തിരുവനന്തപുരം: കേരളം ചുട്ടു പൊള്ളുന്ന. സമീപകാലത്തെ ഏറ്റവും കൂടിയ താപനിലയാണ് വേനലിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല പ്രദേശങ്ങളിലും 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന താപനില. വര്‍ദ്ധിക്കുന്ന താപനില കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യതകളേറെയാണ്. പകല്‍ സമയങ്ങളില്‍ പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ താപനിലയേക്കാളും 2ഡിഗ്രി വരെ കൂടുതല്‍ ചൂട് ഇക്കുറിയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഉഷ്ണ തരംഗത്തിനും സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ജില്ലകളിലും പ്രധാന നഗരങ്ങളിലും കൂടിയ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണ തരംഗം ഉണ്ടാകുന്നതു വഴി സൂര്യതാപമേല്‍ക്കാനും ജീവഹാനി വരെ സംഭവിക്കാനും സാധ്യതകളുണ്ട്.

അതേസമയം ഇത്തവണ ശക്തമായ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത തെക്കന്‍ ജില്ലകളിലാണ്. കഴിഞ്ഞ തവണത്തെ മഴയെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കുറഞ്ഞ അളവില്‍ മഴ ലഭിക്കാനാണ് സാധ്യത. കനത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകും. ഉള്‍പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികള്‍ വഴി വെള്ളമെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രദേശിക ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.