ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസിടിവി കാമറകൾ ഒരു മണിക്കൂർ കണ്ണടച്ചെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) സൂക്ഷിച്ചിരുന്ന സ്റ്റോർ മുറിയിലെ തത്സമയ ദൃശ്യങ്ങള്‍ കാണിച്ചിരുന്ന കാമറകളാണ് കണ്ണടച്ചത്. വെള്ളിയാഴ്ച അവിചാരിതമായി വൈദ്യുതി ബന്ധം നിലച്ചതുമൂലം ഒരു മണിക്കൂറിലേറെ സമയം സിസിടിവി കാമറകൾ പ്രവർത്തിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചത്. ഇവിഎമ്മുകളിൽ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനു ഇതോടെ ബലമേറി. തിരിമറി നടത്താനായി ഒരു മണിക്കൂർ നേരെ കാമറ ഓഫ് ചെയ്തെന്നാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആരോപിക്കുന്നത്.
സാഗറിൽ വോട്ടടെപ്പിനു ശേഷം രണ്ടു ദിവസം കഴിഞ്ഞും സ്ട്രോംഗ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എത്തിക്കാതെ വൈകിപ്പിച്ച സംഭവത്തിൽ നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎമ്മുകൾ എത്തിക്കാൻ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. സിസിടിവി കാമറകൾ പ്രവർത്തിക്കാതെവന്നതു സംബന്ധിച്ച് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 30 ന് രാവിലെ 8.19 മുതൽ 9.35 വരെയാണ് വൈദ്യുതിബന്ധം നിലച്ചതുമൂലം കാമറകളും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്ന ടിവിയും പ്രവർത്തന രഹിതമായത്.
ഈ സമയം കാമറകളിൽ റിക്കോർഡിംഗ് ഉണ്ടായില്ല. ഇതേ തുടർന്ന് ഒരു എൽഇഡി ടിവിയും ഇൻവെർട്ടറും ജനറേറ്ററും എത്തിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു. ഓള്‍ഡ് ജയില്‍ കാമ്പസിലെ സ്ട്രോംഗ് റൂം പൂട്ടിയിരുന്നില്ലെന്ന കോൺഗ്രസിന്റെ ആരോപണവും ഇലക്ഷൻ കമ്മീഷൻ ശരിവച്ചു. പരാതിക്കു ശേഷം ഇവ പൂട്ടിയതായി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനു ശേഷം ഇവിഎം നമ്പർ പ്ലേറ്റ് പോലുമില്ലാത്ത സ്കൂൾ ബസിലാണ് കൊണ്ടുപോയത്. ഈ സ്കൂൾ ബസ് സാഗർ കളക്ടറുടെ ഓഫീസ് വളപ്പിൽ ദുരൂഹ സാഹചര്യത്തിൽ കത്തിനശിക്കുകയും ചെയ്തതായി കോൺഗ്രസ് എംപി വിവേക് താൻഖ ആരോപിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി ഭുപേന്ദ്ര സിംഗിന്റെ മണ്ഡലമായ ഖുറേയിൽ പകരംവയ്ക്കാൻ എത്തിച്ച വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിനു ശേഷം രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചുകൊണ്ടുപോയി.
എന്നാൽ വോട്ടിംഗ് മെഷീനുകൾ രണ്ടു ദിവസത്തിനു ശേഷമാണ് സ്ട്രോംഗ് റൂമിൽ എത്തിച്ചതെന്നും വിവേക് പറയുന്നു. വോട്ടിംഗ് മെഷീനുകളല്ല സ്ട്രോംഗ് റൂമിൽ എത്തിക്കാൻ വൈകിയത്. മെഷീനുകൾക്ക് തകരാർ സംഭവിച്ചാൽ പകരംവയ്ക്കാൻ എത്തിച്ചവയാണിതെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിശദീകരണം. ഇത് തള്ളിയാണ് വിവേകിന്റെ പ്രതികരണം. വളരെ കാലങ്ങളായി ഡൽഹി മുഖ്യമന്ത്രി കേജരിവാൾ പറയുന്നതും ഒത്തുചേർത്തു വായിച്ചാൽ വോട്ടിങ് മെഷീനുകൾ ഒഴിവാക്കേണ്ടത് തന്നെയോ എന്ന് ജനം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിത്തീരുമോ എന്നാണ് പലരുടെയും സംശയം.
പൂഞ്ഞാര്‍: ശബരിമല സമരത്തില്‍ ബിജെപിയുമായി കൈകോര്‍ക്കുന്ന ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് തിരിച്ചടികള്‍ എന്ന് സൂചന. സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ നിന്നുമാണ് പി.സിയുടെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന എസ്ഡിപിഐ ഇനി സഹകരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
2016ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി.ജോര്‍ജിന് മുസ്ലിം വിഭാഗത്തിന്റെ വോട്ടുകളില്‍ വലിയൊരു പങ്ക് ലഭിച്ചിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ നല്‍കിയ പിന്തുണ ഇനി വേണോ എന്ന് ആലോചിക്കുമെന്ന് കോണ്‍ഗ്രസും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായി നിലപാട് എടുത്ത പി.സി.ജോര്‍ജിനെ സ്വാഗതം ചെയ്യുന്നതില്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൂര്‍ണ തൃപ്തിയില്ല. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ ശബരിമലക്ക് വേണ്ടി സംസാരിക്കാന്‍ കറുപ്പണിഞ്ഞാണ് പി.സി ജോര്‍ജ് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27821 വോട്ടുകള്‍ക്കാണ് മൂന്ന് മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് പി.സി.ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ച് പൂഞ്ഞാറില്‍ വിജയിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിലെ മഞ്ഞണിക്കരയില്‍ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഇവരുടെ ബന്ധുവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മോചദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പെരുമ്ബാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ്.
കുട്ടിയെ കണ്ടെത്തി പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് സൂചന. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു
അന്‍ഡമാൻ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപായ സെന്റിനലും അവിടുത്തെ ഗോത്രവർഗ്ഗക്കാരും വാർത്തകളിലിടം നേടിയിട്ട് കുറച്ചായി. അമേരിക്കൻ പൗരൻ അലൻ ചൗവിന്റെ കൊലപാതകത്തോടെയാണ് സെന്റിനൽ ദ്വീപ് വാർത്തകളിൽ നിറഞ്ഞത്. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീർത്തും ഒറ്റപ്പെട്ടുജീവിക്കുന്നവരാണ് സെന്റിനെൽസ്.
ദ്വീപിലെത്തുന്നവരെ അമ്പെറിഞ്ഞ് പ്രതിരോധിക്കുകയാണ് പതിവ്. പണ്ടുകാലത്ത്, കൃത്യമായി പറഞ്ഞാൽ 1991ൽ മധുമാല ചത്രോപാധ്യായ എന്ന യുവതിയുടെ ദ്വീപിലെ ഇടപെടൽ ശ്രദ്ധേയമാണ്. ഇന്ത്യൻ ഉപദ്വീപിൽ നിന്നും 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തുവെച്ച് സെന്റിനൽ ഗോത്രവംശത്തിലെ ഒരു മനുഷ്യന് മധുമാല തേങ്ങ കൈമാറുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സെന്റിനൽസുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടൽ ആയിരുന്നു അതെന്ന് ചരിത്രരേഖകൾ പറയുന്നു.

സെന്റിനൽസുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞ.ഇന്ന് കേന്ദ്രസർക്കാർ ജീവനക്കാരിയായി ഡൽഹിയിലുണ്ട് മധുമാല.
ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയിൽ ആദ്യം റിസർച്ച് ഫെല്ലോ ആയും പിന്നീട് റിസർച്ച് അസോസിയേറ്റ് ആയും മധുമാല പ്രവർത്തിച്ചു. പിന്നീട് ആറുവർഷം അൻഡമാനിലെ ഗോത്രവിഭാഗങ്ങളെപ്പറ്റി ഗവേഷണം. അതിനിടെ അൻഡമാനിലെ തന്നെ ജരാവ ഗോത്രവര്‍ഗവുമായി സൗഹൃത്തിലാവുകയും ചെയ്തു മധുമാല. അവരുടെ ട്രൈബ്സ് ഓഫ് കാർ നിക്കോബാർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നു.

അൻഡമാനിലെ ഒരു മനുഷ്യൻ പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് മധുമാല പറയുന്നു. പതിമൂന്നംഗ സംഘത്തിനൊപ്പമാണ് മധുമാല ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന നിവാസികൾ അമ്പും വില്ലുമായി മുന്നോട്ടുവെന്നു.

ഉടൻ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകൾ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവർ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകൾ പെറുക്കെയെടുക്കാൻ തുടങ്ങി. പുരുഷന്മാരാണ് വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയിൽത്തന്നെ നിൽക്കുകയായിരുന്നു.
കൂടുതൽ തേങ്ങകൾ കൊണ്ടുവരാൻ സംഘം കപ്പലിലേക്ക് മടങ്ങി. തിരിച്ചെത്തിയ ഇവരെ ‘നാരിയാലി ജാബ ജാബ’ എന്ന ശബ്ദത്തോടെ നിവാസികൾ സ്വീകരിച്ചെന്ന് മധുമാല പറയുന്നു. ഇനിയും തേങ്ങൾ വേണമെന്നാണ് അവർ വിളിച്ചുപറഞ്ഞതെന്ന് മധുമാല പുസ്തകത്തിൽ പറയുന്നു. ധൈര്യം സംഭരിച്ച നിവാസികൾ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാൾ ബോട്ടിൽ തൊട്ടുനോക്കി. പിന്നാലെ കൂടുതൽ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലർ അമ്പെയ്യാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലെ സ്ത്രീകൾ തടഞ്ഞു.
ശേഷമാണ് മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാൻ തീരുമാനിച്ചത്. പിന്നീട് തേങ്ങകൾ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്ക് തന്നെ നൽകി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികൾക്ക് ധൈര്യം നൽകിയത്.

അതിന് ശേഷവും മധുമാല മറ്റൊരു സംഘത്തിനൊപ്പം ദ്വീപ് സന്ദർശിക്കാനെത്തി. അവർ അമ്പെയ്തില്ല, തേങ്ങകൾ സ്വീകരിക്കാൻ ബോട്ടിനുള്ളിൽ വരെയെത്തി.
അതിനിടെ ദ്വീപിൽ പുറത്തുനിന്നുള്ളവർ സന്ദർശിക്കുന്നതിന് ഇന്ത്യൻ സർക്കാർ വിലക്കേര്‍പ്പെടുത്തി. പ്രതിരോധശക്തി ക്ഷയിച്ചതിനാൽ ഒരു ചെറിയ പനി പോലും ദ്വീപുനിവാസികളുടെ മരണത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു തീരുമാനം.
ഉത്തര കേരളത്തെയാകെ ഞെട്ടിച്ചാണ് ഗുഹയില്‍ യുവാവിന്‍റെ ദാരുണമരണം. കാസര്‍കോട് ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവാണ് മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.
കാസര്‍കോടിന്‍റെ അതിര്‍ത്തിയില്‍ തുളുനാട്ടില്‍ ഇത്തരം ഗുഹകള്‍ പതിവാണ്. കടുത്ത ജലക്ഷാമത്തെ അതിജയിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മണ്‍തിട്ടകളിലാണ് ഉറവ തേടി ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കുക. ഒരു മെഴുകുതിരി കത്തിച്ച് തുരന്നുതുരന്നു പോകുന്ന പതിവ്. ഒടുവില്‍ വെളിച്ചം കെട്ടുപോകുമ്പോള്‍ കുഴിക്കുന്നത് നിര്‍ത്തും. അതുവരെയേ ഓക്സിജന്‍ കിട്ടൂ എന്നതിനാലാണ് ഇത്. ഒരാള്‍ക്ക് മാത്രം സഞ്ചിക്കാന്‍ കഴിയുന്ന തുരങ്കമാണിത്.
ഭൂമിയുടെ ഞെരമ്പുകള്‍ കണ്ടെത്തി ഉറവകള്‍ തുറന്നുവിടുകയാണ് ഈ ഗുഹാദൗത്യങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ആ ഗുഹയാണ് നാടിനെയാകെ ഞെട്ടിച്ച മരണത്തിലേക്കും നീണ്ടിരിക്കുന്നത്. ഒരു മുള്ളന്‍ പന്നി കയറിപ്പോയെന്ന് ആരോ പറഞ്ഞത് കേട്ടാണ് ഇവര്‍ പിന്നാലെ കയറാന്‍ തീരുമാനിച്ചത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ ഏറെ പണിപ്പെട്ടാണ് അഗിനിശമസേനാംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്.
ഇന്നലെ രാത്രിയാണ് വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രമേശും അയല്‍വാസികളായ നാലുപേരുംഎത്തിയത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരെ പുറത്ത് കാവല്‍ നിര്‍ത്തി രമേശ് അകത്തുകയറി. ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടർന്ന് തുരങ്കത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ച് രക്ഷാപ്രവർത്തനം തുടർന്നു. കയറുപയോഗിച്ച് 4 സേനാംഗങ്ങൾ അകത്തേക്കു കടന്നെങ്കിലും 3 പേർക്കു മാത്രമേ മുന്നോട്ട് പോകാൻ കഴിഞ്ഞുള്ളൂ. ആദ്യം നിവർന്നു നടക്കാൻ കഴിഞ്ഞെങ്കിലും 10 മീറ്റർ കഴിഞ്ഞപ്പോൾ കുനിയേണ്ടി വന്നു. പിന്നെയും 10 മീറ്റർ കഴിഞ്ഞപ്പോൾ ഇരിക്കേണ്ടി വന്നു. പിന്നെ നിരങ്ങിയും ഇഴഞ്ഞും സേനാംഗങ്ങൾ രാത്രി തന്നെ മൃതദേഹത്തിന്റെ അടുത്തെത്തി.
![]()
കയർ അരയിൽ കെട്ടി മൃതശരീരം വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽപൂണ്ടു കിടന്നതിനാൽ സാധിച്ചില്ല. ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചതോടെ മൃതദേഹംം രാവിലെ പുറത്തെടുക്കാമെന്ന ധാരണയിൽ അർധരാത്രി എല്ലാവരും മടങ്ങി. തുരങ്കങ്ങളെക്കുറിച്ചറിയുന്ന തൊഴിലാളികളെയും സഹായത്തിനു കൂട്ടിയാണ് രാവിലെ ദൗത്യം തുടങ്ങിയത്. ഇവരുടെ നിർദേശമനുസരിച്ചു അടിഭാഗം കുഴിച്ച് അകത്തേക്കു നടന്നുപോകാൻ കഴിയുന്നത്ര മണ്ണെടുത്തു.
കുഴിച്ചെടുത്ത മണ്ണ് പുർണമായും പുറത്തേക്ക് നീക്കം ചെയ്തതോടെ കുനിഞ്ഞെങ്കിലും അകത്തേക്കുപോകാമെന്ന അവസ്ഥയായി. വായു ലഭിക്കുന്നതിനുള്ള യന്ത്രം(ബ്രീത്തിങ് അപ്പാരറ്റസ്)തുരങ്കത്തിനുള്ളിൽ കൊണ്ടുപോകാൻ കഴിയാത്തത് തിരിച്ചടിയായി.ഓരോ 10 മിനിട്ടിലും ഓക്സിജൻ സിലിണ്ടർ തുറന്ന് വിട്ടാണ് ശ്വസിച്ചത്.

അപ്പോഴും വെല്ലുവിളിയായി മുള്ളൻപന്നി അകത്തുണ്ടായിരുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന മുള്ളൻപന്നി അക്രമിച്ചാൽ സഹിക്കുകയല്ലാതെ തിരിയാൻ പോലും സ്ഥലമില്ലാത്ത തുരങ്കത്തിൽ മറ്റൊന്നിനും കഴിയുമായിരുന്നില്ല.
സ്റ്റേഷൻ ഓഫിസർ പി.വി.പ്രകാശ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ അജി കുമാർ ബാബു,ഫയർമാന്മാരായ പി.കെ.ബാബുരാജൻ, സി.എച്ച്.രാഹുൽ, ഐ.എം.രഞ്‌ജിത്ത്, അഖിൽ.എസ്.കൃഷ്ണ,കെ,സതീഷ്, എ.വി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്. ശനിയാഴ്ച വൈകുന്നേരമാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജനറല്‍ എന്‍എസ്.എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
എസ്എന്‍ഡിപി തീരുമാനം വ്യക്തമാക്കിയിട്ടില്ല. കോര്‍ മീറ്റിങ്ങിനു ശേഷം തീരുമാനിക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ ആദ്യം മുതല്‍ എതിര്‍ക്കുന്നതിനാല്‍ ഇനിയൊരു സമവായത്തിലേക്ക് പോവേണ്ടതില്ലെന്നാണ് എന്‍എസ്എസ് തീരുമാനം. യുവതീപ്രവേശത്തെ എതിര്‍ത്ത് ആദ്യമായി രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു.
