കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മുന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പോലീസ് നടപടി. എന്നാല്‍ അറസ്റ്റിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ബിഷപ്പിനെ പ്രസ് ക്ലബിലേക്കും പിന്നീട് പതിനൊന്നുമണിയോടെ പാലാ കോടതിയില്‍ ഹാജരാക്കും. ഫ്രാങ്കോയ്ക്ക് വേണ്ടി ജാമ്യഹരജി സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
മുന്‍കൂട്ടി തയ്യാറാക്കിയ 150 ചോദ്യങ്ങള്‍ക്കും അതിന്റെ അനുബന്ധ ചോദ്യങ്ങള്‍ക്കും ഫ്രാങ്കോയുടെ മറുപടി കേട്ടതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ ഫ്രാങ്കോ ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്ന രീതിയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നടി ആക്രമണ കേസില്‍ നടന്‍ ദിലീപിനെ സമാന രീതിയിലാണ് ചോദ്യം ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വലിയ സംഘം തന്നെ തൃപ്പൂണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ടായിരുന്നു.
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. പാണമ്പ്രയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെ പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. പിന്നാലെ ടാങ്കറില്‍ നിന്ന് വാതകച്ചോര്‍ച്ച ആരംഭിച്ചു. ഇതോടെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.
പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് വീടുകളില്‍ അടുപ്പുകള്‍ കത്തിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയാണ് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ വാതകചോര്‍ച്ച അടയ്ക്കാനായി മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. തന്നെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് പരിഗണിച്ചാണ് മാര്‍പാപ്പയുടെ തീരുമാനം എന്നാണ് വിവരം. മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്നെലോ റൂഫിനൊ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്.
ഇതിനിടെ കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തിലെ യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം. വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കാതിരുന്നതോടെയാണ് അപകടമുണ്ടായത്. രക്തം വന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ പിരിച്ചുവിട്ടതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്.
മുംബൈയില്‍ നിന്ന് വ്യാഴായ്ച്ച രാവിലെ ജെയ്പൂരിലേക്ക് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയരുന്നതിന് മുന്‍പ് മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യം കാബിന്‍ ക്രൂ മറന്നതിനെ തുടര്‍ന്നാണ് വലിയ അപകട സൂചനയുണ്ടായത്. വിമാനത്തില്‍ 160 യാത്രക്കാരുണ്ടായിരുന്നു ഇതില്‍ 30 പേരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു. മര്‍ദ്ദം താഴുമ്പോഴാണ് ഇത്തരത്തില്‍ രക്തം വരുന്നത്.
മര്‍ദ്ദം ക്രമാതീതമായി താഴ്ന്നതോടെ ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തുവന്നു. അതോടുകൂടി യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്താവളത്തിലേക്ക് അടിയന്തര സന്ദേശം നല്‍കിയ ശേഷം 9 ഡബ്ലു 697 നിലത്തിറക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. രക്തം വന്നവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
നഗരത്തില്‍ ഡ്യൂട്ടിയില്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന്‍ പട്ടാപ്പകല്‍ വഴിയാത്രക്കാരായ സ്ത്രീകളോട് മോശമായ രീതിയില്‍ പെരുമാറുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചൊവ്വാഴ്ച കൊച്ചി തേവര ലൂര്‍ദ് പളളിയുടെ മുന്നിലാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം നടന്ന് പോകുമ്പോള്‍ അവരുടെ ശരീരത്തില്‍ ബോധപൂര്‍വ്വം ഉരസ്സുന്നതും തൊടുന്നതും കൃത്യമായി കാണാം.
എന്നാൽ ഇത് കണ്ടുകൊണ്ടിരുന്ന ആരോ ഒരാള്‍ മറഞ്ഞ് നിന്ന് എടുത്ത വീഡിയോ ഇപ്പോള്‍ എഫ്ബിയില്‍ പ്രചരിക്കുകയാണ്. ഈ പോലീസുകാരന്‍ മനപൂര്‍വമല്ല യാത്രക്കാരെ കൈകൊണ്ട് തട്ടുന്നതെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ചില ദൃശ്യങ്ങളില്‍ മനപൂര്‍വമുള്ള തോണ്ടലാണെന്ന് വ്യക്തമാണ്.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
എത്രയും വേഗം ഷെയര്‍ ചെയ്യൂ.. ഈ പോലീസുകാരന്റെ ഞരമ്പുരോഗം കാണുക. അധികൃതരെ എത്രയും വേഗം നടപടി എടുക്കൂ.. 18. 9. 2018ല്‍ കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ആണ് ഈ സംഭവം. കോളേജ് കുട്ടികള്‍ അടക്കം, സ്ത്രീകളുടെയും കയ്യില്‍ തൊടുകയും, ഉരസ്സുകയുമാണ് ഇയാള്‍ ചെയ്യുന്നത്. ഇതുപോലുള്ള ഓഫീസര്‍ മാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണം. നമ്മുടെ നല്ലവരായ പോലീസ് ഉദ്യാഗസ്ഥന്മാരെ ഇവരെ പോലുള്ള ഓഫീസര്‍ മാരാണ് പറയിപ്പിക്കുന്നത്.
മുസ്ലിംകളെ കൂടി ഉൾക്കൊള്ളുന്നതാണ് യഥാർഥ ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുരാഷ്ട്രത്തിൽ മുസ്ലിംകൾക്ക് ഇടമില്ല എന്നല്ല അർഥം. അവർ കൂടി ചേരുേമ്പാൾ മാത്രമേ അത്തരമൊന്ന് പൂർണമാവു എന്ന് മോഹൻ ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങളെ എന്ന് ഇവിടെ വേണ്ടെന്നു പറയുന്നു അവിടെ വച്ച് ഹിന്ദുത്വത്തിന്റെ മഹത്വം അവസാനിക്കും. ഹിന്ദുത്വം എന്നാല്‍ ഭാരതീയതയാണ്. ഹിന്ദു എന്നതിലുപരി ഒരു ഭാരതീയനാണെന്ന് അറിയപ്പെടാനുള്ള ഓരോരുത്തുരടേയും ആഗ്രഹത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ഭാഗവത് പറഞ്ഞു.സമൂഹത്തെ മൊത്തത്തില്‍ ഒരുമിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെ ഒരുമിപ്പിക്കുകയാണ് ആർ.എസ്.എസിെൻറ ലക്ഷ്യം. രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്ന സമീപനമാണ് ആർ.എസ്.എസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ് മൽസരിക്കാറില്ല. ആർ.എസ്.എസ് നേതാക്കൻമാർക്ക് രാഷ്ട്രീയ പാർട്ടികളിലെ പദവികൾ വഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാന ദുരഭിമാനക്കൊലയിൽ അറസ്റ്റിലായ അമൃതയുടെ അച്ഛൻ മാരുതി റാവുവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൃത്യം നടന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്ന് വരുത്തി തീർക്കാൻ മലയാളത്തിലെ ഏക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിൽ നിന്ന് പ്രചോദനം ലഭിച്ചുവെന്ന് മാരുതി റാവു പോലീസിനോട് പറഞ്ഞു. ദൃശ്യം സിനിമ മോഡലിലാണ് കൊലപാതകം പ്ലാൻ ചെയ്തത്. മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമയുടെ കന്നട റീമേക്കിൽ വെങ്കിടേഷ് ആയിരുന്നു നായകൻ.
കൊലപാതകം നടക്കുന്ന സെപ്റ്റംബർ 14 ന് രണ്ട് മണിക്കൂർ മുന്‍പ് ഇയാൾ നൽഗോണ്ടയിലെ ജോയിന്റ് കലക്ടറുടെ ഓഫീസിൽ എത്തിയിരുന്നു. കൊല നടക്കുന്ന സമയം താൻ അവിടെ ഇല്ലായിരുന്നു എന്ന് തെളിവ് സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു ഈ നാടകം. അതേ ദിവസം തന്നെ ജില്ലാ എസ്പിയെയും ആർഡിഒയെ കാണാനും മാരുതി റാവു പോയിരുന്നു.” നൽഗോണ്ട പൊലീസ് സൂപ്രണ്ട് രംഗനാഥ് പറയുന്നു. ദൃശ്യത്തിലെ നായകനെ പോലെ വളരെ നിഷ്കളങ്കമായാണ് ഈ സമയത്തും അയാൾ പെരുമാറിയിരുന്നതെന്നും പോലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായ അഞ്ചുപേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുഭാഷ് ശർമയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളെ കൃത്യത്തിനായി ബിഹാറിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. ഈ വർഷം ജൂണിലാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ചർച്ചകൾക്ക് ശേഷം ഒരു കോടി രൂപയുടെ ക്വട്ടേഷൻ നല്‍കാൻ തീരുമാനിച്ചു. 16 ലക്ഷം അഡ്വാൻസ് നൽകി. സംഭവം നടന്ന് നാല് ദിവസങ്ങൾക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ(21) വിവാഹം ചെയ്ത പ്രണയ് കുമാറിനെ(23) പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് പ്രണയ് കൊല്ലപ്പെട്ടത്. തന്റെ അച്ഛനും ബന്ധുക്കളുമാണ് പ്രണയിയെ കൊലപ്പെടുത്തിയതെന്ന് അമൃത ആരോപിച്ചിരുന്നു.ജനുവരിയിലാണ് അമൃതയും പ്രണയിയും വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.
