മലപ്പുറം: വളാഞ്ചേരിയില്‍ വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് സ്പിരിറ്റ് ചോര്‍ന്നു. മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ സ്പിരിറ്റ് ചോര്‍ന്ന് റോഡില്‍ പരന്നൊഴുകി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് സ്പിരിറ്റ് നിര്‍വീര്യമാക്കിയത്. വന്‍ ദുരന്തമാണ് ഒഴിവായത്. നാലുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണു ടാങ്കര്‍ ഉയര്‍ത്തിയത്. ലോറി ഡ്രൈവറെ പരുക്കുകളോടെ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാല്‍ ലക്ഷം ലീറ്റര്‍ സ്പിരിറ്റാണു ടാങ്കറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക വിവരം. എന്നാല്‍ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.