കോഴിക്കോട്: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് എട്ട് പേർ മരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആറ് പേരാണ് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 40 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

പയ്യോളി സ്വദേശി ആണ്ടി, മുക്കം സ്വദേശി ശിവദാസൻ, പൊക്കുന്ന് സ്വദേശി കൃഷ്ണൻ എന്നിവരാണ് എലിപ്പനി ബാധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന്  മരിച്ചത്. ആലംങ്കോട് സ്വദേശി ആദിത്യൻ, കാളികാവ് സ്വദേശി അബൂബക്കർ, ആലിപ്പറമ്പ് സ്വദേശി സുരേഷ് എന്നിവർ മലപ്പുറത്തും മരിച്ചു.

ആലപ്പുഴ തകഴി സ്വദേശി സുഷമയും തൃശൂർ അയ്യന്തോൾ സ്വദേശി നിഷാന്തിന്‍റെ മരണവും എലിപ്പനി മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥീരീകരിച്ചു. എലിപ്പനി വ്യാപിച്ച സാഹചര്യത്തിൽ മന്ത്രിമാർ തന്നെ ബോധവത്കരണവുമായി രംഗത്തുണ്ട്.

സംസ്ഥാനമൊട്ടാകെ 92 പേർ എലിപ്പനി ലക്ഷണങ്ങളുമായി ഇന്ന് ചികിത്സ തേടി. കോഴിക്കോട് ജില്ലയിൽ മാത്രം 26 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ 4 പേർക്കും കോട്ടയത്ത് മൂന്ന് പേർക്കും ആലപ്പുഴ, തൃശൂർ, കാസകോ‍ഡ്, പാലക്കാട് ജില്ലകളിലായി ഏഴ് പേർക്കും എലിപ്പനി സ്ഥീരീകരിച്ചിട്ടുണ്ട്.