രണ്ടാമത്തെ ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ പി.ജെ ജോസഫ് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കാളിയായി പി.സി ജോര്‍ജ് എംഎല്‍എയും. സമാധാനസന്ദേശമെന്ന പേരില്‍ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറിലാണ് ജോസഫ് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നത്.

ജോര്‍ജിനെ കൂടാത കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പ് പക്ഷക്കാരായ കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്, തോമസ് ഉണ്ണിയാടന്‍, സി.എഫ് തോമസ് എംഎല്‍എ എന്നിവരും പ്രാര്‍ത്ഥനാ യജ്ഞത്തിന് പിന്തുണയുമായി വേദിയിലെത്തി.

ജോസഫ് ഗ്രൂപ്പുകാരായ മോന്‍സ് ജോസഫ് എംഎല്‍എ, ടി.യു കുരുവിള അടക്കമുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ മാണി കേരള യാത്ര നടത്തുമ്പോള്‍ തന്നെയാണ് ജോസഫ് ഈ പരിപാടി തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ജോര്‍ജും ജോസഫും ഒരേ വേദി പങ്കിട്ടിരിക്കുന്നതിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി സീറ്റികളിലേതെങ്കിലുമൊന്ന് കൂടി പാര്‍ട്ടി ആവശ്യപ്പെടണമെന്നാണ് ജോസഫിന്റെ ആവശ്യം. ഇതിനോട് മാണി അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി.