തിരുവനന്തപുരം: കേരളം ചുട്ടു പൊള്ളുന്ന. സമീപകാലത്തെ ഏറ്റവും കൂടിയ താപനിലയാണ് വേനലിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല പ്രദേശങ്ങളിലും 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന താപനില. വര്‍ദ്ധിക്കുന്ന താപനില കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യതകളേറെയാണ്. പകല്‍ സമയങ്ങളില്‍ പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ താപനിലയേക്കാളും 2ഡിഗ്രി വരെ കൂടുതല്‍ ചൂട് ഇക്കുറിയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഉഷ്ണ തരംഗത്തിനും സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ജില്ലകളിലും പ്രധാന നഗരങ്ങളിലും കൂടിയ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണ തരംഗം ഉണ്ടാകുന്നതു വഴി സൂര്യതാപമേല്‍ക്കാനും ജീവഹാനി വരെ സംഭവിക്കാനും സാധ്യതകളുണ്ട്.
അതേസമയം ഇത്തവണ ശക്തമായ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത തെക്കന്‍ ജില്ലകളിലാണ്. കഴിഞ്ഞ തവണത്തെ മഴയെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കുറഞ്ഞ അളവില്‍ മഴ ലഭിക്കാനാണ് സാധ്യത. കനത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകും. ഉള്‍പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികള്‍ വഴി വെള്ളമെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രദേശിക ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി: കേരളത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ അധികനാള്‍ ആവശ്യമില്ലെന്ന് ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ത്രിപുര തെരെഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യോഗി ആദിത്യനാഥിന്റെ അവകാശവാദം. കേരളത്തില്‍ വിജയം പിടിച്ചെടുക്കുമെന്ന് അവകാശവാദമുന്നയിച്ച് മുന്‍പും ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെതിരായ സിപിഎം പാളയത്തില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ താമസിയാതെ ബിജെപി അധികാരത്തിലെത്തുമെന്നും യോഗി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിന് കാരണം മോഡി സര്‍ക്കാരിന്റെ വികസന നയങ്ങളുടെ ഭാഗമായിട്ടാണെന്നും യോഗി അവകാശവാദം ഉന്നയിച്ചു. തെരെഞ്ഞെടുപ്പ് വിജയത്തില്‍ അമിത് ഷായുടെ ശക്തമായ നേതൃത്വത്തിനും വലിയ പങ്കുണ്ടെന്ന് യോഗി പറഞ്ഞു.
അതേസമയം ത്രിപുരയില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ വീടും പാര്‍ട്ടി ഓഫീസുകളും ബിജെപി അനുകൂലികള്‍ അക്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളാണ് നിലവില്‍ അക്രമിക്കപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ബിജെപി പ്രതികരണത്തിന് തയ്യാറായിട്ടില്ല. ത്രിപുരയിലെ തോല്‍വി അപ്രതീക്ഷിതമാണെന്നും അതിനു കാരണങ്ങള്‍ പരിശോധിക്കുമെന്നും സിപിഎം നേതാവ് മാണിക് സര്‍ക്കാര്‍ പറഞ്ഞു.
അറബിക്കടലിലെ പരിശീലന പരിപാടികള്‍ അവസാനിപ്പിച്ച ഇന്ത്യന്‍ നാവിക സേനയുടെ അടുത്ത ലക്ഷ്യം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഇരട്ട യുദ്ധമുഖങ്ങളില്‍ വ്യത്യസ്ത പരിശീലന പരിപാടി ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നാവിക സേനയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ അറബിക്കടലില്‍ നടത്തി വന്നിരുന്ന പരിശീലന പരിപാടികള്‍ നിര്‍ത്തലാക്കാന്‍ നേവി തീരുമാനിച്ചിരുന്നു ഇതിനു പിന്നാലെയാണ് ആന്‍ഡമാന്‍ നിക്കോബാറിലേക്ക് യുദ്ധ പരിശീലനം നടത്താന്‍ നാവിക സേന തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. അറബിക്കടലില്‍ നടന്ന പരിശീലനത്തെ ‘ പശ്ചിം ലെഹര്‍’ എന്നാണ് നാവിക സേന വിശേഷിപ്പിച്ചിരിക്കുന്നത്. വിവിധ യുദ്ധമുറകളും പ്രതികൂല സാഹചര്യങ്ങളില്‍ നടത്തേണ്ട ആക്രമണ രീതി ഉള്‍പ്പെടെയുള്ളവയും നാവിക സേനയുടെ പശ്ചിം ലെഹറിന്റെ ഭാഗമായി നടന്നു.

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ ശക്തി പരിശോധിക്കുന്ന യുദ്ധമുറകള്‍ അറബിക്കടലില്‍ പരീക്ഷിക്കപ്പെട്ടു. പരിശീലനം പുര്‍ണ അര്‍ഥത്തില്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശീലനത്തില്‍ നാവിക സേനയുടെ സ്വന്തമായുള്ള 40 ഓളം ഉപകരണങ്ങളും ഷിപ്പുകളും പങ്കെടുത്തു. എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐഎന്‍എസ് വിക്രമാദിത്യ, വെസ്റ്റേണ്‍ ഫ്‌ളീറ്റിന്റെ ഫ്രണ്ട്‌ലൈന്‍ ഷിപ്പുകള്‍, സബ്മറൈനുകള്‍, കല്‍ക്കട്ട-ക്ലാസ് ഡിസ്‌ട്രോയറുകള്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, പൊട്ടന്റ് മിസേല്‍ വെസല്‍സ് ഓഫ് 22 കില്ലര്‍ സ്‌ക്വാഡ്രോണ്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായി. കപ്പലില്‍ നിന്ന് ലോഞ്ച് ചെയ്യാന്‍ പറ്റുന്ന വിമാനങ്ങളും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ നാവിക ശേഷിയെ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തി പ്രകടനമായിരുന്നു അറബിക്കടലില്‍ നടന്ന പരിശീലന പരിപാടികള്‍ എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

പടിഞ്ഞാറന്‍ തീരത്തെ യുദ്ധ സമാന അഭ്യാസ പ്രകടനങ്ങളും പരിശീലനങ്ങള്‍ക്കും ശേഷം നാവിക സേന കിഴക്കന്‍ തീരത്തേക്ക് നീങ്ങാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് നേവല്‍ ഓഫീസര്‍ അറിയിച്ചു. മിലന്‍ എന്നാണ് പുതിയ പരിശീലനത്തിന് പേരിട്ടിരിക്കുന്നത്. പരിശീലനം നടത്താനായി 23 രാജ്യങ്ങളെ ഇന്ത്യന്‍ നാവിക സേന ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ 16 രാജ്യങ്ങള്‍ ഇന്ത്യയുമായി സംയുക്ത പരിശീലനം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 6 മുതല്‍ പതിനാറ് വരെയായിരിക്കും പരിശീലന പരിപാടികള്‍ നടക്കുക. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് കമാന്റുമായി ചേര്‍ന്നായിരിക്കും മിലന്‍ നടത്തുക.
ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പിടിക്കാന്‍ നദിയിലേയ്ക്കു ചാടിയ പ്രവാസി യുവാവ് മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് നീരേറ്റുപുറം പമ്പ ബോട്ട് റെയ്‌സ് സ്റ്റേഡിയത്തിനു സമീപം വരമ്പിനകത്തുമാലി തുരുത്തേല്‍ കടവിലായിരുന്നു സംഭവം. ചൂണ്ടിയില്‍ കുരുങ്ങി വലിച്ചുകൊണ്ടുപോയ മീനിന്റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മീനിനൊപ്പം എതിര്‍ക്കര വരെ പ്രജീഷ് നീന്തി എന്നു ദൃക്സാക്ഷികള്‍ പറയുന്നു. കരയ്ക്ക് ഒന്നര കീലോമീറ്റര്‍ മുന്നില്‍ എത്തിയപ്പോള്‍ കിതച്ചു കിതച്ച് ഈ യുവാവ് വെള്ളത്തില്‍ താഴുകയായിരുന്നു. അന്ധിശമനസേന തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു പ്രദേശവാസികള്‍ മുങ്ങിത്തപ്പിയപ്പോള്‍ ആദ്യം ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ കണ്ടെടുക്കുകയായിരുന്നു. 13 കിലോ ഉള്ള കട്ട് ല ചൂണ്ടയില്‍ കുരുങ്ങിയത്. സമീപത്തു നിന്നും പ്രജീഷിന്റെ മൃതദേഹവും കണ്ടെത്തി.
