തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി-സിനിമാസ് തീയേറ്റര്‍ ഭൂമി കയ്യേറിയല്ല നിര്‍മിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഭൂമി കയ്യേറ്റത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
ദിലീപ്, തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ് ജയ എന്നിവരെ എതിര് കക്ഷികളാക്കി പൊതുപ്രവര്ത്തകന് പി.ഡി. ജോസഫ് നല്കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. തീയേറ്റര്‍ സമുച്ചയം നിര്‍മിക്കാന്‍ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ തീയേറ്ററിനു സമീപമുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ചാലക്കുടി ഡി സിനിമാസിന്റെ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സര്‍വേയറുടെ റിപ്പോര്‍ട്ട് പകര്‍ത്തിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്.
സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം.
കൊച്ചി: കൊച്ചിയിലെ മലനീകരണത്തിനും കൊതുകു വളര്‍ച്ചയ്ക്കും തടയിടാന്‍ കഴിയാത്തതിന് പിന്നിന് ഭരണ കര്‍ത്താക്കളുടെ അഴിമതി താല്‍പ്പര്യമെന്ന് ആം ആദ് മി പാര്‍ട്ടി. കൊച്ചിയില്‍ നാം കാണുന്ന കൊതുക് അല്ല യഥാര്‍ത്ഥ കൊതുക് കൊച്ചിയിലെ അഴിമതിയുടെ കൊതുകാണ് ഇല്ലാതാകേണ്ടത്. അഴിമതി തളം കെട്ടിനിന്നു നാട്ടില്‍ മുഴുവന്‍ മാലിന്യം സൃഷ്ടിച്ചു, നാട്ടിലെ മലിനജലം മുഴുവന്‍ ഒഴുകിപ്പോകാത്ത വിധത്തില്‍ തോടുകളും പുഴകളും കയ്യേറ്റം ചെയ്തു അതിനു കൂട്ടുനിന്ന മാറിമാറിവന്ന കൊച്ചിയിലെ ഭരണകര്‍ത്താക്കളാണ് കൊച്ചിയിലെ കൊതുകിന് കാരണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര് നീലകണ്ഠന് ആരോപിച്ചു. ഇന്നലെ രാവിലെ മുതല്‍ കൊച്ചി നഗരസഭ ആസ്ഥാനത്തിനു മുന്നില്‍ കൊതുക് എന്ന കൊച്ചിയെ ബാധിച്ച ദുര്‍ഭൂതതിനെതിരെ ആം ആദ്മി പാര്‍ട്ടി നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നഗരസഭകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക കടമയാണ് മാലിന്യ സംസ്കരണം മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവ എന്നാല്‍ അതു നിര്‍വഹിക്കാന്‍ നഗരസഭ ശ്രമിക്കാത്തത് വ്യക്തമായ അഴിമതിയുടെ കൊണ്ടാണ് എന്ന് ആര്‍ക്കും ബോധ്യമാകും. കൊച്ചിയുടെ ജല നിര്‍ഗമന മാര്‍ഗങ്ങള്‍ ശാസ്ത്രീയമായി പരിഷ്കരിക്കാന്‍, കഴിയാത്തതല്ല, അതിനു പദ്ധതി ഇല്ലാത്തതല്ല, അതിനു പണം ഇല്ലാത്തതല്ല, പക്ഷെ അഴിമതി നടത്തി കഴിഞ്ഞ ശേഷം, അതിനു പണം കിട്ടില്ല. ശാസ്ത്രീയമായി അത് നിര്‍വഹിച്ചാല്‍ അഴിമതി നടത്താനും കഴിയില്ലെന്നും ആം ആദ്മി ആരോപിക്കുന്നു.
നഗരസഭാ ഓഫീസിനു മുന്നില്‍ കൊതുക് വലയ്ക്കുള്ളില്‍ ഇരുന്നാണ് ആം ആദ്മി പ്രവര്‍ത്തകര്‍ സമരം നടത്തിയത്. സമരത്തില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലി, ആം ആദ്മി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി അംഗം ഷൈബു മടത്തില്‍, വൈപ്പിന്‍ മണ്ഡലം കണ്‍വീനര്‍ സിസിലി, കൊച്ചി കണ്‍വീനര്‍ കെ.ജെ ജോസെഫ്, തൃക്കാക്കര കണ്‍വീനര്‍ ഫോജി ജോണ്‍, കളമശ്ശേരി കണ്‍വീനര്‍ ഷംസു ചട, ബോബ്ബന്‍ ഗട, നൌഷാദ് പല്ലാരിമംഗലം, ബിജുജോണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മേയര്‍ക്ക് പരാതിയും നല്കി
ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ പ്രതിയായ നൈജീരിയൻ യുവതിയെ ബംഗളുരൂവിൽ നിന്നു മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലോ പമിലെറിൻ ഡെബോറ (23)യാണ് പിടിയിലായത്. മലപ്പുറം പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു.
കഴിഞ്ഞ ജനുവരിയിൽ ഓണ്‍ലൈൻ വെബ്സൈറ്റ് മുഖേന നടന്ന ഇടപാടിൽ പരാതിക്കാരന്റെ പണം പ്രതി തട്ടിയെടുത്തെന്നാണ് കേസ്. പരസ്യ വെബ്സൈറ്റിൽ തന്റെ ഇലക്ട്രോണിക് ഉപകരണം വിൽക്കാൻ പരസ്യം ചെയ്ത പരാതിക്കാരനെ അമേരിക്കയിൽ നിന്നെന്ന മട്ടിൽ ഓണ്‍ലൈനിൽ ബന്ധപ്പെട്ടാണു യുവതി പണം തട്ടിയത്. ഇലക്ട്രോണിക്സ് ഉപകരണം തന്റെ വിലാസത്തിൽ അയച്ചുകൊടുത്താൽ പണം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാമെന്നു വിശ്വസിപ്പിക്കുകയായിരുന്നു. ഉപകരണം അയച്ചുകൊടുത്തെങ്കിലും പണം നൽകിയില്ല. പിന്നീട് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഇന്റർനാഷണൽ ട്രാൻസ്ഫർ ചാർജ് എന്ന പേരിൽ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പുതിയ തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പാണ് യുവതി ഉൾപ്പെട്ട സംഘം നടത്തുന്നതെന്നു പോലീസ് കണ്ടെത്തി. വിവിധ ഓണ്‍ലൈൻ പരസ്യ വെബ്സൈറ്റുകൾ നിരന്തരം നിരീക്ഷിക്കുന്ന പ്രതികൾ വിവിധ സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ വ്യാജമായി തയാറാക്കിയ നമ്പറുകൾ മുഖേന വാട്ട്സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട്, ഇവർ നൽകുന്ന വിലാസത്തിലേക്ക് സാധനം അയച്ചു കൊടുക്കാൻ പറയുകയും കൊറിയർ ചെയ്ത ശേഷം പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്നു തെറ്റിദ്ധരിപ്പിക്കുകയുംചെയ്യും.
ഇതു വിശ്വസിച്ചു വിൽക്കേണ്ട സാധനം അയച്ചു കൊടുക്കുന്ന ആളുകളോട് വില്പനയ്ക്കുശേഷം പണം ഉടമയ്ക്ക് എത്തിക്കുന്നതിനുള്ള വിവിധ ചാർജുകളെന്ന പേരിൽ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേതെന്നു തോന്നുന്ന ഫോണ്‍ നമ്പരുകളാണ് പ്രതികൾ തട്ടിപ്പിന് ഉപയോഗിക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം മലപ്പുറം എസ്ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ, എസ്ഐ ടി. അബ്ദുൾ റഷീദ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കൽ മുഹമ്മദ് ഷാക്കിർ, എൻ.എം. അബ്ദുള്ള ബാബു, വനിതാ സിപിഒമാരായ ശാലിനി, ശ്യാമ എന്നിവരടങ്ങിയ സംഘമാണ് ബംഗളൂരൂവിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബി.എസ്.പി-എസ്.പി സഖ്യത്തെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ട്വിറ്റര്‍ സന്ദേശത്തിലാണ് മമത ഇക്കാര്യ പറഞ്ഞത്. ഇതൊരു അന്ത്യത്തിന്റെ തുടക്കമാണെന്ന് മമത ട്വീറ്റ് ചെയ്തു. ബിജെപിയുടെ നാശത്തെയാണ് ട്വീറ്റില്‍ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നത്.
ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയമാണിതെന്ന് ലാലുവിനെ അഭിനന്ദിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗോരക്പൂരിലെ വോട്ടെണ്ണല്‍ 14 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 21000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപകാലത്തെ ശത്രുതകള്‍ മറന്ന് ബിഎസ്പി-എസ് പിയും ഒന്നായതിനു ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പാണ് ഗോരക്പൂരിലേത്.
ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ പതിനയ്യായിരത്തിലധികം വോട്ടിനു മുന്‍പിലാണ്. ഇവിടെ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു രണ്ടാമത്. അതേസമയം ബീഹാറില്‍ ആര്‍ജെഡി വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് വിവരം. സിറ്റിംഗ് സീറ്റുകളില്‍ വന്‍ പരാജയമേറ്റു വാങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് ബിജെപി പാളയം. ഇരു സംസ്ഥനങ്ങളിലെയും ബിജെപിയുടെ ഭരണ പരാജയമാണ് തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Great victory. Congratulations to Mayawati Ji and @yadavakhilesh Ji for #UPByPolls The beginning of the end has started
— Mamata Banerjee (@MamataOfficial) March 14, 2018
Congratulations to @laluprasadrjd Ji for winning #Araria and #Jehanabad This is a great victory
— Mamata Banerjee (@MamataOfficial) March 14, 2018
തളിപ്പറമ്പ്: കണ്ണൂര്‍ കീഴാറ്റൂരില്‍ നെല്‍വയലുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിനിടെ സംഘര്‍ഷം. സമര സമിതിയുടെ പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വന്‍തോതില്‍ വയല്‍ നികത്തി ദേശീയപാതയ്ക്ക് ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ വയല്‍ക്കിളി കൂട്ടായ്മ സമരം തുടങ്ങിയിട്ട് നാളുകളായി. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് കര്‍ഷകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് നേരത്തെ സിപിഎം നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടില്ല.
ഇന്ന് രാവിലെ റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ സന്നാഹങ്ങളുമായി കീഴാറ്റൂരിലെത്തിയ അധികൃതരെ കര്‍ഷകര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. പോലീസിനൊപ്പം സമര സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ സമരപ്പന്തല്‍ കത്തിക്കുകയായിരുന്നു. സിപിഎം നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നിരവധി സിപിഎം പ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎം നടത്തിയ അതിക്രമത്തില്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്ഥലം വിട്ടു നല്‍കാനുള്ള 58 പേരില്‍ 50 പേരും സമ്മത പത്രത്തില്‍ ഒപ്പിട്ടു നല്‍കിയതായി സിപിഎം അവകാശപ്പെടുന്നു. തുച്ഛമായ താങ്ങുവിലയുള്ള പ്രദേശങ്ങളിലെ സ്ഥലം മോഹവില നല്കി ഏറ്റെടുക്കുകയാണ് അധികൃതരെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുമായി സഹകരിക്കില്ലെന്നും തുഷാര്‍ പറഞ്ഞു. ബോര്‍ഡ് ചെയര്മാന് സ്ഥാനങ്ങള്‍ ലഭിക്കാതെ ബിജെപിയുമായി ഇനി സഹകരിക്കില്ലെന്നും എംപി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
എല്‍ഡിഎഫിലേക്ക് പോകണമെങ്കില്‍ ഒന്ന് മൂളിയാല്‍ മതി. മഅദ്നിയുമായി സഹകരിക്കാമെങ്കില്‍ എല്‍ഡിഎഫിന് ബിഡിജെഎസുമായും സഹകരിക്കാമെന്നും തുഷാര്‍ പറഞ്ഞു. ഒരു വിഭാഗം ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ചില നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിച്ചു. മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാനാണ് ചില ആളുകള്‍ പാരവെച്ചത്.
ബോര്‍ഡ് കോര്പറേഷന് സ്ഥാനങ്ങള്‍ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടെന്നും അതിന്റെ ഫലമായാണ് താന്‍ എംപി സ്ഥാനം ചോദിച്ചുവെന്ന പ്രചാരണമെന്നും തുഷാര്‍ പറയുന്നു. താന്‍ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാല്‍ സീറ്റ് മോഹികളായ ബിജെപി നേതാക്കള്‍ പിന്നോക്കം പോകുമല്ലോ. അതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും തുഷാര്‍ വ്യക്തമാക്കി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ആക്രമണത്തിനിടെ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാമെന്ന് കോടതി പറഞ്ഞു. നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ നല്‍കാം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി 28-ാം തിയതിയിലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചത്. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് തന്നിട്ടില്ലെന്നും പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചിരുന്നു.
വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. വനിതാ ജഡ്ജിയെ വിചാരണയ്ക്കായി നിയമിക്കണമെന്നും രഹസ്യ വിചാരണ നടത്തണമെന്നും നടി നല്കിയ അപേക്ഷയില്‍ പറയുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് നല്കി ഹര്‍ജി കോടതി തള്ളിയിരുന്നു.
ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തെ നടുക്കിയ കേസിന്റെ വിചാരണാ നടപടികള്‍ ഇന്ന് ആരംഭിക്കും. വിചാരണ തുടങ്ങുന്ന സമയത്ത് എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്. എന്നാല്‍ അഭിഭാഷകര്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള നീക്കം ദിലീപ് നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നടന് ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ പ്രധാന പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക, വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടിയുടെ അഭിഭാഷകന് കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കുകയാണ്. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറണമെന്ന് ദിലീപിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.
കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടില്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ കാലതാമസം വന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് മേധാവി നേരിട്ടെത്തി കാരണങ്ങള്‍ ബോധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഉത്തരവുണ്ടായിട്ടും എജിയുടെ ഉപദേശത്തിനായി കാത്തിരുന്നതിനുള്ള കാരണവും ഡിജിപി വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെതാണ് നിര്‍ദേശം.
വിവാദ ഭൂമി ഇടപാട് നടത്തിയ ആലഞ്ചേരിക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ പോലീസ് നടപടികള്‍ ആരംഭിക്കാന്‍ കോടതി നിര്‍ദേശിച്ച സമയത്തേക്കാള്‍ ആറ് ദിവസം വൈകിയിരുന്നു. ഈ കാലതാമസം ആരുടെ നിര്‍ദേശപ്രകാരമാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന് നാളെ നേരിട്ട് ഹാജരായി വിശദികരണം നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി വെറും 13.51 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്കിയ പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി, വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഉപ്പുതറ : സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രാഥമികചികിത്സ നല്കി ജീവന് രക്ഷിച്ച മലയാളി നഴ്സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം.
ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരന് വാഴക്കാട് സ്വദേശി മുഹമ്മദിനാണ് (77) ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരുംചേര്‍ന്നു പ്രാഥമികചികിത്സ നല്കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി.
സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്സുമാരാണ് ജോമോളും നീനാ ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്സുമാരുടെ സമയോചിതമായ ഇടപെടല്‍ കാരണം യാത്രക്കാരന്റെ ജീവന് രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്കി.