അമൃത പറയുന്നു: കുഞ്ഞിനെ ജാതിയില്ലാതെ വളര്‍ത്തും: ഉറച്ച വാക്ക്
ഒരു കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി മകളുടെ ഭർത്താവിന്റെ ജീവനെടുക്കാൻ അയാൾക്കായി. പക്ഷേ ആ കണ്ണീർ തോരുന്നതിന് മുൻപ് തന്നെ ജീവിതത്തോടും തന്നെ തനിച്ചാക്കിയ വീട്ടുകാരോടും അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. മകൾ താഴ്ന്ന ജാതിയിൽപ്പെട്ടൊരാളെ വിവാഹം കഴിച്ചതിനാണ് ക്വട്ടേഷൻ നൽകി അമൃതയുടെ പിതാവ് പ്രണയ്യെ വകവരുത്തിയത്. തെലങ്കാനയിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഗര്‍ഭിണിയായിരുന്ന അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു പിന്നിലൂടെ എത്തിയ ആക്രമി പ്രണയ്യെ വെട്ടിക്കൊന്നത്.
സംഭവത്തിൽ അമൃതയുടെ പിതാവ് ടി. മാരുതി റാവു അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ അവന്റെ ഒാർമകൾ മുറുകെപിടിച്ച് അമൃത പറഞ്ഞ വാക്കുകൾ രാജ്യം ഏറ്റെടുക്കുകയാണ്. ‘ജാതിയില്ലാതെ മക്കളെ വളര്‍ത്തണമെന്നായിരുന്നു ഞങ്ങളുടെ സ്വപ്‌നം. പ്രണയ് നല്‍കിയ സമ്മാനമാണ് എന്റെയുള്ളില്‍ വളരുന്നത്. ജാതീയതയ്‌ക്കെതിരെ പോരാടാന്‍ ഞാനെന്റെ കുഞ്ഞിനെ പഠിപ്പിക്കും. എനിക്ക് 21 വയസേയുള്ളൂ. പ്രണയ്ക്ക് 24ഉം. പരസ്പരം ആഴത്തിലുള്ള സ്നേഹമല്ലാതെ ഈ ലോകത്ത് മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. മനോഹരമായൊരു ജീവിതമാണ് അവർ ക്രൂരമായി അറുത്തെറിഞ്ഞത്. ’ അമൃത പറയുന്നു.
പ്രണയ്‌യുടെ വീട്ടിലാണ് അമൃത ഇപ്പോൾ താമസിക്കുന്നത് കൂട്ടായി പ്രണയ്‌യുടെ അച്ഛൻ ഒപ്പമുണ്ട്. മരുമകളെ കാണാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോടും മറ്റുള്ളവരോടും അദ്ദേഹത്തിനു പറഞ്ഞതിങ്ങനെ. ‘കുറച്ചു സമയം തരൂ, ഞാനവള്‍ക്ക് ഭക്ഷണം കൊടുത്തോട്ടെ. അമൃതയുടെ രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണ്. മുഴുവന്‍ സമയ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവള്‍ക്ക് സ്വന്തം രക്ഷിതാക്കളെ പേടിയാണ്. അവളിവിടെ തന്നെ ജീവിക്കും. ജനിക്കാന്‍ പോകുന്ന കുഞ്ഞിനേയും ഞങ്ങള്‍ വളർത്തും.. പ്രണയ്ക്ക് നേരെ ഉപദ്രവം ഉണ്ടാകുമെന്ന് വിചാരിച്ച് ഞാന്‍ നേരത്തേ ഇവരോട് പറഞ്ഞിരുന്നു പ്രണയം അവസാനിപ്പിക്കാന്‍. പക്ഷെ അവരുടെ സ്‌നേഹം അത്രയും ദൃഢമായിരുന്നു. പ്രണയ്‌യുടെ പിതാവ് ബാലസ്വാമി പറയുന്നു.
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റിന്‍ മൈക്കിള്‍ ജെയിംസിനെ വിട്ട് നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷമാണ് യുഎഇ മൈക്കിളിനെ അറസ്റ്റ് ചെയ്തത്. വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണ് ഇയാള്‍ ചെയ്തകുറ്റം.
ഇയാളെ വിട്ടുകിട്ടുന്നതിനായുള്ള നടപടികള്‍ നടന്നുവരുന്നതിനിടെയാണ് കേസില്‍ മുന്നേറ്റമുണ്ടായത്. യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളില്‍ ഒന്നായ അഗസ്റ്റാ വെസ്റ്റലാന്റ് ഇടപാടില്‍ മുന്നേറ്റമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ മുന്നേറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ഉപയോഗിക്കുന്നതിന് 12 അത്യാധുനീക ശേഷിയുള്ള ഹെലികോപ്ടറുകള്‍ വാങ്ങുന്നതിന് 2007ല്‍ ഒപ്പിട്ട കരാറാണ് അഗസ്റ്റാ വെസ്റ്റലാന്റ് ഇടപാട്. 3,727 കോടി രൂപയുടെ കരാറാണിത്. കരാര്‍ ലഭിക്കുന്നതിന് വേണ്ടി 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ചിരുന്നു.
പിന്നാലെ, മുന്‍ വ്യോമസേന മേധാവി എസ്.പി. ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് 72കാരനായ ത്യാഗിയെ 2016ല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മൈക്കിളിനെ വിട്ടുകിട്ടിയാല്‍ അത് മുന്‍ സര്‍ക്കാരിന്റെ കാലത്തുള്ള അഴിമതി കഥകളെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ബിജെപി സര്‍ക്കാര്‍ കരുതുന്നത്.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തറയില്‍. നേരത്തെ വൈക്കം ഡി.വൈ.എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യുയെന്നായിരുന്നു സൂചന. എന്നാല്‍ തൃപ്പൂണിത്തറയിലെ ആധുനിക സജ്ജീകരണങ്ങളുള്ള കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് സൂചന.
ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. വിദഗ്ദ്ധരടങ്ങിയ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തന്നെ തൃപ്പൂണിത്തറയിലെ കേന്ദ്രത്തിലെത്താനാണ് ബിഷപ്പിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തെളിവുകളെ ശക്തിപ്പെടുത്തുന്ന മൊഴി ബിഷപ്പില്‍ നിന്ന് ലഭിച്ചാല്‍ നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കാനാണ് സാധ്യത.
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അറസ്റ്റുണ്ടാകില്ലെന്നാണ് സൂചന. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികള്‍ പൊരുത്തപ്പെട്ടാല്‍ ബുധനാഴ്ച അറസ്റ്റുചെയ്യാന്‍ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന ആരോപണമായിരിക്കും ഫ്രാങ്കോ ഉന്നയിക്കുക.
ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും ഇതിനെത്തുടര്‍ന്ന് പല തവണ ഇവരെ താന്‍ ശാസിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെയുള്ള പീഡനാരോപണം കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു. പരാതിയില്‍ തന്റെ അറസ്റ്റ് ഒഴിവാക്കണമെന്നായിരിക്കും ഫ്രാങ്കോ കോടതിയോട് ആവശ്യപ്പെടുക. ഇതു കൂടാതെ കന്യാസ്ത്രീക്കെതിരെ മറ്റൊരു പരാതി കൂടി നല്‍കിയേക്കുമെന്നും വിവരമുണ്ട്.
കന്യാസ്ത്രീയുടെ ആദ്യമൊഴിയില്‍ പീഡനത്തെക്കുറിച്ച് പറയുന്നില്ല. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ ത്‌ന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫ്രാങ്കോ കോടതിയില്‍ പറയും. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാതെ ചോദ്യം ചെയ്യലിന് ഹാജരാകരുതെന്ന് ബിഷപ്പിന് നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം. നാളെ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതിനുമുമ്പ് ജാമ്യ ഹര്‍ജിയില്‍ തീരുമാനമുണ്ടാകണമെന്ന് ഇന്ന് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടും.