India

മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ നിര്‍മ്മിച്ച സ്വന്തം നാട്ടില്‍ വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടത്.

1958ലായിരുന്നു കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ വായനശാലക്ക് തറക്കല്ലിട്ടത്. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു.

ഒരു നാടിനെ തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും അറിയിച്ചു.

കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? . ഒരു മുദ്രാവാക്യം മൂലം ഈ പെണ്‍കുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലായി മാറി. സമരത്തേക്കാള്‍ ഉപരിയായി അതിലെ മുദ്രാവാക്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വനിത ഹോസ്റ്റല്‍ അടച്ച്‌ പൂട്ടിയതിനെതിരെ പാറശാല ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തത്.

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം… അയ്യോ പോയേ കിടപ്പാടം പോയേ… എന്ന് പോകുന്നു മുദ്രാവാക്യങ്ങള്‍. ഹോസ്റ്റലിലെ ഭക്ഷണശാലയിലെ വൃത്തിയില്ലായ്മയും ഈച്ച ശല്യവും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്ക്കെത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും ചെയ്തതോടെ ഹോസ്റ്റല്‍ നവീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിനെ തുടര്‍ന്ന് അടുക്കള നവീകരിക്കാന്‍ എന്ന പേരില്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടുകയും പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ മൊബൈലില്‍ അശ്ലീല സിനിമകള്‍ കാണുന്നു എന്ന് കോളേജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ റേഞ്ചില്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ പ്രചരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തുണ്ട് പടം കാണാന്‍ സമരം ചെയ്യുന്നത് പോലെയായി. ആ രീതിയില്‍ അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. തങ്ങള്‍ പരാതി നല്‍കിയതിലുള്ള പകപോക്കലാണ് പെട്ടന്നുള്ള ഈ അടച്ചുപൂട്ടല്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇതിനെതിരെയാണ് സമരം നടക്കുന്നത്. ഏതായാലും അടര്‍ത്തി മാറ്റിയ മുദ്രാവാക്യം മൂലം സമരം വൈറല്‍ ആയി മാറി.

 

 

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അധികൃതര്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു ആശുപത്രിയിലാണ് സംഭവം. മുന്നിയെന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ ഒരു നഴ്‌സിനേയും ഡോക്ടറേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

പ്രസവ വേദന ആരംഭിച്ചതോടെ മുന്നിയുമായി ഭര്‍ത്താവ് ബബ്ലു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. മുന്നിയെ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തണമെന്ന് ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചു. തുടര്‍ന്ന് സ്‌കാനിംഗ് നടത്തുന്നതിനായി ആശുപത്രിയിലെ തന്നെ ലാബിലെത്തിയ ബബ്ലുവിനോട് ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഇല്ലാതെ സ്‌കാനിംഗ് ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡിന്റെ നമ്പരും ഹാജരാക്കാമെന്ന് ബബ്ലു പറഞ്ഞെങ്കിലും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല.

സ്‌കാനിംഗ് ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചതോടെ രണ്ട് മണിക്കൂറോളം ലാബിന് പുറത്ത് കാത്തിരുന്ന മുന്ന ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം മുന്ന അത്യാവിശ്യ പരിശോധനകള്‍ക്ക് വിധേയമായിരുന്നെല്ലെന്നും അതിനാലാണ് സ്‌കാനിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ചേളന്നൂരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രണ്ടു കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തി. ഞേറക്കാട്ട് മുഹമ്മദ് റഫീഖ് ഷെയ്ക്കിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ്(13), അയല്‍വാസിയായ രാധാകൃഷ്ണന്റെ മകന്‍ അഭിനവ് കൃഷ്ണ(14) എന്നിവരെയാണ് രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയത്. കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടതായി ഇന്നലെ വൈകുന്നേരമാണ് പോലീസിന് വിവരം ലഭിക്കുന്നത്.

ഇതോടെ നടത്തിയ അന്വേഷണത്തില്‍ ഇന്ന് (വെള്ളി) രാവിലെ പത്തു മണിയോടെ ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ഒരു മുതിര്‍ന്നയാള്‍ കൂടി ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ അതില്‍ വ്യക്തതയായിട്ടില്ല. കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം, എന്നാല്‍ ബാഹ്യ പ്രേരണകള്‍ എന്തെങ്കിലും ഉണ്ടോ എന്നും, കൂടെ കണ്ടെന്ന് പറയപ്പെടുന്ന ആളാരാണെന്നും അന്വേഷിച്ച്‌ വരികയാണ്.

കുട്ടികള്‍ എങ്ങനെ പറശ്ശിനിക്കടവിലെത്തി എന്ന വിവരങ്ങളും ലഭ്യമായിട്ടില്ല. അവശരായ കുട്ടികളെ കോഴിക്കോട്ടേയ്ക്ക് കൊണ്ടു വന്നു. ക്ഷീണം മാറിയ ശേഷം ചോദ്യം ചെയ്യും.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മദ്രസ്സയിലേയ്ക്ക് പോകാന്‍ ഇറങ്ങിയതാണ് മുഹമ്മദ് ഷാഹില്‍. എന്നാല്‍ മദ്രസ്സയില്‍ എത്തിയില്ല. ഈ സമയത്തു തന്നെയാണ് അയല്‍വീട്ടില്‍ നിന്ന് അഭിനവിനേയും കാണാതായത്.

വീരപ്പന്റെ സഹോദരിയുടെ മകന്‍ കേരളത്തില്‍. ഇപ്പോള്‍ തിരൂരിലെ സൂപ്പര്‍സ്റ്റാര്‍ വീരപ്പന്റെ മരുമകനായ മോഹനനാണ്. മോഹനന്‍ വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ മകനാണ്. അമ്മാവന്റെ കട്ട ഫാനാണ് പുള്ളിക്കാരൻ. വീരപ്പനുമായുള്ള ബന്ധം തിരിച്ചറിയാന്‍ മീശ മാത്രം മതി. കാഴ്ചയില്‍ വീരപ്പന്‍ ആണെങ്കിലും സ്വഭാവത്തില്‍ പാവത്താനാണ് ഈ മരുമകന്‍.

നാലുവര്‍ഷം മുമ്പാണ് കൂലിപ്പണിക്കായി മോഹനന്‍ തിരൂരില്‍ എത്തുന്നത്. തുടര്‍ന്നാണ് തോട്ടപ്പണിക്കാരനായി ഇവിടെ കൂടുന്നത്. മോഹനന്‍ സൂപ്പര്‍താരമായി മാറിയത് അടുത്തിടെ ചില പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും വന്നതോടെയാണ്.

കേരളത്തിലേക്ക് ആദ്യമായി വന്നത് 2014-ലാണ്. അടുത്തുള്ള ചില വീടുകളിലും പണിക്കു പോകും. സ്‌കൂള്‍ പൂട്ടുമ്പോള്‍ ഭാര്യയും കുട്ടികളും ഇവിടെ വന്ന് കുറച്ച് നാള്‍ തങ്ങിയ ശേഷം തിരിച്ചുപോകും. ഇടയ്ക്ക് നാട്ടിലേക്കും പോകും.

തിരുവനന്തപുരം കൊണ്ണിയൂര്‍ സെന്റ് തെരേസാസ് സ്കൂള്‍ വാര്‍ഷികത്തിനിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. അഞ്ചാം ക്ളാസ് വിദ്യാര്‍ഥിക്കും രണ്ടു കന്യാസ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്കേറ്റു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ ചാനൽ പുറത്തുവിട്ടു

tvm-attack

അഞ്ചാം ക്ളാസ് വിദ്യാര്‍ഥി അജീഷിന്റെ കൈയ്യൊടിഞ്ഞു.

സ്കൂൾ വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നതിനിടെ രാത്രി എട്ടു മണിയോടെയാണ് പിന്നില്‍ നിന്നും അക്രമം ആരംഭിച്ചത്. കസേരകള്‍ എടുത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കുട്ടികളും അധ്യാപകരും ഇറങ്ങിയോടി. രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി പ്രാണരക്ഷാര്‍ത്ഥം ഒാടുന്നത്‌ സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. ആദ്യ ആക്രമണത്തിന്‌ ശേഷം പുറത്ത്‌ പോയ അക്രമികള്‍ തുടര്‍ന്നും രണ്ടുതവണ കൂടി എത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിസില്‍, സിസ്റ്റര്‍ നീതു എന്നിവര്‍ക്കും പരുക്കേറ്റു. സിസ്ററര്‍ സിസിലിന്റെ ശിരോവസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് കൊണ്ണിയൂര്‍ സ്വദേശികളായ സിയാസ്, കമറുദ്ദീന്‍, നാസറുദ്ദീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ടു പേര്‍ക്കെതിരെയാണ് കേസ്. ഇവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയും പിടികിട്ടാപ്പുള്ളിയുമായ ഗുണ്ട ബിനു എന്നറിയപ്പെടുന്ന ബിന്നി പാപ്പച്ചനെ(45) കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പൊലീസാണ് ഉത്തരവിറക്കിയിരിക്കുന്നത്. 1994 മുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ 8 ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരത്ത് വേരുകള്‍ ഉള്ള ബിനുവിനായുള്ള തെരെച്ചില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സേലം, കൃഷ്ണഗിരി, വെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താവളങ്ങളുള്ള ബിനുവിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ 73 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പൊലീസിന്റെ പിടിയില്‍ നിന്നും ഗുണ്ട ബിനു ഉള്‍പ്പെടെ 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി ആഘോഷ ചടങ്ങിനെത്തിയ ഗുണ്ടകളെ തോക്ക് ചൂണ്ടിയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയുമെന്ന് സൂചന നല്‍കി ബൂത്ത് തിരിച്ചുള്ള വോട്ട് കണക്ക്. ഒടുവില്‍ ഉപതെരെഞ്ഞടുപ്പ് നടന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും ബിജെപി വന്‍ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. പരാജയം ബിജെപി പാളയത്തില്‍ കനത്ത ആശങ്കയുണ്ടാക്കുന്നതായിട്ടാണ് സൂചന. ബൂത്ത് തിരിച്ചുള്ള വോട്ട് കണക്ക് പുറത്തു വന്നപ്പോള്‍ ഒരു ബൂത്തില്‍ ബിജെപി നേടിയത് പൂജ്യം വോട്ട്. മറ്റൊരു ബൂത്തില്‍ ഒന്നും വേറൊരിടത്ത് നേടിയത് രണ്ട് വോട്ട്.

രാജസ്ഥാനിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നായ അജ്മീറില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാജസ്ഥാനില്‍ രണ്ട് ലോകസഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും ജനപ്രതിനിധികള്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. സഹതാപ തരംഗം സൃഷ്ടിച്ച് തെരെഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് കനത്ത തിരിച്ചടി നല്‍കി മൂന്നിടത്തും കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു.

നസീറാബാദ് മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും ഒരു വോട്ടാണ്. 224ാമത്തെ ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്കായുള്ളു. ഡുദു മണ്ഡലത്തില്‍ അക്ഷരാര്‍ഥത്തില്‍ ബിജെപിക്കെതിരായ തിരഞ്ഞെടുപ്പാണ് നടന്നത്. 49-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 337 വോട്ട് നേടിയപ്പോള്‍ ബിജെപി സംപൂജ്യരായി. 2014 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് നേടിയത് 2 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്.

ഒരുവയസ്സുള്ള കുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച യുവതിയേയും കാമുകനേയും പോലീസ് പിടികൂടി. പുതിയതുറ പി.എം. ഹൗസില്‍ റോസ്‌മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സജന്‍ (27) എന്നിവരാണ് ആഴിമലയില്‍ നിന്ന് പോലീസ് പിടിയിലായത്. കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലസ്‌സിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തി. ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്.

സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാരുടെ പരാതിയില്‍ യുവതി സാജനൊപ്പം പോയതായി കണ്ടെത്തി. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയെങ്കിലും കൂടെ പോകാന്‍ റോസ്‌മേരി തയ്യാറായില്ല. ഇതിനിടെ കാമുകനുമായി ചേര്‍ന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാനുള്ള ശ്രമം നടത്തി. പിന്നീട് കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

മാലിന്യംപുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെ പോലീസ് ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. വൈകിട്ടോടെ ആഴിമലയിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ പിടികൂടുകയായിരുന്നു. രാത്രി തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി. പിടിയിലായ സജന്‍ പൂവാര്‍, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലായിട്ടുണ്ട് എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്.

കൊട്ടാരക്കര: റോഡ് അപകടത്തില്‍ മരണപ്പെട്ട മകന്റെ ഇന്‍ഷൂറന്‍സ് തുക വീതം വെക്കുന്നതിലെ തര്‍ക്കം ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭാര്യ ലതികയെ(56) കൊലപ്പെടുത്തിയ ആറ്റുവാശ്ശേരി, പൊയ്കയില്‍ മുക്ക് സ്വദേശിയായ ശിവദാസന്‍ ആചാരിയെ(66) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസില്‍ പോയി തിരികെ വിട്ടിലെത്തിയപ്പോള്‍ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാന്‍ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയില്‍ വെച്ചു പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ശിവദാസന്‍ ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തില്‍ തുണികള്‍ വാരിയിട്ടു കത്തിച്ചു. വെള്ളം വീണു തീ കെടാതിരിക്കാന്‍ പൈപ്പു നല്ലതുപോലെ അടച്ചിടുകയും ചെയ്തു. മകന്‍ മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച ഇന്‍ഷ്വറന്‍സ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

കൊട്ടാരക്കര റുറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved