ബെംഗളൂരു ∙ രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്. നിലവില്‍ ലീഡ് നില ഇങ്ങനെ: ബിജെപി (120), കോൺഗ്രസ് (59), ജെഡിഎസ് (41), മറ്റുള്ളവർ (2). കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 50ലധികം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്.
ശിക്കാരിപുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം, ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിക്കാരിപുര മണ്ഡലത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പ വിജയിച്ചു. കോണ്‍ഗ്രസിന്റെ ജെ.ബി.മലതേഷിനെയാണ് യെദ്യൂരപ്പ പരാജയപ്പെടുത്തിയത്. 9,857 വോട്ടുകള്‍ക്കാണ് യെദ്യൂരപ്പയുടെ നേട്ടം.
അതേസമയം ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു. ജെഡിഎസിന്റെ ജി.ഡി ദേവഗൗഡയ്ക്കാണ് ഇവിടെ വിജയം. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്.
കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള പരാമര്‍ശങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കംചെയ്തു. ഹൈക്കോടതിയുടേതാണ് നടപടി. സരിത കത്തിലൂടെ ഉന്നയിച്ച ലൈംഗികാരോപണങ്ങളാണ് നീക്കിയത്. ഇവ കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത കോടതി എന്നാല്‍ അന്വേഷണത്തില്‍ തടസമില്ലെന്നും വ്യക്തമാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം റിപ്പോര്‍ട്ട് പരിഗണിക്കാനെന്നും തുടര്‍ നടപടികളെടുക്കുകയോ വാര്‍ത്താക്കുറിപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ പുതുക്കണമെന്നും കോടതി അറിയിച്ചു.
സരിതയുടെ കത്ത് സോളാര്‍ കേസില്‍ കമ്മീഷന്‍ പരിഗണനാ വിഷയമാക്കിയതോടെ സര്‍ക്കാര്‍ ഏല്‍പ്പിച്ച പരിഗണനാ വിഷയങ്ങള്‍ മറികടന്നുവെന്ന് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അംഗീകരിക്കുകയായിരുന്നു.
ന്യൂഡൽഹി∙ ചലച്ചിത്ര പുരസ്കാര സമർപ്പണം വിവാദത്തിലാക്കിയ നടപടിക്കുപിന്നാലെ വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്നു നീക്കി. രാജ്യവർധൻ സിങ് റത്തോഡാണു പുതിയ വാർത്താവിതരണ മന്ത്രി. ഇതോടെ സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല മാത്രമേയുണ്ടാകൂ. റെയിൽവേ മന്ത്രി പീയുഷ് ഗോയലിനാണു ധനവകുപ്പിന്റെ അധികച്ചുമതല. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്നു വിശ്രമത്തിലാണ്. അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്തു വരുന്നതുവരെ ഗോയൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാലിയയെയും നിയമിച്ചു.
ചലച്ചിത്ര പുരസ്കാര സമർപ്പണത്തിലുണ്ടായ വിവാദത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദും കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും രണ്ടാം തവണയാണ് ഇറാനിയെ ഒരു മന്ത്രാലയത്തിൽനിന്നു മറ്റൊരു മന്ത്രാലയത്തിലേക്കു മാറ്റുന്നത്. നേരത്തേ, മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയിൽനിന്നും ഇറാനിയെ നീക്കിയിരുന്നു. പ്രകാശ് ജാവഡേക്കറാണ് പകരം ചുമതലയേറ്റെടുത്തത്.
തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എം.പിയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്. ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സുനന്ദയുടെ മരണത്തില്‍ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അദ്ദേഹത്തെ അപമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.
തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പകപോക്കലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും പറഞ്ഞു. പ്രധാനമന്ത്രിയേയും സംഘപരിവാറിനേയും നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ട്. ഫാസിസ്റ്റുകള്‍ മാത്രമേ ഇങ്ങനെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുകയുള്ളുവെന്നും ശശി തരൂരിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഹസന്‍ ആരോപിച്ചു.
അതേസമയം ശശി തരൂര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തരൂര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. തരൂരിനെതിരെ നേരത്തെ കേസെടുക്കേണ്ടതായിരുന്നു. എന്നാല്‍ യു.പി.എ സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ച് മായ്ച്ച് കളയാന്‍ ശ്രമം നടത്തി. തരൂര്‍ രാജിവച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്നും എം.ടി രമേശ് പറഞ്ഞു.
കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെച്ചു. കഴിഞ്ഞ ഒരുമാസമായി ഡയാലിസിസിന് വിധേയനായിരുന്നു ജയ്റ്റ്‌ലി. ഏപ്രില്‍ ആറിനാണ് വൃക്കരോഗമുണ്ടെന്ന കാര്യം ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തത്.
തുടര്‍ന്നാണ് ഡയാലിസിന് ശേഷം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വൃക്കദാതാവും സ്വീകര്‍ത്താവും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അറിയിച്ചു. 65കാരനായ ജയ്റ്റ്‌ലിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ എട്ടിനായിരുന്നു ശസ്ത്രക്രിയ.
അടുത്ത ആഴ്ച നടക്കുന്ന 10-ാമത് ഇന്ത്യ- യുകെ സാമ്പത്തിക-ധനകാര്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് നിശ്ചയിച്ച യാത്രയും റദ്ദാക്കി. പ്രമേഹം മൂലമുണ്ടായ അമിതഭാരം കുറക്കാന്‍ 2014ല്‍ സെപ്തംബറില്‍ ജയ്റ്റ്‌ലി ബാരിയാടിക് സര്‍ജറി നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയശസ്ത്രക്രിയക്കും വിധേയനായിരുന്നു.
കോഴിക്കോട്, രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. തിരൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശികളായ മഠത്തില്‍പറമ്പില്‍ സൈനുദ്ദീന്‍ (55), വരിക്കോട്ടില്‍ നഫീസ (52), വരിക്കോട്ടില്‍ യാഹുട്ടി (60), വൈലത്തൂര്‍ ഇട്ടിലാക്കല്‍ സഹീറ (38) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചികിത്സയിലുള്ള സഹീറയുടെ കുട്ടികളായ സെഷ, ഷിഫിന്‍ എന്നിവരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു.
പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഗുരുതരാവസ്ഥയിലാണ്.
കണ്ണൂര്‍: പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. എടക്കാട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഉനൈസ് ആണ് മരിച്ചത്. ഭാര്യ പിതാവിന്റെ പരാതിയില്‍ ഫെബ്രുവരി 21ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് 24ന് അവശനിലയില്‍ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് മര്‍ദ്ദനമേറ്റതായി ആശുപത്രി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ പെടുന്ന സ്ഥലത്താണ് കസ്റ്റഡി മരണം നടന്നിരിക്കുന്നത്. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ഉനൈസിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ലീഗല്‍ കേസായാണ് ആശുപത്രി അധികൃതര്‍ പരിഗണിച്ചിരുന്നത്. ഇതുപ്രകാരം നാലു ദിവസത്തിനകം പോലീസ് ആശുപത്രിയില്‍ എത്തി കേസ് പരിഗണിക്കണം എന്നാണ് നിയമം.
ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷവും രണ്ടു മാസത്തോളം കിടപ്പിലായിരുന്നു ഉനൈസ്. മേയ് രണ്ടിനാണ് ഉനൈസ് വീട്ടില്‍വച്ച് മരണമടഞ്ഞത്. ഉനൈസിന്റെത് അസ്വഭാവിക മരണമാണെന്ന് കാണിച്ച് മാതാവ് സക്കീന പരാതി നല്‍കിയെങ്കിലും പോലീസ് തിരിഞ്ഞുനോക്കിയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന മറുപടിയാണ് പോലീസ് നല്‍കിയത്. ഇതിനിടെ, തനിക്ക് ക്രൂരമര്‍ദ്ദനമേറ്റു എന്ന് കാണിച്ച് ഉനൈസ് തന്നെ എഴുതിയ കത്തും വീട്ടുകാര്‍ക്ക് ലഭിച്ചു. എസ്.പിക്കാണ് കത്ത് എഴുതിയിരിക്കുന്നത്.
തലശേരിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയിട്ടും ഉനൈസിന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വരുന്ന അവസ്ഥയായിരുന്നു. ഏഴ് പോലീസുകാരും എസ്.ഐയും ചേര്‍ന്നാണ് ഉനൈസിനെ മര്‍ദ്ദിച്ചതെന്നും സഹോദരന്‍ പറയുന്നു. നിര്‍ധന കുടുംബമാണ് ഇവരുടേത്. ഉനൈസ് മരിച്ചതോടെ കുടുംബം അനാഥമായി.
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡല്‍ഹി പോലീസ് തരൂരിനെ പ്രതിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പാട്യാല കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്ന മുറിവുകള്‍ തനിയെ എല്‍പ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്.
ഈ മാസം 24ന് പട്യാല കോടതിയില്‍ കേസ് പരിഗണിക്കും. കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും പട്യാല കോടതി സ്വീകരിക്കുക. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഡല്‍ഹി പോലീസ് ഈക്കര്യം നീട്ടികൊണ്ടു പോകുകയായിരുന്നു.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലാണ് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെത്തിയ ശേഷമായിരുന്നു മരണം.
ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം അയച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരന്‍ പിടിയില്‍. കാര്‍ത്തിക് മാധവ് ഭട്ട് എന്നയാളാണ് പിടിയിലായത്. മേലുദ്യോഗസ്ഥന്‍ ശാസിച്ചതില്‍ നിരാശനായ ഇയാള്‍ കമ്പനിയെ പാഠം പഠിപ്പിക്കാനാണ് വിമാനത്തില്‍ ബോംബുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ചത്.
സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമായിരുന്നു. കഴിഞ്ഞ രണ്ടാം തിയതിയായിരുന്നു സംഭവം. മുംബൈയിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു ഇയാള്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തുകയും ചെയ്തു.
തെരച്ചില്‍ രണ്ടു മണിക്കൂറോളം നീണ്ടു. ഒന്നും കണ്ടെത്താതെ വന്നതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൂനെ സ്വദേശിയായ കാര്‍ത്തിക് ആണ് സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇന്‍ഡിഗോ എയര്‍ലൈനില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറായ ഇയാളോട് ജോലിയിലെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് മേലധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് (90) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്‍മഠം വസതിയില്‍ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ശബരിമല തന്ത്രിയായി സേവനമനുഷ്ഠിച്ച കണരര് മഹേശ്വരര് നിരവധി മറ്റു ക്ഷേത്രങ്ങളിലും തന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.
1928 ജൂലായ് 28നായിരുന്നു ജനനം. കേരളത്തിനകത്തും പുറത്തുമായി 500 ഓളം ക്ഷേത്രങ്ങളിലായി പ്രതിഷ്ഠ നടത്തിയിട്ടുള്ള കണ്ഠരര് മഹേശ്വരര്‍ക്ക് 700 ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. ശബരിമലയിലെ താന്ത്രിക ചുമതല പരമ്പരാഗതമായി താഴമണ്‍ കുടുംബത്തിനാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറച്ചുകാലമായി കൊച്ചുമകന്‍ കണ്ഠരര് മഹേഷ് മോഹനര് ആണ് ശബരിമലയില്‍ തന്ത്രിക ചുമതല നിര്‍വഹിക്കുന്നത്.
ശബരിമല തന്ത്രിയായിരുന്ന മകന്‍ കണ്ഠരര് മോഹനര് മകനാണ്. മുന്‍ തന്ത്രി കണ്ഠരര് രാജീവരര് സഹോദര പുത്രനും രാഹുല്‍ ഈശ്വര്‍ മകളുടെ മകനുമാണ്.