ജയ്പൂര്‍: രാജസ്ഥാനില്‍ അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ദിവസമായി ആചരിക്കും. യുവാക്കളില്‍ വാലന്റൈന്‍സ് ഡേയ്ക്ക് വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഇല്ലാതാക്കാനാണ് നടപടി. മാതൃ പിതൃ പുജാന്‍ ദിവസ് എന്നാണ് ദിവസത്തിന് പേര് നല്‍കിയിരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ശിവ് പഞ്ചാംഗ് വാര്‍ഷിക കലണ്ടറില്‍ വിദ്യാഭ്യാസ വകുപ്പ് മാതൃ പിതൃ പുജാന്‍ ദിവസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 23-ാം തിയതി ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനി മാര്‍ച്ചില്‍ നിയമസഭയില്‍ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു.
വിദ്യാര്‍ഥികള്‍ മറ്റാരെയെങ്കിലും സ്നേഹിക്കുന്നതിന് മുമ്പ് അവരുടെ മാതാപിതാക്കളെ സ്നേഹിക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു മന്ത്രി അന്ന് നിയമസഭയില്‍ പറഞ്ഞത്.
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ സ്‌ഥലം എം.എല്‍.എയെ ക്ഷണിച്ചുവരുത്തി അപമാനിച്ചെന്നു പരാതി. കഴിഞ്ഞദിവസം എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടിയില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ, നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന് അവകാശലംഘന നോട്ടീസ് നല്‍കും.
പരിപാടിക്കു ക്ഷണിച്ചെങ്കിലും സ്‌ഥലം എം.എല്‍.എയെ, പ്രോട്ടോക്കോള്‍ ലംഘിച്ച്, സദസില്‍ ഇരുത്തുകയായിരുന്നു. വകുപ്പ് ഡയറക്‌ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കു വേദിയിലായിരുന്നു ഇരിപ്പിടം. നൈപുണ്യവികസനം ലക്ഷ്യമിട്ടു വ്യവസായ പരിശീലനവകുപ്പും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും(കെയിസ്) ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്‌ഘാടകന്‍. പരിപാടിയില്‍ എം.എല്‍.എയ്‌ക്ക് അര്‍ഹമായ സ്‌ഥാനം നല്‍കാതെ അപമാനിച്ചെന്നാണു പരാതി.സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വകുപ്പുമന്ത്രിയാകണം അധ്യക്ഷന്‍. സ്‌ഥലം എം.എല്‍.എയ്‌ക്കു വേദിയില്‍ പ്രധാനസ്‌ഥാനം നല്‍കണം. അല്ലെങ്കില്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണു കൊച്ചിയില്‍ എം.എല്‍.എയെ വിളിച്ചുവരുത്തി സദസിലിരുത്തിയത്.
വ്യവസായ പരിശീലനവകുപ്പ് ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമനാണു ഹൈബിയെ ചടങ്ങിലേക്കു ക്ഷണിച്ചത്. മന്ത്രി ടി.പി. രാമകൃഷ്‌ണനായിരുന്നു അധ്യക്ഷന്‍. വേദിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എം.ഡി: ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുമുണ്ടായിരുന്നു. അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഹൈബി പരിപാടി അവസാനിക്കും മുമ്പ് ഇറങ്ങിപ്പോയി. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ടി.പി. രാമകൃഷ്‌ണന് എം.എല്‍.എയുടെ ഓഫീസ് പരാതി നല്‍കി. ഇന്നു രാവിലെ സ്‌പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കും.
ഗാന്ധിനഗര്‍: ബാലിശമായ പ്രസ്താവനകള്‍ നടത്തിയ സോഷ്യല്‍ മീഡയയില്‍ ബിജെപി നേതാക്കള്‍ പരിഹാസ്യരാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനെപ്പോലെയായിരുന്നു നാരദ മഹര്‍ഷിയെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ മണ്ടന്‍ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂപാണിയുടെ നാരദ മഹര്‍ഷി ഗൂഗിള്‍ താരതമ്യം പുറത്തുവന്നിരിക്കുന്നത്.
‘ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ കുറിച്ച് മുഴുവന്‍ അറിയാമായിരുന്നു. ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷി. മുഴുവന്‍ ലോകത്തെയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മാനവകുലത്തിന്റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം’- രൂപാണി പറഞ്ഞു.
വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രൂപാണി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നേരത്തെ ബിപ്ലബ് കുമാര്‍ ദേബിനെതിരെ സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.
മുംബൈ: ഭാര്യയും ഭര്‍ത്താവും തമ്മില്‍ ശാരീരിക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 9 വര്‍ഷം നീണ്ട വിവാഹബന്ധം ബോംബെ ഹൈക്കോടതി റദ്ദാക്കി. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ശാരീരിക ബന്ധമില്ലാത്തതാണ് ബന്ധം റദ്ദാക്കാന്‍ കാരണമായി ഹൈക്കോടതി ചൂണ്ടി കാണിച്ചത്. ജസ്റ്റിസ് മൃദുല ഭട്കറാണ് കേസ് പരിഗണിച്ചത്.
കോലാപ്പുര്‍ സ്വദേശികളായ യുവതിയും യുവാവും വിവാഹം കഴിച്ചിട്ട് ഏതാണ്ട് 9 വര്‍ഷം പിന്നിട്ടെങ്കിലും ഇവര്‍ അകന്നാണ് താമസിക്കുന്നത്. തട്ടിപ്പിലൂടെയാണ് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചതോടെയാണ് ഇരുവരും തമ്മില്‍ അകന്നു താമസിക്കാന്‍ തുടങ്ങിയത്. ഏറെ നാളുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
യുവതിയുടെ ആരോപണം തെളിയിക്കാന്‍ പാകത്തിനുള്ള തെളിവുകള്‍ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഇരുവരും തമ്മില്‍ ലൈഗികബന്ധം നിലനിന്നിരുന്നതായിട്ടുള്ള ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി. വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ലൈംഗിക ബന്ധമെന്ന് കോടതി പറഞ്ഞു. അത് നടക്കാത്ത സാഹചര്യത്തിലാണ് വിവാഹമോചനം നല്‍കുന്നതെന്നും ജസ്റ്റിസ് മൃദുല ഭട്കര്‍ വ്യക്തമാക്കി.
സോണി കെ. ജോസഫ്
മൂന്നാര്‍: മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന്‍ സന്മസുള്ളവരുടെ കരുണ തേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാര്‍ ന്യൂ കോളനിയില്‍ ഗംഗാധരന്‍ എന്ന വൃദ്ധനായ മനുഷ്യനാണ് സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ കരുണയാല്‍ കഴിയുന്നത്. ഇവിടെ ആകെയുള്ള 4 സെന്റ് സ്ഥലത്ത് ഒരു കുടുംബം തങ്ങളുടെ കൂടെ ചാക്ക് മറയാക്കി ഷെഡ് അടിച്ചുകൊടുത്താണ് ഈ അനാഥനായ മനുഷ്യനെയും താമസിപ്പിച്ചിരിക്കുന്നത്.
സഹായിക്കുന്ന കുടുംബവും പാവങ്ങളാണ്. ഈ ഒരു കുടുംബത്തില്‍ തന്നെ 6 വീട്ടുകാരാണ് ഉള്ളത്. ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു കൊടുത്ത ഷെഡിലാണ് ഈ വൃദ്ധനായ മനുഷ്യന്റെയും താമസം. ഗംഗാധരന് മക്കളില്ല. ഭാര്യ രണ്ട് മാസം മുന്‍പ് മരിച്ചു. മൂന്നാറിലെ കുറെ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് ഈ വൃദ്ധന്‍ ഇന്ന് മരിക്കാതെ ജീവിക്കുന്നു. വാര്‍ദ്ധക്യ സഹജമായ പല രോഗങ്ങളും ഇയാളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പരസഹായം വേണം.
ജൂണ്‍, ജൂലൈ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്‍പ് ഒരു സുരക്ഷിതമായ മുറി ഇദേഹത്തിന് പണിത് കൊടുത്തില്ലെങ്കില്‍ തണുപ്പും മഴയും സഹിക്കാനാവാതെ ഇയാള്‍ മരണപ്പെടാനും സാദ്ധ്യതയുണ്ട്. കരുണയുള്ള നല്ല മനുഷ്യരുടെ സഹായം തേടുകയാണ് ഈ മനുഷ്യന്‍. സഹായിക്കുവാന്‍ സന്മനസുള്ളവര്‍ സഹായിക്കുക. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ : 9447825748, 9446743873, 9447523540.
മഞ്ചേരിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് സുബൈദ. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആരോ ആസിഡ് ഒഴിച്ചെന്നാണ് ആദ്യം നല്‍കിയ മൊഴി. പിന്നീട് ചോദിച്ചറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ചില സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതാണ് കൊലപാതകത്തിലെത്തിയതെന്നും സുബൈദ പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പും ഇരുവരും വഴക്കുണ്ടായി. ആസിഡ് സുബൈദ വാങ്ങിയതാണോ എന്നും സംശയമുണ്ട്.
ഇരുപതാം തീയതി അര്‍ദ്ധരാത്രിയാണ് സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ ഭാര്യ സുബൈദയ്ക്ക് ഒപ്പം കിടന്നുറങ്ങവേ ബഷീറിന് മേല്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം ഏറ്റുപറയുകയായിരുന്നു. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍.
ന്യൂഡല്‍ഹി: തൊഴിലിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും പിന്നാലെ പോകാതെ സ്വന്തമായി പാന്‍ കട തുടങ്ങിയാല്‍ മതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. സിവില്‍ സര്‍വീസിന് മെക്കാനില്‍ക്കല്‍ എജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ചൂടാറും മുന്‍പാണ് പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ ജോലി കിട്ടാനായി യുവാക്കള്‍ വര്‍ഷങ്ങളോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്നാലെ അലയുകയാണ്. ജീവിതത്തിലെ നിര്‍ണായക സമയം പാഴാക്കാതെ പാന്‍ ഷോപ്പ് തുടങ്ങിയാല്‍ വര്‍ഷം 5 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് ഉണ്ടാക്കാം. ബാങ്കില്‍ നിന്നും 75000 രൂപ വായ്പയെടുത്ത് കച്ചവടം തുടങ്ങിയാല്‍ 25000 രൂപ മാസം സമ്പാദിക്കാം. ത്രിപുര വെറ്റിനറി കൗണ്‍സിലില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് ബിപ്ലബ് ദേവ് പറഞ്ഞു.
യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ മുദ്ര യോജന എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ഈ വാക്കുകള്‍കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിശദീകരണമുണ്ട്. അതേ സമയം നേരത്തെ നടത്തിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസ പോസ്റ്റുകള്‍ക്ക് കാരണമായിരുന്നു.
സിസേറിയന് മുമ്പ് ലേബര്‍ റൂമില്‍ പ്രതീക്ഷിക്കുന്നത് ടെന്‍ഷനും ഭയവും നിറഞ്ഞ ഗര്‍ഭിണിയുടെ മുഖവും ഗൗരവത്തോടെ നില്‍ക്കുന്ന ഡോക്ടറെയുമൊക്കെയാണെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്. സിസേറിയന് തൊട്ടു മുമ്പ് ഡോക്ടറുമായി ഡാന്‍സ് ചെയ്താണ് യുവതി ഞെട്ടിച്ചിരിക്കുന്നത്. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണ് ഡോക്ടര്‍ക്കൊപ്പം ഡാന്‍സ് ചെയ്ത ശേഷം ശസ്ത്രക്രിയക്ക് വിധേയയായത്.
ലുധിയാന സുമന്‍ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. നൃത്തം ചെയ്യാനുള്ള ഒരവസരവും പാഴാക്കരുത്. പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന കടമയാണ് നിറവേറ്റാനുള്ളതെങ്കില്‍ ആഘോഷം നിര്‍ബന്ധമാണ്. അതിനു നൃത്തം അല്ലാതെ മികച്ച മറ്റൊന്ന് എന്താണുള്ളത്. അതുകൊണ്ട് എന്റെ കുഞ്ഞു മാലാഖയ്ക്കു വേണ്ടി ഞാനും എന്റെ അമേസിങ്, റോക്കിങ്, സൂപ്പര്‍ ടാലന്റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്നു ചെയ്യുന്ന നൃത്തം ഇതാ. എന്നാണ് ഫേസ്ബുക്കില്‍ ഈ നൃത്തം ഷെയര്‍ ചെയ്തുകൊണ്ട് സംഗീത കുറിച്ചത്.
https://www.facebook.com/gautam1984/videos/10211251064973139/?t=61
രോഗിയും ഡോക്ടറുമൊത്തുള്ള ഏറ്റവും നല്ല വീഡിയോ എന്നു പറഞ്ഞ് സംഗീതയുടെ ഭര്‍ത്താവ് ഗൗതം ശര്‍മയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഒരു പെണ്‍കുഞ്ഞിനാണ് സംഗീത ജന്‍മം നല്‍കിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സംഭവമല്ലായിരുന്നു ഇതെന്നും ഇന്‍സ്റ്റഗ്രാമിനു വേണ്ടി ഇതിന്റെ ദൈര്‍ഘ്യം ഒരു മിനിറ്റായി കുറച്ചതുമാത്രമാണ് എഡിറ്റിംഗായി നടത്തിയതെന്നും ഗൗതം വ്യക്തമാക്കുന്നു.
ആലുവ: രാജയുടെ ജീവിതം സിനിമാ കഥകളേക്കാളും നാടകീയമാണ്. ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത രാജ ഇന്നലെ മാനസയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. അങ്കമാലി ചെറിയ വാപ്പാലശ്ശേരിയില്‍ പൈനാടത്ത് വീട്ടില്‍ ബിജു-ബിന്ദു ദമ്പതിമാരുടെ മകളായ മാനസയാണ് വധു. ചെറിയ വാപ്പാലശ്ശേരി ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
2002ലാണ് തമിഴ്‌നാട് സ്വദേശിയായ രാജ അച്ഛനുമൊത്ത് തൃശൂര്‍ ജില്ലയിലെത്തുന്നത്. അമ്മ വളരെ ചെറുപ്പത്തിലെ തന്നെ നഷ്ടപ്പെട്ട രാജയ്ക്ക് ഏക ആശ്രയം. എട്ടുവയസ്സുകാരന്‍ രാജയെ ഭിക്ഷാടന മാഫിയ തട്ടിയെടുത്ത് നിര്‍ബന്ധിത ഭിക്ഷാടനം ചെയ്യിപ്പിച്ചു. ഭിക്ഷ യാചിച്ച് ദിവസം അന്‍പത് രൂപ നേടിയില്ലെങ്കില്‍ ഭിക്ഷാടന മാഫിയ തലവന്‍ ക്രൂരമായി മര്‍ദിക്കുകമായിരുന്നു. രാജയുടെ ശരീരത്തിലും മനസിലും ഇയാള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഏറെയായിരുന്നു.
ഭിക്ഷാടനത്തിനിടയില്‍ നാട്ടുകാരുടേയും പോലീസിന്റെയും സഹായത്തോടെയാണ് ജനസേവാ ശിശുഭവന്‍ ഒരു ദിവസം രാജുവിനെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുമ്പോള്‍ രാജയുടെ ശരീരമാസകലം കത്തിച്ച സിഗററ്റു കൊണ്ട് കുത്തിയതിന്റെയും കമ്പി പഴുപ്പിച്ച് പൊള്ളിച്ചതിന്റെയും വ്രണങ്ങളായിരുന്നു. ചികിത്സയ്ക്ക് ശേഷം ശിശുഭവനില്‍ രാജ ജീവിതം ആരംഭിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയതോടെ കൂടുതല്‍ പഠിപ്പിക്കാന്‍ ശിശുഭവന്‍ തയ്യാറായി.
2008-ല്‍ ജനസേവാ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജനസേവാ സ്പോര്‍ട്സ് അക്കാദമി’യാണ് രാജയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി. സ്‌പോര്‍ട്‌സ് അക്കാഡമി വഴി സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ടീമിലേക്ക് രാജ സെലക്ട് ചെയ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സെന്‍ട്രല്‍ ബാങ്ക് ഇന്ത്യയുടെ എറണാകുളം ശാഖയിലെ ഉദ്യോഗം രാജയെ തേടിയെത്തി. ഇപ്പോള്‍ മാനസയുമൊത്ത് പുതിയ ജീവിതത്തിലേക്ക്.
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. കൃത്യം നടത്തിയത് മൂന്ന് പേരടങ്ങിയ സംഘമാണെന്നാണ് വിവരം. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്.
വള്ളത്തില്‍ നിന്നും സമീപ പ്രദേശങ്ങളിലും ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. നേരത്തെ ലിഗയെ കൊലപ്പെടുത്തിയത് ഒന്നിലേറെ ആളുകള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്ത് ഞെരിച്ചാവാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അതേസമയം പോലീസിനെതിരെ വിമര്‍ശനവുമായി ലിഗയുടെ സഹോദരി ഇലിസ് രംഗത്തെത്തി. കാണാതായപ്പോള്‍ ശക്തമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തന്റെ സഹോദരി കൊല്ലപ്പെടില്ലായിരുന്നുവെന്ന് ഇലിസ് പറഞ്ഞു.