ദുബായില്‍ ജോലിയുള്ള പ്രജീഷ് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. പനച്ചുമൂടു പെരുമറ്റത്തെ ലക്ഷംവീടു കോളനിയില്‍ പ്രസന്നന്റെയും ജിജിയുടെയും മകനാണ്. സഹോദരന്‍ പ്രജിത്.
കൊല്ലപ്പെട്ട സേവ്യര്‍ തേലക്കാട്ട് അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാര്‍ ജോണിയുടെ വീട്ടില്‍ എത്തി ജോണിയുടെ ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ എത്തിയ വൈകിട്ട് അച്ചന്റെ അമ്മ ത്രേസ്യാമ്മയും കുടുബാംഗങ്ങളും ജോണിയുടെ വീട്ടില്‍ എത്തിയ പാടെ ജോണിയുടെ ഭാര്യ ആനിയും രണ്ടു മക്കളും ആ അമ്മയുടെ കാലില്‍ വീണു. പിന്നെ ഒരു കൂട്ടകരച്ചില്‍ ആയിരുന്നു. ആനിയെ എഴുന്നേല്‍പ്പിച്ച ത്രേസ്യാമ്മ എല്ലാം ദൈവത്തിനായി സമര്‍പ്പിക്കുന്നുവെന്നും, ജോണിയോട് ‘ദൈവത്തോടൊപ്പം ഞാനും ക്ഷമിച്ചിരിക്കുന്നു’ എന്നും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ശേഷം ത്രേസ്യാമ്മ ആനിയുടെ നെറുകയിൽ ചുംബിച്ചു. ജോണി ജയില്‍ മോചിതനാകുമ്പോള്‍ വീണ്ടും കാണാം എന്ന് പറഞ്ഞാണ് അച്ചന്റെ അമ്മയും കുടുംബവും മടങ്ങിയത്. 
മലയാറ്റൂര്‍ കുരിശുമുടിയില്‍ ജോണിയുടെ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ശനിയാഴ്ചയാണ് നടന്നത്. കൊല ചെയ്യപ്പെട്ട മകന്റെ മൃതസംസ്‌കാരം നടന്നതിന്റെ പിറ്റേ ദിവസം തന്നെ കൊലപ്പെടുത്തിയ ആളിന്റെ വീട്ടില്‍ എത്തിയ ഈ അമ്മ, കര്‍ത്താവിന്റെ അമ്മ പരി. മറിയത്തിന്റെ പുനരവതാരമായിത്തീരുകയായിരുന്നു. ചങ്ക് തകര്‍ന്നിരിക്കുന്ന ഈ സമയത്തും അതിനു കാരണക്കാരായ ആളുടെ കുടുംബത്തുവന്നു അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞ ഈ അമ്മ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ് കണ്ണ് നിറയുന്ന രംഗങ്ങളിലൂടെ ആധുനികലോകത്തിനു പകരുന്നത്. ആ അമ്മ അവരോട് ക്ഷമിച്ചിരിക്കുന്നു. വലിയ മാനസിക വിഷമത്തില്‍ കഴിഞ്ഞ കുടുബങ്ങള്‍… അവര്‍ ദൈവസ്‌നേഹത്താല്‍ നിറഞ്ഞു. ക്രിസ്തീയ സ്‌നേഹത്തിന്റെ വിജയമാണിത്. യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യയുടെ മാതൃക കാട്ടിയ ഈ അമ്മ ക്രിസ്ത്യാനികളായ എല്ലാവര്‍ക്കും അഭിമാനവും പ്രചോദനവും ആയിത്തീര്‍ന്നിരിക്കുന്നു. കപ്യാർ ജോണിയുടെ ഭാര്യ കാല് പിടിച്ച് പറഞ്ഞതുപോലെ മലയാറ്റൂർകാർ അമ്മയോട് യാചിക്കുന്നു – ഞങ്ങളുടെ നാട്ടിനെ ശപിക്കരുത് – മാപ്പാക്കണം.
സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറെ ദുഃഖത്തോടെ നടത്തിയ അനുശോചന പ്രസംഗത്തില്‍ ‘നാം ഒരിയ്ക്കലും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്റെയോ മനോഭാവം പുലര്‍ത്തരുത് എന്നും, ആ സഹോദരനോട് സഭയും താനും സഹമെത്രാന്മാരും ക്ഷമിച്ചിരിക്കുന്നു എന്നും’ പറഞ്ഞിരുന്നു. മലയാറ്റൂര്‍ പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത്, ഫാ. സേവ്യര്‍ തേലക്കാറ്റിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍ പോള്‍, സഹോദരി മോളി ബാബു, തലശേരി രൂപതയിലെ ഉരുപ്പുംകുറ്റി ഇടവക വികാരിയും ബന്ധുവുമായ ഫാ.ബിജു തേലക്കാട്ട്, അടുത്ത ബന്ധുക്കള്‍ എന്നിവരോടൊപ്പമാണു ത്രേസ്യാമ്മ ജോണിയുടെ വീട്ടിലെത്തിയത്. കുറവുകളെ നിറവുകളാക്കുന്ന അനശ്വരനായ നല്ല ദൈവം സേവ്യര്‍ തേലക്കാട്ട് അച്ചന്റേയും ജോണിയുടെയും കുടുംബങ്ങളെ കാത്തുസംരക്ഷിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം. എറണാകുളംഅങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണു ഫാ. സേവ്യര്‍ തേലക്കാട്ട്. 1966 ഒക്ടോബര്‍ 12നാണു ജനനം. സഹോദരങ്ങള്‍: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെല്‍ന.
1993 ഡിസംബര്‍ 27നു ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളില്‍ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളില്‍ വികാരി, സിഎല്‍സി അതിരൂപത പ്രമോട്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍, എറണാകുളം അമൂല്യ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐടിസി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2011 മുതല്‍ കുരിശുമുടി റെക്ടറാണ്. 2016ല്‍ എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയിട്ടുണ്ട്. 



ന്യൂഡല്‍ഹി: മേഘാലയ തെരെഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലൊതുങ്ങിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി നേതൃത്വം. നാഗാലാന്റിലും ത്രിപുരയിലും വന്‍ മുന്നേറ്റം നടത്തിയ ബിജെപിക്ക് പക്ഷേ മേഘാലയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചില്ല. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുത്തക ഭരണം നടത്താമെന്ന പാര്‍ടി അജണ്ടയുടെ ഭാഗമായി മേഘാലയിലും ഭരണം പിടിക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. അതെസമയം സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.
ആകെയുള്ള 60 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 59 സീറ്റുകളിലേക്കാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ്. എന്‍.പി.പി-19, യു.ഡി.പി-6, പി.ഡി.എഫ്-4, എച്ച്.എസ്.പി.ഡി-2, എന്‍.സി.പി-1, കെ.എച്ച്.എന്‍.എ.എം-1, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് മേഘാലയയിലെ സീറ്റുകള്‍. കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 31 സീറ്റുകളാണ്. സ്വതന്ത്രരെ കൂട്ടു പിടിച്ച് ഭരണം സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ 19 സീറ്റുകളില്‍ വിജയിച്ചിട്ടുള്ള എന്‍പിപിയെയും മറ്റു ചെറു പാര്‍ട്ടികളെയും കൂട്ട്പിടിച്ച് ഭരണം കൈക്കലാക്കാനുള്ള നീക്കം ബിജെപി തുടങ്ങി കഴിഞ്ഞു.
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇതേ അവസ്ഥ മേഘാലയിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. അതേ സമയം ഭരണം പിടിക്കാന്‍ ഏതു കുതിരക്കച്ചവടത്തിനും തയ്യാറാവുന്ന പാര്‍ടിയാണ് ബിജെപിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. എന്തായാലും ആരും ഭരിക്കുമെന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.
