India

പനമ്പള്ളി നഗറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശികളായ ലൂതർബെന്‍, ജോൺപോള്‍, ആന്‍റണി എന്നിവ‌ർ പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്. പനമ്പള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

വിനീത് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരിട്ട് കണ്ടപ്പോൾ വിനീതിനെ മർദ്ദിച്ചു ബലമായി ഇവർ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ വിനീത് കാറിൽ നിന്നും ചാടിയതോടെ പ്രതികൾ കാറിന്റെ വേഗത കൂട്ടുകയും തുടർന്ന് മുന്‍പില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്‍റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് രാജ്യത്തിന്റെ മുഴുവൻ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ. വിവാദങ്ങളുടെ പേരിൽ അറിപ്പെടുന്ന നേതാവാണ് പൂജ ശകുന്‍ പാണ്ഡെ. നാഥൂറാം ഗോഡ്‍സെയെക്ക് മുൻപേ ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന വിവാദ പ്രസ്‌താവനയുമായി നേരത്തെ വാർത്തകളിൽ പൂജ പാണ്ഡെ ഇടം പിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച്‌ കൊല്ലുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു.

ഹിന്ദു സഭ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിയുമാണ് പൂജ ശകുന്‍ പാണ്ഡെ. ഗണിതത്തിൽ എംഫിലും പിഎച്ച്ഡിയുമുണ്ടെന്നാണ് ഇവരുടെ വാദം. പ്രൊഫസറാണെന്ന് അവകാശപ്പെടുന്ന പുജ തന്റെ മറ്റൊരു പേരായി ഫെയ്സ്ബുക്കിൽ ചേര്‍ത്തിരിക്കുന്നത് ‘മഹാന്ത് മാ പൂജാനന്ദ് ഗിരി’ എന്നാണ്. പ്രതീകാത്മക ഗാന്ധിവധം നടത്തിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പൂജ പാണ്ഡെയുടെ ഭർത്താവ് അശോകും ഉണ്ട്.

അങ്ങേയറ്റത്തെ വർഗീയത നിറഞ്ഞ പ്രസ്താവനകളുടെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പല വ‌ട്ടം ഇടം പിടിക്കാറുണ്ട് ഇവർ. മുത്തലാഖ് ബിൽ ചർ‌ച്ച നടന്നപ്പോ‍ൾ മുസ്ലിം സ്ത്രീകൾ മതംമാറി ഹിന്ദുക്കളാകണമെന്ന് പൂജ പ്രസ്താവിച്ചു. ഇങ്ങനെ മാത്രമേ നീതിനിഷേധത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്നവർ പറഞ്ഞു. സർക്കാരിനും കോടതിക്കും നിങ്ങൾക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ ഞങ്ങൾ നൽകുമെന്നും പൂജ വിശദീകരിച്ചു.

ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന് നിലപാടിലാണ് ഹിന്ദു മഹാസഭ ഹിന്ദു കോടതി പ്രാവർത്തികമാക്കിയത്. 2018 ഓഗസ്റ്റിൽ ഹിന്ദു കോടതി സ്ഥാപിച്ച് അതിൽ ആദ്യത്തെ ചീഫ് ജസ്റ്റിസ്സായി പൂജ പാണ്ഡെ സ്ഥാനമേറ്റു. മീററ്റിലെ ശാരദ റോഡിലുള്ള ഹിന്ദു മഹാസഭാ ഓഫീസിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. ഭരണകൂടത്തെ വെല്ലുവിളിച്ച ഹിന്ദു മഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം അന്ന് ആവശ്യപ്പെട്ടെങ്കിലും യോഗി ആദിത്യനാഥ് വിഷയത്തിൽ മൗനം പാലിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും ആരാധകരെ എന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് മമ്മൂട്ടി എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയിലേക്ക് നോക്കിയാല്‍, നിലവില്‍ ഇന്നസെന്റ്, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. ജഗദീഷ്, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എന്നാല്‍ മോഹല്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കുറച്ചധികം നാളുകളായി ഈയൊരു ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.

വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ മോഹൻലാൽ ആരാധകർ ഒരേ സ്വരത്തിൽ ആ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും ഉള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

‘ലാല്‍ സാര്‍ മത്സരിക്കുന്നൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ആളുകള്‍ ഇങ്ങനെ പറയും. അദ്ദേഹം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട് ഇക്കാര്യത്തെ കുറിച്ച്. അദ്ദേഹം മത്സരിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ കാലത്തും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഇല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,’ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിമല്‍ പറയുന്നു.

മാധ്യമങ്ങളോട് മാത്രമല്ല, മോഹന്‍ലാല്‍ അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിബു പറയുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമാണെന്നതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമ്മയ്ക്കുന്നതാണെന്നും ഷിബു വ്യക്തമാക്കി.

‘അദ്ദേഹം മത്സരിക്കില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. അപ്പോളേക്കും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. പുള്ളി മത്സരിക്കുന്നു എന്നൊക്കെ അപ്പോഴേക്കും വാര്‍ത്ത വന്നു. പുള്ളി എന്തായാലും രാഷ്ട്രീയത്തില്‍ വരില്ല,’ ഷിബു വ്യക്തമാക്കി.

ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൂടെ ബിജെപി പുകമറ സൃഷ്ടിക്കുകയാണ് എന്നായിരുന്നു അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് രാജന്റെ പ്രതികരണം.

‘അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത്. ഇനി സിനിമാ മേഖലയില്‍ നിന്നും രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്താല്‍ പോലും അദ്ദേഹം മത്സരിക്കില്ല. ഒരുപാട് പേര് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് രാഷ്ട്രീയം താത്പര്യമില്ല. അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കാന്‍, ഒരു പുകമറ സൃഷ്ടിയ്ക്കാന്‍ ആയിരിക്കും ഒ. രാജഗോപാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,’ രാജന്‍ പറയുന്നു.

അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വച്ച് പൂജാരി അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. പലസംസ്ഥാനങ്ങളിലായി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്തതിനും രവി പൂജാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

നാലുമാസം മുൻപാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് പൂജാരിയെ കുടുക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസും ഇയാളുടെ പിന്നാലെയായിരുന്നു. അടുത്തിടെ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ അന്വേഷണം എത്തിച്ചേർന്നതും പൂജാരിയിലായിരുന്നു.പ്രമുഖ സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഭീഷണിപ്പെട്ടുത്തി പണം തട്ടിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.

ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജപേരിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണു. വ്യോമസേന വിമാനമാണ് യെമലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് റണ്‍വെയില്‍ തകര്‍ന്നു വീണത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.

വിമാനാപകടത്തില്‍ രണ്ട് പൈലറ്റ് മരിച്ചു. വിമാനം റണ്‍വെയിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയും വ്യോമസേനയുടെ വിമാനാപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉത്തര്‍പ്രദേശിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പൈലറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടി പരിഗണിക്കുന്നതായി സ്ഥിരീകരിച്ച് ബി.ജെ.പി എംഎല്‍എ ഒ.രാജഗോപാല്‍. നേരത്തെ നരേന്ദ്ര മോഡിയുമായി ലാല്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബി.ജെ.പി ടിക്കറ്റില്‍ അദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ലാല്‍ നിഷേധിക്കുകയാണ് ഉണ്ടായത്. തല്‍ക്കാലം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ലാലിന്റെ പ്രതികരണം.

അതേസമയം പൊതുവിഷയങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാലെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും ഒ. രാജഗോപാല്‍ വ്യക്തമാക്കി. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. അദ്ദേഹം തീരുമാനമൊന്നും പറഞ്ഞിട്ടില്ല’ രാജഗോപാല്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസും തിരുവനന്തപുരം സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ലെന്ന് നയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ പ്രമുഖനെ തിരുവനന്തപുരത്ത് ഇറക്കാനാവും ബി.ഡി.ജെ.എസ് ശ്രമിക്കുക.

തിരുവനന്തപുരം: 13 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മനശാസ്ത്രജ്ഞൻ ഗിരീഷ് അറസ്റ്റില്‍. ഇയാളെ ഫെബ്രുവരി 13 വരെ റിമാൻഡ് ചെയ്തു. പഠനവൈകല്യത്തിന് കൗൺസിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിൽ ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷ് പ്രതിയാകുന്നത്.

ഉന്നത ഇടപടൽ ഉണ്ടയാതിനെ തുടർന്ന് ആദ്യ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നൽകിയ ജാമ്യം തള്ളിയതിനാൽ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ എഫ്ഐആർ റദ്ദാക്കുകയായിരുന്നു.

കോഴിക്കോട് അഴിയൂരിൽ അടച്ചിട്ട സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി.  ബുധനാഴ്ച വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ചില്ലി പറമ്ബില്‍ സി പി മുജീബ് (36) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളെ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചിരുന്നു. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. വേഷം, മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മരിച്ചത് മുജീബ് ആണെന്ന് തിരിച്ചറിഞ്ഞത്. ജനുവരി 12 മുതലാണ് ഇയാളെ കാണാതായത്. മാഹിയിലും ടാക്കീസ് പരിസരത്തും നിത്യ സന്ദര്‍ശകനാണ് ഇയാള്‍. രണ്ട് ദിവസം മുമ്ബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ടാക്കീസ് പരിസരത്ത് ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.

“ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.” മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്‍റെ ഈ വാക്കുകൾ. കേന്ദ്രസര്‍ക്കാരിന്‍റെയും നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കൊച്ചിയില്‍ ആളെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കാര്‍ ഇടിപ്പിച്ച് ബൈക്ക് യാത്രികനെ കൊന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്ത് കൊച്ചി ഷിപ്്യാര്‍ഡിന്‍റെ പുതിയ കെട്ടിടത്തിനു സമീപം പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ അരങ്ങേറിയ ദാരുണ കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പൊലീസിനെ കണ്ട് കാറില്‍ നിന്ന് ചാടുന്നതും വിനീത് ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്.

ബൈക്ക് യാത്രികനായ കുമ്പളങ്ങി സ്വദേശി തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് ജീവന്‍ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിനു വേണ്ടി പെരുമ്പാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിനീത് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമായ കൊലപാതകം.

RECENT POSTS
Copyright © . All rights reserved