ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടരുന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. പൂഞ്ച് ജില്ലയിലെ മാങ്കോക്കില്‍ വെച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ സി.കെ റോയിയാണ് മരണപ്പെട്ടത്. പൂഞ്ചില്‍ ഇപ്പോഴും പാക് സൈനികര്‍ കനത്ത ആക്രമണം തുടരുകയാണ്. ഇന്ത്യ തിരിച്ചടിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍്ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആഴ്ചയില്‍ നടന്ന വിവിധ ആക്രമണങ്ങളിലായി 40 ഓളം ഗ്രാമീണര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂഞ്ചില്‍ നടന്ന വെടിവെപ്പില്‍ ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഒരു മലയാളി ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പൂഞ്ചിലെ ചില മേഖലകളിലും രജൗരി മേഖലയിലെ സുന്ദര്‍ബനിയിലുമാണ് പ്രധാനമായും പാക് ആക്രമണം നടക്കുന്നത്.
അതേ സമയം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക് നടപടിക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തിയാണ് വിദേശ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഈ വര്‍ഷം നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്താല്‍ കരാര്‍ ലംഘനം നടത്തിയിരിക്കുന്നത്. ആക്രമണങ്ങളെ തുടര്‍ന്ന് ഏതാണ്ട് ഒന്‍പതിനായിരം ഗ്രാമവാസികളെയാണ് സൈന്യം മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ആക്രമണം നടക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകൾക്കു നേരെ വ്യാപക അക്രമം. ആലപ്പറമ്പ് 17ാം മൈലിലെ വടക്കേ തോട്ടത്തിൽ വി.കെ.സൈനബയുടെ സഫ്നാസ് മൻസിലിനു നേരെ നടന്ന അക്രമത്തിൽ വീടിന്റെ ജനൽചില്ലുകളും എസിയും ഫർണിച്ചറും അടിച്ചുതകർത്തു.
നെല്ലോളി റയീസിന്റെ വീട്ടിൽ ഫർണിച്ചറും മറ്റും നശിപ്പിക്കപ്പെട്ട നിലയിൽ.
നെല്ലോളി റയീസിന്റെ വീട്ടിൽ ഫർണിച്ചറും മറ്റും നശിപ്പിക്കപ്പെട്ട നിലയിൽ.
സമീപത്തെ വടക്കേ തോട്ടത്തിൽ അബ്ദുൽ സലാമിന്റെ വീടിനു നേരെയും അക്രമമുണ്ടായി. ആലപ്പറമ്പിലെ വടക്കേ തോട്ടത്തിൽ പൗക്കാച്ചി അബ്ബാസിന്റെ വീട്ടിൽ നടന്ന അക്രമത്തിൽ ഫർണിച്ചർ നശിപ്പിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
ആലപ്പറമ്പിലെ എ.ടി.കുഞ്ഞഹമ്മദിന്റെ വീട്ടിലും അക്രമികൾ വ്യാപകമായ നാശനഷ്ടമുണ്ടാക്കി. പൂഴിയോട്ടെ കെ.കദീജയുടെ വീട്ടിൽ നടന്ന അക്രമത്തിൽ ഫ്രിജും വീട്ടുപകരണങ്ങളും ജനൽചില്ലുകളും അടിച്ചുതകർത്തിട്ടുണ്ട്.ഓലായിക്കരയിൽ എസ്ഡിപിഐ പ്രവർത്തകൻ നെല്ലോളി റയീസിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. തൊക്കിലങ്ങാടിയിൽ എസ്ഡിപിഐ പ്രവർത്തകൻ ബഷീറിന്റെ വീടിനു നേരെയാണ് അക്രമം.
ചണ്ഡീഗഡ്: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതി കൊണ്ടുവരാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നത്.
നേരത്തെ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസിന്റെ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രതിഷേധത്തിനിടെ വീണ്ടും കൂട്ട ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്തത് ഖട്ടര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന പീഡന സംഭവങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷം ആരോപിച്ചു.
ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായിരുന്നു. ഫരീദാബാദില്‍ യുവതിക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
കോട്ടയം: കേരള ജനതയെ ഞെട്ടിച്ച വീട് കൊള്ളയടികൾക്ക് ശേഷം കള്ളൻമാരുടെ വിളയാട്ടം ട്രെയിനിലും. വിശ്വസ്തരായി അഭിനയിച്ചു ട്രെയിന്‍ യാത്രക്കിടയില്‍ ചായയില്‍ മയക്കുമരുന്ന് നല്‍കി ബോധരഹിതരാക്കി അമ്മയെയും മകളെയും കൊള്ളയടിച്ചു. പിറവം അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ പരേതനായ സെബാസ്റ്റ്യെന്റ ഭാര്യ ഷീലാ സെബാസ്റ്റ്യന്‍ (60), മകള്‍ ചിക്കു മരിയ സെബാസ്റ്റ്യന്‍ (24) എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇരുവരുടെയും പത്തരപവന്‍ സ്വര്‍ണം, രണ്ട് മൊബൈല്‍ ഫോണുകള്‍, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍, മുത്തുകള്‍ എന്നിവയെല്ലാമാണ് നഷ്ടമായത്. കോട്ടയത്ത് അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തിയ ഇവരെ റെയില്‍വേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
സെക്കന്‍ഡറാബാദില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ചിക്കു ഐഇഎല്‍ടിഎസിന് പഠിക്കുകയാണ്. മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്റെ എസ് 8 കംന്പാര്ട്ട്മെന്റിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളില്‍ ഇതരസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവര്‍ പൊലീസിനു മൊഴി നല്‍കി. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാന സംഘം അമ്മക്കും മകള്‍ക്കും ട്രെയിനില്‍നിന്നും ചായ വാങ്ങി നല്‍കിയിരുന്നു. ട്രെയിന്‍ സേലത്തുനിന്നും പുറപ്പെട്ട ശേഷം ശനിയാഴ്ച രാവിലെയാണ് ചായ വാങ്ങി നല്‍കിയത്.
ചായ കുടിച്ച് അല്പസമയത്തിനു ശേഷം ഇരുവരും അബോധാവസ്ഥയിലായി. ശനിയാഴ്ച വൈകീട്ട് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്താറായപ്പോള്‍ രണ്ടുപേര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ടിടിഇയാണ് കണ്ടെ ത്തിയത്. തുടര്‍ന്ന് വിവരം പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചു. റെയില്‍വേ പൊലീസ് എത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഒരു ജവാനും രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. മൂന്നാം ദിവസവും തുടരുന്ന പാക് വെടിവെയ്പില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി.
പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ വെടിവെപ്പില്‍ പഞ്ചാബ് സ്വദേശി ജവാന്‍ മന്ദീപ് സിങ് കൊല്ലപ്പെട്ടു. ആര്‍എസ് പുര സെക്ടറിലുണ്ടായ മറ്റൊരു ആക്രമണത്തിലാണ് രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടത്. ഈ ആഴ്ച്ച അതിര്‍ത്തി പ്രദേശത്ത് നടന്ന വിവിധ ആക്രമണങ്ങളിലായി ഏതാണ്ട് 40ഓളം പേര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.
ഒക്‌ട്രോയി മുതല്‍ ചെനാബ് വരെയുള്ള അഖ്നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ ഇന്ത്യന്‍ ആര്‍മി പോസ്റ്റുകളിലേക്ക് ശക്തമായ ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണം രൂക്ഷമായതോടെ സമീപവാസികളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്‍പതിനായിരം പേരെയാണ് ഇത്തരത്തില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
കോട്ടയം: ചികിത്സാസഹായം ആവശ്യപ്പെട്ട് ഗാനമേള തട്ടിപ്പ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. മണിമല സ്വദേശികളായ ജോയി, സുകുമാരന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വൈകല്യം ബാധിച്ച കോട്ടയം സ്വദേശിയായ പതിനൊന്ന് വയസുകാരന് ചികിത്സാ സഹായം നല്‍കുന്നതിനായിട്ടാണ് ഗാനമേളയെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതിനായി നല്ലൊരു തുക ഇവര്‍ നാട്ടുകാരില്‍ സമാഹരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വാഹനത്തിലെ ഫ്‌ളക്‌സില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ നാട്ടുകാരില്‍ ചിലര്‍ വിളിച്ചതോടെ തട്ടിപ്പു വിവരം പുറത്താകുകയായിരുന്നു. കോട്ടയം മണിമല സ്വദേശിയായ പതിനൊന്നു വയസ്സുകാരന്റെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്ത സംഘം ചികിത്സക്കാവശ്യമായ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ കുട്ടിയുടെ പേരില്‍ അക്കൗണ്ട് എടുപ്പിച്ചിരുന്നു. കുട്ടിയുടെ പിതാവുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ രണ്ടാഴ്ച മുന്‍പ് സംഘം 20,000 രൂപ നല്‍കിയിരുന്നതായി പറഞ്ഞു. ഇതിനു ശേഷം പണമൊന്നും ഇവര്‍ നല്‍കിയില്ലെന്ന് പിതാവ് മൊഴി നല്‍കി.
ഇവര്‍ ജില്ലയില്‍ നിന്ന് മൊത്തം ഒരുലക്ഷത്തോളം പിരിച്ചെടുത്തതായിട്ടാണ് പൊലീസ് നിഗമനം. ഹൈറേഞ്ച് മേഖലകളില്‍ നിന്ന് ഇന്നലെ മാത്രം 13,000 രൂപയോളമാണ് ഇവര്‍ പിരിച്ചത്. ഈ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് പതിനൊന്നു വയസ്സുകാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കാനാണ് പോലീസിന്റെ തീരുമാനം. പിടിയിലായ ഒരാള്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഡ്രൈവറാണ്. രക്ഷപ്പെട്ടയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ലക്‌നൗ: അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. കരിങ്കൊടി കാണിക്കുമെന്ന പേടിയെത്തുടര്‍ന്നാണ് പോലീസുകാരും സംഘാടകരും ചേര്‍ന്ന് ഇവരെ ഒഴിവാക്കിയത്. ജാക്കറ്റ് മാറി വരികയാണെങ്കില്‍ പ്രവേശിപ്പിക്കാമെന്നാണ് ഇവരോട് സംഘാടകര്‍ പറഞ്ഞത്. വാരണാസിയിലാണ് സംഭവം.
എഎന്‍ഐയുടെ മാധ്യമപ്രവര്‍ത്തകരെയാണ് പുറത്താക്കിയയത്. ഇവരെ പുറത്താക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ തടയുന്നതും അതിന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറയുന്നതുമാണ് വീഡിയോയിലുള്ളത്. തങ്ങള്‍ ധരിച്ചിരിക്കുന്നത് വസ്ത്രമാണെന്നും പ്രതിഷേധമല്ലെന്നും വ്യക്തമാക്കിയിട്ടും ഒരാളെ അനുവദിച്ചാല്‍ എല്ലാവരും കറുത്ത വസ്ത്രമിട്ട് കയറുമെന്ന വാദം നിരത്തി പോലീസുകാരന്‍ ഇവര്‍ക്ക് അനുമതി നിഷേധിക്കുകയാണ്.
ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിലക്കിയത് കഴിഞ്ഞ നവംബറിലാണ്. കരിങ്കൊടിപ്പേടിയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കാറില്ല. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടികളില്‍ വ്യാപകമായി കരിങ്കൊടി പ്രയോഗം വന്നതോടെയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്.
योगी और अमित शाह के वाराणसी के युवा उदघोष कार्यक्रम में काला कपड़ा पहनकर जाने पर लगी रोक. पत्रकारो को भी काले जैकेट की वजह से एंट्री के लिए जूझना पड़ा..#ReporterDiary @abhishek6164 pic.twitter.com/rQFpCj7XNA
— आज तक (@aajtak) January 20, 2018
ചണ്ഡീഗഡ്: സ്‌കൂളില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ചണ്ഡീഗഡിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പല്‍ റിതു ചബ്‌റയെ വെടിവെച്ചു കൊലപ്പെടുത്തിയത്. പിതാവിന്റെ റിവോള്‍വറാണ് കൃത്യം നടത്താന്‍ വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. വെടിയേറ്റയുടന്‍ റിതു ചബ്‌റയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്‌കൂളില്‍ വരാതിരുന്നതിനാലാണ് റിതു ചബ്‌റ വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചത്. രാവിലെ സ്‌കൂളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ചിരുന്നു. ഉച്ചയോടെ അച്ഛന്റെ തോക്കുമായി സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടി പ്രിന്‍സിപ്പലിനെ കാണെണമെന്ന് ആവശ്യപ്പെട്ടു. അനുവാദം ലഭിച്ച വിദ്യാര്‍ത്ഥി മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ടെത്തിയ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പൊലീസിന് കൈമാറി.
കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ടൊവിനോ തോമസ്. ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ താനുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത യുവാവിന്‍റെ മരണവാര്‍ത്ത ഉറക്കം കെടുത്തുന്നു എന്നാണ് ടൊവീനൊ പറയുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യനെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക എന്നും ടൊവീനൊ ചോദിക്കുന്നു. മായാനദിയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ശ്യാമിന്‍റെ കൂടെ എടുത്ത ഒരു ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്.
ടൊവിനോയുടെ കുറിപ്പ് വായിക്കാം–
I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise. ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ഈ യുവാവിന്റെ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ? മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു.
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !
മലപ്പുറം: എ.കെ.ജിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണ്. നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത ഒരു ചര്‍ച്ചക്കിടയിലാണ് വിവാദമായ പരാമര്‍ശം ഉള്ളത്. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും തന്റെ കമന്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ബല്‍റാം പറഞ്ഞു.
എകെജി വിവാദത്തില്‍ താന്‍ നടത്തിയ പ്രതികരണം കോണ്‍ഗ്രസ് ശൈലിക്ക് യോജിച്ചതല്ലെന്നുള്ള തിരിച്ചറിവുണ്ട്. സിപിമ്മിന് കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറയുകയും പുകമറയില്‍ നിര്‍ത്തുകയും ചെയ്യാം. ബൗദ്ധിക, മാധ്യമ, സാംസ്‌കാരിക രംഗത്ത് സിപിഎമ്മിന്റെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഒളിവ് ജീവിതത്തിന്റെ വീരേതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ നിലയിലുള്ള സമീപനത്തിന്റെ നാളുകള്‍ കേരളത്തില്‍ കഴിഞ്ഞു. ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരുമെന്നും ബല്‍റാം പറഞ്ഞു.
ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ഈ മണ്ണ് നമ്മുടേതെന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈനിസ് ചാരന്മാരായ കമ്യൂണിസ്റ്റുകള്‍ ഇതേ പ്രവര്‍ത്തനവുമായാണ് മുന്നോട്ട് പോകുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. കൊണ്ടോട്ടിയിലെ പരിപാടിയില്‍ എത്തിയാല്‍ കാല്‍വെട്ടിമാറ്റുമെന്ന് സിപിഎം അനുകൂല ഫേസ് ബുക്ക് പേജ് ബല്‍റാമിനെതിരെ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.