തിരുവനന്തപുരം ആറ്റിങ്ങലിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപികയുടെയും സഹപാഠികളുടെയും മാനസിക പീഡനമെന്ന് ആരോപണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചതിനാല്‍ ജീവനൊടുക്കുന്നൂവെന്ന് എഴുതിയ ആത്മഹത്യാ കുറുപ്പ് പൊലീസ് കണ്ടെടുത്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വര്‍ക്കല എസ്. എന്‍ നഴ്സിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും ആറ്റിങ്ങല്‍ കാട്ടുചന്തവിഷ്ണു ഭവനില്‍ പരേതനായ മുരളീധരന്‍റെയും അഘിലകുമാരിയുടെയും മകളുമായ ശിവപ്രിയയെയാണ് അടുക്കളയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവപ്രിയയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പില്‍ ജീവനൊടുക്കാന്‍ കാരണമായി പറയുന്നത് അധ്യാപികയുടെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും മാനസിക പീഡനമാണ്. വാലന്റൈന്‍സ് ദിനത്തില്‍ ശിവപ്രിയയും കൂട്ടുകാരികളും ചേര്‍ന്ന് റാഗ് ചെയ്തെന്ന് ആരോപിച്ച് ഏതാനും വിദ്യാര്‍ഥികള്‍ കോളജില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകര്‍ മെമ്മോ നല്‍കുകയും ചെയ്തു. ചെയ്യാത്തകുറ്റത്തിന് മനപ്പൂര്‍വം ശിക്ഷിച്ചതിനാല്‍ ആത്മഹത്യ ചെയ്യുന്നൂവെന്നാണ് കത്തില്‍ പറയുന്നത്.
ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത ശേഷം അമ്മയും സഹോദരനും തിരികെയെത്തിയപ്പോളാണ് ശിവപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസിക പീഡനമെന്ന ആരോപണം സ്ഥിരീകരിക്കാനായി അധ്യാപകരടക്കം കൂടുതല്‍പേരുടെ മൊഴിയെടുക്കാന്‍ ആറ്റിങ്ങല്‍ പൊലീസ് തീരുമാനിച്ചു.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദേശീയ നേതൃത്വത്തിന്റെ പുതിയ നിലപാട് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവില്‍ ചെങ്ങന്നൂരില്‍ ബിജെപിക്ക് അമിത പ്രതീക്ഷയ്ക്ക് വകയുള്ള മണ്ഡലമല്ല. എന്നാല്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.
അതേസമയം ചെങ്ങന്നൂരില്‍ അതീവ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മറ്റിയില്‍ നിലവില്‍ തുടരുന്ന എല്ലാ നേതാക്കളെയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നു. അവസാനം കഴിഞ്ഞ ബിജെപി കമ്മറ്റി യോഗത്തില്‍ അമിത് ഷായുടെ ഭീഷണി വലിയ ചര്‍ച്ചയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല.
പി ശ്രീധരന്‍ പിള്ളയാണ് ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. നേരത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെചൊല്ലി തര്‍ക്കം നിലനിന്നിരുന്നെങ്കിലും അവസാന നറുക്ക് പി ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കുകയായിരുന്നു. തോറ്റാല്‍ കേരളത്തില്‍ കേന്ദ്ര നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് തീരൂമാനം.
രാമപുരം മാനത്തൂരില്‍ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന്‍ ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹാഷിം(47), ഇടപാടുകാരായ കോഴിക്കോട് സ്വദേശി മിഥുന്‍ കൃഷ്ണന്‍(30), കാഞ്ഞിരപ്പള്ളി സ്വദേശി റിജോ(29), ബംഗളൂരു സ്വദേശിനികളായ ശ്വേതാ ശിവാനന്ദ്(38), ഫര്‍സാനവ ഷേയ്ഖ്(35) എന്നിവരാണ് പിടിയിലായത്.
മാനത്തൂരില്‍ ഇരുനില വീട് വാടകയ്ക്ക് എടുത്ത് ഒരു മാസമായി ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ബംഗളൂരുവില്‍ നിന്നും യുവതികളെ എത്തിച്ച് ഏജന്റുമാര്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തിയാണ് ഇവര്‍ കേന്ദ്രം നടത്തിയിരുന്നത്.
കേന്ദ്രത്തില്‍ രഹസ്യ ക്യാമറകള്‍ വെച്ച് ഇടപാടുകാരുടെ രംഗങ്ങള്‍ ചിത്രീകരിച്ച് സിഡിയിലാക്കി ആസിഫ് ഹാഷിം വില്‍പ്പന നടത്തി വരുന്നതായും വിവരമുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. നേരത്തെ എറണാകുളത്ത് നിന്നും ആസിഫ് ഹാഷിം പെണ്‍വാണിഭകേസില്‍ അറസ്റ്റിലായിട്ടുണ്ട്.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
കേരള രാഷ്ട്രീയം തിളച്ചുമറിയുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശനവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ശ്രദ്ധേയമായത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ഒരു സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മൊത്തം ശ്രദ്ധ കേരളാകോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മുത്തോലി പഞ്ചായത്തിലെ മത്സരത്തിലേയ്ക്കായിരുന്നു. കെ എം മാണിയുടെ നിയോജക മണ്ഡലത്തില്‍പെട്ട മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള കെ എം മാണിയുടെ തീരുമാനത്തില്‍ അസംതൃപ്തരായ അണികള്‍ മാറിചിന്തിച്ചതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുമ്പോഴും കേരളാകോണ്‍ഗ്രസ് പാലായില്‍ എന്നും ഒറ്റയാന്‍ പോരാട്ടമായിരുന്നു നടത്തിയിരുന്നത്. കോണ്‍ഗ്രസുകാരുടെ പ്രത്യേകിച്ച് ഐ വിഭാഗത്തിന്റെ വോട്ട് കേരളാ കോണ്‍ഗ്രസ് മുന്നണിക്ക് ലഭിക്കാറില്ലായിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും സാഹചര്യങ്ങളില്‍ വ്യത്യാസമില്ലായിരുന്നു. കെ എം മാണി തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ എം എം ജേക്കബിനെ പാലായില്‍ തോല്‍പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കോണ്‍ഗ്രസുമായിട്ടുള്ള ഈ ശീതയുദ്ധം. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കെ എം മാണിയും കേരളാ കോണ്‍ഗ്രസും എന്നും പാലായിലും പരിസര പ്രദേശത്തും വെന്നിക്കൊടി പാറിച്ചിരുന്നത്. ഇതിനുമുമ്പ് കേരളാകോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിച്ച സ്ഥലത്താണ് ഇപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചത്. ഇതാണ് കെ എം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും ഇരുത്തി ചിന്തിപ്പിക്കുന്നത്.
പാലായിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്‌മോള്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. ജിസ്‌മോള്‍ 399 വോട്ടുകള്‍ നേടിയപ്പോള്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 282 വോട്ടുകള്‍ മാത്രമാണ്. മൂന്നാംസ്ഥാനത്ത് എത്തിയ ബിജെപി 40 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്കു പിന്നില്‍ 33 വോട്ടുകള്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഈ വോട്ടിങ്ങ് നിലയില്‍ നിന്ന് വ്യക്തമാകുന്നത് ഇടതുപക്ഷത്തിന്റെ വോട്ട് മാണി വിഭാഗത്തിന് അനുകൂലമായി മറിഞ്ഞതാണ്. എന്നിട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസിനൊപ്പം നിന്ന ഒരു വിഭാഗം മാറി ചിന്തിക്കുന്നുണ്ടെന്നാണ്. എന്തായാലും കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായ തീരുമാനങ്ങളിലും മുത്തോലി പഞ്ചായത്തിലെ ഇലക്ഷന്‍ ഫലം സ്വാധീനം ചെലുത്തും. ഈ തോൽവിയിൽ ജനാതിപത്യ കേരള കോൺഗ്രസ്സിനുള്ള സ്വാധീനം ഉണ്ടോ എന്നുള്ള സംശയങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.