തിരുവനന്തപുരം: ബിജെപി മുന്നണി വിപുലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാന്‍ കെ.എം മാണിക്ക് കുമ്മനം രാജശേഖരന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്നും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കെ.എം മാണിയുടെ പ്രതികരണത്തിന് അനുസരിച്ച് ഘടകകക്ഷികളുടെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി രംഗത്തു വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപി തോറ്റാല്‍ സംസ്ഥാന നേതൃത്വം പിരിച്ചു വിടുമെന്ന് അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് കുമ്മനം രാജശേഖരന് പ്രത്യാശ പ്രകടിപ്പിച്ചു.
കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. എന്‍ഡിഎ പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ദിവസം കെ.എം മാണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ച് കുമ്മനം രംഗത്ത് വന്നിരിക്കുന്നത്.
ഉഭയകക്ഷി സെക്യൂരിറ്റി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും ശക്തമാക്കുന്നതിലും ഇന്ത്യ കൂടുതല്‍ തുറന്ന സമീപനം പുലര്‍ത്തുന്നത് തന്ത്രപരമായി മികച്ച അവസരമാണ് നല്‍കിയിരിക്കുന്നതെന്ന് യുഎസ് പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസ്. ആഗോള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സഹകരണം ഉപയോഗിക്കാനാകുമെന്നാണ് കമാന്‍ഡര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യ, അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ എന്നീ ഒരേ ദിശയില്‍ ചിന്തിക്കുന്ന രാജ്യങ്ങള്‍ ഒത്തുചേര്‍ന്നാല്‍ ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുമെന്ന് അദ്ദേഹം അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസ് കമ്മിറ്റിയെ അറിയിച്ചു.
രാഷ്ട്രീയം, സാമ്പത്തികം, സൈനികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഇരുരാജ്യങ്ങളും പങ്കുവെക്കുന്നു. ഒരേ സമീപനങ്ങളാണ് പല കാര്യങ്ങളിലും ഇരു രാജ്യങ്ങള്‍ക്കും ഉള്ളത്. ഇന്തോ-പസഫിക് മേഖലയില്‍ പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി ചേരാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തിലുള്ള സന്തുലിതാവസ്ഥ, നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരപൂരകങ്ങളാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദ്ര സുരക്ഷ, കടല്‍ക്കൊള്ളക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. പുതിയ രാഷ്ട്രീയ നേതാക്കളുടെ കടന്നുവരവോടെ ചേരിചേരാനയമെന്ന പഴയ സമീപനത്തില്‍ നിന്ന് ഇന്ത്യ പുറത്തു വരികയാണെന്നും സൈനിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇന്ത്യയില്‍ നിന്നുണ്ടാകുന്നുണ്ടെന്നുമാണ് അമേരിക്കന്‍ സൈനികകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
കോട്ടയം: മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുകയും അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് പോലീസില്‍ പരാതി നല്കി. ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷയോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ രാഷ്ട്രീയ നേതാവിന്റെ മകന് ഷോണ്‍ ജോര്‍ജാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പുതിയ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന തന്റെ പുസ്തകത്തിലാണ് നിഷ ഒരു രാഷ്ട്രീയ നേതാവിന്റെ മകനില്‍നിന്ന് മോശമായ പെരുമാറ്റം ട്രെയിന്‍ യാത്രക്കിടെ നേരിടേണ്ടി വന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അപമര്യാദയായി പെരുമാറിയ നേതാവിന്റെ മകന് ഷോണ്‍ ആണെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. അതേസമയം നിഷയ്ക്കൊപ്പം ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഭാര്യയുടെ പിതാവായ നടന് ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നിഷയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ട്രെയിനില്‍ വച്ച് സംസാരിച്ചിട്ടില്ല. ചില സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നതായി ഷോണ്‍ പറഞ്ഞു. കോട്ടയം എസ്.പിക്കും ഡി.ജി.പിക്കും നല്കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ: നാവികസേനയുടെ ഹെലികോപ്ടര്‍ ആലപ്പുഴയില്‍ അടിയന്തരമായി നിലത്തിറക്കി. കൊച്ചിയില്‍ നിന്ന് നിരീക്ഷണപ്പറക്കലിനായി പോല ചേതക് ഹെലികോപ്ടറാണ് മുഹമ്മയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. മുഹമ്മ കെ.പി മെമമ്മാറിയല്‍ സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ചേതക് ഹെലികോപ്ടര്‍ ഇറക്കിയത്
രണ്ടു പേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കില്ല. രാവിലെ 11.20ഓടെയാണ് സംഭവം. എന്‍ജിനില്‍ സാങ്കേതികത്തകരാറ് ഉണ്ടായതിനെത്തുടര്‍ന്ന് കോക്പിറ്റിസല്‍ അപായ സിഗ്നല്‍ കാണിക്കുകയും പൈലറ്റുമാര്‍ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കുകയുമായി
കോക്പിറ്റില്‍ അപായ സിഗ്നല്‍ കണ്ടതിനെ തുടര്‍ന്നാണ് നിലത്തിറക്കിയത്. ഹെലികോപ്ടറില്‍ രണ്ടു പേര് ഉണ്ടായിരുന്നുവെന്നും, ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു. എഞ്ചിന് സാങ്കേതിക തകരാര്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ 11.20 ഓടെ വെട്ടയ്ക്കല്‍ ബീച്ചിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ മേഖലയില്‍ നിലത്തിറക്കേണ്ടി വന്നത്
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി പാളയം. ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കള്‍ കെ.എം മാണിയുമായി ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് മാണിയെ കണ്ടത്. ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നാളെ ചേരുന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കും.
കെഎം മാണിയെ എന്‍.ഡി.എ സഖ്യത്തിലെത്തിച്ച് ചെങ്ങന്നൂരില്‍ മുന്‍തൂക്കം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപി നേതാക്കളുമായി നടന്ന കൂടിക്കാഴ്ച വെറും സൗഹൃദസന്ദര്‍ശനമാണെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം പിരിച്ചുവിടുമെന്ന് നേരത്തെ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ത്രികോണ മത്സരം ഉറപ്പായ ചെങ്ങന്നൂരില്‍ മൂന്നു മുന്നണികളും ശക്തമായ പ്രചരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുമായി ചെങ്ങന്നൂരില്‍ സഹകരിക്കില്ലെന്ന ബിഡിജെഎസ് നിലപാട് എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടു ചെയ്യാനാവും കേരളാ കോണ്‍ഗ്രസ് അണികള്‍ നല്കാന് പോകുന്ന നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാളെ നടക്കുന്ന മീറ്റിംഗില്‍ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം ഉണ്ടാകും.
കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി ഊരുകളില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു. കല്‍പ്പറ്റയില്‍ ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പ്രസവിച്ചു. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ കെ.ആര്.ടി.സി ബസില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. അമ്പലവയല്‍ നെല്ലറച്ചാല്‍ സ്വദേശി ബിജുവിന്റെ ഭാര്യ കവിത കഴിഞ്ഞ കുറേ ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്കാണ് സംഭവം.
പ്രസവം നടന്നയുടന്‍ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര സാഹചര്യമായതുകൊണ്ട് ബസില്‍ തന്നെയാണ് കവിതയെ ആശുപത്രിയിലെത്തിച്ചത്. അതേ സമയം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വയനാട് ജില്ലാ കളക്ടര്‍ ആശുപത്രിയിലെത്തി യുവതിയേയും കുട്ടിയേയും സന്ദര്‍ശിച്ചു.
അടിയന്തിര സഹായമായി 5000 രൂപ അനുവദിച്ചതായി കളക്ടര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ അനുമതിയില്ലാതെയാണ് കവിത ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് സ്വദേശത്തേക്ക് തിരിച്ചു പോന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പൂര്‍ണ ഗര്‍ഭിണിയായ കവിതയെ ആംബുലന്‍സിലോ കാറിലോ കൊണ്ടുവരാനുള്ള പണം കൈവശമില്ലാത്തതാണ് ഇവരെ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചത്.
കൊല്ലം: ചാത്തന്നൂരില്‍ ദമ്പതികളും മകനും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഇന്ന് രാവിലെ. ഇന്ന് രാവിലെ ഗള്‍ഫില്‍ നിന്നെത്തി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയാണ് ഷിബുവിനേയും കുടുംബത്തേയും മരണം കവര്‍ന്നത്. ഇന്ന് പ്രാദേശിക സമയം 2:30 നോട് അടുത്താണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷിബു (40) ഭാര്യ സിജി (34) മകന് ആദിത്യന് (11) എന്നിവര്‍ മരിച്ചത്. ഇളയ കുട്ടി ആദിഷ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഷിബു റാസല്‍ഖൈമയില്‍ നിന്ന് നാട്ടിലെത്തിയത്.
ആദിച്ചനെല്ലൂരില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ പോകുന്ന വഴിക്ക് ആണ് അപകടമുണ്ടായത്. ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷനില്‍ വച്ച് ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറില്‍ കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടിയിരുന്നു. കൊട്ടിയത്തെ കിംസ് ആശുപത്രിയില്‍ വച്ചാണ് സിജിയും ആദിത്യനും മരിച്ചത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് ഷിബു മരിച്ചത്.
അപകടത്തിൽ മരിച്ച ഷിബു Ras Al Khaimah Al Jazeera Port ലെ ജീവനക്കാരനാണ്. മൂത്ത മകന്റെ പരീക്ഷ കഴിഞ്ഞതോടെ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷിബു. ഭാര്യാപിതാവും അജ്മാനിലാണ് ജോലിചെയ്യുന്നത്. ദുബായിലുള്ള പ്രശസ്തമായ ഒരു എയർലൈൻസിലാണ് ഷിബുവിന്റെ സഹോദരൻ ജോലി ചെയ്യുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോട് കൂടി ശവസംസ്കാരം നടക്കുമെന്നാണ് അടുത്ത ബന്ധുക്കളിൽ നിന്ന് അറിയുവാൻ കഴിയുന്നത്.
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ കുട്ടികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി സംവിധായകന് വിവിയന്‍ രാധാകൃഷ്ണന് രംഗത്തു വന്നിരിക്കുകയാണ്.
സെല്‍ഫിയെടുക്കുന്ന സമയത്ത് അപകടം സംഭവിക്കുന്ന വീഡിയോ തന്റെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് സംവിധായകന് വിവിയന്‍ രാധാകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പ്രമേയം വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണെന്നും വിഷയത്തിന് പ്രസക്തി ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെതെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ സ്വദേശിയായ വൃദ്ധ കിണറ്റില്‍ വീണു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
മലയാളം യു.കെ ന്യൂസ് സ്പെഷ്യല്‍
പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിയെഴുതാനുള്ള തിരക്കിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങങളായി ഇതിനുള്ള കരുക്കങ്ങള്‍ സജീവമാണെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവന്ന പ്രതികൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷത്തെ പല പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയാരോപണ വിധേയരാണ്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുകയും പൊതുജന മധ്യത്തിലെത്തിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നെങ്കിലും ഭരണത്തിലെത്തിയപ്പോള്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതിനു പകരം അഴിമതിയാരോപണ വിധേയരെ ബ്ലാക്മെയില്‍ ചെയ്യാനും അങ്ങനെ നിശബ്ദരാക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് ഇനിയും വളരെ കുറച്ചുകാലം മാത്രം അവശേഷിക്കുന്നതിനാല്‍ പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്ത് സജീവമാക്കാനും അഴിമതി ആരോപണവിധേയരായ പല പ്രമുഖ പ്രതിപക്ഷ നേതാക്കളെയും ജയിലിലാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസ് സഖ്യകക്ഷികളും കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ അഴിമതികള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിപക്ഷത്തെ ശിഥിലമാക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കണക്കുക്കൂട്ടുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ വിനയായത് ഭരണ പരാജയങ്ങളെക്കാള്‍ ഉപരിയായി അഴിമതിയാരോപണങ്ങളായിരുന്നു.
പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്താല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉപകാരപ്പെടുമെന്നും അതുവഴി ഭരണ തുടര്‍ച്ച സാധ്യമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസിന്റെ യുവ നേതാവുമായ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. ഐഎന്‍എക്സ് മീഡിയാ കേസിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രസ്തുത കേസില്‍ ആരോപണ വിധേയയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴികള്‍ പി. ചിദംബരത്തെ കുടുക്കാന്‍ പര്യാപ്തമാണെന്നാണ് റിപ്പോട്ടുകള്‍. അധികം താമസിയാതെ പി. ചിദംബരത്തിന്റെ അറസ്റ്റിനു സാധ്യതയുണ്ട്.
കഴിഞ്ഞ കുറേകാലമായി മോദിയും അമിത്ഷായും ചേര്‍ന്ന് രചിക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം ചലിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അഴിയെണ്ണിക്കുകയാണെങ്കില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും സാധിക്കും. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരത്തിലൊരു ഭീതി വിതയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിജെപിയോടുള്ള എതിര്‍പ്പ് കുറയും. കടുത്ത ദ്രാവിഡ രാഷ്ട്രീയം പയറ്റുന്ന തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ പോലും ഇത്തരത്തില്‍ ബിജെപി അനുകൂല മനോഭാവത്തിലെത്തിക്കാന്‍ മോദിക്ക് സാധിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ യാതൊരു സാധ്യതയുമില്ലാത്ത ഹൈന്ദവ രാഷ്ട്രീയത്തോട് മമത കാട്ടാന്‍ പനീര്‍ ശെല്‍വം-പളനി സ്വാമി പക്ഷത്തെ പ്രേരിപ്പിച്ചത് അഴിമതി കഥകളുടെ ഭീഷണിയാണ്. വിഘടിച്ചുനിന്ന ശശികല – ദിനകരന് പക്ഷത്തിന് കേന്ദ്ര ഏജന്‍സികളുടെ റെയിഡുകള്‍ ഒഴിഞ്ഞ സമയമില്ല. അഴിമതിക്കെതിരെയുള്ള യുദ്ധം ഇത്തരത്തില്‍ രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവും ആകാതിരുന്നെങ്കില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഗുണപ്രദമായേനെ.
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം നല്കുന്ന വിധിയുമായി ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ഭൂമി അഴിമതി കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയ പോലീസ് നടപടിയെ നേരത്തെ സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവാണ് ഡിവിഷന് ബെഞ്ച് മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ മാര്‍ ആലഞ്ചേരിക്കെതിരായ കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പോലീസ് പിന്മാറും. കേസെടുക്കാന്‍ താമസിച്ചതിന് ഡിജിപി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പുതിയ സ്റ്റേ നിലവില്‍ വരുന്നതോടെ വിശദീകരണം നല്കുന്ന നടപടിയില്‍ നിന്നും ഡിജിപി മോചിതനായേക്കും. ആലഞ്ചേരിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ആലഞ്ചേരിക്കെതിരെ കേസെടുത്തിരിന്നത്. സഭ 27.15 കോടി രൂപ വിലയിട്ടിരുന്ന ഭൂമി 13.51 ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വിറ്റുവെന്നാണ് പരാതി. കുറഞ്ഞ വിലയ്ക്ക് സ്ഥലം വിറ്റത് സഭയ്ക്ക് വലിയ നഷ്ടം വരുത്തിയെന്നും പരാതിയില്‍ പറയുന്നു. ഷൈന്‍ വര്‍ഗീസ് എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്.