പ്രതിഷേധസമരങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നാരോപിച്ച് എന്‍എസ്എസ് പിന്നീട് പ്രത്യക്ഷ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി. നേരിട്ട് കോടതിയെ സമീപിക്കാം എന്ന തീരുമാനത്തില്‍ പിന്‍വാങ്ങിയ സംഘടന ഇപ്പോള്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനില്ല നിലപാടിലാണ്.
ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പി.എസ് ശ്രീധരൻപ്പിള്ളയ്ക്കെതിരെ വിമർശനം. ശബരിമല വിഷയത്തിൽ സമരത്തിന് തീവ്രതയുണ്ടായില്ലെന്നും ഗാന്ധിയൻ സമരം പോരെന്നും മുരളീധര പക്ഷം വിമർശനം ഉന്നയിച്ചു. ബദൽ മാർഗ്ഗത്തെ കുറിച്ച് ശ്രീധരൻപ്പിള്ള ആരാഞ്ഞെങ്കിലും വിമർശനം ഉന്നയിച്ചവർ മറുപടി പറഞ്ഞില്ല. സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി.
സമരത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുന്നത് ഉൾപ്പെടെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു. ശബരിമല തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് വിശദീകരിയ്ക്കാൻ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഓദ്യോഗിക വിഭാഗത്തിനെതിരെ വിമത പക്ഷം തുറന്നിടച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ശുഭസൂചനയാണെന്നും യോഗം വിലയിരുത്തി.
എന്നാൽ യുവതീ പ്രവേശത്തിനെതിരായ ബിജെപി സമരകേന്ദ്രം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റുന്നു . കോടതി ഇടപെടലോടെ സന്നിധാനത്തെയും പരിസരങ്ങളിലെയും നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ശബരിമല കേന്ദ്രീകരിച്ച് സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലിലാണ് മാറ്റം.
ശബരിമലയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന സര്‍ക്കുലര്‍ വരെ തയാറാക്കി ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിരുന്നിടത്തു നിന്നാണ് ബിജെപിയുടെ പിന്നോട്ടു പോക്ക്. സമരകേന്ദ്രം ശബരിമലയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ ബിജെപി ഡിസംബര്‍ മൂന്നു മുതലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാവും അനിശ്ചിതകാല നിരാഹാരമിരിക്കുക.
ഭക്തരുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റണമെന്ന സിപിഎം നേതാക്കളുടെ ആഹ്വാനമനുസരിച്ചാണോ സമരകേന്ദ്രത്തിലെ മാറ്റമെന്ന ചോദ്യം പാര്‍ട്ടി അധ്യക്ഷന്‍ തള്ളി.
സന്നിധാനത്ത് യുവതിപ്രവേശനമുണ്ടായാല്‍ മാത്രം ഇനി ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തിയാല്‍ മതിയെന്നും നിയന്ത്രണങ്ങള്‍ ഏതാണ്ട് ഒഴിവായ സാഹചര്യത്തില്‍ സമരം തുടരുന്നത് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമാകുമെന്നും ഉളള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കെ.സുരേന്ദ്രനടക്കമുളള നേതാക്കള്‍ക്കെതിരെ കേസ് ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതികളില്‍ വ്യക്തിപരമായ നിയമവ്യവഹാരം നടത്തി തിരിച്ചടിക്കാനും സംഘടനാ നേതൃയോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയ്ക്കെതിരെ കെ.പി.ശശികലയുടെ മകന്‍ മാനനഷ്ട കേസ് നല്‍കും. കോടതി ഇടപെടലില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏതാണ്ടില്ലാതായതിനു പിന്നാലെ സമര കേന്ദ്രം നിന്ന് സെക്രട്ടറിയേറ്റ് പടിക്കലേക്കു മാറ്റാനുളള ബിജെപി തീരുമാനം കൂടിയെത്തിയതോടെ സുഗമമായ തീര്‍ഥാടനത്തിനുളള വഴി കൂടിയാണ് ശബരിമലയില്‍ തെളിയുന്നത്.
എടത്വാ: കുട്ടനാടന്‍ ജനതയുടെ ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 9 ദശാംബ്ദം കൊണ്ട് ഒരേ കുടുംബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളി വള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതിയുമായിട്ടാണ് ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചത്.
കൊല്‍ക്കത്തയില്‍ നടന്ന ആഗോള ടാലന്റ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് നിര്‍വഹിച്ചു.
എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര’ വള്ളം നീരണിയിക്കുന്നത്. ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും 2017 ജൂലൈ 27ന് ഏറ്റവും ഒടുവില്‍ നീരണഞ്ഞ കളിവളളം ആണ് ഷോട്ട് പുളിക്കത്ര.
കൊല്‍ക്കത്തയില്‍ പ്രഖ്യാപനം നടന്ന അതേ സമയം എടത്വാ മാലിയില്‍ പുളിക്കത്ര തറവാടിനോട് ചേര്‍ന്ന് ഉള്ള മാലിപ്പുരയില്‍ ജലോത്സവ പ്രേമികളും കുടുംബാംഗങ്ങളും ഒത്ത് ചേര്‍ന്നു. അര്‍പ്പുവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഗ്ലോബല്‍ പീസ് വിഷന്‍ അന്താരാഷ്ട്ര ചെയര്‍പേഴ്‌സണ്‍ വനജ അനന്ത(യു.എസ്.എ) പ്രഖ്യാപന രേഖ മോളി ജോണ്‍ പുളിക്കത്രക്ക് സമ്മാനിച്ചു. ചടങ്ങില്‍ ഗിന്നസ് & യു.ആര്‍.എഫ് റെക്കോര്‍ഡ്‌സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.
തന്റെ കുടുംബത്തിന് ജലോത്സവ പ്രേമികളും ദേശനിവാസികളും നല്‍കിയ പിന്തുണയും സഹകരണവും തിരിച്ചറിയുന്നുവെന്നും ഈ അംഗികാരം ഏവര്‍ക്കും കൂടി അവകാശപെട്ടതാണെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര (ജോര്‍ജി) പറഞ്ഞു. പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനുമാണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റനാക്കി നെഹ്‌റു ട്രോഫി ഉള്‍പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജലോത്സവ ലോകത്തിന്റെ ഹൃദയം താളമാണ് മാലിയില്‍ പുളിക്കത്ര തറവാട് എന്ന് അയല്‍വാസിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസനാധിപന്‍ കൂടിയായ മാത്യൂസ് മാര്‍ തേവോദോസിയോസിന്റ ആശംസ സന്ദേശത്തില്‍ അറിയിച്ചു.
സുഹൃത്തിനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടിനുറുക്കി ദാരുണഹത്യ. ഇത് പ്രതികരിക്കാതെ നോക്കിനിന്ന് വിഡിയോയെടുത്ത് ഒരുകൂട്ടം നാട്ടുകാരും. ഹൈദരബാദിൽ തിരക്കേറിയ ചാർമിനാർ തെരുവിനടുത്തുവെച്ചാണ് ദാരുണ സംഭവം അരങ്ങേറിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
അബ്ദുൽ ഖാജ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തായ ഖുറേഷിയെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് നിരവധി തവണ കുത്തിയത്. ഓട്ടോറിക്ഷ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയതിന്റെ മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇറച്ചിവെട്ടുന്ന കത്തിയുമായി എത്തിയ അബ്ദുൽ ഖാജ ശക്കീർ ഖുറേഷിയുടെ തലയിലും മുതകിലും കഴുത്തിലും പലതവണ കുത്തി. കുത്തേറ്റ് താഴെ വീണിട്ടും ദേഷ്യം തീരാതെ മുകളിൽ കയറിയിരുന്ന് വീണ്ടും കുത്തുകയായിരുന്നു. അതിനുശേഷം ഊരിപിടിച്ച കത്തിയുമായി ഭീഷണി മുഴക്കി. ഇതെല്ലാം കണ്ടുനിന്നവർ തടയാൻ കൂട്ടാക്കാതെ വിഡിയോ എടുക്കുകയായിരുന്നു.
തെരുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ട്രാഫിക്ക് പൊലീസ് ഓഫിസർ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹമാണ് അടുത്തുള്ള സ്റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസുകാർ വന്ന് പ്രതിയെ പത്തുമിനുട്ടിൽ അറസ്റ്റ് ചെയ്തു.
നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിവിധ കര്‍ഷകസംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകളാണ് ദില്ലി ചലോ എന്നുപേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ച്ചിനെ അഭിസംബോധന ചെയ്തേയ്ക്കും.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധം.കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.