കൂള്‍ ടീച്ചറെ ഹരിയാനകാരനായ യുവാവ് ഇന്ത്യയില്‍ കൊണ്ടുവന്ന് വിവാഹം കഴിക്കുകയായിരുന്നു. സിയാല്‍കോട്ടിലെ വാന്‍ ഗ്രാമത്തിലെ 27കാരിയായ സര്‍ജീര്‍ കിരണ്‍ കൗറിനെ അംമ്പാല ജില്ലയിലെ പീപ്‌ല ഗ്രാമത്തില്‍ നിന്നുള്ള 33 കാരനായ പര്‍വീന്ദര്‍ സിംഗാണ് വിവാഹം കഴിച്ചത്.

വിവാഹത്തിനായി ഫെബ്രുവരി 28നായിരുന്നു യുവതിയുടെ വീട്ടുകാര്‍ ഇന്ത്യയില്‍ എത്താനിരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് (മാര്‍ച്ച് 5) യുവതിയും ബന്ധുക്കളും പട്യാലയില്‍ എത്തിയത്. 45 ദിവസത്തെ വിസയില്‍ എത്തിയ ഇവര്‍ക്ക് പട്യാല വരെ പ്രവേശിക്കാനെ അനുമതി നല്‍കിയിട്ടുള്ളൂ.

ദമ്പതികളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധുക്കളാണ്. വിഭജന സമയത്ത് പാകിസ്താനില്‍ ആയി പോയതാണ് യുവതിയുടെ കുടുംബം. ഇവര്‍ ഇടയ്ക്കിടെ വീടുകള്‍ സന്ദര്‍ശിക്കുകയും മറ്റും ചെയ്യാറുണ്ട്. 2014ലും 2016ലും സര്‍ജീര്‍, പര്‍വീന്ദറിന്റെ ഗ്രാമത്തിലെത്തിയിരുന്നു. അന്ന് ഇവരുടെ വിവാഹവും നിശ്ചയിച്ചതാണ്. വിസ കിട്ടാനുള്ള കാല താമസം കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.

ഒടുവില്‍ പട്യാലയിലെ ശ്രീ ഖേല്‍സാഹിബ് ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരം ഇന്നലെ (09-03-2019) ഇവരുടെ വിവാഹം നടന്നു.