ന്യൂസ് ഡെസ്ക്

ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനകേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ജീവന് ഭീഷണി ഉയർത്തിയാണ് നീക്കങ്ങൾ. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദവും ഉയരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നതായും സൂചനയുണ്ട്. കേസൊതുക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്

എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ അന്വേഷണ ചുമതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴില്‍ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിര്‍ണായകമാണ്. ഈ സാഹചര്യങ്ങളില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട്‌പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.